ADVERTISEMENT

തേയിലത്തോട്ടങ്ങളെ ചുറ്റിവളഞ്ഞു മലനിരകളിലൂടെ പോകുന്ന കളിത്തീവണ്ടികളെ സിനിമകളിൽ കണ്ടിട്ടില്ലേ... ജീവിതത്തിലൊരിക്കലെങ്കിലും ഈ ട്രെയിനുകളിൽ സഞ്ചരിക്കാൻ അവസരം കിട്ടിയാൽ മിസ്സ് ചെയ്യരുത്. കുറച്ചു നേരത്തേക്കെങ്കിലും ഭൂതകാലത്തേക്കു കൂട്ടിക്കൊണ്ടു പോകുന്നവയാണ് ഈ തീവണ്ടികൾ. നൂറ്റാണ്ടുകളുടെ ചൂളം വിളിയുമായി മലനിരകളെ ചുറ്റിയോടുന്ന പ്രധാന ട്രെയിനുകളെ പരിചയപ്പെടാം. എല്ലാം ബ്രിട്ടിഷുകാരുടെ കാലം മുതൽ ഓടിത്തുടങ്ങിയത്്. ഇവയിൽ മൂന്നെണ്ണം യുനെസ്‌കോയുടെ പൈതൃക പദവി ലഭിച്ച ട്രെയിനുകളാണ്. ഡാർജലിങ് ഹിമാലയൻ റെയിൽവേ, നീലഗിരി മൗണ്ടൻ റെയിൽവേ,, കൽക്ക-സിംല റെയിൽവേ, എന്നിവയാണവ. ഇവയോടൊപ്പം മതേരാൻ ഹിൽ റെയിൽവേ,യും കാംഗ്ര വാലി റെയിൽവേയുമുണ്ട്.

ഡാർജലിങ് ഹിമാലൻ റെയിൽവേ

ഹിമാലയൻ മലനിരകളുടെ സൗന്ദര്യം ആസ്വദിച്ചു അവിസ്മരണീയ യാത്ര സമ്മാനിക്കുന്നതാണ് ഡാർജലിങ് ഹിമാലയൻ റെയിൽവേ. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന മൗണ്ടൻ ട്രെയിനും ഇതു തന്നെ. മലനിരകളെ ചുറ്റിക്കറങ്ങിയുള്ള 7 മണിക്കൂർ യാത്ര അവിസ്മരണീയമാകും.  പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരി സ്റ്റേഷനിൽ തുടങ്ങി ഡാർജിലിങ് സ്റ്റേഷൻ വരെയുള്ള 88 കിലോമീറ്റർ ദൂരം 7 മണിക്കൂര്‍ കൊണ്ടാണ് സഞ്ചരിക്കുന്നത്്.19-ാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലാണ് ഡാര്‍ജിലിങ്ങിലേക്കു ട്രെയിൻ വേണമെന്ന ആശയം ഉദിക്കുന്നത്. അന്ന് ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കൊൽക്കത്തയിൽനിന്നു ഡാർജിലിങ് എത്താൻ പ്രയാസമായിരുന്നു. ഡാർജിലിങ്ങിന്റെ താഴ്‌വാരമായ സില്‍ഗുരി നഗരവുമായി ട്രെയിൻ ബന്ധമുണ്ടെങ്കിലും മലമുകളിലെത്താൻ ടോങ്കകളെ (കുതിരകളെ ഉപയോഗിച്ചു വലിക്കുന്ന വാഹനം) ആശ്രയിക്കണമായിരുന്നു. ആഷ്്്‌ലി ഈഡൻ കമ്മിറ്റിയുടെ പഠനഫലമായി 1879ൽ നിർമാണം ആരംഭിച്ചു. 1881 ൽ പൂർത്തിയായി.  

1897 ൽ ഉണ്ടായ ഭൂമികുലുക്കത്തിൽ റെയിൽവേ പാലത്തിനു കാര്യമായ കേടുപാടുണ്ടായി. പുനർനിർമിച്ചു. 88 കിലോമീറ്ററാണ് ദൂരം. അതോടൊപ്പം കൂടുതൽ ദൂരത്തേക്കു ട്രെയിൻ നീട്ടി. 1909-10 ആയപ്പോഴേക്കും രണ്ടു ലക്ഷത്തിനടുത്ത് യാത്രക്കാരെ കൊണ്ടുപോകുന്നതിനും  47,000 ടണ്‍ ചരക്കു ഗതാഗത്തിനും ഡാർജലിങ് റൂട്ട് ഉപയോഗിക്കുമായിരുന്നു. ഇപ്പോൾ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവെ സോണിനു കീഴിലാണിത്. ആവി എൻജിനുകളാണ് കൂടുതലും ഉപയോഗിക്കുന്നത്. ഡാർജിലിങ് മെയിലിൽ മാത്രം ആധുനിക ഡീസൽ എൻജിൻ ഉപയോഗിച്ചു വരുന്നു. 328 അടി ഉയരത്തിൽ നിന്നു തുടങ്ങി അവസാന സ്റ്റേഷനായ ഖൂം എത്തുമ്പോൾ സമുദ്ര നിരപ്പിൽ നിന്നു 7500 അടി ഉയരത്തിലാകും. ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷനും ഖൂം ആണ്. 1999 ൽ ഡാർജിലിങ് ഹിമാലയൻ റെയിൽവെ യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടം പിടിച്ചു. റിസർവേഷൻ സൗകര്യം ലഭ്യമാണ്.

നീലഗിരി മൗണ്ടൻ റെയിൽവേ 

സിനിമകളിലൂടെ ചിരപരിചിതമായ നമ്മുടെ സ്വന്തം ഊട്ടി ട്രെയിൻ. പൽചക്രങ്ങളുള്ള ഏക മീറ്റഗേജ് റെയിൽവേ  ട്രാക്കും ഇതുതന്നെ. കോയമ്പത്തൂരിനടുത്തുള്ള മേട്ടുപ്പാളയത്തിൽനിന്നു തുടങ്ങി കൂനൂർ വരെ ആവി എൻജിനും കൂനൂരിൽനിന്നു ഉദഗമണ്ഡലം വരെ ഡീസൽ എൻജിനുമാണ് ഉപയോഗിക്കുന്നത്. 1891 ൽ നിർമാണം തുടങ്ങി ആദ്യ ഘട്ടം 1899 ൽ പൂർത്തിയായി. 1908 ൽ നിർമാണം പൂർത്തിയായി. സമുദ്ര നിരപ്പിൽനിന്നും 326 അടി ഉയരത്തിൽ ആരംഭിച്ച് മലമുകളിലെത്തുമ്പോൾ 2203 അടി ഉയരത്തിലെത്തും. സ്വിസ് നിർമിത എക്‌സ് ക്ലാസ് സ്്റ്റീം റാക്ക് ലോക്കോമോട്ടീവ് എൻജിനാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. 100 വർഷത്തിലേറെ പഴക്കമുണ്ടിതിന്. 108 വളവുകളും 16 തുരങ്കങ്ങളും 250 പാലങ്ങളും ഈ റൂട്ടിലുണ്ട്. നിരപ്പായ പ്രതലങ്ങളിൽ 30 കിലോമീറ്റർ ആണ് വേഗം. കയറ്റം കയറുമ്പോൾ ഇതു പകുതിയിൽ താഴെയാകും. 13 സ്റ്റേഷനുകളുണ്ട്. മുകളിലേക്കു പോകാൻ 4.8 മണിക്കൂറും താഴേക്കു വരാൻ 3.6 മണിക്കൂറും സമയം വേണം. 2005 ൽ യുനെസ്‌കോ പൈതൃക പദവി ലഭിച്ചു.

nilgiri-mountain-railway
നീലഗിരി മൗണ്ടൻ റെയിൽവേ

കൽക്ക-ഷിംല റെയിൽവെ  

ഹിമാവന്റെ മടിത്തട്ടിലെ സുന്ദരനഗരമാണ് ഹിമാലയൻ ക്യൂൻ എന്ന് വിശേഷിപ്പിക്കുന്ന സിംല. മലനിരകളിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന അവിസ്മരണീയ യാത്രയാകും കൽക്ക-സിംല ട്രെയിൻ യാത്ര സമ്മാനിക്കുക.   ബ്രിട്ടിഷ് ഇന്ത്യയിൽ, വൈസ്രോയിയുടെ വേനൽക്കാല തലസ്ഥാനമായിരുന്ന ഷിംലയിലേക്കു പോകാനായി നിർമിച്ചതാണ് കല്‍ക്ക-ഷിംല റെയിൽവേ. ഒന്നാം ലോകമാഹായുദ്ധം വരെ ബ്രിട്ടീഷുകാർക്കു മാത്രം പ്രവേശനമുണ്ടായിരുന്ന നഗരമായിരുന്നു സമുദ്ര നിരപ്പിൽനിന്നു 7116 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഷിംല. വൈസ്രോയിയുടെ സ്വർണവും വെള്ളിയും പൂശിയ രാജകീയ ട്രെയിനായിരുന്നു ആദ്യകാലങ്ങളിൽ ഷിംലയിലേക്കു ഓടിയിരുന്ന പ്രധാന തീവണ്ടി. ചീഫ് എൻജിനീയറായിരുന്ന എച്ച്.എസ്. ഹാരിങ്ടണിന്റെ നേതൃത്വത്തിലാണ് ഷിംല റൂട്ട്  1898 ൽ ആരംഭിക്കുന്നത്. ആദ്യഘട്ടം 1903 ൽ തുറന്നുകൊടുത്തു. രണ്ടാം ഘട്ടം 1909 ൽ പൂർത്തിയാക്കി. ഹിമാചൽ പ്രദേശിലെ കൽക്കയിൽനിന്നു ഷിംലവരെയുള്ള 96 കിലോമീറ്റർ ദൂരം 5 മണിക്കൂർ 55 മിനിറ്റ് കൊണ്ടാണ് പിന്നിടുക. 18 സ്റ്റേഷനുകളുണ്ട്. 103 തുരങ്കങ്ങൾ, 912 വളവുകൾ, 969 പാലങ്ങൾ ഈ റൂട്ടിലുണ്ട്. 1143 മീറ്റര്‍ നീളമുള്ള ബാറോഗ് തുരങ്കമാണ് ഇവയില്‍ ഏറ്റവും വലുത്. ആദ്യകാലങ്ങളിൽ ആവി എന്‍ജിനുകൾ ഉപയോഗിച്ചിരുന്നെങ്കിലും 1970 നു ശേഷം ഡീസൽ ഹൈഡ്രോളിക് ലോക്കോമോട്ടീവ് എൻജിനാണ് കൽക്ക-ഷിംല റൂട്ടിൽ ഉപയോഗിക്കുന്നത്. ശരാശരി വേഗം 25-30 മണിക്കൂറിൽ കിലോമീറ്റർ. ലക്ഷ്വറി ട്രെയിൻ ഉൾപ്പെടെ ഏഴ് ട്രെയിനുകൾ ഈ റൂട്ടിൽ ഓടുന്നുണ്ട്. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. 

kalka-shimla
കൽക്ക-ഷിംല റെയിൽവെ

മതേരാൻ ഹിൽ റെയിൽവെ 

ഏറ്റവും ചെറിയ ദൂരത്തേക്കുള്ള മൗണ്ടൻ ട്രെയിനാണ് മുംബൈയ്ക്കടുത്തുള്ള മതേരാൻ ഹിൽ റെയിൽവെ. വെറും 21 കിലോമീറ്റർ. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ മതേരാൻ കുന്നുകൾ ബ്രിട്ടിഷുകാരുടെ പ്രിയപ്പെട്ട വേനൽക്കാല വാസസ്ഥലമായിരുന്നു. 1901 ൽ മുംബൈ സംസ്ഥാനത്തിലെ പ്രശസ്ത വ്യവസായിയായിരുന്ന അബ്ദുൽ ഹുസൈൻ അഡംജി പീർബോയ് ആണ് മതേരാൻ കുന്നുകളിലേക്ക് ട്രെയിൻ ഗതാഗതം ആരംഭിക്കുന്നത്. 1907 ൽ നാരോ ഗേജ് ട്രെയിൻ സർവീസ് ആരംഭിച്ചു. മുംബൈയിൽനിന്നു 90 കിലോമീറ്റർ ദൂരെയുള്ള നേരൽ സ്‌റ്റേഷനിൽ നിന്നാണ് സര്‍വീസ് തുടങ്ങുന്നത്. പുണെയിൽനിന്നു 120 കിലോമീറ്റർ ദൂരമുണ്ട് നേരൽ‌ സ്‌റ്റേഷനിലേക്ക്. മുംബൈയിൽനിന്നും പുണെയിൽനിന്നും ട്രെയിൻ മാർഗം നേരലിലെത്താം.

ആകെ അഞ്ച് സ്റ്റേഷനുകളാണ് റൂട്ടിലുള്ളത്. ആദ്യകാലത്ത് ആവിഎൻജിനുകളായിരുന്നു ഉപയോഗിച്ചിരുന്നത്. 1983 നു ശേഷം ഡീസൽ എൻജിനുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇപ്പോൾ‌ ഡാർജിലിങ് ഹിമാലയൻ റെയിൽവേയുടെ ബി-ക്ലാസ് ലോക്കോമോട്ടീവിൽ ചില സാങ്കേതിക മാറ്റങ്ങൾ വരുത്തിയാണ് ഉപയോഗിക്കുന്നത്.  അർധ നിത്യഹരിതവന മേഖലയാണ് മതേരാൻ കുന്നുകൾ. അതുകൊണ്ടുതന്നെ ഇക്കോ സെൻസിറ്റീവ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2005 ലെ മഴക്കെടുതിയിൽ റെയിൽ ലൈനിനു തകരാർ സംഭവിച്ചിരുന്നു. 2007 ശേഷം വീണ്ടും ഗതാഗതത്തിനായി തുറന്നുകൊടുത്തു. മൺസൂൺ സീസണിൽ താല്‍ക്കാലികമായി ട്രെയിൻ സർവീസ് നിർത്തി വയ്ക്കാറുണ്ട്. കാടും കൊച്ചു വെള്ളച്ചാട്ടങ്ങളും മലഞ്ചെരുവിലൂടെയുള്ള യാത്രയുമാണ് ഈ റൂട്ടിലെ പ്രധാന ആകര്‍ഷണം. രണ്ടു മണിക്കൂർ 10 മിനിറ്റു സമയമെടുത്താണ് ട്രെയിൻ നേരൽ സ്്‌റ്റേഷനിൽനിന്നു മതേരാൻ മലമുകളിലെത്തുന്നത്്.

കാംഗ്ര വാലി റെയിൽവെ 

പഞ്ചാബിലെ സൈനിക കേന്ദ്രമായ പാത്താൻകോട്ടിൽനിന്നു തുടങ്ങി ഹിമാചൽ പ്രദേശിലെ ജോഗിന്ദർ നഗർ വരെ പോകുന്ന നാരോ ഗേജ് ട്രെയിനാണ് കാംഗ്ര വാലി റെയില്‍വേ. 164 കിലോമീറ്റർ ദൂരത്തിനിടയ്ക്കു 971 പാലങ്ങളും രണ്ടു തുരങ്കങ്ങളും കടന്നുപോകണം.  സമുദ്ര നിരപ്പിൽ നിന്നു 4230 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഹ്ജു സ്റ്റേഷനാണ് ഈ റൂട്ടിലെ ഏറ്റവും ഉയർന്ന സ്റ്റേഷൻ. 1926 ൽ പണി തുടങ്ങി 1929 ൽ ആദ്യ ഘട്ടം പൂർത്തിയാക്കി.

kangra-valley-train
കാംഗ്ര വാലി റെയിൽവെ

രണ്ടാം ലോകമാഹായുദ്ധ സമയത്ത്് ട്രാക്ക്്് നിർമിക്കാൻ ആവശ്യമായ ഉരുക്ക്്് ഘടകങ്ങൾ യുദ്ധാവശ്യത്തിനായി കൊണ്ടുപോയതിനാൽ നിര്‍മാണം നിലച്ചു. പിന്നീട് 1954 ൽ പണി പൂർത്തിയാക്കി വീണ്ടും ഗതാഗതം ആരംഭിച്ചു. 1970 ൽ മാഹാറാണാ പ്രതാപ് സാഗർ അണക്കെട്ടിന്റെ നിർമാണ സമയത്ത് 25 കിലോമീറ്റർ ദൂരം റൂട്ട്്് മാറ്റി നിര്‍മിക്കേണ്ടിവന്നു. ഇന്ത്യയിൽ നിർമിക്കപ്പെട്ട അവസാനത്തെ നാരോഗേജ് റെയിൽ പാതയാണ് കാംഗ്ര വാലിയിലേത്. പൈൻ കാടുകൾ, കടുക് പാടങ്ങൾ, നദീതടങ്ങൾ, തേയിലത്തോട്ടങ്ങൾ എന്നിവയൊക്കെ ചുറ്റിക്കറിങ്ങി പോകുന്ന റൂട്ടാണ് ഈ ട്രെയിൻ യാത്രയുടെ പ്രധാന ആകർഷണം. പാത്താൻകോട്ടുനിന്നു നാലു മണിക്കൂര്‍ 10 മിനിറ്റ് സമയമെടുത്താണ് ജോഗിന്ദര്‍ നഗർ എത്തുക. ഇരുസംസ്ഥാനങ്ങളിലുമായി 10 സ്‌റ്റേഷനുകളുമുണ്ട്. ഹിമാലയൻ മലനിരകളുടെ ഭാഗമാണ് കാംഗ്ര വാലി.

English Summary: Mountain Trains In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com