ADVERTISEMENT

ദേ 4610 പോണ്.. ചേർക്കോട്ട് വീട്ടിലെ കാർന്നോരാ.. ഫിയറ്റ് മില്ലിസെന്റോ കവലയിലെത്തുമ്പോൾ നാട്ടുകാർ പറഞ്ഞുതുടങ്ങും. ശരിക്കും വീട്ടിലെയും നാട്ടിലെയും കാർന്നോരാണ് 1956 മോഡൽ ഫിയറ്റ് മില്ലിസെന്റോ 1100. ഇന്നും ആ കുടുംബത്തിലെ മുതിർന്ന അംഗം. വീട്ടിലെ എന്തു പരിപാടികൾക്കും മുന്നിലുണ്ടാകും. അഞ്ചു തലമുറകളായി ഈ കാർ കൂടെയുണ്ട്. കോട്ടയം പാമ്പാടി സൗത്തിലെ മാന്തുരുത്തിയിൽ മാത്യു വർഗീസിന്റെ കാർ നാട്ടുകാർക്ക് അത്ര പരിചിതമാണ്. 

fiat-1100-4

1956 ൽ മാത്യു വർഗീസിന്റെ മുത്തച്ഛൻ സി.വി. മത്തായിയും അച്ഛൻ അഡ്വ.സി.എം. വർഗീസും ചേർന്നു മുംബൈയിൽനിന്നാണു കാർ വാങ്ങിയത്. ഇപ്പോൾ മാത്യുവിനും ഫിയറ്റിനും ഏകദേശം ഒരേ പ്രായം – 63 വയസ്സ്. വീട്ടിലുള്ളവരും അടുത്ത സുഹൃത്തുമല്ലാതെ വേറെയാരും ഈ കാർ ഡ്രൈവ് ചെയ്തിട്ടില്ല. 18 വർഷം പാമ്പാടി പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.എം.വർഗീസിന്റെ 86–ാം വയസ്സിൽ മരിക്കുന്നതുവരെ, യാത്ര ഈ ഫിയറ്റിലായിരുന്നു.  

fiat-1100-2

മുംബൈയിൽ നിന്ന് വാങ്ങിയ മില്ലിസെന്റോ

അന്നൊക്കെ രാജ്യത്തു കാർ നിർമാണം ആരംഭിച്ചിരുന്നില്ല. വിദേശത്തുനിന്നു ഭാഗങ്ങൾ ഇറക്കുമതി ചെയ്തു കൂട്ടിയോജിപ്പിക്കുകയായിരുന്നു. 1100 സിസി ശേഷിയുള്ള 4 സിലിണ്ടർ എൻജിൻ. കൂടിയ കരുത്ത് 11 എച്ച്പി. 40 ലീറ്ററിന്റെതാണ് പെട്രോൾ ടാങ്ക്. ലീറ്ററിന് 8 മൈൽ (13 കിമീ) ഇന്ധനക്ഷമത ലഭിക്കും. ട്രാൻസ്മിഷൻ 4–ഗിയർ മാന്വൽ. സ്റ്റിയറിങ് മൗണ്ട് രീതിയിൽ ഹാൻഡ് ഗിയർ ആണ്. എസിക്കു പകരം ചെറിയ ഫാൻ ഉണ്ട്. റിവേഴ്സ് ആയാണു ഡോർ തുറക്കുന്നത്. ബെഞ്ച് സീറ്റുകൾ. പിന്നിലെ സീറ്റിങ് കുറച്ച് ഇടുങ്ങിയതാണ്. ലെഗ് സ്പേയ്സ് കുറവ്. എങ്കിലും പണ്ടുകാലത്ത് കൊള്ളാവുന്നത്രയും പേരെ കയറ്റിക്കൊണ്ടു പോകുമായിരുന്നെന്ന് വർഗീസ് മാത്യുവിന്റെ ഭാര്യ ആലീസ് ഓർക്കുന്നു. 

fiat-1100-3

ഗുണമേന്മയുള്ള നിർമിതിയാണ് ഈ അപ്പൂപ്പൻ കാറിന്. വാങ്ങുമ്പോൾ ഉണ്ടായിരുന്ന ഹെഡ് ലൈറ്റുകളാണ് ഇന്നും. ഭൂരിഭാഗം പാർട്സും ലോഹനിർമിതമാണ്. സ്റ്റിയറിങ്ങിലും ഇന്റീരിയറിൽ ചില ഭാഗങ്ങളിലും തടി ഉപയോഗിച്ചിട്ടുണ്ട്. ഡിക്കി ഡോർ തുറന്നാൽ അടയ്ക്കാൻ ഒന്നുകൂടി ഉയർത്തി താഴ്ത്തിയാൽ മതി.  വാഹനം സഞ്ചരിച്ച ദൂരം മൈലിലാണു കണക്കാക്കുന്നത്. ഇതുവരെ ഓടിത്തീർത്തതു 4 ലക്ഷത്തിലധികം മൈൽ (6,43,737.6 കിമീ). ഇന്നേവരെ ഫിയറ്റിന്റെ പാർട്സ് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. കിട്ടുമ്പോഴെല്ലാം പാർട്സ് വാങ്ങി സൂക്ഷിക്കും. ഏറ്റുമാനൂരുള്ള ചന്ദ്രൻ മേസ്തിരിയാണ് വർഷങ്ങളായി ഈ ഫിയറ്റിന്റെ ഡോക്ടർ.   

fiat-1100-5

പോകാത്ത ഇടങ്ങളില്ല

ഫിയറ്റ് കാറിൽ മാത്യുവും കുടുംബവും പോകാത്ത സ്ഥലങ്ങളില്ല. ബെംഗളൂരു, മൈസൂരു, ചെന്നൈ, തിരുവനന്തപുരം അങ്ങനെ എവിടെയൊക്കെ പോകുന്നോ അവിടെയെല്ലാം ഈ മില്ലിസെന്റോയും കൂടെയുണ്ടാകും. ഒരിക്കൽപ്പോലും പണിമുടക്കി വഴിയിൽ കിടന്നിട്ടില്ല. പൊന്നുംവില പറഞ്ഞു പലരും മാത്യുവിനെ സമീപിക്കാറുണ്ട്. നിങ്ങൾക്കാർക്കും വേണ്ടെങ്കിൽ ഈ പറമ്പിന്റെ മൂലയിൽ കൊണ്ടിട്ടു മത്തൻ കുത്തിയിട്ടോ... വെറുതേ കിടന്നു നശിച്ചാലും വിറ്റുകളയരുതെന്ന പിതാവിന്റെ വാക്കുകൾ അക്ഷരംപ്രതി അനുസരിക്കുകയാണു  കുടുംബം.   

വീട്ടിലെയും ബന്ധുവീടുകളിലെയും എല്ലാ മംഗളകർമങ്ങളിലും മുഖ്യസ്ഥാനമാണ് ഈ കാറിന്. മാത്യുവിന്റെയും മകൻ വർഗീസിന്റെയും വിവാഹത്തിനും ഈ കാർ സാക്ഷ്യം വഹിച്ചു. ഇപ്പോൾ അഞ്ചാം തലമുറയിലെത്തിനിൽക്കുന്ന കൊച്ചുമോൻ രണ്ടര വയസ്സുകാരൻ തനിവിന്റെയും പ്രിയപ്പെട്ട ‘ബൂം..ബൂം..’ കാറാണ് ഫിയറ്റ് 1100  

fiat-1100
മാത്യു വർഗീസ്, മകൻ വർഗീസ് മാത്യു, കൊച്ചുമകൻ തനിവ് വർഗീസ് മാത്യു, പ്രിയ മാത്യുസ്, ആലീസ് മാത്യു

ഫിയറ്റ് മില്ലിസെന്റോ

ഇറ്റാലിയൻ ബ്രാൻഡ്. 1953 മുതൽ 1969 വരെ ഫിയറ്റ് പുറത്തിറക്കിയ ഫാമിലി കാറാണ് മില്ലിസെന്റോ 1100. 1953 ലെ ജനീവ മോട്ടർ ഷോയിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. ഫിയറ്റ് നോവ 1100, ഫിയറ്റ് 1100/ 103 എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1089 സിസി 4–സിലിണ്ടർ കാർബുറേറ്റർ എൻജിൻ. പിന്നീട് ഫിയറ്റ് 1100ടി, ഫിയറ്റ് 1100ഡി മോഡലുകൾ വിപണിയിലെത്തി. 1100 ഡി ദീർഘനാൾ ഇന്ത്യയിൽ വിറ്റിരുന്നു. പ്രീമിയർ ഓട്ടമൊബീൽസ് ലിമിറ്റഡ് വഴിയാണു ഫിയറ്റ് കാറുകൾ ഇന്ത്യയിൽ എത്തിയിരുന്നത്. 

English Summary: 1956 Model Fiat Millecento In Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com