കിയ സോനറ്റ്, മാരുതി ജിംനി, ടാറ്റ എച്ച്ബിഎക്സ്... ഉടൻ വിപണിയിലെത്തുന്ന ചെറു എസ്‌‌യുവികൾ

small-suv
Upcoming Small SUV
SHARE

ഹാച്ച്ബാക്കുകള്‍ കഴിഞ്ഞാൽ ഇന്ത്യൻ വിപണിയില്‍ ഏറ്റവും ജനപ്രിയ സെഗ്‌മെന്റാണ് കോംപാക്റ്റ് എസ്‌യുവികളുടേത്. എസ്‌യുവികളുടെ രൂപഗുണവും ചെറുകാറുകളുടെ ഉപയോഗക്ഷമതയുമുള്ള ഈ സെഗ്‌മെന്റ് വരും കാലങ്ങളിൽ മികച്ച വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ നെക്സോണ്, മാരുതി ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട്, എക്‌സ്‌യുവി 300 തുടങ്ങി നിരവധി സൂപ്പർതാരങ്ങളുള്ള സെഗ്‌‍മെന്റിലേക്കും അതിനു താഴെ മൈക്രോ എസ്‍യുവി സെഗ്‍മെന്റിലേക്കും മത്സരിക്കാൻ നിരവധി വാഹനങ്ങളാണ് എത്തുന്നത്. ഉടൻ വിപണിയിലെത്തുന്ന പുതിയ വാഹനങ്ങൾ എതൊക്കെയെന്ന് നോക്കാം.

കിയ സോണറ്റ്

കിയയുടെ ചെറു എസ്‌യുവിയായ സോണറ്റിനെ കഴിഞ്ഞ ഓട്ടോഎക്സ്പോയിൽ കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഹ്യുണ്ടേയ് ചെറു എസ്‍യുവിയായ വെന്യുവിന് അടിത്തറയാകുന്ന പ്ലാറ്റ്ഫോം തന്നെയാണ് സോണറ്റിനും. കിയയുടെ കയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള ടൈഗർ നോസ് ഗ്രില്ലും വ്യത്യസ്തമായ മെഷ് പാറ്റേണും സോണറ്റിനെ മനോഹരമാക്കുന്നു. സ്പ്ലിറ്റ് ഹെഡ്‌ലാംപുകൾക്ക് പകരം എൽഇഡി, ഡിഎൽആർ എന്നിവ ഒരുമിച്ച് ചേർത്ത സ്ലീക്ക് ഹെഡ്‌ലൈറ്റുകളാണ് സോണറ്റിൽ കിയ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ടെയിൽ ലാംപുകളെ ബന്ധിപ്പിക്കുന്ന പിന്നിലെ എൽഇഡി ലൈറ്റ് ബാർ, സൈഡ് ക്ലാഡിങ്ങുകൾ, ഡ്യുവൽ ടോൺ അലോയ് വീലുകൾ എന്നിവ വാഹനത്തിന്റെ സ്പോർട്ടി ലുക്ക് വർധിപ്പിക്കുന്നു. പുറംഭാഗത്തെപ്പോലെ തന്നെ സ്പോർട്ടിയായ ഇന്റീരിയറാണ് വാഹനത്തിനുള്ളത്.

kia-sonet-3

സെഗ്‌മെന്റിൽ ആദ്യമായി 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം (സെൽറ്റോസിലേത്) അടക്കമുള്ള നിരവധി ഫീച്ചറുകളുണ്ട്. 1.2 ലീറ്റർ പെട്രോൾ, 1.0 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എന്നീ എഞ്ചിൻ വകഭേദങ്ങളിൽ സോണറ്റ് നിർമാതാക്കൾ ലഭ്യമാക്കിയേക്കും. മാനുവൽ ഒാട്ടമാറ്റിക് വകഭേദങ്ങളിലും സോണറ്റ് പുറത്തിറങ്ങും. 7 മുതൽ 11.5 ലക്ഷം വരെയാണ് വാഹനത്തിനു വില പ്രതീക്ഷിക്കുന്നത്.

ടാറ്റ എച്ച്ബിഎക്സ്

കഴിഞ്ഞ ഓട്ടോ എക്സ്പോയിലെ ടാറ്റയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു എച്ച്ബിഎക്സ് കൺസെപ്റ്റ്. ആരു കണ്ടാലും ഒന്നു നോക്കിപോകുന്ന രൂപഭംഗിയിലെത്തുന്ന ഈ കുഞ്ഞൻ എസ്‍യുവി ഉടൻ തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ടാറ്റയുടെ ഇംപാക്റ്റ് 2 ഡിസൈൻ ഫിലോസഫിയിലാണ് വാഹനത്തിന്റെ നിർമാണം. പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസ് നിർമിച്ച ആൽഫ പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ വാഹനത്തിന്റേയും നിർമാണം. വിലയിൽ നെക്സോണിനു തൊട്ടു താഴെ നിൽക്കുന്ന ഇൗ വാഹനം മൈക്രോ എസ്‍യുവി എന്ന പേരിലായിരിക്കും വിപണിയിലെത്തുക. 

tata-hbx

കൺസെപ്റ്റ് മോഡലാണ് അവതരിപ്പിച്ചതെങ്കിലും പ്രൊഡക്ഷൻ മോഡലുമായി ഇതിനു വലിയ വ്യത്യാസം ഉണ്ടാകില്ലെന്നാണ് സൂചനകൾ.‌‌ പെട്രോൾ എൻജിൻ വകഭേദം മാത്രമായിരിക്കും പുതിയ വാഹനത്തിൽ. 1.2 ലീറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിന് 86 ബിഎച്ച്പി കരുത്തുണ്ടാകും. കൂടാതെ വാഹനത്തിന്റെ ഇലക്ട്രിക് വകഭേദം പുറത്തിറക്കാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്. ഈ വർഷം അവസാനം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന് 4.5 ലക്ഷം മുതൽ 7.5 ലക്ഷം രൂപ വരെയായിരിക്കും.

നിസാൻ മഗ്‌നൈറ്റ്

ഉടൻ വിപണിയിലെത്തുന്ന നിസാന്റെ ചെറു എസ്‍യുവിയുടെ പേരാണ് മഗ്‌നൈറ്റ്. ഈ വർഷം സെപ്റ്റംബറിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ ആദ്യ ചിത്രങ്ങൾ നിസാൻ പുറത്തുവിട്ടിരുന്നു. രാജ്യാന്തര വിപണിക്കും തദ്ദേശീയ വിപണിക്കുമായി ഇന്ത്യയിലാണ് വാഹനം നിർമിക്കുക എന്നാണ് നിസാൻ അറിയിക്കുന്നത്. നാലുമീറ്ററിൽ താഴെ നീളവുമായി എത്തുന്ന വാഹനം റെനോയുടെ എച്ച്ബിസി കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളും. റെനോ ട്രൈബറിൽ ഉപയോഗിക്കുന്ന സിഎംഎഫ്–എ പ്ലാറ്റ്ഫോമാണ് കോംപാക്റ്റ് എസ്‍യുവിയിലും ഉപയോഗിക്കുക.

nissan-compact-suv

എച്ച്ആർ10 എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന പുതിയ 1.0 ലീറ്റർ ടർബോ പെട്രോൾ എൻജിനായിരിക്കും വാഹനത്തിന് കരുത്തേകുന്നത്. സ്പോർട്ടി രൂപവുമായി എത്തുന്ന ചെറു എസ്‍യുവിയെ ഡാറ്റ്സൺ ബ്രാൻഡിൽ വിപണിയിലെത്തിക്കാനായിരുന്നു നേരത്തെ പദ്ധതി. എന്നാൽ ഇന്ത്യയിൽ ഡാറ്റ്സൺ ബ്രാൻഡിൽ വാഹനം പുറത്തിറക്കുന്നത് നിർത്തുന്നതു കാരണം നിസാന്റെ ബാഡ്ജിങ്ങിൽ തന്നെയായിരിക്കും വാഹനമെത്തുക.

ചെറു ജീപ്പ്

ചെറു എസ്‌യുവി റെനഗേഡിനു താഴെ നാലുമീറ്റർ നീളമുള്ള എസ്‍യുവിയുമായി ജീപ്പ് ഉടൻ എത്തും. അടുത്ത വർഷം അവസാനം പുതിയ കോംപാക്റ്റ് എസ്‌യുവി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ജീപ്പ് 526 എന്ന കോ‍ഡ് നാമത്തിൽ അറിയപ്പെടുന്ന വാഹനം പുതുതലമുറ ഫീയറ്റ് പാണ്ടയിലും 500ലും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത്.

jeep-compact-suv

ഏഷ്യൻ വിപണിയെ മുന്നിൽ കണ്ട് വികസിപ്പിക്കുന്ന എസ്‌യുവി തുടക്കത്തിൽ ഇന്ത്യയിലും അതിനു ശേഷം രാജ്യന്തര വിപണിയിലും ജീപ്പ് പുറത്തിറക്കും. പത്തു ലക്ഷത്തിൽ താഴെയായിരിക്കും വില‌. സെഗ്മെന്റില്‍ തന്നെ ആദ്യ നാലു വീൽഡ്രൈവുമായി എത്തുന്ന മോ‍ഡലുമായിരിക്കും ചെറു ജീപ്പ്. ജീപ്പിന്റെ ‍അടിസ്ഥാന സ്വഭാവങ്ങൾ പിന്തുടരുന്ന ചെറു എസ്‌യുവി സെഗ്മെന്റിലെ മറ്റുവാഹനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തനായിരിക്കും.

മാരുതി സുസുക്കി ജിംനി

ജപ്പാനിലും യൂറോപ്യൻ രാജ്യങ്ങളിലും ചൂടപ്പം പോലെ വിറ്റുപോകുന്ന ജിംനി ഇത്തവണത്തെ ന്യൂഡൽഹി ഓട്ടോഎക്സ്പോയിലെ പ്രധാന താരമായിരുന്നു. എക്സ്പോയിൽ പ്രദർശിപ്പിച്ച് ജനശ്രദ്ധ നേടിയ ജിംനി ഇന്ത്യൻ വിപണിയിലുമെത്തും. വൈഡബ്ല്യു ഡി എന്ന കോഡുനാമത്തിൽ വികസിപ്പിക്കുന്ന വാഹനം ഇന്ത്യൻ വിപണിയിൽ മാത്രമായിരിക്കില്ല മറ്റു രാജ്യാന്തര വിപണിയിലും എത്തിയേക്കും.

suzuki-jimny

മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽപനയ്ക്കെത്തുന്ന ജിംനിയുടെ വില 10 ലക്ഷത്തിൽ താഴ ഒതുക്കാനായിരിക്കും കമ്പനി ശ്രമിക്കുക. 2018 ൽ ജപ്പാനിലായിരുന്നു നാലാം തലമുറ ജിംനിയുടെ അരങ്ങേറ്റം പിന്നാലെ വിവിധ വിദേശ വിപണികളിലും തരംഗമായി മാറി. 600 സിസി, 1.5 ലീറ്റർ എന്നിങ്ങനെ രണ്ട് എൻജിൻ സാധ്യതകളോടെയാണ് രാജ്യാന്തര വിപണിയിൽ ജിംനി വിൽപനയിലുള്ളത്. ഇതിൽ 1.5 ലീറ്റർ എൻജിൻ ഇന്ത്യൻ പതിപ്പിന് ലഭിക്കും. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന എർട്ടിഗയ്ക്കും സിയാസിനും എക്സ് എൽ 6നും കരുത്തു പകരുന്ന എൻജിന് എകദേശം 104 എച്ച്പി കരുത്തും 138 എൻ എം ടോർക്കുമുണ്ട്. കൂടാതെ ഫോർവീൽ ഡ്രൈവ് മോഡലുമുണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA