കൊറോണ കാലത്തെ സൈക്കിളുകൾ, കോവിഡിനെ ചവിട്ടിപ്പുറത്താക്കാം

HIGHLIGHTS
  • വ്യായാമത്തിനായി സൈക്കിളിൽ കറങ്ങുകയാണ് എല്ലാവരും.
cycling
Cycling, Representative Image
SHARE

കോവിഡ് രോഗം ജീവിതശൈലിയെ ചവിട്ടിത്താഴ്ത്തിക്കൊണ്ടിരിക്കുമ്പോൾ മാസ്കിനൊപ്പം കയറ്റം കിട്ടിയ ഒരാളാണ് സൈക്കിൾ‍. സാധാരണക്കാരന്റെ യാത്രാവാഹനം എന്ന വഴിയിൽനിന്നു മാറി ന്യൂജന്റെ വ്യായാമോപകരണം എന്ന റൂട്ടിലാണ് സൈക്കിളുകൾ ഇപ്പോൾ മണിയടിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നത്. ബർമുഡയും ടീഷർട്ടുമിട്ട് ഹെൽമറ്റും ഗ്ളൗസുമണിഞ്ഞ് സൈക്കിൾ ചവിട്ടുന്ന യുവാക്കൾ ഇന്ന് നാട്ടിൻപുറത്തെ ഇടവഴികളിലും പതിവുകാഴ്ചയാണ്. എല്ലാവരും മാസ്ക് ധരിച്ചിരിക്കുന്നതുകൊണ്ട് ആരെയും തിരിച്ചറിയാൻ സാധിക്കുന്നില്ല. ഇനി മാസ്ക് മാറ്റിയാലും മനസിലാകണമെന്നില്ല.  പലരും പത്തും പതിനഞ്ചും കിലോമീറ്ററുകൾ ദൂരെനിന്നൊക്കെ ചവിട്ടിവരുന്നവരാണ്. 

വ്യായാമത്തിനായി സൈക്കിളിൽ കറങ്ങുകയാണ് എല്ലാവരും. കൊറോണയുടെ പശ്ചാത്തലത്തിൽ ജിംനേഷ്യങ്ങളുടെ പ്രവർത്തനത്തിന് വിലക്കേർപ്പെടുത്തിരിക്കുന്നത് സൈക്കിളിനാണ് ആരോഗ്യകരമായത്. പതിവായി ജിമ്മിൽ പൊയ്ക്കൊണ്ടിരുന്നവർ മാത്രമല്ല, ലോക്ഡൗണിനെ തുടർന്ന് വർക്ക്ഫ്രം ഹോം ചെയ്യുന്നവരും വർക്കൗട്ടിനായി ആശ്രയിക്കുന്നത് സൈക്കിളിനെയാണ്.  സ്കൂൾബസ്– കോളജ് ബസ്– ഓഫീസ് കാബ് ജീവിതശൈലിയെത്തുടർന്ന് രണ്ടുകിലോമീറ്റർ അപ്പുറമുള്ള കവലയിൽനിന്നുപോലും ഗൂഗിൾമാപ്പ് നോക്കി മാത്രം സ്വന്തം വീട്ടിലെത്താൻ സാധിച്ചിരുന്നവരാണ് ഇപ്പോൾ പത്തുകിലോമീറ്റർ അപ്പുറമുള്ള ഊടുവഴികളിലൂടെയും കനാൽ റോഡിലൂടെയുമൊക്കെ കണ്ണുമടച്ച് സൈക്കിൾ ചവിട്ടുന്നത്.

വളരെ ആരോഗ്യകരമായ ഒരു മാറ്റമായി ഇതിനെ കാണാം. ഇടക്കാലത്ത് സൈക്കിളിന്റെ ഗ്ളാമർ പാടെ നഷ്ടപ്പെട്ടിരുന്നു. സൈക്കിൾ യാത്രയുടെ പരമാവധി പ്രായം പ്ളസ് ടുവരെയാക്കി ചുരുക്കിയിട്ടുണ്ടായിരുന്നു നാട്ടിൻപുറത്തുകാർ.  അതിനുമുകളിൽ പ്രായമുള്ളവർ സൈക്കിളുമായി പുറത്തിറങ്ങിയാൻ മിനിമം മൂന്നു സ്റ്റിക്കറെങ്കിലും പുറത്തു പതിപ്പിച്ചുകൊണ്ടേ വീട്ടിൽ തിരിച്ചുകയറാനാകൂ 1. പ്രമേഹരോഗി, 2. പ്രഷറുകാരൻ, 3. കൊളസ്ട്രോളൻ.  എന്നാൽ നഗരവാസികൾക്ക്  ഈ ചിന്താഗതിയില്ലായിരുന്നു. വ്യായാമത്തിനായുള്ള സൈക്ളിംഗും ജോഗിഗും ഒക്കെ പട്ടണപ്രഭാതങ്ങളിലെ പതിവുകാഴ്ചകളാണല്ലോ. ലോക്ഡൗണും വർക്ഫ്രം ഹോമുമൊക്കെയായി പട്ടണവാസികൾ നാട്ടിൻപുറത്തേക്ക് കുടിയേറിയപ്പോൾ നാട്ടുകാഴ്ചകളിലും മാറ്റം വന്നിരിക്കുന്നു. അതിലൊന്നാണ്  സൈക്കിൾ സവാരി.

കോവിഡിനെ തോൽപ്പിക്കാൻ

കോവിഡ് ഭീഷണി ജനങ്ങളുടെ ആരോഗ്യകരമായ ജീവിതശൈലികളെല്ലാം താറുമാറാക്കുകയും ശാരീരികമായും സാമ്പത്തികമായും മാനസികമായിപ്പോലും ആഘാതമേൽപ്പിക്കുകയും ചെയ്തിരിക്കുന്ന ഈ അവസരത്തിൽ സൈക്ളിംഗ് എന്ന ഏറ്റവും ലളിതമായ വ്യായാമത്തിന് എന്നത്തെക്കാളും പ്രാധാന്യമുണ്ട്. 

സാമൂഹ്യഅകലം കൃത്യമായി പാലിച്ചുകൊണ്ട് നടത്താവുന്ന വ്യായാമമെന്നതാണ് സൈക്ളിംഗിന്റെ  പ്രധാനഗുണം.  കാരണം സൈക്കിൾ ചവിട്ടുന്നത് ഒറ്റയ്ക്കാണ്. മാസ്ക് ധരിച്ച് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് മറ്റാരുമായും സമ്പർക്കമുണ്ടാകാതെ സൈക്കിൾ ചവിട്ടാൻ സാധിക്കും. വിജനമായ വഴികണ്ട സന്തോഷത്തോടെ കണ്ടെയ്ൻമെന്റ് സോണിലേക്ക് സൈക്കിൾ ഓടിച്ചുകയറ്റരുതെന്നുമാത്രം.

പല കാരണങ്ങളാൽ ജനങ്ങളുടെ  മാനസികപിരിമുറുക്കം ഏറെ വർധിപ്പിക്കുന്നുണ്ട് ഈ ലോക്ഡൗൺ കാലം. അത് മറികടക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നുമാണ് സൈക്ളിംഗ്.  സൈക്ളിംഗ് നടത്തുമ്പോൾ ശരീരം ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കും. വിഷാദത്തെ മറികടക്കാൻ അത് വളരെ സഹായിക്കും.   വെയിൽ ഒഴിഞ്ഞ വൈകുന്നേരങ്ങളിൽ ചുവന്ന സൂര്യന്റെ വെട്ടം നിറഞ്ഞ നാട്ടുവഴികളിലൂടെ കാഴ്ചകൾ കണ്ട് പ്രകൃതിഭംഗി ആസ്വദിച്ച് ശുദ്ധവായു ശ്വസിച്ച് ഒന്നു സൈക്കിളിൽ കറങ്ങിവരുമ്പോൾ ഇനി ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിച്ചില്ലെങ്കിൽപോലും നമ്മൾ ഹാപ്പിയാകില്ലേ.. 

ശരീരത്തിനു മുഴുവൻ‍ ഒരുപോലെ പ്രയോജനം നൽകുന്ന വ്യായാമമാണ് സൈക്ലിങ്.  സ്ഥിരമായി സൈക്കിൾ ചവിട്ടിയാൽ ജീവിതശൈലി രോഗങ്ങളെയോ അമിതവണ്ണത്തെയോ പേടിക്കണ്ട. ഹൃദയം, കാലിന്റെ മസിലുകൾ, വയർ, അരക്കെട്ട്  തുടങ്ങിയവയുടെയെല്ലാം ആരോഗ്യത്തിന് സൈക്ളിംഗ് അത്യുത്തമമാണ്. വേഗതയും ചവിട്ടുന്ന ആളുടെ ഭാരവും അനുസരിച്ച്, ഒരു മണിക്കൂറിൽ ഏകദേശം 400 മുതൽ 1000 കാലറി വരെ എരിച്ചു കളയാൻ സൈക്ളിംഗിന് സാധിക്കുമത്രേ. നടത്തത്തിന് സാധിക്കുന്നതിനെക്കാൾ വളരെ അധികമാണിത്. ലാപ് ടോപ്പിന്റെ ഇരുവശത്തും ചിപ്സും കോളയുമായി വർക് ഫ്രം ഹോം നടത്തുന്നവർ വൈകുന്നേരം തീർച്ചയായും സൈക്കിളിൽ കയറണം.

ബ്യൂട്ടിപാർലറുകൾ അടച്ചിട്ടിരിക്കുന്ന ഈ കാലത്ത് മുഖസൗന്ദര്യത്തിനുപോലും മികച്ചമാർഗമാണ് സൈക്ളിംഗ് എന്നറിയാമോ. സൈക്കിൾ ചവിട്ടി നന്നായി ഒന്നു വിയർക്കുന്നത് മുഖത്തെ അഴുക്കുകൾ നീക്കി ചർമത്തെ ശുചിയാക്കും. രക്തയോട്ടം കൂടുന്നത് കോശങ്ങളെ ഊർജ്വസ്വലമാക്കുമെന്നും ചർമത്തിന്റെ തിളക്കവും ആരോഗ്യവും വർധിപ്പിക്കുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. 

ഹൃദയാരോഗ്യത്തിനും ഏറ്റവും അനുയോജ്യമായ ഒരു വ്യായാമമാണ് സൈക്ളിംഗ്.  രക്തസമ്മർദം കുറയ്ക്കുകയും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. സൈക്കിൾ ചവിട്ടുമ്പോൾ ശ്വാസോച്ഛ്വാസത്തിൻറെ വേഗത വർധിക്കും. ഇത് ഉയർന്ന തോതിൽ ഓക്സിജൻ ശരീരത്തിൽ എത്തിക്കും. രക്തയോട്ടം വർധിക്കുന്നത് ഹൃദയാഘാതം തടയും. 

ഹൃദയമിടിപ്പു കൂടുകയും അതുവഴി രക്‌തചംക്രമണം ശരിയായി നടക്കുകയും  ചെയ്യുന്നതുവഴി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കും. ചുമ, കഫക്കെട്ട്, തുമ്മൽ, ജലദോഷം തുടങ്ങിയവയെ എല്ലാം അകറ്റി നിർത്താൻ ഈ ആരോഗ്യശീലം മതിയാവും. 

English Summary: Coronavirus Pandemic Leads to a Bicycle Boom

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA