ADVERTISEMENT

വീടിന് ഏതു നിറം വേണമെന്ന് തീരുമാനമെടുക്കാൻ ബുദ്ധിമുട്ടില്ലാത്തവർപോലും പുതിയ കാറ് വാങ്ങുമ്പോൾ നിറത്തെക്കുറിച്ച് ഏറെ തലപുകയ്ക്കാറുണ്ട്. ഏതു നിറം വേണമെന്ന് കുടുംബത്തിൽ ഒരു അഭിപ്രായസമന്വയം ഉണ്ടാക്കുകയാണ് ഏറ്റവും ശ്രമകരം. അറുപതുകഴിഞ്ഞ ചില മോഡലുകൾ വീട്ടിലുണ്ടാകും. വെള്ള വിട്ടൊരു കളിക്ക് അവർ തയാറല്ല. നീല സാരിയാണ് കാറിന് ചേരുന്നതെന്ന കാര്യത്തിൽ പെണ്ണുങ്ങൾക്ക് ഒരു സംശയവുമില്ല. മെറ്റൽ മസ്റ്റാർഡ്, കാന്യൻ റിഡ്ജ്, പേൾ ഫീനിക്സ്, ഡീപ് ഫോറസ്റ്റ് എന്നിങ്ങനെയുള്ള ചില പ്രയോഗങ്ങൾ ന്യൂ ജനറേഷനുകൾ തൊടുത്തുവിടുമ്പോൾ പകച്ചുപോകരുത്.  മഞ്ഞയും തവിട്ടും ചുവപ്പും  കറുപ്പുമൊക്കെത്തന്നെയാണ് സംഗതികൾ.  കാർ വിപണിയിലെ ബ്ളാക്ക് ആൻഡ് വൈറ്റ് കാലമൊക്കെ എന്നേ കഴിഞ്ഞു. ചുവപ്പ്, നീല,സിൽവർ, നിറങ്ങളും കടന്ന് ബ്രൗൺ, ഓറഞ്ച്, മഞ്ഞ നിറങ്ങളൊക്കെ ഇപ്പോൾ നിരത്തിൽ സാധാരണമായിരിക്കുന്നു. ഓരോ പുതിയ മോഡലുകൾക്കുമൊപ്പം പുതുനിറങ്ങളും പിറക്കുകയാണ്. നിറംകൊണ്ടുമാത്രം തങ്ങളുടെ കാറിനെ തിരിച്ചറിയണമെന്നാണ് നിർമാതാക്കളുടെ ആഗ്രഹമെന്നു തോന്നുന്നു. സത്യത്തിൽ വണ്ടി ഏതെന്നു തീരുമാനിക്കുന്നതിനെക്കാൾ പ്രയാസമായി തീർന്നിരിക്കുന്നു വണ്ടിയുടെ നിറം തീരുമാനിക്കുന്നത്. പുതിയ കാർ വാങ്ങാൻ ഉദ്ദേശിക്കുന്നവരെ ഇക്കാര്യത്തിൽ സഹായിക്കുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കാം.

ഏതൊരു വാഹനത്തിന്റെയും പെയിന്റിന് പ്രധാനമായും രണ്ട് ചുമതലകളാണുള്ളത്

1 വാഹനത്തിന്റെ ചട്ടക്കൂടിന് സംരക്ഷണം നൽകുക

2 വാഹനത്തിന്റെ ആകർഷണീയത വർധിപ്പിക്കുക

ചൂട്, തണുപ്പ്, മഴ, വെയിൽ, റോഡിലെ മാലിന്യങ്ങൾ തുടങ്ങിയവയിൽനിന്നെല്ലാം  വാഹനത്തിന്റെ ലോഹ, പ്ളാസ്റ്റിക് ഭാഗങ്ങൾക്ക് സംരക്ഷണം നൽകുന്ന പ്രധാന ചുമതല പെയിന്റിനുണ്ട്. ഇക്കാര്യത്തിൽ നിറത്തിന് ഒരു പ്രാധാന്യവുമില്ല. ഓട്ടോമോട്ടിവ് പെയിന്റിന്റെ ഏറ്റവും പ്രധാനധർമമായ ഇക്കാര്യത്തെക്കുറിച്ച് കാർ മേടിക്കുന്നവർ ആശങ്കപ്പെടാറുമില്ല. കാരണം ഗുണമേന്മയുള്ള പെയിൻറാണെങ്കിൽ കളർ ഏതായാലും കാര്യം നടക്കുമെന്ന് എല്ലാവർക്കും അറിയാം. 

വാഹനത്തിന്റെ ഭംഗിയുമായി ബന്ധപ്പെട്ടാണ് പെയിന്റിന്റെ നിറത്തിന് പ്രാധാന്യം ഉണ്ടാകുന്നത്. വണ്ടി വാങ്ങുന്നവർ നിറത്തെക്കുറിച്ച് ഏറെ ചിന്തിക്കും. കാർ മോഡൽ ഏറ്റവും സുന്ദരമായി കാണപ്പെടുന്ന നിറത്തിലേക്കായിരിക്കും ആദ്യം ആകർഷിക്കപ്പെടുക. ആളുകൾ കണ്ടാൽ ഒന്നു നോക്കണം. എന്നാൽ നിറം കണ്ടു നെറ്റിചുളിക്കാൻ പാടില്ല.  നിറത്തിന്റെ ഭംഗിക്കൊപ്പം അതു മങ്ങാൻ പാടില്ല, പോറൽ വീഴാൻ പാടില്ല, റീ സെയിൽ വാല്യൂ ഉണ്ടായിരിക്കണം അങ്ങനെ നിരവധി കാര്യങ്ങൾ നമ്മൾ പരിഗണിക്കും. വണ്ടിയുടെ നിറം  ഒരു പരിധിവരെ ഉടമസ്ഥന്റെ വ്യക്തിത്വത്തെ വരെ പ്രതിഫലിപ്പിക്കുന്നുണ്ട്.

വാഹനത്തിന്റെ നിറം തിരഞ്ഞെടുക്കുമ്പോൾ അവ ഇരുണ്ട നിറമാണോ തെളിഞ്ഞ നിറമാണോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ഈ രണ്ടു വിഭാഗത്തിൽപ്പെട്ട നിറങ്ങൾക്കും അവയുടേതായ ഗുണവും ദോഷവും ഉണ്ട്. വാഹനം എപ്പോഴും വൃത്തിയോടെ കാണപ്പെടും എന്നതാണ് ഇളം നിറങ്ങളുടെ ഏറ്റവും പ്രധാന മെച്ചം. ഇളം നിറമുള്ള വാഹനത്തിൽ പുരണ്ടിരിക്കുന്ന പൊടിയും അഴുക്കുമൊന്നും പെട്ടെന്ന് എടുത്തറിയില്ല. ചെറിയ പോറലുകൾ പോലും ശ്രദ്ധയിൽപെടില്ല. ഇളം നിറങ്ങൾ ചൂടിനെ ആഗീകരണം ചെയ്യുന്നത് കുറവായതിനാൽ വെയിലത്തു കിടന്നാലും വണ്ടിക്കുള്ളിൽ ചൂട് താരതമ്യേനെ കുറവായിരിക്കും. പെയിന്റിന്റെ നിറം മങ്ങുമെന്ന പേടിയും വേണ്ട. 

car-colour-1

വാഹനത്തിന് കാഴ്ചയിൽ വലുപ്പക്കൂടുതൽ തോന്നിപ്പിക്കുന്നതും ഇളം നിറങ്ങളായിരിക്കും. ഇളം നിറങ്ങളുടെ ഒരു പോരായ്മ എന്നു പറയാവുന്നത് അവയുടെ സാധാരണത്തമാണ്. വാഹനത്തിന്റെ അഴകളവുകളെ എടുത്തുകാണിക്കുന്നത് എപ്പോഴും ഇരുണ്ട നിറമായിരിക്കും. കടുംനിറങ്ങൾക്കു കിട്ടുന്ന ജനശ്രദ്ധ ഒരിക്കലും ഇളം നിറമുള്ള കാറുകൾക്ക് കിട്ടില്ല. പക്ഷേ ഈ ജനശ്രദ്ധയ്ക്കുവേണ്ടി കടുംനിറക്കാർ വാഹനത്തിന്റെ പരിപാലനത്തിൽ ഏറെ വിയർപ്പൊഴുക്കേണ്ടിവരും. നിരന്തരം കഴുകി വൃത്തിയാക്കിക്കൊണ്ടിരിക്കണം. വാഹനത്തിലെ പൊടിയുംഅഴുക്കും കടുംനിറം എടുത്തുകാണിക്കും. മുടിനാരിഴ വലിപ്പമുള്ള പോറലുകൾപോലും തെളിഞ്ഞുനിൽക്കും.  ‌

പുതുതലമുറ കാറുകളിലെ പെയിന്റ് അങ്ങനെ മങ്ങാറില്ലെങ്കിൽകൂടിയും കഠിനമായ കാലവസ്ഥാ സാഹചര്യങ്ങളെ കടുംനിറക്കാർ പേടിച്ചേ മതിയാകൂ. ഇളം നിറങ്ങളിൽ ഉണ്ടായ കറകളാണെങ്കിലും  കടുംനിറത്തിൽ വീണ ഹെയർലൈൻ സ്ക്രാച്ചുകളാണങ്കിലും ഒന്നു പോളിഷ് ചെയ്താൽ മാറാവുന്നതേയുള്ളു എന്നും മനസിലാക്കുക. ഇളം നിറങ്ങൾക്ക് റീസെയിൽവാല്യൂ കൂടുതൽ ഉണ്ട് എന്നാണ് പൊതുവെയുള്ള സങ്കല്പം. എന്നാൽ സ്വന്തം ഉപയോഗത്തിനായി സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങുന്നവർ നിറത്തേക്കാളധികം വണ്ടിയുടെ ഗുണമേന്മയും എത്ര കിലോമീറ്റർ ഓടിയിട്ടുണ്ട് എന്നതുമൊക്കെയാകും പരിഗണിക്കുക. സെക്കൻഡ് ഹാൻഡ് വിപണിയിൽ ഏറ്റവുമധികം വിട്ടുവീഴ്ചയ്ക്ക് സാധ്യതയുള്ള മേഖല വണ്ടിയുടെ നിറമാണെന്ന് കരുതിയാലും തെറ്റില്ല.  കാർ വിപണിയിലെ പ്രധാന നിറങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും നമുക്ക് പരിശോധിക്കാം

വെള്ള

വെള്ള നിറത്തോളം ഐശ്വര്യവും ശുഭ്രതയും മറ്റൊരു നിറത്തിനും ഇല്ല. ആഗോള കാർവിപണി പരിഗണിച്ചാലും ഏറ്റവുമധികം വിൽക്കപ്പെടുന്ന നിറമാണ് വെള്ള. എല്ലാ കാർ കമ്പനികളുടെയും എല്ലാ മോഡലുകളുംതന്നെ വെള്ളനിറത്തിൽ ലഭ്യമാണ്. മറ്റൊരു നിറത്തിനും ഈ മേന്മ അവകാശപ്പെടാനാകില്ല. ഇക്കാര്യം മാത്രം പരിഗണിച്ചാൽ മതി  ഈ നിറത്തിന്റെ പ്രാമുഖ്യം മനസിലാക്കാൻ.  പേൾ ആർട്ടിക് വൈറ്റ്, പോളാർ വൈറ്റ്, ഐസ് കൂൾ വൈറ്റ്, കാൽഗറി വൈറ്റ്, ഡയമണ്ട് വൈറ്റ് എന്നിങ്ങനെ വിവിധ പേരുകളാണ് കാർ നിർമാതാക്കൾ തങ്ങളുടെ വെള്ള നിറങ്ങൾക്ക് നൽകിയിരിക്കുന്നത്. വെള്ള എന്ന് പൊതുവെ വിളിക്കാമെങ്കിലും ഈ നിറങ്ങൾ ഒന്നിനൊന്ന് വ്യത്യസ്തമാണ്. പരിപാലിക്കാൻ ഏറെ എളുപ്പമാണെന്നതാണ് വെള്ള നിറത്തിന്റെ പ്രധാന ഗുണം. വണ്ടിയിലെ അഴുക്കും പോറലുകളും ഒന്നും എടുത്തുകാണിക്കില്ല. ദിവസേന കഴുകേണ്ട ആവശ്യവുമില്ല. വണ്ടിക്കുള്ളിലെ ചൂട് ഏറ്റവും കുറയ്ക്കുന്ന നിറമാണ്. മറ്റൊരു പ്രധാന കാര്യം റോഡിലെ കാഴ്ചയാണ്. റോഡിലെ വെള്ളക്കാറുകൾ എളുപ്പത്തിൽ മറ്റു ഡ്രൈവർമാരുടെ കണ്ണിൽപ്പെടും. ഇത്തരത്തിൽ  അപകടസാധ്യത ഏറ്റവും കുറവുള്ള നിറങ്ങളിലൊന്നാണ് വെള്ള.  എങ്കിലും വെള്ളയ്ക്ക് ഇക്കാര്യത്തിൽ രണ്ട‌ാം സ്ഥാനമേ ഉള്ളൂ. ഒന്നാം സ്ഥാനം മഞ്ഞ നിറത്തിനാണ്. വാഹനത്തിന് നല്ല വലുപ്പം തോന്നിക്കുമെന്നതാണ് വെള്ളയുടെ മറ്റൊരു ഗുണം. അന്തസ്സും കൂലീനത്വവുമുള്ള നിറമാണല്ലോ വെള്ള. ഏതു പ്രമുഖവേദിയിലേക്കും അന്തസ്സോടെ വെളളവണ്ടി ഓടിച്ചുകയറ്റാം.  വെള്ളയുടെ ഒരു പോരായ്മയായി കരുതാവുന്നത് അതിന്റെ അതിസാധാരണത്തമാണ്. റോഡിൽ ഏറ്റവുമധികം ഉള്ള വെള്ള കാറുകളുടെ ഇടയിലേക്കാണ് നമ്മുടെ വെള്ള കാറും ഇറങ്ങിച്ചെല്ലുന്നത്. വഴിവക്കിൽനിന്നുള്ള നോട്ടത്തിൽ ആ പരിഗണനയേ ലഭിക്കൂ. പ്രദർശനല്ല പ്രയോജനമാണ് കാറിൽനിന്നു തനിക്ക് വേണ്ടത് എന്നു ചിന്തിക്കുന്ന പ്രായോഗികമതികൾ ആയിരിക്കും വെളള കാറുകളുടെ ഉടമസ്ഥർ.

കറുപ്പ്

കറുപ്പ് കരുത്തിന്റെ നിറമാണ്. കാറുകളുടെ കാര്യത്തിലും താൻ കരുത്തനാണെന്ന് വിളിച്ചുപറയും കറുപ്പ് നിറം. കറുപ്പിന് ഒരു ലക്ഷ്വറി ഫീലുണ്ട്. ഏതാണ്ട് എല്ലാ കമ്പനികളുടെയും ലക്ഷ്വറി മോഡലുകൾക്ക് കറുപ്പ് നിറമുണ്ട്. കറുത്തു തിളങ്ങുന്ന ആഢംബര കാറിൽ നിന്നും ഡ്രൈവർ തുറന്നുപിടിച്ച വാതിലിലൂടെ  ഇറങ്ങിവരുന്ന വ്യക്തിക്ക് ലഭിക്കുന്ന ബഹുമാനം മറ്റ് ഏതു നിറമുള്ള വണ്ടിയുടെ ഉടമസ്ഥനും ല‌ഭിക്കില്ല. അതുതന്നെയാണ് കറുപ്പ് നിറത്തിന്റെ പ്രധാന പ്രശ്നവും. വണ്ടി എപ്പോഴും കഴുകി തുടച്ച് വൃത്തിയാക്കിയിടാൻ ഡ്രൈവറോ ജോലിക്കാരനോ കൂടെ ഉണ്ടാകണം. അല്ലെങ്കിൽ ആ പണി ഉടമസ്ഥൻ തന്നെ ചെയ്ത് നടുവൊടിയും. റോഡിലെ പൊടി ഒട്ടുംവിടാതെ ഒപ്പിയെടുത്ത് സ്വന്തം മേനിയിൽ പ്രദർശിപ്പിക്കുന്ന സ്വഭാവമാണ് കറുത്ത കാറുകളുടേത്. ഉണങ്ങിയ ഒരു തുണികൊണ്ടു തുടച്ചാൽപോലും വണ്ടിയിൽ പാടു വീഴുകയും ചെയ്യും. ചൂടിനെയും തുറന്ന മനസോടെ സ്വീകരിക്കുന്ന സമീപനമാണ് കറുപ്പിന്റേത്. അതുകൊണ്ടുതന്നെ വണ്ടിയുടെ എ.സിയും നന്നായി പണിയെടുക്കേണ്ടിവരും. മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധയാകർഷിക്കാനുള്ള കഴിവ് കറുപ്പിന് കുറവായതിനാൽ ഏറ്റവും അപകടസാധ്യത കൂടിയ നിറമായാണ് കറുപ്പിനെ കണക്കാക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ചെറുകാറുകളുടെയും ഇടത്തരം കാറുകളുടെയും വിപണിയിൽ  കറുപ്പിന്  ഇപ്പോൾ പ്രിയം കുറവാണ്. ഈ വിഭാഗങ്ങളിലുള്ള മിക്ക മോഡലുകളും ഇപ്പോൾ കറുപ്പ് നിറത്തിൽ പുറത്തിറങ്ങുന്നില്ല. എന്നാൽ എസ് യുവി വിഭാഗത്തിലേക്കു വരുമ്പോൾ കറുപ്പ് പ്രധാന നിറമായി മാറുന്നു. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും വാഹനപ്രേമികളുടെ ഇഷ്ടനിറമാണ് കറുപ്പ്. നിരത്തിലെ പതിഞ്ഞ സാന്നിധ്യമാകാൻ അവർ ആഗ്രഹിക്കുന്നില്ല. ഡ്രൈവിംഗിലും പരുക്കനെന്ന വിളികേൾക്കാനായിരിക്കും അവർക്കു താത്പര്യം. ഓരോ റൈഡിനുശേഷവും കഴുകി വൃത്തിയാക്കി ആ വെള്ളത്തുള്ളികളുടെ നനവോടുകൂടി അവർ കറുപ്പിന്റെ അഴക് ആസ്വദിക്കും. വർഷത്തിലൊരിക്കലെങ്കിലും പോളിഷ് ചെയ്ത് പെയിന്റിന്റെ തിളക്കം അവർ തിരിച്ചുപിടിക്കും. എല്ലാറ്റിലും ഉപരി വണ്ടിഭ്രാന്തൻ എന്ന വിളി കേട്ട് അവർ ഉള്ളിൽ സന്തോഷിക്കും.

സിൽവർ

ഏതൊരാളുടെയും രണ്ടാമത്തെ കാറിന്റെ നിറം വെള്ള അല്ലെങ്കിൽ സിൽവർ എന്നു പറയാറുണ്ട്. വാഹനം ഉപയോഗിച്ച് പരിചയമുള്ളവർക്ക് അറിയാം സിൽവർ നിറത്തിന്റെ ഗുണമേന്മ.  വെള്ളയുടെ എല്ലാ ഗുണങ്ങളും ഉള്ള എന്നാൽ ദോഷങ്ങൾ ഇല്ലാത്ത നിറം. പരിപാലനത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. വണ്ടിയുടെ ആയുഷ്കാലത്തോള്ളം വലിയ കേടുപാടുകൾ ഒന്നും ഉണ്ടാകാത്ത നിറം. പൊടിയോ അത്യാവശ്യം വലിപ്പമുള്ള പോറലുകളോ പോലും ആരുടെയും ശ്രദ്ധയിൽപ്പെടില്ല. ആകെയുള്ള കുഴപ്പവും അതുതന്നെയാണ് പുത്തൻവണ്ടി ആണെങ്കിലും ടെമ്പററി റെജിസ്ട്രേഷൻ കണ്ടാൽ മാത്രമേ പുതിയതാണെന്ന് മനസിലാകൂ. എത്ര കഴുകിയാലൂം വൃത്തിയാക്കിയാലും പ്രത്യേകിച്ചു ഭംഗി വർധിക്കില്ല. വഴിയോരത്തുള്ളവരുടെ മാത്രമല്ല മറ്റു വണ്ടിക്കാരുടെയും ശ്രദ്ധയാകർഷിക്കാനുള്ള ശേഷി സിൽവറിന് കുറവാണ്. അതിനാൽ അപകടസാധ്യതയിൽ കറുപ്പിനു പിന്നിൽ രണ്ടാംസ്ഥാനം സിൽവറിനാണെന്നാണ് കണക്കാക്കുന്നത്. കേടുപാടുകളെക്കുറിച്ച് പേടി ഇല്ലാതെ ഏറ്റവും ധൈര്യമായി തിരഞ്ഞെടുക്കാവുന്ന നിറം സിൽവർ ആണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

ഗ്രേ

ഗ്രേ അഥവാ ചാരകളറാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ കാർ വിപണിയിലെ താരം. ആഗോള വിപണിയുടെയും  പ്രിയനിറമാണ് ഗ്രേ. സിൽവറിന്റെയും കറുപ്പിന്റെയും ഇടയ്ക്കു നിൽക്കുന്ന നിറം. ചാരനിറം എന്ന് പൊതുവായി പറയാമെങ്കിലും . ഓരോ കാർ കമ്പനിയുടെയും ചാരനിറങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഒരേ കമ്പനിയുടെ വിവിധ മോഡലുകൾക്കു നൽകിയിരിക്കുന്ന ചാരനിറങ്ങൾ തമ്മിലും വ്യത്യാസമുണ്ട്. മാരുതിയുടെതന്നെ ഗ്ളിസ്നിങ് ഗ്രേ, ഗ്രാനൈറ്റ് ഗ്രേ തുടങ്ങിയ നിറങ്ങൾ ഉദാഹരണം. സിൽവർ, കറുപ്പ് എന്നീ അടിസ്ഥാന നിറങ്ങളോട് എത്രമാത്രം ചേർന്നു നിൽക്കുന്നു എന്നതനുസരിച്ച് ഇരുനിറങ്ങളുടെയും ഗുണദോഷങ്ങൾ ചാരനിറത്തിൽ പ്രതിഫലിക്കും. നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കാർ കമ്പനികളും ചെറുകാർ, മധ്യവിഭാഗം, എസ്് യുവി തുടങ്ങിയ വ്യത്യാസമൊന്നുമില്ലാതെ എല്ലാ മോഡലുകളും ചാരനിറത്തിൽ പുറത്തിറക്കുന്നുണ്ട്.

ചുവപ്പ്

ചോരത്തിളപ്പിന്റെ നിറമാണ് കാർ വിപണിയിലെ ചുവപ്പ്. ഏറ്റവും സ്പോർട്ടി ആയ നിറം. ചെറുപ്പത്തിന്റെയും ചുറുചുറുക്കിന്റെയും നിറം. ഉടമയുടെ ആത്മവിശ്വാസമാണ് കാറിന്റെ ചുവപ്പ്. ചുവപ്പുകൾ പലതുണ്ടെങ്കിലും വോക്സ് വാഗൺ പോളോയുടെ ഒരു ചുവപ്പ് ഉണ്ടല്ലോ, അതിനു സമാനമായ തെളിഞ്ഞ ചുവപ്പുനിറങ്ങളാണ് ഉദ്ദേശിച്ചത്. ഒരു കാറിന്റെ പേര് എടുത്ത് പറഞ്ഞതിൽ മറ്റാർക്കും പരിഭവം വേണ്ട. പോളോ എന്ന കാറിന്റെ വ്യക്തിത്വമാണ് ഫ്ളാഷ് റെഡ് എന്ന ചുവപ്പുനിറം. ഏതു കാർക്കൂട്ടത്തിലും തിരിച്ചറിയും ഈ ചുവപ്പിനെ. റോഡിൽ മറ്റു ഡ്രൈവർമാരുടെ ശ്രദ്ധ ആകർഷിക്കുന്നതിലും മുമ്പനാണ് ചുവപ്പ്. തികഞ്ഞ ഒരു വാഹനപ്രേമി ആയിരിക്കും ചുവപ്പുകാറിന്റെ ഉടമ എന്ന കാര്യത്തിൽ സംശയം വേണ്ട. 

നീല

തെളിഞ്ഞ നീലാകാശംപോലെ ശാന്തവും സുന്ദരവുമായിരിക്കും നീലക്കാർ ഉടമകളുടെ കുടുംബജീവിതവും. കാരണം നീലനിറം സ്ത്രീകളുടെ ഇഷ്ടനിറമാണ്. അവരുടെ താത്പര്യത്തിനുള്ള അംഗീകാരമാകാൻ സാധ്യതയുണ്ട് നിരത്തിലെ നീലക്കാറുകൾ മിക്കവയും. വൈവിധ്യമാർന്ന് നിരവധി നീലഷേഡുകളിൽ കാറുകൾ പുറത്തിറങ്ങുന്നു. ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് നീല നിറത്തോടു പ്രിയമുണ്ട്. ആഗോള വിപണി പരിഗണിച്ചാൽ ജനങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ‘നിറം’ നീലയാണെന്നു പറയാം. കാരണം നീലയെക്കാൾ വിൽപനയുള്ളത് വെളള,കറുപ്പ്,സിൽവർ,ഗ്രേ എന്നീ ‘നിറമില്ലായ്മ’കൾക്കു മാത്രമാണ്.

ബ്രൗൺ, ഓറഞ്ച്, മഞ്ഞ....

കാർ വിപണിയിലെ പുതുനിറങ്ങളാണ് ഇവയൊക്കെ. ഫോർഡ് ഇക്കോസ്പോർട്ട്, ഫ്രീസ്റ്റൈൽ തുടങ്ങിയവയ്ക്കും ടാറ്റയുടെ ടിയാഗോ, ടിഗോർ മോഡലുകൾക്കും ആകർഷകമായ ബ്രൗൺ നിറങ്ങൾ  ഉണ്ട്. ഓറഞ്ചിന്റെ ഫ്രഷ്നസ് ആണ് ഇപ്പോൾ കാർ വിപണിയിലെ  തരംഗം.  രാജ്യത്തെ ഒട്ടുമിക്ക കാർ കമ്പനികളും ഇപ്പോൾ ഓറഞ്ച് നിറത്തിലുള്ള മോഡലുകൾ പുറത്തിറക്കുന്നു. പല നിർമാതാക്കളും തങ്ങളുടെ പരസ്യങ്ങളിൽ ഹൈലൈറ്റ് ചെയ്യുന്നത് .ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങളാണ് എന്നാൽ നിരത്തിൽ ഇവ നിറസാന്നിധ്യമായി മാറിയിട്ടില്ല. കാഴ്ചയ്ക്ക് ആകർഷകമാണെങ്കിൽത്തന്നെയും വാഹനത്തിന്റെ ഗൗരവം ചോർത്തിക്കളയുന്ന നിറങ്ങളാണോ ഇവയെന്ന സന്ദേഹം ഉപഭോക്താക്കൾക്കുണ്ട‌െന്ന് തോന്നുന്നു. ഹോണ്ട ഡബ്ള്യൂആർവിയുടെ ഏറ്റവുമധികം വിറ്റഴിഞ്ഞ നിറങ്ങളിലൊന്നാണ് പ്രീമിയം ആമ്പർ എന്ന മനോഹരമായ ഓറഞ്ച് ഷേഡ്.

യഥാർഥത്തിൽ വാഹനനിർമാതാക്കൾ തങ്ങളുടെ ഉത്പന്നത്തിന് നൽകുന്ന ഒരു നിറവും മോശമെന്ന് കരുതാനാകില്ല. നിരവധി ശാസ്ത്രിയ പഠനങ്ങൾക്കു ശേഷം  വാഹനത്തിന്റെ വിൽപന വർധിപ്പിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച നിറം എന്ന ധാരണയിൽതന്നെയാണ് നിർമാതാക്കൾ ഓരോ നിറവും തെരഞ്ഞെടുത്തിരിക്കുന്നത്. ഏതു നിറം തിരഞ്ഞെടുക്കണമെന്നത് ഉടസ്ഥന്റെ സ്വാതന്ത്ര്യം.

ബിഎഎസ്എഫ് കളർ റിപ്പോർട്ട് 2019

നാട് ഓടുമ്പോൾ നടുവേ ഓടണോ വഴി മാറി ഓടണോ എന്നത് കാറിന്റെ നിറത്തിന്റെ തിരഞ്ഞെടുപ്പിൽ പ്രധാന ചോദ്യമാണ്. നാട് ഓടുന്നതിനൊപ്പമാണെങ്കിൽ വെള്ള, കറുപ്പ്, സിൽവർ,ഗ്രേ ഈ നിറങ്ങൾ തെരഞ്ഞെടുക്കാനാണ് പ്രമുഖ ഓട്ടോമൊബൈൽ പെയിന്റ് നിർമാതാക്കളായ ബിഎഎസ്എഫ് പറയുന്നത്. അവരുടെ റിപ്പോർട്ട് പ്രകാരം ലോകത്ത് വിൽക്കപ്പെടുന്ന കാറുകളിൽ മുക്കാൽ പങ്കും ഈ നിറങ്ങളിലുള്ളവയാണ്. ആഗോള വിപണിയിൽ കാറുകളുടെ നിറങ്ങളെ അടിസ്ഥാനമാക്കിയുള്ള വിൽപന വിലയിരുത്തി ബിഎഎസ്എഫ് എല്ലാ വർഷവും റിപ്പോർട്ട് പ്രസിദ്ധീകരിക്കാറുണ്ട്.

2019 റിപ്പോർട്ടിലെ ചില പ്രധാന സൂചനകൾ

ലോകത്ത് ആകെ വിൽക്കുന്ന കാറുകളിൽ  39 ശതമാനം വെള്ള നിറമാണ്. ഏഷ്യാ പസഫിക് രാജ്യങ്ങളിൽ രണ്ടുകാറിൽ ഒന്ന് വെള്ളയാണ് വടക്കേ അമേരിക്കയിലെയും ഗൾഫിലെയും മൂന്നുകാറിൽ ഒന്ന് വെള്ള, കറുപ്പ്, ഗ്രേ, സിൽവർ എന്നിവയാണ് ഏറെ ജനപ്രീതിയുള്ള മറ്റുനിറങ്ങൾ. ആകെ വിൽക്കപ്പെടുന്ന കാറുകളിൽ മറ്റൊരു 39 ശതമാനം ഈ നിറങ്ങളാണ്. ഇതിൽ 16 ശതമാനം കറുപ്പ് ആണ്. എസ് യുവികളുടെകാര്യത്തിലും കണക്ക് സമാനമാണ്. ബാക്കി 22 ശതമാനത്തിൽ 9 ശതമാനം നീലയാണ് 7ശതമാനം ചുവപ്പും

യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക

ജർമനി, ഫ്രാൻസ്, റഷ്യ, യുകെ, ഇറ്റലി സ്പേയിൻ തുടങ്ങിയ എല്ലാ യൂറോപ്യൻ രാജ്യങ്ങളും ഗൾഫ് രാജ്യങ്ങൾ മുഴുവനും സൗത്ത് ആഫ്രിക്കയും ഉൾപ്പെടുന്ന വിശാലമായ ഈ മേഖലയിലെ 77 ശതമാനം കാറുകളും  വെള്ള കറുപ്പ് ഗ്രേ സിൽവർ തുടങ്ങിയ നിറപ്പകിട്ടില്ലാത്ത നിറങ്ങളുടെ പിടിയിലാണ്. വെള്ള, സിൽവർ നിറങ്ങൾക്ക് പ്രീതി കുറയുന്നുവെന്നും ഗ്രേ കാറുകൾ വർധിക്കുന്നുമെന്നുമാണ് ഇവിടത്തെ പുതിയ പ്രവണത. പുതിയ കണക്കുപ്രകാരം ആകെ  കാറുകളിൽ 20 ശതമാനം ഗ്രേ ആണ്. നിറമുള്ള കാറുകളുടെ ജനപ്രീതിയും വർധിക്കുകയാണ് ഇവിടെ.  യൂറോപ്പിലെ 4 കാറുകളിൽ ഒന്ന് വർണശബളമായി കഴിഞ്ഞിരിക്കുന്നു. നിറമുള്ള കാറുകളിൽ 11 ശതമാനം നീലയാണ്. ബീജ് ആണ് ജനപ്രീതി വർധിക്കുന്ന മറ്റൊരു നിറം

നോർത്ത് അമേരിക്ക

യുഎസ്എ, കാനഡ, മെക്സിക്കോ തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ പ്രതിനിധീകരിക്കുന്ന വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ സ്ഥിതി വ്യത്യസ്തമല്ല. 77 ശതമാനം കാറുകളും നിറമില്ലാത്തവതന്നെ. എന്നാൽ ആഗോള താത്പര്യത്തിൽനിന്ന് വ്യത്യസ്തമായി വെള്ളക്കാറുകളോടുള്ള പ്രിയം 29 ശതമാനം മാത്രമാണ്. ആഗോള തലത്തിൽ പിക് അപ് ട്രക്കുകൾക്ക് ഏറ്റവും പ്രിയമുള്ള മേഖലയാണ് നോർത്ത് അമേരിക്ക.  കാർഷിക വാണിജ്യ ഉപയോഗത്തെക്കാൾ ലക്ഷ്വറി യാത്രാവാഹനങ്ങൾ എന്ന തലത്തിലേക്ക് ഇവയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നു. കറുപ്പാണ് ഇത്തരം വാഹനങ്ങളുടെ പ്രിയനിറം. വെളള നിറത്തിനും (38 ശതമാനം) ആവശ്യക്കാർ ഏറെ. ചുവപ്പ് ഈ വിപണയിലേക്ക് കടന്നുവന്നിരിക്കുന്ന പുതിയ നിറമാണ്. അമേരിക്കൻ നിരത്തുകളിലെ 11ശതമാനം ട്രക്കുകളും ചുവന്നുതുടുത്തിരിക്കുന്നു.

തെക്കേ അമേരിക്ക

അർജന്റീന, ബ്രസീൽ, ചിലി, കൊളംബിയ തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് പ്രാമുഖ്യമുള്ള തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെയും പ്രിയനിറം വെള്ള തന്നെയാണ്– 39 ശതമാനം. നിറപ്പകിട്ടില്ലാത്ത നിറങ്ങളാണ്  വിപണിയുടെ സിംഹഭാഗവും നിർണയിക്കുന്നത്. ആകെ വിൽക്കുന്നതിൽ  23 ശതമാനം സിൽവർ കാറുകളും 14 ശതമാനം ഗ്രേ കാറുകളുമാണ്. കറുപ്പിന് 11 ശതമാനം വിപണിവിഹിതമുണ്ട്. വർണപ്പശബളമായ നിറങ്ങളിൽ ചുവപ്പിനോടാണ് തെക്കേ അമേരിക്കയ്ക്ക് ഏറ്റവും പ്രിയം– 8ശതമാനം. നീല, ബീജ് നിറങ്ങൾക്കും ആരാധകരുണ്ട്.

ഏഷ്യാ പസഫിക്

ഇന്ത്യയും അയൽരാജ്യങ്ങളും ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ പ്രമുഖരുമൊക്കെ ഉൾക്കൊള്ളുന്ന ഏഷ്യാ പസഫിക് മേഖലയും പിന്തുടരുന്നത് ആഗോള നിറനിലപാടുകൾ തന്നെയാണ്. വെളള, കറുപ്പ്, സിൽവർ, ഗ്രേ നിറങ്ങളാണ് വിൽക്കപ്പെടുന്നവയിൽ 77 ശതമാനവും. ആഗോളതലത്തിൽ വെള്ളക്കാറുകൾക്ക് ഏറ്റവുംപ്രിയമുള്ളത് ഈ മേഖലയിലാണെന്നു കാണാം. ഇവിടെ വിൽക്കുന്ന രണ്ട് കാറുകളിൽ ഒന്ന് വെള്ളയാണ്. കൃത്യമായി പറഞ്ഞാൽ 49 ശതമാനം. നിറപ്പകിട്ടുള്ള കാറുകളോടുള്ള താത്പര്യവും വർധിക്കുകയാണ് ഇവിടെ. നീലയ്ക്കാണ് ഇക്കൂട്ടത്തിൽ പ്രാമുഖ്യം– 7 ശതമാനം. ചുവപ്പ് തൊട്ടുപിന്നിലുണ്ട് 6 ശതമാനം. മറ്റൊരു ശ്രദ്ധേയകാര്യം ആഗോളതലത്തിൽ കറുപ്പുനിറത്തിന് ഏറ്റവും സ്വീകാര്യത കുറവുള്ളവത് ഏഷ്യാ പസഫിക് രാജ്യങ്ങളിലാണെന്നതാണ്.

English Summary:  Importance Of Colour In New Cars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com