ADVERTISEMENT

കേരളത്തിനു പുറത്തേക്ക്  സ്‌കൂട്ടറിൽ ഒറ്റയ്ക്കുള്ള ആദ്യ യാത്രയായതുകൊണ്ട് വലിയ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. പുലർച്ചെ മൂന്നുമണിക്ക് യാത്ര തുടങ്ങി. കത്തിയാളുന്ന ചൂടാണ് കോയമ്പത്തൂർ-ചെന്നൈ ഹൈവേയിൽ. ഓരോ എൺപത് കിലോമീറ്ററിലും 10 മിനിറ്റ് സ്‌കൂട്ടറിന് വിശ്രമം കൊടുക്കും. ഒരു ചായ കുടിക്കും. ചെന്നൈ വരെയുള്ള ദൂരത്തിനിടയ്ക്ക് ഇരുപത്തഞ്ചോളം ടോൾ ഗേറ്റുകളുണ്ട്. രാത്രി ഏഴ് മണിക്കാണ് ചെന്നൈയിൽ എത്തുന്നത്.  

ചെന്നൈ നഗരത്തിൽ കുറഞ്ഞ സമയത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് കൃത്യമായി എഴുതിവെച്ചിരുന്നു. ആദ്യം പോയത്  മറീന ബീച്ചിലേക്കാണ്. ലോകത്തിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ കടൽത്തീരം. ദിവസവും മുപ്പതിനായിരത്തിനടുത്ത് ആളുകൾ സന്ദർശനം നടത്തുന്നു. പ്രശസ്തമായ മദ്രാസ് യൂണിവേഴ്സിറ്റിയും തമിഴ്നാട്ടിലെ അറിയപ്പെടുന്ന വ്യക്തികളുടെ പ്രതിമകളും ഇവിടെ കാണാം. തമിഴ് സിനിമയിലും  രാഷ്ട്രീയത്തിലും ശക്തരായ നേതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന ഇടമാണ് ബീച്ചിന്റെ ഒരുഭാഗം. അവിടെയാണ് അണ്ണാദുരൈ, എംജിആർ, ജയലളിത, കരുണാനിധി തുടങ്ങിയ വരുടെ ശവകുടീരങ്ങൾ.  

തിരയിൽപ്പെട്ട ഒരു പെൺകുട്ടിയെ രക്ഷിക്കാൻ ഇറങ്ങി മുങ്ങി മരിച്ച യൂറോപ്യൻ നാവികനായ Karl Schmidt ന്റെ ഓർമയ്ക്കായി നിർമിച്ച സ്മാരകം ഉണ്ട്. മറീന ബീച്ചിലെ പ്രധാന ആകർഷണങ്ങളിലൊന്ന് ലൈറ്റ് ഹൗസാണ്. അതിനകത്ത് മ്യുസിയവും ഉണ്ട്. രണ്ടും ചേർന്ന് സന്ദർശക ടിക്കറ്റ് വില 20 രൂപയാണ്. എലിവേറ്റർ സംവിധാനം ഉള്ള ലോകത്തെ ചുരുക്കം ലൈറ്റ് ഹൗസുകളിൽ ഒന്നാണ് ഇത്. 1977 ൽ ആണ് നിർമാണം. 45.72 മീറ്റർ ഉയരമുള്ള ലൈറ്റ് ഹൗസിന്റെ മുകളിൽ നിന്ന് നോക്കിയാൽ മറീന ബീച്ചും ചെന്നൈ നഗരവും ചേർന്ന മനോഹരമായ ആകാശക്കാഴ്ച കാണാം.  

സിനിമകളിൽ ഒരുപാടു കണ്ടിട്ടുള്ള മദ്രാസ് റെയിൽവേ സ്റ്റേഷൻ (ഇപ്പോൾ ചെന്നൈ സെൻട്രൽ) കാണാനാണ് പിന്നീട് പോയത്. മറീന ബീച്ചിൽനിന്ന് നാലു കിലോമീറ്റർ ദൂരം. എംജിആറിന്റെ പേരിലാണ് റെയിൽവേ സ്റ്റേഷൻ അറിയപ്പെടുന്നത്. 147 വർഷം പഴക്കമുള്ള ഈ റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള സ്റ്റേഷനുകളിൽ ഒന്നാണ്. ആകെ 17 പ്ലാറ്റ്ഫോമുകൾ. 

ചെന്നൈ മെട്രോ സ്റ്റേഷനും 18 കിലോമീറ്റർ അപ്പുറത്തുള്ള ചെന്നൈ രാജ്യാന്തര വിമാനത്താവളവും കാണാൻ ഒരോട്ടപ്രദക്ഷിണം നടത്തി. പിന്നെ രാജീവ് ഗാന്ധി സ്മാരകം സ്ഥിതി ചെയ്യുന്ന ശ്രീപെരുമ്പത്തൂരിലേക്കാണ് പോയത്. രാജീവ് ഗാന്ധിയുടെ അവസാന നിമിഷങ്ങൾ ഇവിടെയായിരുന്നു. കർശന സുരക്ഷാ പരിശോധന കഴിഞ്ഞാണ് അകത്തുകയറിയത്.  1994 ൽ നിർമാണം തുടങ്ങിയ ഈ സ്മാരകം 2003 ഒക്ടോബർ 10 ന്  ഡോക്ടർ എ.പി.ജെ. അബ്ദുൽ കലാം രാജ്യത്തിന്‌ സമർപ്പിച്ചു. 

സ്ഫോടനം നടന്ന സ്ഥലത്തിന് ചുറ്റും സ്ഥാപിച്ച ഏഴ് ഗ്രനൈറ്റ് തൂണുകളാണ് ഇവിടത്തെ പ്രധാന ആകർഷണം. ഓരോ തൂണും ധർമ, ന്യായ, സത്യ, ത്യാഗ, സമൃദ്ധി, വിഗ്യാൻ, ശാന്തി എന്നിവയെയും ഇന്ത്യയിലെ പ്രമുഖ നദികളായ ഗംഗ, യമുന, സിന്ധു, നർമദ, കാവേരി, ബ്രഹ്മപുത്ര, ഗോദാവരി എന്നിവയെയും പ്രതിനിധാനം ചെയ്യുന്നു. അദ്ദേഹം മരിച്ചുവീണ സ്ഥലത്ത് അദ്ദേഹത്തിന്റെ ചിത്രമുള്ള ഒരു മ്യൂറൽ പെയിന്റിങ് കാണാം. ക്ഷേത്രങ്ങളുടെയും പട്ടിന്റെയും നാടായ കാഞ്ചീപുരത്തേക്ക് ഇവിടെ നിന്ന് 34 കിലോമീറ്റർ ദൂരമാണുള്ളത്. രാത്രി ഒൻപതു മണിയോടെ നാട്ടിലേക്കു യാത്ര തിരിച്ചു. വഴിയിലൊരിടത്ത് ഹോട്ടലിൽ താമസിച്ചു.  അടുത്ത ദിവസം യാത്രയ്ക്കൊരുങ്ങവേ ടയർ പഞ്ചറായി. പഞ്ചർ കിറ്റ് കയ്യിൽ കരുതിയതിനാൽ ഉടൻ പരിഹാരം കണ്ടു. മലപ്പുറത്ത്‌ നിന്ന് ചെന്നൈയിൽ പോയി തിരിച്ചുവന്ന മുഴുവൻ ദൂരം: 1450 കിലോമീറ്റർ.

ഹിഷാം ആസാദ്. മലപ്പുറം 

English Summary: Kerala To Chennai In Scooter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com