അദ്ഭുതം തോന്നിയേക്കാം, പക്ഷേ അമേരിക്കൻ നേവിയുടെ ഈ കപ്പൽ നിർമിച്ചത് യുഎസ്എസ്ആർ !

ship
USNS Lance Cpl. Roy M
SHARE

സാധാരണ അമേരിക്കന്‍ നാവിക സേനയുടെ കപ്പലുകള്‍ അമേരിക്കന്‍ കപ്പല്‍നിര്‍മ്മാണ ശാലകളിലാണ് നിര്‍മിക്കുക. എന്നാല്‍, ഈ സാമ്പ്രദായിക നിയമം തെറ്റിച്ചൊരു കപ്പലുണ്ട് അമേരിക്കയ്ക്ക്. യുഎസ്എന്‍എസ് ലാന്‍സ് കോര്‍പറല്‍ റോയ് എം. വീറ്റ് എന്നാണ് ഈ കപ്പലിന്റെ പേര്. ഇത് നിര്‍മിച്ചതാകട്ടെ അവസാനശ്വാസം വരെ അമേരിക്കയുടെ ശത്രുപക്ഷത്ത് നിലയുറപ്പിച്ചിരുന്ന സോവിയറ്റ് യൂണിയനിലും.

ഇപ്പോള്‍ അമേരിക്കന്‍ നാവിക സേനക്ക് വേണ്ട സാധനങ്ങള്‍ വിതരണം ചെയ്യുന്ന കപ്പലുകളിലൊന്നാണിത്. അമേരിക്കന്‍ നാവികസേനക്ക് കീഴിലുള്ള മിലിറ്ററി സീലിഫ്റ്റ് കമാന്റാണ്(എംഎസ്‌സി) ഈ കപ്പലിനെ നിയന്ത്രിക്കുന്നത്. അമേരിക്കന്‍ നാവികസേനയിലെ പടകപ്പലുകള്‍ക്ക് വേണ്ട ഇന്ധനവും ആയുധവും ഭക്ഷണവും എത്തിക്കുക, സമുദ്ര സര്‍വേ നടത്തുക, മുങ്ങിക്കപ്പലുകള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുക, സമുദ്രത്തില്‍ നടത്തുന്ന സൈനിക പരീക്ഷണങ്ങള്‍ക്കും അഭ്യാസങ്ങള്‍ക്കും വേണ്ട പിന്തുണ നല്‍കുക തുടങ്ങി വിപുലമായ ചുമതലകള്‍ എംഎസ്‌സിയുടെ നിയന്ത്രണത്തിലുള്ള കപ്പലുകള്‍ക്കുണ്ട്.

അമേരിക്കന്‍ നാവികസേനയിലെ തന്നെ ഏറ്റവും വിചിത്രമായ ചരിത്രമുള്ള കപ്പലാണ് യുഎസ്എന്‍എസ് ലാന്‍സ് കോര്‍പറല്‍ റോയ് എം വീറ്റ്. റഷ്യയുടെ നിലവില്‍ സേവനത്തിലുള്ള ഏക വിമാനവാഹിനി കപ്പലായ അഡ്മിറല്‍ കുസ്‌നെറ്റോവ് നിര്‍മിച്ച ചെര്‍ണോമോര്‍സ്‌കി നേവല്‍ യാഡിലാണ് വീറ്റിനേയും നിര്‍മിച്ചത്. സോവിയറ്റ് കാലത്ത് ഈ കപ്പല്‍ വ്‌ലാദിമിര്‍ വസ്‌ലയേവ് എന്നാണ് അറിയപ്പെട്ടിരുന്നത്. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകരുംവരെ ബ്ലാക്ക് സീ ഷിപ്പിംഗ് കമ്പനിയുടെ കീഴിലായിരുന്നു വ്‌ലാദിമിര്‍ വസ്‌ലയേവിന്റെ സേവനം.  സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ വസ്‌ലയേവ് യുക്രെയ്ന്റെ കീഴിലെത്തി. ചിലവ് താങ്ങാനാവാതെ വന്നതോടെ 1997ല്‍ ഉക്രെയിന്‍ വ്‌ലാദിമിര്‍ വസ്‌ലയേവിനെ വില്‍പനക്കുവെച്ചു. ഇതുവരെ പരസ്യമാക്കാത്ത ഒരു തുകയ്ക്ക് അമേരിക്കന്‍ നാവികസേന ഈ കപ്പല്‍ വാങ്ങി അറ്റകുറ്റപണികള്‍ക്ക് ശേഷം 2003ല്‍ യുഎസ്എന്‍എസ് ലാന്‍സ് കോര്‍പറല്‍ റോയ് എം വീറ്റ് എന്ന പേരില്‍ കമ്മീഷന്‍ ചെയ്യുകയായിരുന്നു.

864 അടി നീളമുള്ള കൂറ്റന്‍ കപ്പലാണിത്. ഒരു ലക്ഷം ചതുരശ്ര അടിയാണ് കപ്പലിന്റെ മുകള്‍ ഭാഗത്തെ വിസ്തീര്‍ണം. ആവശ്യമെങ്കില്‍ 500 കിടക്കകളുള്ള സൈനിക ആശുപത്രി വരെ സജ്ജീകരിക്കാന്‍ സാധിക്കുമെന്നാണ് 2003ല്‍ കപ്പല്‍ പുറത്തിറക്കുമ്പോള്‍ അമേരിക്കന്‍ നാവികസേന അറിയിച്ചത്. ജന്മം കൊണ്ട് സോവിയറ്റാണെങ്കിലും കര്‍മ്മം കൊണ്ട് അമേരിക്കനാണ് ലാന്‍സ് കോര്‍പറല്‍ റോയ് എം. വീറ്റ് എന്ന കപ്പല്‍. 

വിയറ്റ്‌നാം യുദ്ധത്തിനിടെ കൊല്ലപ്പെട്ട സൈനികന്‍ ലാന്‍സ് കോര്‍പറല്‍ റോയ് എം വീറ്റിന്റെ ബഹുമാനാര്‍ഥമാണ് കപ്പലിന് ആ പേരിട്ടിരിക്കുന്നത്. വിയറ്റ്‌നാമില്‍ വെച്ച് മൈന്‍ പൊട്ടിയാണ് വീറ്റ് കൊല്ലപ്പെടുന്നത്. മൈനിന്റെ മുകളിലേക്ക് സ്വയം വീണ് ഒപ്പമുണ്ടായിരുന്ന സൈനികരുടെ ജീവന്‍ രക്ഷിച്ചെന്ന സാഹസമാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്. ഈ വീരകൃത്യത്തിന്റെ പേരിലാണ് നാവിക കപ്പലിന് ലാന്‍സ് കോര്‍പറല്‍ റോയ് എം വീറ്റിന്റെ പേരിട്ടത്

English Summary: US Navy Ship Made In USSR

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA