ശീതയുദ്ധത്തിന്റെ നാളുകൾ. നേരിട്ടു പോരാട്ടമില്ലെങ്കിലും സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിൽ ശാസ്ത്ര-സാങ്കേതിക കാര്യങ്ങളിൽ അടക്കം മത്സരിച്ചുകൊണ്ടിരുന്നു. അക്കാലത്ത് അമേരിക്കൻ ചാരസംഘടന ആയ സിഐഎ റഷ്യയുടെ സന്നാഹങ്ങളെക്കുറിച്ചു വിവരിക്കുന്ന സീക്രട്ട് റിപ്പോർട്ടുകൾ ഇപ്പോൾ പൊതുജനങ്ങൾക്കു ലഭ്യമാണ്.

82 ലെ ഒരു റിപ്പോർട്ട് സോവിയറ്റ് യൂണിയന്റെ ട്രക്കുകളെക്കുറിച്ചായിരുന്നു. അതിൽ പ്രധാനമായി കുറിക്കപ്പെട്ട പേരാണ് ZIL. റോൾസ് റോയ്സിനു തുല്യമായ ആഡംബരങ്ങളുള്ള കാറുകൾ നിർമിച്ചിരുന്ന സോവിയറ്റ് കമ്പനിയാണ് ZIL-Zavod Imeni Likhachyova. റഷ്യയുടെ പ്രധാന ഭരണാധികാരികളാണ് ആ കാറുകൾ ഉപയോഗിച്ചിരുന്നത്. അക്കാലത്തു തന്നെ ഇലക്ട്രിക് ക്രമീകരണങ്ങളുള്ള സീറ്റുകളും കസെറ്റ് പ്ലെയറുകളുമൊക്കെ ഉണ്ടായിരുന്ന ആ കാറുകൾ എണ്ണത്തിൽ വളരെ കുറവായിരുന്നു. ZIL കമ്പനിയുടെ പ്രധാന ഉൽപന്നങ്ങൾ ട്രക്കുകളായിരുന്നു. ഇവ റഷ്യൻ മിലിട്ടറിക്കു വേണ്ടിയും സാധാരണക്കാർക്കുവേണ്ടിയും നിർമിച്ചിരുന്നു. ആറു ചക്രങ്ങളുള്ള ഓഫ്-റോഡർ വാഹനങ്ങളായിരുന്ന ഈ ട്രക്കുകൾ ക്രമേണ വിപണിയിൽനിന്നു മാഞ്ഞു. അത്തരമൊരു ട്രക്ക് കേരളത്തിൽ കിടക്കുന്നതു കണ്ടാൽ നാം ആശ്ചര്യപ്പെടില്ലേ. തമിഴ്നാട് റജിസ്ട്രേഷൻ ഉള്ള ZIL 131 ട്രക്ക്, മുൻപൊരു യാത്രയിലാണു കണ്ണിൽപെട്ടത്.
ടയറിൽപോലും മെയ്ഡ് ഇൻ യുഎസ്എസ്ആർ എന്നു രേഖപ്പെടുത്തിയിട്ടുള്ള ആ ഭീമൻ ട്രക്കിനെ അറിയാം. 2.97 മീറ്റർ ഉയരമുണ്ട്. ഒരു ശരാശരി മനുഷ്യനെക്കാൾ ഒരു മീറ്ററിനു മുകളിൽ ഉയരം. 20 ഇഞ്ചിന്റെ ആറു വലിയ ടയറുകൾ. 6x6 വീൽഡ്രൈവ് ആയതുകൊണ്ട് ഏതു പ്രതലത്തിലും പിടിച്ചുകയറിപ്പോരാൻ ശേഷിയുണ്ട് ഇവന്. ചെറിയ വട്ടക്കണ്ണുകൾ, ഏതോ ജീവിയുടെ കൊമ്പുകൾ പോലെ പുറത്തേക്കു തെറിച്ചുനിൽക്കുന്ന കണ്ണാടി, പാസഞ്ചർ ക്യാബിനും കാരിയറിനും ഇടയിൽ സ്പെയർ ടയർ. ഇങ്ങനെയാണ് പുറത്തെ പ്രത്യേകതകൾ.

വലിയ മൂക്കുപോലുള്ള ബോണറ്റിനു മുകളിൽ റഷ്യൻ ലിപിയിലാണ് ZIL എന്ന് എഴുതിയിട്ടുള്ളത്. എൻജിനും സ്പെസിഫിക്കേഷനുകളും 7.0 ലീറ്റർ പെട്രോൾ എൻജിൻ ആണ് ഈ സീരീസ് ട്രക്കുകളിൽ. കരുത്ത് 150 എച്ച്പി. 3.5 ടൺ ഭാരം വഹിച്ച് ഓഫ് റോഡ് ട്രിപ്പുകൾ നടത്താനും അഞ്ചു ടണ്ണുമായി റോഡിലൂടെ പായാനും ഈ ഭീമനു കഴിയും. എന്നാൽ വേഗം മണിക്കൂറിൽ എൺപതു കിലോമീറ്റർ മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. 5 സ്പീഡ് ഗിയർബോക്സ് ആണുള്ളത്. ഇന്ധനക്ഷമത ലീറ്ററിന് നാലുകിലോമീറ്ററിൽ താഴെ.

ഗ്രൗണ്ട് ക്ലിയറൻസ് 315 എംഎം ആണ്. ആറു വീലിലും എൻജിന്റെ പിടിത്തവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും എവിടെയും കയറിയിറങ്ങിപ്പോകാനുള്ള ശേഷി 131 നു നൽകുന്നു. 41 ഡിഗ്രി ചെരിവുള്ള കയറ്റങ്ങൾ കയറുമത്രേ ഈ ട്രക്ക്. ഏഴു മീറ്റർ ആണ് നീളം. ഏഴു ടൺ ഭാരവും. രണ്ടു ടാങ്കുകളിലായി 340 ലീറ്റർ പെട്രോൾ ഉൾക്കൊള്ളും.
ഉള്ളിലേക്കു കയറിയാലോഒരു ഗോവണി വേണം ഡ്രൈവിങ് സീറ്റിലേക്കു കയറിയിരിക്കാൻ. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡൽ ആണിത്. കനം കുറഞ്ഞ ത്രീ സ്പോക് സ്റ്റിയറിങ് വീൽ. ബോഡിയിൽ ഘടിപ്പിച്ച ഒട്ടേറെ മീറ്ററുകൾ നമുക്കു കൺഫ്യൂഷനുണ്ടാക്കും. മൂന്നുപേർക്ക് ഇരിക്കാവുന്നതാണ് ക്യാബിൻ. എൻജിൻ സ്റ്റാർട്ട് എന്നതു മാത്രം ഇംഗ്ലിഷിൽ. മറ്റെല്ലാം റഷ്യൻലിപിയിലാണ്. ഇരുപത്തിമൂന്നുവർഷം കൊണ്ട് പത്തുലക്ഷം ZIL 131 ട്രക്കുകൾ വിറ്റഴിഞ്ഞിട്ടുണ്ട് എന്നാണു കണക്ക്,
കേരള തമിഴ്നാട് അതിർത്തിയിൽ കണ്ടെത്തിയ സിൽ 131 ട്രക്ക് ഇന്ത്യൻ ആർമിയിൽ നിന്നു വിരമിച്ചതാണ്. 131, 157 കെ എന്നീ മോഡലുകൾ ഇന്ത്യൻ ആർമി ഇപ്പോഴും ഉപയോഗിക്കുന്നു.1967 മോഡലാണ് ഈ വാഹനം. 1982 ൽ ലേലം ചെയ്തു. നിസ്സാരനല്ല കക്ഷി. മൊെെബൽ റോക്കറ്റ് ലോഞ്ചറായിരുന്നു.
വാളയാറുകാരനായ ദൊെെരസ്വാമി നവീനാണ് ഉടമസ്ഥൻ. വാഹന പ്രേമിയാണ്. വളരെ മോശം അവസ്ഥയിൽ ഒരു വാഹന വിൽപനക്കാരനിൽ നിന്നാണ് സ്വന്തമാക്കിയത്. അയാൾ പട്ടാളത്തിൽ നിന്നു ലേലം പിടിച്ചതാണ്.
കാര്യമായ അറ്റകുറ്റപ്പണി ആവശ്യമില്ലെന്ന് നവീൻ. ഡബിള് ആക്സിൽ സിംഗിൾ ലീഫ് സ്പ്രിങ് സംവിധാനമാണ്. ഇപ്പോഴത്തെ സൂപ്പർ ആഡംബര കാറുകളിൽ കാണാനാവുന്ന, ടയർ പഞ്ചറായാൽ അറിയാനുള്ള സംവിധാനം വരെയുണ്ട്. ആധുനിക കാറുകൾ ഒാടിക്കുന്നതിലും സുഖകരമാണ് സിൽ 131 െെഡ്രവിങെന്ന് നവീന്റെ സാക്ഷ്യം