ADVERTISEMENT

‘‘ഒന്നുകിൽ വിധിയെ പഴിച്ച് ജീവിതം നഷ്ടപ്പെടുത്തുക. അല്ലെങ്കിൽ, പരിമിതികളെയും വൈകല്യത്തെയും പുറംകാൽ കൊണ്ടടിച്ചോടിച്ച് ഉയരങ്ങളിലെത്തുക. രണ്ടാമത്തെ പാതയാണ് ഞാൻ തിരഞ്ഞെടുത്തത്.  രണ്ടു കൈകളില്ലെങ്കിലും കാലുകൾ മാത്രം കൊണ്ടു ജീവിതം തുഴയാനാകുമെന്നും ചിറകടിച്ചുയരാനാകുമെന്നും  ലോകത്തോട് ഉറക്കെ വിളിച്ചു പറയണം എന്നായിരുന്നു എന്റെ മനസ്സിലെപ്പോഴും... കൈകളില്ലെങ്കിൽ എന്ത്, സ്റ്റിയറിങ് തിരിക്കാൻ എനിക്കെന്റെ 2 കാലുകൾ മാത്രം മതി.’’– ഇടുക്കിക്കാരി ജിലുമോൾ മരിയറ്റ് തോമസിന്റെ വാക്കുകളിൽ പോസിറ്റീവ് എനർജിയുടെ പവർഹൗസ്.

വിധിയോടുള്ള ജീവിതസമരമാണ് തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് എൻ.വി. തോമസ്–പരേതയായ അന്നക്കുട്ടി ദമ്പതികളുടെ രണ്ടു പെൺമക്കളിൽ രണ്ടാമതായ ജിലുമോളുടേത്. കൈകളില്ലാതെ പിറന്ന ജിലുമോൾക്ക് ജീവിതം മുഴുവൻ കരയാമായിരുന്നു. പക്ഷേ,കണ്ണീർ തുടയ്ക്കാൻ കൈകളില്ലാത്തതിനാൽ കരയാറില്ലെന്നു ജിലുമോൾ പറയുന്നു. 

jilumol-3
ജിലുമോൾ മരിയറ്റ് തോമസ്

‘‘കൈകളില്ലെങ്കിലും ജീവിക്കണം– എന്റെ വാശിയായിരുന്നു അത്. ജീവിതവഴിയിൽ ഒരിടത്തും എത്താൻ കഴിയില്ലെന്നും, ഒന്നുമാകാൻ കഴിയില്ലെന്നും, പഠിച്ചിട്ടും പ്രയോജനമില്ലെന്നും, പറഞ്ഞ് എന്റെ സ്വപ്നങ്ങളുടെ ചിറകരിയാൻ ശ്രമിച്ചവരോടുള്ള പകരം വീട്ടൽ കൂടിയായിരുന്നു അത്...’’ ആത്മവിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കരുത്തിൽ വിധിയെ തോൽപിച്ചോടിച്ച ജീവിതകഥ ജിലുമോൾ പറയുന്നു. 

കൈകളില്ലാതെ ഞാൻ പിറന്നു

കൈകളില്ലാതെയാണു ഞാൻ പിറന്നത്. തോൾഭാഗത്തു വച്ച് ഇരു കൈകളുടെയും വളർച്ച മുരടിച്ച നിലയിലായിരുന്നു. കാലുകൾ മാത്രം ഇളക്കി അമ്മയോടു ചേർന്നു കിടന്ന എന്നെ ബന്ധുക്കളും നഴ്സുമാരും സഹതാപത്തോടെ നോക്കി.  എല്ലാം വിധി എന്നു പറഞ്ഞ് പപ്പ തളർന്നിരിക്കുമ്പോൾ, പ്രസവമെടുത്ത ഡോക്ടർ ആഗ്നസ് അടുത്തെത്തി പറഞ്ഞു: ‘‘കുഞ്ഞിനെ എനിക്കു തരിക, അവളെ ഞാൻ വളർത്തിക്കൊള്ളാം.’’  എനിക്കു നൽകാൻ വേറെ മക്കൾ ഇല്ലെന്നായിരുന്നു എന്റെ അച്ഛന്റെ കണ്ണീർ പടർന്ന മറുപടി.  കൈകളില്ലാത്ത കുഞ്ഞിനെ എങ്ങനെ വളർത്തും എന്ന ആലോചനയായിരുന്നു വീട്ടുകാർക്ക്. എന്നെ അനാഥാലയത്തിലാക്കണം എന്ന അഭിപ്രായം ഉയർന്നെങ്കിലും അമ്മയ്ക്ക് എന്നെ പിരിയാൻ വിഷമമായിരുന്നു.  ഒരു നാൾ മുത്തശ്ശി അന്നമ്മ അടുത്തു വിളിച്ച ശേഷം അടുക്കി വച്ചിരുന്ന പുസ്തകങ്ങൾ കാലുകൾ കൊണ്ടു തട്ടി മറിച്ചിട്ടു, നിലത്തിട്ടു ചവിട്ടിക്കാണിച്ചു. തുടർന്ന് കാൽ വിരലുകൾ കൊണ്ട് പുസ്തകങ്ങൾ ഒന്നാന്നായി എടുത്ത് അടുക്കി വച്ചു. പലവട്ടം ഇത് ആവർത്തിച്ചപ്പോൾ എന്റെ കാലുകൾ പുസ്തകങ്ങളിലേക്കു നീണ്ടു.

അമ്മ മരിച്ചു, ഞാൻ മേഴ്സി ഹോമിലെത്തി

നാലര വയസ്സുള്ളപ്പോൾ കാൻസർ രോഗത്തെ തുടർന്നു മമ്മി മരിച്ചു.  ആരോഗ്യപരമായ പ്രശ്നങ്ങളും സാമ്പത്തിക പരാധീനതയും കാരണം എന്നെ വേണ്ട രീതിയിൽ പരിചരിക്കാൻ കഴിയാതെ വന്നപ്പോൾ, ചങ്ങനാശേരിക്കടുത്ത് ചെത്തിപ്പുഴയിലെ മേഴ്സി ഹോമിലെ കന്യാസ്ത്രീകളുടെ പക്കൽ എന്നെ പപ്പ ഏൽപ്പിച്ചു.   വൈകല്യങ്ങളുടെ ലോകത്തുള്ളവർ എനിക്കു സ്വാഗതമോതി. 

jilumol-2
ജിലുമോൾ മരിയറ്റ് തോമസ്

കൈകളില്ലാത്ത എന്നെ അക്ഷരം പഠിപ്പിക്കുകയായിരുന്നു മേഴ്സി ഹോമിലെ സിസ്റ്റർമാരുടെ ദൗത്യം.  കൈകൾ കാലുകളാക്കണം എന്ന ഉപദേശമായിരുന്നു സിസ്റ്റർ അമ്മയായ മരിയല്ല നൽകിയത്. വലതുകാൽ വിരലുകൾക്കിടയിൽ കല്ലുപെൻസിൽ തിരുകി വച്ച് സ്ലേറ്റിൽ ഞാൻ ആദ്യാക്ഷരം കുറിച്ചപ്പോൾ എല്ലാവർക്കും അദ്ഭുതം! കല്ലുപെൻസിൽ കാൽവിരൽ കൊണ്ടു മുറുകെ പിടിച്ച് ഞാൻ ചിത്രങ്ങൾ വരച്ചു കൂട്ടി. സിസ്റ്റർമാർ സ്കെച്ച് പെന്നും ക്രയോൺസും സമ്മാനിച്ചു. നിറക്കൂട്ടു കുടഞ്ഞിട്ടപ്പോൾ കടലാസിലെ കഥാപാത്രങ്ങൾ എന്നെ നോക്കി കൈവീശി.   എല്ലാ മത്സരങ്ങളിലും ഞാൻ ഒന്നാമതായി. ഒന്നു മുതൽ 4 വരെ പാറേൽ ജെഎം എൽപിഎസിലും, പ്ലസ്ടു വരെ വാഴപ്പള്ളി സെന്റ് തെരേസാസ് എച്ച്എസ്എസിലുമാണ് പഠിച്ചത്. കാലുകൾ കൊണ്ട് എഴുതാനും ഭക്ഷണം കഴിക്കാനും മുടി ചീകാനും കണ്ണെഴുതാനും പൊട്ടു തൊടാനും പഠിപ്പിച്ചത് മേഴ്സി ഹോമിലെ സിസ്റ്റർമാരാണ്. 

മൗസിൽ അമർന്ന കാൽവിരലുകൾ...

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു കംപ്യൂട്ടറിൽ തൊട്ടത്. മറ്റു കുട്ടികൾ കൈകൾ കൊണ്ട് മൗസ് പിടിക്കുമ്പോൾ എനിക്കു കഴിയുമോ എന്നായിരുന്നു ആശങ്ക. പഠിച്ചേ അടങ്ങൂ എന്നു മനസ്സു പറഞ്ഞു. കാൽവിരലുകൾ കൊണ്ട് ഞാൻ മൗസിൽ ആദ്യമായി ക്ലിക് ചെയ്തു. ഒരു മാസത്തിനുള്ളിൽ മറ്റുള്ളവരെക്കാളും സ്പീഡ് എനിക്കായി. കംപ്യൂട്ടർ അധ്യാപിക എത്താൻ വൈകുമ്പോൾ, ക്ലാസിലുള്ളവർക്ക് ‘ക്ലാസെടുക്കുന്നതും’ ഞാൻ തന്നെ. എന്റെ ആത്മവിശ്വാസം ഇരട്ടിയായി. 

‘കൈകൾ ഇല്ലാത്തവൾ ഒരിടത്തും എത്തില്ല’

പഠിച്ചുയരണമെന്നായിരുന്നു എന്റെ മോഹമെങ്കിലും, ഒപ്പമുണ്ടായിരുന്ന ചിലർ നിരാശപ്പെടുത്തിയത് സങ്കടമുണ്ടാക്കി. പക്ഷേ, തോൽക്കാൻ ഞാൻ തയാറായിരുന്നില്ല.  കൈകൾ ഇല്ലാത്ത ഞാൻ ഒരിടത്തും എത്തില്ലെന്നുംവരെ പറഞ്ഞെങ്കിലും തളർന്നില്ല. എസ്എസ്എൽസിക്ക് 88 ശതമാനം മാർക്കോടെ പാസായപ്പോൾ ആത്മവിശ്വാസം നാലിരട്ടിയായി. ഉയർന്ന മാർക്കോടെ പ്ലസ്ടുവും വിജയിച്ചപ്പോൾ, ഇനിയെന്ത് എന്നതായിരുന്നു മുന്നിലുണ്ടായിരുന്ന ചോദ്യം. ഗ്രാഫിക്സ് ഡിസൈനിങ്ങിനോടുള്ള പാഷൻ തന്നെ പ്രഫഷനാക്കാൻ തീരുമാനിച്ചു. ചങ്ങനാശേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷൻസിൽ ബിഎ അനിമേഷൻ ആൻഡ് ഗ്രാഫിക്സ് ഡിസൈനിങ്ങിൽ ഉയർന്ന മാർക്കോടെ വിജയിച്ചു. സൗകര്യാർഥം കീബോർഡിന്റെ ഉയരം കുറച്ച് ക്രമീകരിച്ചു. ബിരുദത്തിനുശേഷം വഴിത്തലയിലെ സ്ഥാപനത്തിലും പൈങ്കുളത്തെ സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്തു.  

ഡ്രൈവിങ് എന്റെ ഹരം, കാറുകളെ ഇഷ്ടം

കുഞ്ഞു നാളിൽ വീട്ടുമുറ്റത്ത് ജീപ്പ് എത്തിയപ്പോൾ കൗതുകമായിരുന്നു. കുഞ്ഞായിരുന്നപ്പോൾ, എന്നെ മടിയിലിരുത്തി പപ്പയുടെ സഹോദരിയുടെ ഭർത്താവ് ജീപ്പോടിക്കുമായിരുന്നു. അപ്പോൾ ഞാൻ സ്റ്റിയറിങ്ങിൽ പിടിച്ചു തിരിച്ചതിന്റെ ഓർമയുണ്ട്. മേഴ്സി ഹോമിൽ ഞങ്ങളെ വാനിലായിരുന്നു സ്കൂളിൽ കൊണ്ടുപോയിരുന്നത്. ചെറിയ കുട്ടികളായിരുന്നതിനാൽ മുൻവശത്തായിരുന്നു ഞാനിരുന്നത്. അന്ന് വാഹനം ഓടിക്കുന്ന തോമസ് ചേട്ടനെ അദ്‍ഭുതത്തോടെ നോക്കി. പിന്നീട് കാറുകളോടായി ഇഷ്ടം. എന്റെ വീട്ടിലുള്ളവർക്കാർക്കും ഡ്രൈവിങ് അറിയില്ല. എനിക്കാണെങ്കിൽ ഡ്രൈവിങ് പഠിക്കണമെന്നു വാശിയും. 

jilumol-1
ജിലുമോൾ മരിയറ്റ് തോമസ്

കൈകൾ ഇല്ലാതെ എങ്ങനെ വാഹനമോടിക്കും?

കൈകൾ ഇല്ലാതെ എങ്ങനെ വണ്ടിയോടിക്കും എന്ന മറുചോദ്യമാണ് എന്നെ കാത്തിരുന്നത്. ചിലർ പരിഹസിച്ചു. മറ്റു ചിലർക്കു സഹതാപം.  പക്ഷേ, വാഹനം ഓടിച്ച് ലൈസൻസ് സ്വന്തമാക്കണം എന്നതു മാത്രമായിരുന്നു എന്റെ ആഗ്രഹം. 2014 ൽ ലേണേഴ്സ് ലൈസൻസിനായി തൊടുപുഴ ആർടിഒ ഓഫിസിൽ അപേക്ഷിച്ചു. ചില ഉദ്യോഗസ്ഥർ കളിയാക്കി ചിരിച്ചു. സമാനരീതിയിൽ ലൈസൻസ് നേടിയ വ്യക്തിയുടെ ലൈസൻസിന്റെ കോപ്പി ഹാജരാക്കാൻ ആർടിഒ നിർദേശിച്ചു. 

അതനുസരിച്ച് അങ്ങനെ ഒരു വ്യക്തിക്കായി ഒരുപാടു തിരഞ്ഞു. കൈകൾ ഇല്ലാതെ ഡ്രൈവിങ് ലൈസൻസ് നേടിയ രാജ്യത്തെ ആദ്യ വ്യക്തിയായ ഇൻഡോർ സ്വദേശി വിക്രം അഗ്നിഹോത്രിയെ ബന്ധപ്പെട്ടെങ്കിലും, അദ്ദേഹം സഹകരിച്ചില്ല. 2018 ജനുവരിയിൽ കുമളി സെന്റ് തോമസ് എച്ച്എസ്എസിൽ മുഖ്യാതിഥിയായി സ്കൂൾ വാർഷികത്തിൽ പങ്കെടുക്കുമ്പോൾ അന്നത്തെ സ്കൂൾ മാനേജർ മേധാവി ഫാ. തോമസ് വയലുങ്കൽ എന്തെങ്കിലും  സ്വപ്നം ബാക്കിയുണ്ടോയെന്നു വേദിയിൽ വച്ചു ചോദിച്ചു. ഡ്രൈവിങ് ലൈസൻസ് എടുക്കണം എന്നായിരുന്നു എന്റെ മറുപടി. 

വേദിയിലുണ്ടായിരുന്ന ഹൈക്കോടതിയിലെ അഭിഭാഷകൻ ഷൈൻ വർഗീസ്, ലൈസൻസ് എടുക്കാൻ സഹായിക്കാം എന്ന ഉറപ്പും നൽകി. ലേണേഴ്സ് ലൈസൻസിനായി ഹൈക്കോടതിയെ സമീപിച്ചപ്പോൾ അപേക്ഷ സ്വീകരിക്കാൻ മോട്ടർ വാഹന വകുപ്പിനോട് ഉത്തരവിട്ടു. ഓടിക്കാൻ ഉദ്ദേശിക്കുന്ന കാർ ഒാൾട്ടറേഷൻ നടത്തിയ ശേഷം, എത്താൻ ആവശ്യപ്പെട്ട് മോട്ടർ വാഹന വകുപ്പ് എന്നെ തിരിച്ചയച്ചു. 

കാൽവിരലുകളാൽ വളയം തിരിച്ച്...

കട്ടപ്പനയിലെ ഹൈറേഞ്ച് ലയൺസ് ടച്ച് ഓഫ് ലൈഫാണ് എനിക്കു കാർ സ്പോൺസർ ചെയ്തത്. ആറു ലക്ഷം രൂപ വില വരുന്ന മാരുതി സെലേറിയോ ഓട്ടമാറ്റിക് കാറാണ്. ആക്സിലറേറ്റർ, ബ്രേക്ക് എന്നിവയുടെ പെഡൽ ഉയർത്തി ഒാൾട്ടറേഷൻ ചെയ്തു. കാറോടിക്കുന്ന രീതി പലരിൽ നിന്നും കണ്ടു പഠിച്ചു. സ്വയം ഓടിച്ചു പഠിക്കാനായി ശ്രമം.  ഇത്തിരി പേടിയോടെയാണ് ആദ്യമായി കാറിനടുത്തെത്തിയത്. വലതു കാൽ കൊണ്ട് ഡോർ തുറന്ന് ഉള്ളിൽ കയറിയിരുന്നു. ഇടതുകാൽ ഉപയോഗിച്ച് സീറ്റ് ബെൽറ്റിട്ടു. വലതു കാൽ കൊണ്ട് കാർ സ്റ്റാർട്ട് ചെയ്തു. ഇടതുകാൽ ഉപയോഗിച്ച് ആക്സിലറേറ്ററും ബ്രേക്കും നിയന്ത്രിച്ച് മെല്ലെ കാർ മുന്നോട്ടെടുത്തപ്പോൾ ആത്മവിശ്വാസമായി. കൊച്ചിയിൽ ഞാൻ താമസിക്കുന്ന വൈഡബ്ല്യുസിഎ ഹോസ്റ്റൽ ഗ്രൗണ്ടിലാണ് കാർ സ്വയം ഓടിച്ചു പഠിച്ചത്. 

‘‘കൈകളില്ലാത്ത ഒരുത്തിക്കും വണ്ടിയുടെ റജിസ്ട്രേഷൻ നടത്തിക്കൊടുക്കില്ല’’

വാഹനത്തിന്റെ റജിസ്ട്രേഷനായി തൊടുപുഴ ആർടിഒ നിർദേശിച്ച പ്രകാരം, തൊടുപുഴയിലെ ഓഫിസിലെത്തി.  മോട്ടർ വാഹന ഇൻസ്പെക്ടറെ കാണാനായിരുന്നു നിർദേശം.  എന്നോട് പൊട്ടിത്തെറിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ‘‘കൈകൾ ഇല്ലാത്ത ഒരുത്തിക്കും വണ്ടിയുടെ റജിസ്ട്രേഷൻ നടത്തിക്കൊടുക്കില്ല. ഇവൾക്ക് വണ്ടിയിൽ കയറാൻ ആഗ്രഹമാണെങ്കിൽ ഒരു ഡ്രൈവറെ വച്ച് ഓടിക്കട്ടെ. കൈകൾ ഇല്ലാത്തവൾ വണ്ടി ഓടിക്കണ്ട’’–. ഒരുപാടു നേരം ഓഫിസിനു പുറത്തു നിർത്തി.  വാഹനം അനുയോജ്യമല്ലെന്നു പറഞ്ഞ് മടക്കി വിട്ടു. ഏറെ സങ്കടത്തോടെയാണ് അന്ന് തൊടുപുഴ ആർടിഒ ഓഫിസിന്റെ പടികളിറങ്ങിയത്.  വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോൾ, വിഷയം പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് ഉത്തരവിട്ടു.  ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കേരള സർക്കാരിനോട്, കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുകയാണ് ഇപ്പോൾ. 

ലേണേഴ്സ് ലൈസൻസ് ലഭിച്ചാൽ ചരിത്രത്താളുകളിൽ

ലേണേഴ്സ് ലൈസൻസ് ലഭിച്ചാൽ ജിലുമോൾ ചരിത്രത്തിലേക്കു നടന്നു കയറും. കാലുകൾ കൊണ്ടു വാഹനം ഓടിക്കുന്ന രാജ്യത്തെയും ഏഷ്യയിലെയും ആദ്യ വനിതയെന്നും, ലോകത്തെ മൂന്നാമത്തെ വനിതയെന്നുമുള്ള വിശേഷണമായിരിക്കും ജിലുമോളുടെ പേരിനൊപ്പം എഴുതിച്ചേർക്കുക.  ജൂനിയർ ഹെലൻ കെല്ലർ, യൂത്ത് ഐക്കൺ അവാർഡ് എന്നിവ ഉൾപ്പെടെ ചിത്രകലയിൽ അനവധി പുരസ്കാരങ്ങൾ നേടി. വേൾഡ് വൈഡ് മൗത്ത് ആൻഡ് ഫുട്ട് പെയിന്റിങ് ആൻഡ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ അംഗമാണ്. 

തോറ്റു കൊടുക്കരുത്, ഒരിക്കലും...

‘‘ഒന്നും അസാധ്യമല്ലെന്നു തിരിച്ചറിയണം. ശാരീരിക അവശതകളുള്ള പലർക്കും തീരുമാനങ്ങളെടുക്കാൻ പേടിയാണ്. എന്തിനാണ് അവർ ഭയപ്പെടുന്നത്? നമുക്ക് എന്തും ചെയ്യാൻ കഴിയുമെന്നു തെളിയിച്ചാൽ സഹായവുമായി സമൂഹം എത്തും. വിജയത്തിന് വൈകല്യം തടസ്സമില്ല. കുറവുകളെ എണ്ണുക, കഴിവുകളെ ധ്യാനിക്കുക. മറ്റുള്ളവരുടെ സഹതാപം കലർന്ന നോട്ടങ്ങളോ സാന്ത്വന വാക്കുകളോ ശ്രദ്ധിക്കാറില്ല.  ഏതൊരു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴും അതിന് എല്ലാത്തിനുമുള്ള ഉത്തരം ബൈബിളിൽ നിന്നു ലഭിക്കും.

അവശതകളെ അതിജീവിക്കണം. നമ്മളെ അംഗീകരിക്കണമെങ്കിൽ വെറുതെയിരിക്കാൻ പാടില്ല. എന്തെങ്കിലുമൊക്കെ ചെയ്യണം. ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരിതങ്ങളെയോ വെല്ലുവിളികളെയോ ഓർക്കാൻ ഇഷ്ടമില്ല. ഞാൻ എല്ലാം പോസിറ്റീവായി കാണുന്നു.  ഒരാൾക്ക് എത്ര നേരം തളർന്നിരിക്കാനാകും? കുഞ്ഞു നാളിൽ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ, കൈകളില്ലാത്തതിന്റെ പേരിൽ എനിക്കു ഭയങ്കര വിഷമമുണ്ടായിരുന്നു. ജനിച്ചപ്പോഴേ ഞാൻ ഇങ്ങനെയായിരുന്നു എന്ന യാഥാർഥ്യം പതിയെ അംഗീകരിച്ചു. എല്ലാവരും ചെയ്യുന്ന കാര്യങ്ങൾ എനിക്കും ചെയ്യണമെന്ന വാശിയായി. അതിനായി പ്രയത്നിച്ചു. അപ്പോൾ, ജീവിതത്തിൽ അസാധ്യമായി ഒന്നുമില്ലെന്നു തിരിച്ചറിഞ്ഞു. NOTHING IS IMPOSSIBLE..... –എന്റെ ജീവിത പാഠം ഇതാണ്. 

ഒരു സർക്കാർ ജോലി... എന്റെ സ്വപ്നം...

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക്സ് ഡിസൈനറാണ് ജിലു ഇപ്പോൾ. തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്തെ വാടക വീട്ടിലാണ് പിതാവും മൂത്ത സഹോദരി അനുമോളും താമസിക്കുന്നത്. ആഴ്ചയിലൊരിക്കൽ ജിലുമോൾ കൊച്ചിയിൽ നിന്നു തൊടുപുഴയിലെ വീട്ടിലെത്തും. മോട്ടിവേഷൻ ക്ലാസെടുക്കുന്നുണ്ട്. പരസഹായമില്ലാതെ. ഗ്രാഫിക്സ് ഡിസൈനിങ്ങിൽ സ്വന്തമായി സ്ഥാപനം തുടങ്ങണമെന്നും, ഡബ്ബിങ് ആർട്ടിസ്റ്റായി പ്രവർത്തിക്കണം എന്നും ആഗ്രഹമുണ്ട്. സർക്കാർ ജോലി നേടുകയെന്നതും സ്വപ്നമാണ്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തോട്, ആലോചിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു ജിലുമോളുടെ മറുപടി.

English Summary: Born without hands, Jilumol overcame all odds to learn driving

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com