ADVERTISEMENT

വിമാനം ഇന്ന് സാധാരണക്കാര്‍ക്ക് പോലും പ്രാപ്യമായ യാത്രാമാര്‍ഗമാണ്. പക്ഷേ പറക്കുക എന്നുള്ളതൊരു മനുഷ്യന്‍റെയും സ്വപ്നങ്ങളില്‍ ഉള്ളതു കൊണ്ടാകണം എത്ര വിമാനയാത്ര നടത്തിയാലും ആ യാത്രയുടെ കൗതുകം ഒരു പക്ഷേ മിക്കവര്‍ക്കും അവസാനിക്കില്ല. ഇതുപൊതു സമൂഹത്തിന്‍റെ കാര്യമാണെങ്കില്‍ ബുള്ളറ്റ് പ്രേമം, ജീപ്പ് പ്രേമം എന്നതൊക്കെ പോലെ വിമാനത്തോടുള്ള സ്നേഹം തലയ്ക്ക് പിടിച്ചവരുടെ കാര്യം അല്‍പ്പം കടന്ന് തന്നെ ചിന്തിക്കേണ്ടി വരും. പ്രത്യേകിച്ചും പറക്കുക എന്നത് ഒരു സങ്കല്‍പ്പം മാത്രമായിരുന്ന കാലത്തോ, വിമാനം കണ്ടെത്തിയ ആദ്യ ദശാബ്ദങ്ങളിലോ ജീവിച്ചിരുന്ന വിമാനപ്രേമികളുടെ കാര്യം.

വിമാനം ഒരു യാത്രാമാര്‍ഗം മാത്രമായി കാണാത്ത അക്കാലത്ത് വിമാനവുമായി ബന്ധപ്പെട്ട ഒട്ടേറെ റെക്കോര്‍ഡുകള്‍ പിറന്നിരുന്നു. ഇന്നത്തെ പോലെ സാങ്കേതിക വിദ്യയുടെ വളര്‍ച്ച മൂലമുണ്ടായ റെക്കോര്‍ഡുകളല്ല മറിച്ച് എല്ലാ സാങ്കേതിക പിരിമിതകളെയും അതിജീവിച്ച് നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടിറങ്ങിയ ചില മനുഷ്യരുടെ പരിശ്രമത്തിന്‍റെ ഫലം കൂടിയായിരുന്ന റെക്കോര്‍ഡുകള്‍. അത്തരം ഒരു പരിശ്രമത്തിലൂടെ 1958ല്‍ സൃഷ്ടിച്ച റെക്കോര്‍ഡാണ് ഇന്നും നിലനില്‍ക്കുന്ന ഏറ്റവുമധികം സമയം പറന്ന വിമാനം എന്ന റെക്കോര്‍ഡ്.

64 ദിവസം 22 മണിക്കൂര്‍, 19 മിനുട്ട്, ലാസ്‌വേഗസിലെ പൈലറ്റുമാരായ റോബര്‍ട്ട് ടിം, ജോണ്‍ കുക്ക് എന്നിവര്‍ വിമാനം പറത്തിയ സമയ ദൈര്‍ഘ്യമാണിത്. 6 ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ ആരും തകര്‍ക്കാത്ത ഈ റെക്കോര്‍ഡ് നിശ്ചയദാര്‍ഢ്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. കഷ്ടിച്ച് ഇരിക്കാന്‍ മാത്രം കഴിയുന്ന ചെറു വിമാനത്തില്‍ തന്നെ ഉറങ്ങിയും ഭക്ഷണം കഴിച്ചും കുളിച്ചും കഴിഞ്ഞ ഇവരുടെ ഈ ശ്രമത്തെ പൂര്‍ണമായി മനസ്സിലാക്കാന്‍ അല്‍പ്പം കൂടി ചരിത്രത്തിലേക്ക് പോകേണ്ടി വരും, വിമാനം ഏറ്റവുമധികം സമയം പറത്തി റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ശ്രമിച്ച മറ്റനവധി പേര്‍ ഉള്‍പ്പെട്ട ചരിത്രത്തിലേക്ക്... 

ഫ്ലൈറ്റ് എന്‍ഡ്യൂറന്‍സ്‌‌

ഒരു വിമാനത്തിന് എത്ര സമയം ആകാശത്ത് തുടരാന്‍ കഴിയും അല്ലെങ്കില്‍ വിമാനത്തിന് പറക്കുന്നതിലുള്ള സ്ഥിരത എത്രയാണ് എന്നതിനെ പ്രതിനിധീകരിയ്ക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് ഫ്ലൈറ്റ് എന്‍ഡ്യൂറന്‍സ്. വിമാനം കണ്ടെത്തി ആദ്യ ദശാബ്ദം പിന്നിട്ടപ്പോള്‍ തന്നെ ഇത്തരത്തില്‍ വിമാനത്തിന്‍റെ ക്ഷമത തെളിയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫ്ലൈറ്റ് എന്‍ഡ്യുറന്‍സ് റെക്കോര്‍ഡിനുള്ള ശ്രമങ്ങളും നടന്നിരുന്നു. ആദ്യ കാലങ്ങളില്‍ ഇന്ധനം തീരുന്നത് വരെ പറക്കുക എന്നതിലായിരുന്നു കാര്യമെങ്കില്‍ ഇന്ധനം ആകാശത്ത് വച്ച് തന്നെ നിറയ്ക്കാനുള്ള സംവിധാനം കണ്ടെത്തിയതോടെ എത്ര നേരം പറക്കാന്‍ കഴിയും എന്നത് വിമാനത്തിന്റെ എൻജിൻ ഉള്‍പ്പടെയുള്ള ഭാഗങ്ങളുടെ ക്ഷമത അളക്കാനുള്ള മാര്‍ഗ്ഗമായി മാറി. ഇതോടെയാണ് ഫ്ലൈറ്റ് എന്‍ഡ്യുറന്‍സ് സംബന്ധിച്ച റെക്കോര്‍ഡിനായുള്ള പോരാട്ടങ്ങള്‍ക്ക് ചൂട് പിടിച്ചതും.

ആദ്യ റെക്കോര്‍ഡ്

1923 ജൂണ്‍ 27 നാണ് ആദ്യമായി ഒരു വിമാനം ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുന്നത്. രണ്ടു യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്കന്‍ വ്യോമസേനയാണ് ഇതു നടപ്പിലാക്കിയത്. രണ്ടു മാസത്തിന് ശേഷം റീ ഫ്യൂവല്‍ ചെയ്ത വിമാനത്തിന്‍റെ ആദ്യ എന്‍ഡ്യുറന്‍സ് റെക്കോര്‍ഡ് പിറന്നു. DH 4B വിഭാഗത്തില്‍ പെടുന്ന മൂന്നു വിമാനങ്ങളാണ് ഈ റെക്കോര്‍ഡിനായി ഉപയോഗിച്ചത്. ഒന്നു തുടര്‍ച്ചയായി പറക്കുന്നതിനും മറ്റു രണ്ടെണ്ണം ഇന്ധനം നിറയ്ക്കുന്നതിനുള്ള ടാങ്കറുകളായും. 37 മണിക്കൂര്‍ തുടര്‍ച്ചായി പറന്ന് റെക്കോര്‍ഡിട്ട ഈ വിമാനം ഇതിനിടെ 9 തവണ റീ ഫ്യൂവല്‍ ചെയ്തു. തുടര്‍ന്നങ്ങോട് പല തവണ ഈ റെക്കോര്‍ഡുകള്‍ തിരുത്തപ്പെട്ടു. 1929 മാത്രം അഞ്ചു തവണ പുതിയ റെക്കോര്‍ഡുകള്‍ എഴുതപ്പെട്ടു. പറക്കാനുള്ള ക്ഷമത അളക്കുന്നത് മണിക്കൂറുകളില്‍ നിന്ന് മാറി ദിവസങ്ങളിലേക്ക് എത്തി. കേവലം റെക്കോര്‍ഡ് എന്ന ലക്ഷ്യത്തിനപ്പുറത്തേക്ക് സാമൂഹക വിഷയങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമമായി കൂടി പല ഫ്ലൈറ്റ് എന്‍ഡ്യൂറന്‍സ് ഉദ്യമങ്ങളും മാറി.

ഒടുവില്‍ 1949 ല്‍ ബോബ് വുഡ് ഹൗസ്, വൂഡി ജോഗ്വാര്‍ഡ് എന്നിവര്‍ എയറോണിക സെഡാന്‍ എന്ന വിമാനത്തില്‍ മറ്റൊരു പറക്കല്‍ യജ്ഞം ആരംഭിച്ചു. മുന്‍ നേവി പൈലറ്റുകളായിരുന്ന ഇവരുടെ ലക്ഷ്യം അടച്ച് പൂട്ടിയ യുമാ ആര്‍മി എയര്‍ഫീല്‍ഡ് തുറക്കാനായി അധികൃതരെ പ്രേരിപ്പിക്കുക എന്നതായിരുന്നു. 46 ദിവസവും 9 മണിക്കൂറിനും ശേഷം ഇവര്‍ ലാന്‍ഡ് ചെയ്തപ്പോള്‍ അതു വരെയുള്ളതില്‍ വച്ച് ഒരു വിമാനത്തിന്‍റെ ഏറ്റവുമധികം നീണ്ട പറക്കല്‍ സമയമായി അത് മാറി. പിന്നീട് ഒരു ദശാബ്ദത്തോളെ ഈ റെക്കോര്‍ഡ് തകരാതെ നിലനിന്നു. പക്ഷേ 1958 ആഗസ്റ്റില്‍ ചെസ്ന 172 വിമാനത്തില്‍ പറക്കാന്‍ തുടങ്ങിയ ജിം ഹെത്തും, ബില്‍ ബെര്‍ക്ക്ഹാര്‍ട്ടും 50 ദിവസമാക്കി ഈ റെക്കോര്‍ഡ് തിരുത്തി.

പക്ഷെ ജിമ്മിനും, ബില്ലിനും രണ്ടു മാസം പോലും ഈ റെക്കോര്‍ഡ് സ്വന്തമാക്കി വയ്ക്കാന്‍ കഴിയില്ല. ഓള്‍ഡ് സ്കോച്ച്മാന്‍ എന്ന പേരില്‍ അവര്‍ മോഡിഫൈ ചെയ്ത സെസോന 172 വിമാനത്തിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള യാത്ര അപ്പോഴേക്കും ആരംഭിച്ചിരുന്നു.

ലോക റെക്കോര്‍ഡിന്‍റെ പിറവി

ലാസ്‌വേഗസിലെ തന്‍റെ ഹോട്ടലിന്‍റെ പ്രചരണാര്‍ത്ഥം 1956ല്‍ ഡോക് ബെയ്‌ക് എന്ന വ്യവസായി നടത്തിയ ശ്രമങ്ങളാണ് ഇന്നും നിലനില്‍ക്കുന്ന ഫ്ലൈറ്റ് എന്‍ഡ്യൂറന്‍സ് റെക്കോര്‍ഡില്‍ കലാശിച്ചത്. രണ്ടാം ലോക മഹായുദ്ധത്തില്‍ പൈലറ്റായി പങ്കെടുത്ത റോബര്‍ട്ട് ടിം എന്ന മെക്കാനികിനെ ആണ് തന്‍റെ മുഖ്യ പൈലറ്റായി ഡോക് ബെയ്‌ക് കണ്ടെത്തിയത്. കേവലം പ്രചരണം ആക്കി മാറ്റാതെ ഫ്ലൈറ്റ് എന്‍ഡ്യുറന്‍സ് റെക്കോര്‍ഡിനുള്ള ശ്രമത്തെ പ്രദേശത്തെ കാന്‍സര്‍ റിസേര്‍ച്ച് ഫൗണ്ടേനുള്ള ഫണ്ട് ശേഖരണത്തിന് കൂടി ബെയ്‌ക് ഉപയോഗിച്ചു. ധനശേഖരത്തിലേക്ക് സംഭാവന ചെയ്യുന്നവരില്‍ ഫ്ലൈറ്റിന്‍റെ എന്‍ഡ്യുറന്‍സ് സമയം കൃത്യമായോ ഏറ്റവും അടുത്തോ പ്രവചിക്കുന്ന ആള്‍ക്ക് പതിനായിരം ഡോളര്‍ സമ്മാനവും വാഗ്ദാനം ചെയ്തു. ഒരു ലക്ഷം ഡോളറായിരുന്നു റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിനായി ബെയ്ക് മാറ്റി വച്ച തുക.

ചെസ്ന 172 എന്ന വിമാനം തന്ന മോഡിഫൈ ചെയ്തായിരുന്നു ഡോക് ബെയ്‌ക് സ്പോണ്‍സര്‍ ചെയ്യുന്ന സംഘത്തിന്‍റെയും റെക്കോര്‍ഡിനായുള്ള ശ്രമം. ഡോക് ബെയ്‌ക്കിന്റെ ഹോട്ടലിന്‍റെ പേരായ ഹസിയന്‍ഡ എന്ന പേരും വിമാനത്തിന് നല്‍കി. മുഖ്യ പൈലറ്റായ റോബര്‍ട്ട് ടിം തന്‍റെ സുഹൃത്തായ ഇര്‍ ക്യുവന്‍സിയുടെ സഹായത്തോടെ വിമാനത്തെ ആകെ പുതുക്കിയെടുത്തു. എൻജിനും ഇന്ധന ശേഷിയും ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മാറ്റം വരുത്തി. യാത്ര ചെയ്യുന്ന പൈലറ്റുമാര്‍ക്ക് പല്ലു തേയ്ക്കാനും, കുളിയ്ക്കാനുമായി താഴേയ്ക്ക് തുറക്കാവുന്ന ചെയി പ്ലാറ്റ്ഫോം നിര്‍മ്മിച്ചു. ഓടുന്ന ട്രക്കില്‍ നിന്ന് വിമാനത്തിലേക്ക് ഇന്ധനം നിറയ്ക്കാനുള്ള തയാറെടുപ്പുകളും പൂര്‍ത്തിയാക്കി. അഴിച്ചുപണികള്‍ പൂര്‍ത്തിയായതോടെ കോ പൈലറ്റിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

‌1957 മുതല്‍ മൂന്നു കോ പൈലറ്റുമാര്‍ക്കൊപ്പം ടിം റെക്കോര്‍ഡിനായുള്ള ശ്രമങ്ങള്‍ നടത്തി. പക്ഷേ ഈ ശ്രമങ്ങളെല്ലാം പരമാവധി നീണ്ടത് 17 മണിക്കൂര്‍ വരെ മാത്രം. യന്ത്രതകരാറും കാലാവസ്ഥയും സഹ പൈലറ്റുമായുള്ള അഭിപ്രായ വ്യത്യസങ്ങളും എല്ലാം ഇതിന് കാരണമായി. പക്ഷേ ശ്രമം ഉപേക്ഷിക്കാന്‍ റോബര്‍ട്ട് ടിമ്മിലെ പോരാട്ട വീര്യം അനുവദിച്ചില്ല. ഇതിനിടെ 1958 ആഗസ്റ്റ് എത്തി. അതായത് ജിം- ബെല്‍ സംഘം അവരുടെ 50 ദിവസത്തെ പറക്കല്‍ പൂര്‍ത്തിയാക്കി പുതിയ റെക്കോര്‍ ഇട്ടു. ഇതോടെ ഇനിയൊരു റെക്കോര്‍ഡ് സൃഷ്ടിക്കണമെങ്കില്‍ ചുരുങ്ങിയത് 50 ദിവസത്തില്‍ നിന്ന് 1 മണിക്കൂറെങ്കിലും കൂടുതല്‍ പറക്കണം എന്ന അവസ്ഥ. നേരത്തെ നിശ്ചയിച്ചിരുന്നതില്‍ നിന്ന് 5 ദിവസം കൂടുതല്‍.

cessna172-hacienda-1
The Cessna 172, used by Robert Timm and John Cook, hanging in McCarran Airport

‌ഒടുവില്‍ റെക്കോര്‍ഡിലേക്ക്

ഒടുവില്‍ റോബര്‍ട്ട് ടിം മനസ്സിന് ഇണങ്ങിയ ഒരു സഹാത്രികനെ കണ്ടത്തി. 33 വയസ്സുകാരനായ ജോണ്‍ വെയിന്‍ എന്ന പൈലറ്റ് കൂടിയായ മെക്കാനിക് റോബര്‍ട്ടിനൊപ്പം ചേര്‍ന്നു. വൈകാതെ ആവശ്യമായ മറ്റു അറ്റകുറ്റപ്പണികള്‍ ചെയ്ത് ഇരുവരും യാത്രയ്ക്ക് തയാറായി. 1958 ഡിസംബര്‍ 8 ന് വൈകീട്ട് 3.52 ന് ഇവരെ വഹിച്ച് വിമാനം ലാസ് വേഗാസിലെ മക് കെയിറന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നു. മറ്റെവിടെയെങ്കിലും വിമാനം ആരുമറിയാതെ ഇടയ്ക്ക് പറന്നിറങ്ങുന്നുണ്ടോ എന്നറിയാനായി വിമാനത്തിന്‍റെ ടയറുകള്‍ വെള്ള പെയിന്‍റ് അടിച്ചിരുന്നു. ആദ്യം കുറച്ച് ദിവസത്തേക്ക് ലാസ് വേഗാസ് മേഖലയില്‍ തന്നെ പറന്ന വിമാനം വൈകാതെ തെക്ക് ദിശയിലേക്ക് യാത്ര ആരംഭിച്ചു.

ലാസ് വേഗാസിലെ തന്നെ കാഷ്മെന്‍ ഓട്ടോ ഈ ഉദ്യമത്തിനായി വിട്ട് നല്‍കിയ ഫോര്‍ഡ് ട്രക്ക് വിമാനത്തെ റോഡ് മാര്‍ഗം പിന്തുടര്‍ന്നു. ഈ ട്രക്കില്‍ ഘടിപ്പിച്ച ഇന്ധന ടാങ്കില്‍ നിന്നായിരുന്നു ഇന്ധനം നിറയ്ക്കാനുള്ള ഏര്‍പ്പാട് ചെയ്തിരുന്നത്. ദിവസവും രണ്ടു നേരം ദേശീയപാതയുടെ വളവുകളില്ലാത്ത മേഖലയില്‍ വച്ച് പറന്ന് കൊണ്ടിരിക്കുന്ന വിമാനത്തിലേക്ക് ഈ ട്രക്കില്‍ നിന്ന് ഇന്ധനം നിറയ്ക്കുകയാണ് ചെയ്തത്. പൈലറ്റുമാര്‍ രണ്ടു പേരും 4 മണിക്കൂര്‍ വീതമുള്ള ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി ചെയ്തത്. വിശ്രമിക്കുന്ന സമയത്ത് ഉറങ്ങുകയോ പുസ്തകം വായിക്കുകയോ ആണ് സഹ പൈലറ്റ് ചെയ്തത്. രണ്ട് ദിവസത്തിലൊരിക്കല്‍ വീതം ഓരോ പൈലറ്റും ചുരുങ്ങിയ വെള്ളത്തില്‍ ദേഹശുദ്ധി വരുത്തി. പല്ലു തേയ്ക്കാനും ഭാഗികമായി കുളിക്കുന്നതിനും വിമാനത്തിന്‍റെ അടിവശത്തായി തയാറാക്കിയ പ്രത്യേക പ്ലാറ്റ്ഫോമാണ് ഉപയോഗിച്ചത്.

ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന സമയത്ത് വിടര്‍ത്താനും, അല്ലാത്ത സമയത്ത് മടക്കി വയ്ക്കാനും കഴിയുന്നതായിരുന്നു. ഇതേ പ്ലാറ്റ്ഫോം യാത്രയ്ക്കിടയില്‍ അപകടത്തിന് കാരണമാകുന്ന സ്ഥിതിയും ഉണ്ടായി. റോബര്‍ട്ടിന്‍റെ വിശ്രമ സമയത്തായിരുന്നു സംഭവം. രാവിലെ പല്ലു തേയ്ക്കാനായി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയിരുന്ന റോബര്‍ട്ട് ഇതിന് ശേഷം ദേഹശുദ്ധി വരുത്താനും തുടങ്ങി. ഇതിനിടെയാണ് വിമാനം നിയന്ത്രിച്ചിരുന്ന ജോണ്‍ ഒരു കാര്യം മനസ്സിലാക്കുന്നത്. തൊട്ട് മുന്നിലുള്ള മലനിര കടക്കാന്‍ പ്ലാറ്റ്ഫോം ഉയര്‍ത്തിയേ മതിയാകൂ. ഇല്ലെങ്കില്‍ പ്ലാറ്റ്ഫോം മലനിരയില്‍ ഇടിച്ച് അപകടമുണ്ടായേക്കാം. ഇത് അറിയിച്ച ഉടന്‍ തന്‍റെ ശരീരഭാരം മൂലം പണിപ്പെട്ടാണെങ്കിലും റോബര്‍ട്ട് തിരിച്ച് കയറി പ്ലാറ്റ്ഫോം മടക്കുന്ന കാഴ്ച പിന്നിട് രസകരമായി ജോണ്‍ വെയിന്‍ വിശദീകരിക്കുന്നുണ്ട്. ഏതായാലും ഈ സംഭവത്തിന് ശേഷം നിരപ്പായ സ്ഥലത്ത് മാത്രമേ പ്ലാറ്റ്ഫോം ഉപയോഗിക്കൂ എന്ന തീരുമാനത്തില്‍ ഇരുവരും എത്തി.

യാത്രയ്ക്കിടയിലെ ക്രിസ്മസ് ഗിഫ്റ്റും പൈലറ്റിന്‍റെ ഉറക്കവും

യാത്രയുടെ ആദ്യ ആഴ്ചകള്‍ കുഴപ്പമില്ലാതെ പോയി. യാത്ര ആരംഭിച്ച് കുറച്ച് ദിവസത്തിന് ശേഷമാണ് ക്രിസ്മസ് എത്തിയത്. അന്നേ ദിവസം റോബര്‍ട്ട് വിമാനത്തില്‍ നിന്ന് തന്‍റെ കുട്ടികള്‍ ഗിഫ്റ്റും നല്‍കി. ലാസ് വേഗാസ് എയര്‍ ഫീല്‍ഡിന് മുകളിലൂടെ പറന്ന റോബര്‍ട്ട് താഴെ എത്തിയ തന്‍റെ കുട്ടികള്‍ക്ക് ചെറിയ പാരച്യൂട്ടില്‍ ചോക്ലേറ്റ് പെട്ടി ഘടിപ്പിച്ചാണ് സമ്മാനം നല്‍കിയത്. യാത്രയ്ക്കിടെ ടിം ഉറങ്ങിപ്പോവുകയും ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ 2.30 ന് ഒരു ദിവസം വിമാനം പറത്തുന്നതിനിടെ റോബര്‍ട്ട് ടിം ഉറങ്ങി. നാലു മണിക്കാണ് പിന്നീട് ഉറക്കം വിടുന്നത്. വിമാനം ഓട്ടോ പൈലറ്റിലായതിനാല്‍ അപകടം പിണഞ്ഞില്ല. ലാന്‍ഡ് ചെയ്ത ശേഷമാണ് റോബര്‍ട്ട് ഇക്കാര്യം ജോണിനോട് പറയുന്നത്.

റെക്കോര്‍ഡിലേക്ക്

യാത്രം ആദ്യഘട്ടം പിന്നിട്ട ശേഷം ജനുവരി ആദ്യവാരത്തോടെ നേരിയ പ്രശ്നങ്ങള്‍ വിമാനത്തില്‍ കണ്ടു തുടങ്ങി. എന്നാല്‍ ഇരുവരും മെക്കാനിക്കുകളാണ് എന്നത് ഗുണം ചെയ്തു. അറ്റകുറ്റപ്പണികള്‍ നടത്തി വിമാനത്തിന്‍റെ യാത്ര വീണ്ടും മുന്നോട്ട് പോയി. ഒടുവില്‍ ജനുവരി 23 വന്നെത്തി. അന്നേ ദിവസമാണ് അത് വരെയുണ്ടായിരുന്ന ഒരു വിമാനത്തിന്‍റെ ഏറ്റവും നീണ്ട പറക്കല്‍ എന്ന ഓള്‍ഡ് സ്കോച്ച്മാന്‍റെ റെക്കോര്‍ഡ്, ഹസിയന്‍ഡ പഴങ്കഥയാക്കിയത്. യാത്ര അന്‍പത്തി ഒന്നാമത്തെ ദിവസത്തിലേക്ക് കടന്നതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ സമയം നിര്‍ത്താതെ പറന്നവര്‍ എന്ന ഇന്നും ഭേദിക്കപ്പെടാത്ത നേട്ടം റോബര്‍ട്ട് ടിമ്മും ജോണ്‍വെയിനും നേടി.

അപ്പോഴേയ്ക്കും വിമാനത്തിന്‍റെ പരമാവധി ശേഷി പരീക്ഷിക്കപ്പെട്ട് കഴിഞ്ഞിരുന്നു. എങ്കിലും കഴിയുന്ന സമയം വരെ പറക്കാം എന്ന വെല്ലുവിളി രണ്ടു പൈലറ്റുമാരും ഏറ്റെടുത്തു. ഇതിനിടെ ജനറേറ്റര്‍, ടാക്കോമീറ്റര്‍, ആട്ടോപൈലറ്റ്, കാബിന്‍ ഹീറ്റര്‍, ലാന്‍ഡിംഗ് ആന്‍ഡ് ടാക്സി ലൈറ്റ്, ബല്ലി ടാങ്ക് ഫ്യൂല്‍ ഗേജ്, ഇലക്ട്രിക്കല്‍ ഫ്യൂല്‍ പമ്പ്, വിഞ്ച് ഇങ്ങനെ പ്രവര്‍ത്തന രഹിതമായ യന്ത്രഭാഗങ്ങളുടെ പട്ടിക നീണ്ടുപോകുന്നു. ഒടുവില്‍ ഫെബ്രുവരി ആദ്യമാരത്തിലേക്ക് കടന്നതോടെ സ്പാര്‍ക്ക് പ്ലഗ്ഗുകളും, എൻജിന്‍ കമ്പ്രഷന്‍ ചേംബറും എല്ലാം കാര്‍ബണ്‍ നിറഞ്ഞു. ഇനിയും മുന്നോട്ട് പോയാല്‍ തീ പടരുമെന്ന് വ്യക്തമായതോടെ യാത്ര അവസാനിപ്പിക്കാന്‍ ഇരുവരും തീരുമാനിച്ചു.

റെക്കോര്‍ഡ് യാത്രയുടെ അവസാനം

1959 ഫെബ്രുവരി 7ന് ഹസിയന്‍ഡ യാത്ര ആരംഭിച്ച അതേ എയര്‍ഫീല്‍ഡില്‍ തിരികെ എത്തി. 66 ദിവസവും, 22 മണിക്കൂറും, 19 മിനുട്ടിനും ശേഷം ഇരു പൈലറ്റുമാരും ഭൂമിയില്‍ കാല്‍ തൊട്ടു. ഇറങ്ങിയ ശേഷവും ഏതാനും മണിക്കൂറുകള്‍ നേരത്തേക്ക് പറന്നു കൊണ്ട് തന്നെ ഇരിക്കുന്നതായാണ് അനുഭവപ്പെട്ടതെന്ന് പിന്നീട് റോബര്‍ട്ട് പറഞ്ഞു. ഉറക്കത്തില്‍ പോലും പറന്ന് പോകുന്നതായി അനുഭവപ്പെട്ടിരുന്നു എന്നും റോബര്‍ട്ട് പറയുന്നു. രണ്ടു മാസത്തിലേറെ നീണ്ട യാത്ര കൊണ്ട് ഈ സംഘം പിന്നിട്ടത് ഒരു ലക്ഷത്തിയന്‍പതിനായിരം കിലോമീറ്ററാണ്. ഇരുവരും പറന്ന ആ വിമാനം ഇപ്പോഴും ലാസ് വേഗസിലെ മക്‌ളാരന്‍ വിമാനത്താവളത്തിലെ മ്യൂസിയത്തിലുണ്ട്. പലരുടേയും കൈമാറി കാനഡയില്‍ വരെ എത്തിയ വിമാനം റോബര്‍ട്ട് ടിമ്മിന്‍റെ മകനാണ് പിന്നീട് കണ്ടെത്തി വാങ്ങി, തിരികെ അമേരിക്കയിലേക്ക് എത്തിച്ചത്.‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

English Summary: Longest Refueled, Manned Flight Endurance In World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com