തോമായുടെ ആ 'ചങ്കിടിപ്പൻ' ബുള്ളറ്റിന് 5 ലക്ഷം രൂപ; അപ്പോള്‍ ആ റെയ്ബാനെത്ര കിട്ടും ?

HIGHLIGHTS
  • ലോറിയുടെ രൂപം എങ്ങനെയായിരിക്കണമെന്നു നിർബന്ധമുണ്ടായിരുന്നു
  • കോട്ടയത്തുനിന്നായിരുന്നു ബുള്ളറ്റ് വാങ്ങിയതെന്നാണ് ഓർമ
spadikam-new
Spadikam
SHARE

‘അവൻ വരുന്നെന്നു കേൾക്കുമ്പോൾ അവിടെയുള്ളവരുടെ ചങ്കിടിക്കണം. ആ ചങ്കിടിപ്പിന്റെ ശബ്ദമുള്ള വാഹനത്തിലാകണം അവൻ വരേണ്ടത്.’ ‘സ്ഫടിക’ത്തിന്റെ തിരക്കഥയിലെവിടെയോ ഭദ്രൻ എന്ന സംവിധായകൻ കുറിച്ചു വച്ച വാക്കുകൾ പിന്നീട് ഒട്ടേറെപ്പേരുടെ ചങ്കിടിപ്പിന്റെ താളമായ തോമാച്ചായനായി മാറി. 1995 ൽ പുറത്തിറങ്ങിയ ‘സ്ഫടിക’ത്തിന്റെ 25–ാം വാർഷികത്തിൽ ആ സിനിമയിലെ വാഹനങ്ങളെപ്പറ്റി സംവിധായകൻ ഭദ്രൻ മാട്ടേൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

മേരീദാസൻ – ചെകുത്താൻ

കെഇകെ 5733 എന്ന റജിസ്ട്രേഷൻ നമ്പരിൽ ടാറ്റയുടെ 1210 എസ്ഇ മോഡൽ ലോറിയാണ് ആടുതോമയുടെ പ്രധാന വാഹനമായി ചിത്രത്തിൽ വരുന്നത്. ചിത്രം ആരംഭിക്കുമ്പോൾ ‘മേരീദാസൻ’ എന്ന പാവനമായ പേരിൽനിന്നു പിന്നീട് ആ ലോറിയുടെ തിരുനെറ്റിക്ക് ‘ചെകുത്താനെ’ന്ന പേരും ഒടുവിൽ തിളക്കമാർന്ന ‘സ്ഫടിക’മെന്ന പേരും കുറിക്കപ്പെടുന്നുണ്ട്. തൃശൂരിൽനിന്നാണ് ആ ലോറി വാങ്ങിയതെന്നു ഭദ്രൻ പറയുന്നു. ‘ലോറി ഒരു ക്യാരിയറാണ്. ഒട്ടേറെ സ്വപ്നങ്ങളും ഉത്തരവാദിത്തങ്ങളും മനസ്സിൽ കൊണ്ടുനടക്കുന്നവന് ഇതിലും യോജിച്ചൊരു വാഹനമില്ലെന്ന് എനിക്കു തോന്നി. ലോറിയുടെ രൂപം എങ്ങനെയായിരിക്കണമെന്നു നിർബന്ധമുണ്ടായിരുന്നു. ഒരു കൊമ്പൻ നടന്നു വരുന്നതുപോലെ തോന്നണം. ചില സീനുകൾ വൈഡ് ആംഗിൾ ലെൻസ് ഉപയോഗിച്ച് ആ ഗാംഭീര്യം സ്ക്രീനിലും എത്തിച്ചിട്ടുണ്ട്. സെക്കൻഡ് ഹാൻഡ് ലോറിയാണു വാങ്ങിയത്. അവസാന സീനുകളിൽ ബോംബ് വച്ചു തകർക്കാൻ മധുരയിൽനിന്നു മറ്റൊരു പഴയ ലോറി വാങ്ങുകയായിരുന്നു. വർഷങ്ങൾക്കുശേഷം സ്ഫടികം ലോറി ഒരിക്കൽക്കൂടി എന്റെ നാട്ടിൽ, പാലായിൽ പുനഃസൃഷ്ടിച്ചു. എന്റെ ഇളയ മകൻ ജെറിയുടെ വിവാഹത്തിനു വേണ്ടിയായിരുന്നു. വരനും വധുവും സ്ഫടികം എന്ന പേരുള്ള സിനിമയിലെ അതേ ലോറിയെന്നു തോന്നിക്കുന്ന ലോറിയിലാണു പള്ളിയിലെത്തിയത്.’  

ചങ്കിടിപ്പായി ബുള്ളറ്റ്

തോമയ്ക്കു സഞ്ചരിക്കാൻ ഒരു മോട്ടർ സൈക്കിൾ വേണമെന്നല്ല, അവൻ വരുമ്പോൾ ആളുകളുടെ ചങ്കിടിക്കുന്നതായി തോന്നുന്ന തരത്തിൽ ബുള്ളറ്റ് തന്നെ വേണമെന്നാണു ഭദ്രൻ തിരക്കഥയിൽ എഴുതിയിരുന്നത്. കോട്ടയത്തുനിന്നായിരുന്നു ബുള്ളറ്റ് വാങ്ങിയതെന്നാണ് ഓർമ. കെഇകെ 7859 എന്നതായിരുന്നു റജിസ്ട്രേഷൻ നമ്പർ. അതു പിന്നീട് കൈമറിഞ്ഞു പോയി. ഇൗയിടെ ആരോ എനിക്കു വാട്സാപ്പിൽ ഒരു മെസേജ് അയച്ചു തന്നു. ആ ബുള്ളറ്റ് ആരോ തൃശൂരിൽ വിൽപനയ്ക്കു വച്ചിരിക്കുന്നു. 5 ലക്ഷം രൂപയാണു വിലയിട്ടിരിക്കുന്നത്. സ്ഫടികം സിനിമയിൽ മോഹൻലാൽ ഉപയോഗിച്ചിരുന്ന ബുള്ളറ്റ് വിൽപനയ്ക്ക് എന്ന പേരിലാണു പരസ്യം. ബുള്ളറ്റിന് 5 ലക്ഷമാണെങ്കിൽ തോമായുടെ ആ റെയ്ബാൻ ഗ്ലാസിന് എന്തു വില പറയും..? ആ ഗ്ലാസ് ഇപ്പോഴും എന്റെ കയ്യിലുണ്ട്.. ’

എനിക്കില്ല വാഹനക്കമ്പം

‘വലിയ ബ്രാൻഡഡ് വാഹനങ്ങളോട് എനിക്കു ഭ്രമം തോന്നിയിട്ടില്ല. ചില സിനിമാക്കാരെ കണ്ടിട്ടില്ലേ..? ഒന്നോ രണ്ടോ സിനിമ കഴിയുമ്പോഴേക്ക് ബ്രാൻഡഡ് വാഹനങ്ങൾ കൊണ്ടു നടക്കുന്നത്. സ്ഫടികം സൂപ്പർ ഹിറ്റായി ഓടുമ്പോൾ എനിക്കു സ്വന്തമായുണ്ടായിരുന്നത് ഫോഡിന്റെ ഒരു പഴയ കാറായിരുന്നു. ഇടയ്ക്കിടെ കാർ മാറ്റുന്ന ശീലവും എനിക്കില്ല. വളരെ വർഷങ്ങൾക്കു ശേഷമാണു കാർ മാറ്റിയത്. ഇപ്പോൾ ഫോക്സ്‌വാ‌ഗൻ ട്വിഗ്വാനാണുള്ളത്. വളരെ സംതൃപ്തി നൽകുന്ന നല്ല കാർ. എനിക്ക് ഓടിക്കാൻ ഇഷ്ടമുള്ള വാഹനം ഒന്നേയുള്ളൂ, അതാണ് ജെസിബി. എന്റെ വീട് പണിയുന്ന സമയത്തൊക്കെ പറമ്പു ശരിയാക്കാൻ വന്ന ജെസിബി പലതവണ ഞാൻ ഓടിച്ചു നോക്കി. എനിക്കെപ്പോഴും അദ്ഭുതമാണ് ആ വാഹനം. ജെസിബി കാണിക്കുന്ന കരുത്ത് ലോകത്തു വേറെ ഏതു വാഹനത്തിനുണ്ട്?

English Summary: Director Bhadran About Vehicles Used In Spadikam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA