ADVERTISEMENT

കൊച്ചി∙ എംജി മോട്ടർ ഇന്ത്യയുടെ വൈദ്യുത എസ്‌യുവി ‘സെഡ്എസ്’ ജൂൺ മുതൽ കേരളത്തിലും. നിലവിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങളിൽ മാത്രം വിൽപനയുള്ള കാർ ചെന്നൈ, പുണെ, സൂറത്ത്, ജയ്പുർ, ചണ്ഡിഗഡ് എന്നിവിടങ്ങളിലെ ഷോറൂമുകളിലേക്കും അടുത്ത മാസങ്ങളിൽ എത്തുമെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഗൗരവ് ഗുപ്ത ‘മനോരമ’യോടു പറഞ്ഞു. ഹ്യൂണ്ടായ് കോന, ടാറ്റ നെക്സോൺ എന്നീ ഇലക്്രടിക് എസ്‌യുവികൾക്കു കേരളത്തിൽ മികച്ച സ്വീകാര്യതയുള്ള സാഹചര്യത്തിലാണ് മൂന്നാമതൊരു കമ്പനി കൂടി എത്തുന്നത്.

മികച്ച റോഡുകളും സംസ്ഥാന സർക്കാർ ഇലക്ട്രിക് വാഹനങ്ങൾക്കു പ്രോത്സാഹനം നൽകുന്നതുമാണ് വിൽപന വിപുലീകരണത്തിന്റെ തുടക്കത്തിൽത്തന്നെ കേരളം തിരഞ്ഞെടുക്കാൻ കാരണം. എറണാകുളത്തിനു പുറമേ സമീപ ജില്ലകളിലും കമ്പനി വാഹന ചാർജിങ് കേന്ദ്രങ്ങൾ ഒരുക്കും. പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ആധുനിക സൗകര്യങ്ങളും പ്രകടന ശേഷിയുമുള്ള സെഡ്എസ് ഒറ്റത്തവണ ചാർജിൽ 340 കിലോമീറ്റർ ഓടുമെന്ന് ഗൗരവ് ഗുപ്ത പറഞ്ഞു. അവതരണ സമയത്തെ ഷോറൂം വില 20.88 ലക്ഷം– 23.58 ലക്ഷം രൂപ.

Hector-Plus

ജനുവരി അവസാനം വിപണിയിലെത്തിയ സെഡ്എസിന്റെ വിൽപന മാർച്ചിൽ ലോക്ഡൗൺ ആരംഭിക്കുമ്പോൾ 300ന് അടുത്തായിരുന്നു. ഏകദേശം 3000 ബുക്കിങ്ങും. കോവിഡ് ഭീതിയും ലോക്ഡൗണും മാറുന്നതനുസരിച്ച് വിൽപന ഉയരുമെന്നാണു പ്രതീക്ഷ. കമ്പനിയുടെ ഉൽപാദനം ജൂൺ–ജൂലൈ മാസങ്ങളിൽ ഏകദേശം പൂർവ സ്ഥിതിയിലെത്തും. ഇപ്പോൾ ഘടകഭാഗങ്ങളുടെ ലഭ്യത കുറവായതിനാലും ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണവും ഉൽപാദനം കുറവാണ്. 

യൂറോപ്പിൽ നിന്നുള്ള ചരക്കുനീക്കം മുടങ്ങിക്കിടക്കുകയാണ്. ചൈന ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള വരവ് സാധാരണ ഗതിയിലാകുന്നു. എന്നാൽ, ഇന്ത്യയിലെ ചെറിയ നഗരങ്ങളിലും പല വ്യവസായ മേഖലകളിലുമുള്ള വാഹന ഘടക നിർമാണ കേന്ദ്രങ്ങൾ കോവിഡ് ബാധയും തൊഴിലാളികളുടെ തിരിച്ചുപോക്കും കാരണം പ്രതിസന്ധിയിലാണ്. ജൂലൈയിൽ 6–സീറ്റർ എസ്‌യുവി ഹെക്ടർ പ്ലസ് വിപണിയിലെത്തിക്കും. കേരളത്തിൽ ഹെക്ടറിന്റെ വിൽപന എതിരാളികളെക്കാൾ മുന്നിലാണെന്നും ഗൗരവ് ഗുപ്ത പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com