ADVERTISEMENT

തന്റെ വാഹന ഓർമകളെക്കുറിച്ച് മുരളി തുമ്മാരുകുടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ്

തുമ്മാരുകുടിയിൽ ആദ്യമായി ഒരു കാറു വന്നത് എന്റെ അമ്മയുടെ കല്യാണത്തിനാണെന്ന് ചരിത്രം പറയുന്നു. അതും സാദാ കാറൊന്നുമല്ല, പ്ലിമത്ത് (Plymouth) എന്ന അക്കാലത്തെ അതിഭീകര ലക്ഷ്വറി കാർ. അതും റൂഫ് ഇല്ലാത്ത നല്ല ഫ്രീക്കൻ സാധനം.

തൊള്ളായിരത്തി നാൽപതുകളുടെ അവസാന കാലമാണ്. അക്കാലത്ത് കല്യാണം കഴിക്കാൻ ആളുകൾ നടന്നു പോവുകയാണ് സാധാരണ രീതി. വിവാഹത്തിന് കാറു പോയിട്ട് കാളവണ്ടി പോലും ഉണ്ടാകാറില്ല. വണ്ടിക്ക് പോകാൻ റോഡുമില്ല. പാടവരമ്പിലൂടെയും തൊണ്ടിലൂടെയും, ഇടവഴിയിലൂടെയും ഒക്കെ നടന്നു വേണം കല്യാണം കഴിക്കാനെത്താനും തിരിച്ചു പോകാനും. അതുകൊണ്ട് തന്നെ അധികം ദൂരത്തു നിന്നും ആളുകൾ അക്കാലത്ത് കല്യാണം ആലോചിക്കാറില്ല.

എന്റെ അച്ഛന്റെ വീട് ആലുവക്കടുത്ത് ഇടത്തലയിലാണ്. വെങ്ങോലയിൽ നിന്നും പത്തുകിലോമീറ്റർ ദൂരമുണ്ട്. ബസിൽ പോകുമ്പോൾ അത് പതിനഞ്ചോ ഇരുപതോ ആകും. അച്ഛൻ പെണ്ണു കാണാൻ വന്നതും അമ്മാവൻ അച്ഛന്റെ വീടുകാണാൻ പോയതും നടന്നു തന്നെയാണ്. പിന്നെങ്ങനെയാണ് FACT യിൽ കാന്റീൻ ജീവനക്കാരനായ അച്ഛൻ കല്യാണത്തിന് പ്ലിമത്ത് കാറിൽ എത്തിയത്? (‘ഡാ, മ..മ.. മത്തങ്ങാത്തലയാ... ഇവിടെ നോക്ക്, ഞാൻ എന്റെ സ്വന്തം കാറിൽ വരും’ എന്ന കിട്ടുണ്ണിയുടെ ഡയലോഗ് ഓർക്കുക).

സംഗതി സിംപിൾ ആണെങ്കിലും പവർ ഫുൾ ആണ്. അച്ഛന് കാന്റീൻ ജോലി ആയിരുന്നതിനാൽ കമ്പനിയിലെ ഗസ്റ്റ് ഹൗസ് സ്റ്റാഫുമായി നല്ല പരിചയവും ബന്ധവുമാണ്. കമ്പനി സ്ഥാപിച്ച കാലത്തുണ്ടായിരുന്ന ഒരു സായിപ്പിന് വേണ്ടി കൊണ്ടുവന്ന പ്ലിമത്ത് കാർ ഗസ്റ്റ് ഹൗസിൽ കിടപ്പുണ്ട്. സാധാരണനിലയിൽ അവിടുത്തെ മാനേജിഗ് ഡയറക്ടർ ആണ് അത് ഉപയോഗിക്കാറ്. എന്നാൽ ആളുകളോട് നന്നായി പെരുമാറിയാൽ ഏതു ചട്ടത്തിലും ഇളവു ലഭിക്കും. അത് അന്നും ഇന്നും എന്നും ആളുകൾക്ക് ഒരുപോലെ ബാധകമായ കാര്യമാണ്. അങ്ങനെയാണ് അച്ഛന്റെ കല്യാണത്തിന് പ്ലിമത്ത് കാർ വെങ്ങോലയിൽ എത്തിയത്. വീട്ടിൽ അന്ന് കാർ വരാനുള്ള റോഡ് ഇല്ലാത്തതിനാൽ അൽപം ദൂരെയാണ് വണ്ടി നിർത്തിയത്. എന്നാലും തുമ്മാരുകുടിയിലെ ആവശ്യത്തിന് എത്തിയതിനാൽ അതിനെ തുമ്മാരുകുടിയിലെ ആദ്യത്തെ വാഹന എൻട്രി ആയി ചരിത്രത്തിൽ ഞാൻ എഴുതിച്ചേർത്തു.

അച്ഛന്റെയും അമ്മയുടെയും കല്യാണമായതിനാൽ അന്ന് ഞാൻ കാറിന്റെ മുന്നിലാണോ പിന്നിലാണോ ഇരുന്നത്, കാറിന്റെ നിറം എന്തായിരുന്നു എന്നൊന്നും ഓർക്കുന്നില്ല. എന്തായാലും അച്ഛന്റെ കാറിലുള്ള വരവ് ഒരു തലമുറക്കാലം വെങ്ങോലക്കാർക്ക് അതിശയകരമായ സംഭാഷണ വിഷയമായിരുന്നു.

കാറുകളെ കുറിച്ചുള്ള എന്റെ ഓർമ്മ തുടങ്ങുന്നത്, വെങ്ങോലയിലെ ആദ്യത്തെ ടാക്സി ഡ്രൈവറായിരുന്ന പൗലോസ് ചേട്ടന്റെ മഞ്ഞയും വെള്ളയും നിറമുള്ള അംബാസഡർ കാറിൽ നിന്നാണ്. അറക്കപ്പടി എന്ന സ്ഥലത്താണ് ചേട്ടന്റെ വീട്. വല്ലപ്പോഴും സ്‌കൂളിന് മുന്നിലൂടെ പോകുന്ന ആ കാറ് കണ്ണിൽ നിന്ന് മറയുന്നതു വരെ നോക്കി നിന്നിട്ടുണ്ട്. അപൂർവ്വം അവസരങ്ങളിൽ ചേട്ടൻ എവിടെയെങ്കിലും ഓട്ടം പോയി തിരിച്ചു വരുന്ന വഴിയിൽ ഞങ്ങളെ കണ്ടാൽ വണ്ടി നിർത്തും, ഞങ്ങൾ എല്ലാവരും അതിൽ കയറും. സ്‌കൂളിലേക്ക് പോകുന്ന വഴിയാണെങ്കിൽ ചേട്ടൻ സ്‌കൂളിന് മുന്നിൽ ഇറക്കി വിടും, വൈകിട്ടാണെങ്കിൽ ഞങ്ങളുടെ തറവാട്ടിലേക്ക് തിരിയുന്നിടത്തും. കുഞ്ഞുന്നാളിലെ ഏറ്റവും മധുരമുള്ള ഓർമ്മകളിൽ ഒന്നാണത്. ചേട്ടന് അങ്ങനെ ചെയ്യേണ്ട ഒരു കാര്യവുമില്ല. എന്നാൽ അത്തരം ചില നന്മകളാണ് പിന്നീട് സ്വന്തം കാര്യം മാത്രമല്ല നോക്കേണ്ടതെന്നും തിരിച്ച് ഒന്നും പ്രതീക്ഷിക്കാതേയും സമൂഹത്തിൽ ചിലതെല്ലാം ചെയ്യാമെന്ന ചിന്ത നമ്മിൽ ഉണ്ടാക്കുന്നത്. ഇപ്പോഴത്തെ കാലത്ത് വണ്ടി നിറുത്താൻ പൗലോസ് ചേട്ടന്മാരോ വണ്ടിയിൽ കയറാൻ കുട്ടികളോ ധൈര്യപ്പെടില്ല. ഗ്രാമങ്ങളിൽ പോലും ആളുകൾ പരസ്പരം അറിയാതായതിന്റെയും വിശ്വാസം നഷ്ടപ്പെട്ടതിന്റെയും പ്രത്യാഘാതമാണത്.

പൗലോസ് ചേട്ടന്റെ കാറിൽ ഞങ്ങൾ എത്ര കുട്ടികൾ കയറാറുണ്ട് എന്നെനിക്ക് ഓർമ്മയില്ല. പക്ഷെ അക്കാലത്തെ അംബാസഡർ കാറുകൾക്ക് എത്ര ആളുകളെ വേണമെങ്കിലും ഉൾക്കൊള്ളാനുള്ള കഴിവുണ്ടായിരുന്നു എന്ന് ഞാൻ ഓർക്കുന്നുണ്ട്.

എല്ലാ വർഷവും മാർച്ചു മാസത്തിലാണ് ഇടത്തല അമ്പലത്തിലെ ഉത്സവം. ഞങ്ങൾ എല്ലാവരും (എട്ടുമക്കളും, അച്ഛനും, അമ്മയും) അതിനു പോകും, മിക്കവാറും അടുത്ത വീട്ടിലെ വല്യമ്മയുടെ മകളും. തിരിച്ചു വരാനായി അച്ഛൻ ചിലപ്പോൾ ടാക്സി വിളിക്കും. സ്വർഗ്ഗം കിട്ടിയ സന്തോഷമാണ് അന്ന്. ഇടത്തലയിലെ വേറൊരു പൗലോസ് ചേട്ടനാണ് ആ ടാക്സിയുടെ ആള്. സന്തത സഹചാരിയായി ഒരു കുഞ്ഞു മുഹമ്മദും കൂടെയുണ്ട്. ചുരുങ്ങിയത് പന്ത്രണ്ടു പേരുമായിട്ടാണ് ടാക്സി പുറപ്പെടുന്നത്. വരുന്ന വഴിക്ക് അടുത്ത ബന്ധുക്കളെയോ അയൽക്കാരെയോ കണ്ടാൽ അവർക്കും വണ്ടിയിൽ സ്ഥലമുണ്ട്. അതായിരുന്നു കാറ്, അതായിരുന്നു കാലം!

എന്റെ അടുത്ത സുഹൃത്തും കുടുംബവും ഒരിക്കൽ ജനീവയിൽ വന്നപ്പോൾ അവർ അഞ്ചു പേരുണ്ട്, എനിക്കാണെങ്കിൽ പഴയ അംബാസഡറിനേക്കാൾ വളരെ വലുപ്പവും ശക്തിയുമുള്ള ഒരു ഹോണ്ട എസ്‌യുവി ഉണ്ട്. എന്നിട്ടും അവിടുത്ത നിയമം, ദുരന്തേട്ടനായുള്ള എന്റെ ഇമേജ്, ഇതൊക്കെ കൊണ്ടു മൊത്തം അഞ്ചുപേർക്കേ കാറിൽ കയറാൻ പറ്റൂ. അതിനാൽ രണ്ടുപേരോട് ട്രെയിനിൽ വരാൻ പറഞ്ഞത് ഇന്നും എനിക്കൊരു വിഷമമാണ്. പതിനഞ്ചുപേരുമായി ചുണ്ടമല കയറിയ അംബാസഡറിന്റെ കാലത്തുണ്ടായ ബന്ധങ്ങൾ എസ്‌യുവി യുടെ കാലത്ത് ഉണ്ടാകാതിരിക്കുന്നത് ഇത്തരം നിയമങ്ങൾ ഉണ്ടായതു കൊണ്ടു കൂടിയാണ്.

ഇന്നിപ്പോൾ തുമ്മാരുകുടിയിൽ ഞങ്ങൾ എട്ടുപേർക്കും അവരുടെ മക്കൾക്കും ഒക്കെയായി കാറുകൾ ഒരു ഡസനിൽ കൂടുതലുണ്ട്. പക്ഷെ എനിക്ക് ഓർമ്മവെക്കുന്ന കാലത്ത് ഞങ്ങൾ അറിയുന്നവർക്കോ ഞങ്ങളെ അറിയുന്നവർക്കോ സ്വന്തമായി കാറുകൾ അധികം ഇല്ല. ഇടത്തലയിൽ പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന കെസി അഹമ്മദ് കാറുള്ള ആളായിരുന്നു. ഇടത്തലയിൽ നിന്നും ഞങ്ങൾ ചൂണ്ടിയിലേക്ക് നടക്കുന്നത് കണ്ടാൽ അദ്ദേഹം കാർ നിർത്തും, ഏതാണ്ട് ഒരു ഡസൻ ആളുകളോളം അതിൽ കയറുകയും ചെയ്യും. ഞങ്ങളുടെ ബന്ധുവായിരുന്ന മേനോൻ ചേട്ടൻ (ശ്രീ. എൻ എസ് മേനോൻ, ടിംബർ മർച്ചന്റ്, കൂപ്പ് കോൺട്രാക്ടർ) ആയിരുന്നു കാറുള്ള മറ്റൊരാൾ. പിൽക്കാലത്ത് തുമ്മാരുകുടിയിലെ ഏതൊരാവശ്യത്തിനും കാറുമായി അദ്ദേഹം സ്ഥലത്തുണ്ടാകും. രണ്ടുപേരും ഇപ്പോൾ ഇല്ല. അവരും അവരുടെ കാറും അവർ ചെയ്ത നന്മകളും ഇന്നും ഞങ്ങളുടെ കൂടെയുണ്ട്. കാറുകൾ എത്ര വന്നാലും അതൊക്കെ ഓർക്കുകയും ചെയ്യും.

ഞങ്ങളുടെ വകയിൽ ഒരു അമ്മാവന് പിഡബ്ല്യൂഡിയിൽ ജോലിയുണ്ടായിരുന്നു. വർഷത്തിലൊരിക്കൽ അദ്ദേഹം വെങ്ങോലയിൽ വരും, അടിപൊളി പ്രീമിയർ പദ്മിനി കാറിൽ. ആ കാറിൽ കയറാനുള്ള ഭാഗ്യം ഒന്നുമുണ്ടായിട്ടില്ല. പക്ഷെ ഒരു സിവിൽ എൻജിനീയർ ആകണമെന്നുള്ള ആഗ്രഹം എനിക്കുണ്ടായത് അമ്മാവന്റെ കാറുകണ്ടു മോഹിച്ചിട്ടാണ്. അമ്മാവനും പ്രീമിയർ പദ്മിനിക്കും നന്ദി!

ആദ്യമായി ഞാൻ ഒരു കാറു വാങ്ങുന്നത് ബ്രൂണെയിൽ ആയിരിക്കുമ്പോഴാണ്, വെള്ള ടൊയോട്ട കൊറോള. എന്റെ സുഹൃത്തായ ജോർജ് കുരുവിളയും അദ്ദേഹത്തിന്റെ ബന്ധുവും കൂടിയാണ് ഒരു സെക്കൻഡ് ഹാൻഡ് കാറിന്റെ റോഡ് ടെസ്റ്റ് നടത്തിത്തന്നത്. ഐശ്വര്യമുള്ള കാറായിരുന്നു അത്. അപകടം ഉണ്ടാക്കിയില്ല, വഴിയിൽ ബ്രേക്ക് ഡൌൺ ആയതുമില്ല. നാലു വർഷം കഴിഞ്ഞ് വിറ്റപ്പോൾ വാങ്ങിയതിൽ കൂടുതൽ ഇന്ത്യൻ രൂപ കിട്ടുകയും ചെയ്തു. ആ കാർ ഇപ്പോഴും ബ്രൂണെ നിരത്തിൽ ഉണ്ടെന്ന് കഴിഞ്ഞ വർഷവും എന്റെ സുഹൃത്ത് പറഞ്ഞു. ജാപ്പനീസ് എൻജിനീയറിങ് നീണാൾ വാഴട്ടെ.

പിന്നീട് ഒമാനിൽ ജോലികിട്ടി അവിടെയെത്തി വീട് തുറന്ന് പെട്ടി താഴെ വെച്ചതേ ഉള്ളൂ. ഫോൺ ബെല്ലടിച്ചു.

“സാർ, അടുക്കള ജോലിക്ക് സഹായിക്കാൻ ആരെങ്കിലും വേണോ."

“വേണ്ട.”

ഫോൺ വീണ്ടും ബെല്ലടിക്കുന്നു.

"സാർ ടൊയോട്ടയിൽ നിന്നാണ്. സാർ പുതിയതായി വന്നതല്ലേ, കാറു വേണോ എന്നറിയാൻ വിളിച്ചതാണ്."

ഈ ഗൂഗിൾ വന്നതിൽപ്പിന്നെ നമ്മളെ ആർക്കും ട്രാക്ക് ചെയ്യാൻ പറ്റുമെന്ന് പറഞ്ഞ് നമ്മൾ പേടിക്കാറില്ലേ. വെറുതെ ആണ്. ഗൂഗിളിന് മുൻപും ആവശ്യക്കാർക്ക് നമ്മുടെ ലൊക്കേഷനും ആവശ്യവും എല്ലാം എല്ലാക്കാലത്തും അറിയാമായിരുന്നു.

അവിടെയും കൊറോള വാങ്ങി, വീണ്ടും വിറ്റു. അപ്പോഴും വാങ്ങിയതിൽ കൂടുതൽ ഇന്ത്യൻ രൂപ കിട്ടി. ജാപ്പനീസ് എഞ്ചിനീയറിങ്ങിന് വീണ്ടും നന്ദി.

സ്വിറ്റ്‌സർലൻഡിൽ എത്തിയതിൽ പിന്നെ കാറുകൾ എത്ര വാങ്ങി എന്നതിന് കണക്കില്ല. കാരണം എന്റെ സുഹൃത്ത് കഴിഞ്ഞ ദിവസം പറഞ്ഞ ആൾ തന്നെ. പുള്ളിയുടെ ഗാരേജിൽ നല്ല ഒരു പഴയ കാർ വന്നാലുടൻ എന്നെ വിളിക്കും,

"മൈ ഫ്രണ്ട്, ഒരു പണക്കാരി അമ്മൂമ്മ ഓടിച്ചിരുന്നതാണ്, പത്തായിരം കിലോമീറ്റർ പോലും ആയിട്ടില്ല. ഇതു നല്ല കാറാണ്. എടുത്തോ?"

"അപ്പോൾ പഴയതോ?"

“അത് ഞാൻ എടുത്ത് ആക്രി ആക്കിക്കോളാം.” (യൂറോപ്പിൽ കാറിന്റെ സ്പെയർ പാർട്ടിന് വലിയ വിലയായതിനാൽ പഴയ കാർ പൊളിച്ച് അതിലെ ഭാഗങ്ങൾ അടുത്ത കാർ റിപ്പയർ ചെയ്യാൻ ഉപയോഗിക്കുന്നതാണ് പലപ്പോഴും ലാഭം).

ഫിയറ്റ് മുതൽ വോൾവോ വരെ അങ്ങനെയാണ് കയ്യിലെത്തുന്നതും പോകുന്നതും. ഒന്നിനും അയ്യായിരം ഫ്രാങ്കിൽ കൂടില്ല, പലപ്പോഴും വിൽക്കുമ്പോൾ അതിൽ കൂടുതൽ കിട്ടുകയും ചെയ്യും.

നാട്ടിൽ എനിക്ക് പക്ഷെ കാറില്ല. യാത്ര എപ്പോഴും ബേബി ചേട്ടന്റെ കാറിലാണല്ലോ, ഇല്ലെങ്കിൽ ഓട്ടോ, വേണ്ടി വന്നാൽ ബസ്. ജഗന്നാഥന് എന്തും വഴങ്ങും. എന്നാലും ചുമ്മാ പൊങ്ങച്ചത്തിന് ഒന്നായേക്കാം എന്ന് ഒരിക്കൽ ചിന്തിച്ചതാണ്. യുഎൻ ഉദ്യോഗസ്ഥനും ഡിപ്ലോമാറ്റും ഒക്കെയായത് കൊണ്ട് ടാക്സ് കൊടുക്കേണ്ട എന്നൊരു വകുപ്പൊക്കെയുണ്ട്. ഒരു കോടിയുടെ ബി എം ഡബ്ല്യൂ പകുതിയിൽ താഴെ വിലക്ക് കിട്ടും. യുഎൻ ഉദ്യോഗസ്ഥർക്കും ഡിപ്ലോമാറ്റുകൾക്കും കാറു വിൽക്കാൻ തന്നെ ഡൽഹിയിൽ ഒരു ബിഎംഡബ്ല്യൂ ഓഫീസ് ഉണ്ട്. അവിടെ പോയി, കാറുകൾ കണ്ടു.

പിന്നെ വിചാരിച്ചു, 1940 കളിൽ അച്ഛന്റെ പ്ലിമത്ത് കണ്ട നാട്ടുകാരാണ്. അവരെ പൊങ്ങച്ചം കാട്ടി വിരട്ടാൻ ഇന്നത്തെ ബിഎംഡബ്ല്യൂ മതിയാവില്ല.

പക്ഷെ എന്നെങ്കിലും നാട്ടുകാരെ അൽപം പൊങ്ങച്ചം കാണിക്കണമെന്ന് എനിക്ക് പ്ലാനുണ്ട്. എന്റെ ശതകോടീശ്വരന്മാരായ സുഹൃത്തുക്കളോട് പറഞ്ഞ് വെങ്ങോലയിൽ ഒരു ഹെലികോപ്ടർ ഇറക്കണം. എന്നിട്ട് സെഞ്ചുറി അടിച്ച സച്ചിൻ ബാറ്റുയർത്തി മുകളിലേക്ക് നോക്കി കാണിക്കുന്നതു പോലെ മുകളിലേക്ക് നോക്കി അച്ഛനോട് ചോദിക്കണം,

"ങ്ങാ, ചിരിച്ചോ ചിരിച്ചോ… കല്യാണത്തിന് കാളവണ്ടിയിൽ പോലും ആളുകൾ വരാതിരുന്ന കാലത്ത് അല്പം ആളാവണമെങ്കിൽ ഒരു കുതിരവണ്ടിയോ മറ്റോ മതിയായിരുന്നില്ലേ അച്ഛാ? ഇന്നിപ്പോൾ പ്ലിമത്തിന് ഒപ്പം വക്കാൻ ഹെലികോപ്റ്റർ അറേഞ്ച് ചെയ്യാൻ ഞാൻ എത്ര ബുദ്ധി മുട്ടി!"

#യാത്രചെയ്തിരുന്നകാലം

(എന്റെ ആദ്യത്തെ കൊറോളയാണ് ചിത്രത്തിൽ. കൊറോളക്കും മുന്പ് ടൊയോട്ടക്ക് കൊറോണ എന്നൊരു ബ്രാൻഡ് ഉണ്ടായിരുന്നു, അതാണ് കഥയുടെ പേരിന് അടിസ്ഥാനം. തല്ലരുത് പ്ളീസ്..).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com