ADVERTISEMENT

എല്ലാ വെള്ളിയാഴ്ചയും 11 മണിയോടെ തൃശൂർ ശക്തൻ മാർക്കറ്റിൽ ഒരു മാരുതി സെൻ എസ്റ്റിലോ വന്നു നിൽക്കും. കൃത്യമായി പാർക്കിങ് ഏരിയയിൽ കാർ ഒതുക്കിയിട്ടു ഡോർ തുറന്ന് വോക്കിങ് സ്റ്റിക്കുമായി കുട്ടനല്ലൂർ ഹിൽഗാർഡൻസിലെ തങ്കം പോൾ  ഇറങ്ങി വരും. 90 കഴിഞ്ഞെങ്കിലെന്ത്? പ്രായം തങ്കം അമ്മാമയ്ക്കു വെറുമൊരു നമ്പർ. നല്ല കിടു ഡ്രൈവിങ്. ചുറ്റിസഞ്ചരിക്കാത്ത സ്ഥലങ്ങളില്ല. പ്രായം ഡ്രൈവിങ്ങിനു തടസ്സമേയല്ലെന്ന് ഓരോ ദിവസവും തെളിയിക്കുകയാണു തങ്കം പോൾ. ‌

ഇപ്പോഴും വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ പോകും. ബാങ്കിലേക്കും പള്ളിയിലേക്കുമെല്ലാം ഡ്രൈവ് ചെയ്യുന്നതു തനിച്ച്. വനിതകൾ സ്വയം പര്യാപ്തരാകണമെന്ന് ഈ അമ്മാമയ്ക്കു നിർബന്ധമുണ്ട്. സ്വന്തം ആവശ്യങ്ങൾക്കു സ്വയം ചെയ്യുകയെന്നതാണു പോളിസി.  മക്കൾ, മരുമക്കൾ, പേരക്കുട്ടികൾ, അവരുടെ ഭാര്യമാർ തുടങ്ങി പലരെയും കാറോടിക്കാൻ പഠിച്ചത് അമ്മാമയാണ്. ഏറ്റവും പരിചയസമ്പന്നയായ ഡ്രൈവർ എന്നും അവരെ വിളിക്കാം. ആദ്യം വണ്ടിയോടിച്ചത് 70 വർഷം മുൻപ്. 

ഡ്രൈവിങ്ങിലേക്ക് ‌

പ്രീഡിഗ്രിക്കാലത്തായിരുന്നു വിവാഹം. ഭർത്താവ്, തൃശൂർ കാട്ടൂർ പാനികുളം കുടുംബാംഗം ഡോ. പി.ജി. പോൾ ബ്രിട്ടിഷ് ഇന്ത്യയിൽ, ആർമി മെഡിക്കൽ കോളജിൽ എമർജൻസി സർവീസ് കമ്മിഷണർ ആയിരുന്നു. ആർമി സർവീസിലിരുന്ന കാലത്തു ട്രാൻസ്ഫർ ആകുന്നതനുസരിച്ചു ഡൽഹി, ബെംഗളൂരു, റൂർക്കല, ഹൈദരാബാദ്, മീററ്റ്, മദ്രാസ് എന്നിങ്ങനെ രാജ്യമെങ്ങും കറങ്ങി. ആർമി സർവീസിനു ശേഷം 1955 ൽ ഡോക്ടർ മദ്രാസ് മെഡിക്കൽ കോളജിൽ ഫൊറൻസിക് മെഡിസിൻ പ്രഫസറായി. അന്നു കുട്ടികളെ സ്കൂളിൽ വിടാനോ വീട്ടുകാര്യങ്ങൾക്കോ ഡോക്ടർക്കു സമയം തികയില്ല. ‘നിനക്ക് ഡ്രൈവിങ് പഠിച്ചുകൂടേ’ എന്നായി ഡോക്ടർ.  അദ്ദേഹംതന്നെ തന്റെ മോറിസ് മൈനറിൽ ഡ്രൈവിങ് പഠിപ്പിച്ചു. 

അന്നു മകനെ സ്കൂളിൽ വിടാനും വീട്ടിലേക്കു സാധനങ്ങൾ വാങ്ങാനും കാറെടുത്തു പോകുമ്പോൾ അയൽപക്കക്കാർ കളിയാക്കുമായിരുന്നു. ‘എന്നാ അമ്മാ വെക്കമാല്ലേ..?  ഇന്ത ഡ്രൈവിങ്ങെല്ലാം പെങ്കൾടെ വേലയാ..?’ അതിനു മറുപടി പറയാൻ നിൽക്കാതെ തങ്കം പോൾ വണ്ടി ചവിട്ടി വിടും. അതു സ്ത്രീകൾ വണ്ടിയോടിക്കുന്നതു ചിന്തിക്കാൻ പറ്റാത്ത കാലം. ഡോക്ടർ ജോലിക്കാര്യത്തിനു ദിവസങ്ങളോളം യാത്ര പോകുമ്പോൾ കുട്ടികളെയും കൂട്ടി തനിയെ ഡ്രൈവ് ചെയ്തു നാട്ടിലേക്കു വരും. ഒഴിവുകാലങ്ങളിൽ ഊട്ടി, കൊൈടക്കനാൽ, മൂന്നാർ എന്നിവിടങ്ങളിലേക്കു യാത്രകൾ പോകുമായിരുന്നു. അപ്പോഴൊക്കെ ഡ്രൈവ് ചെയ്തു ക്ഷീണിക്കുമ്പോൾ ഡോക്ടർ വളയം പ്രിയതമയ്ക്കു കൈമാറും. 

ഇഷ്ടം മാരുതി

പഴയ കാറുകളെക്കാൾ ഓടിക്കാൻ ഈസി പുതിയ മോഡലുകൾ തന്നെ. അന്നൊക്കെ കാറിൽ വെള്ളമൊഴിക്കണം, സർവീസ് ചെയ്യാൻ ബുദ്ധിമുട്ട്. അന്ന് ഈരണ്ടുകൊല്ലം കൂടുമ്പോൾ കാർ മാറ്റാറുണ്ട്. വിദേശ നിർമിത ഫിയറ്റ് കാറുകൾ, അംബാസഡർ മോഡലുകൾ, ഇന്ത്യൻ ഫിയറ്റ് എല്ലാം ഓടിച്ചിട്ടുണ്ട്. ഇപ്പോൾ പ്രിയം മാരുതിയോടാണ്. ആറു വർഷമായി സെൻ എസ്റ്റിലോ മാന്വൽ ഡ്രൈവ് ചെയ്യുന്നു. ഇത്രയും കാലം ഡ്രൈവ് ചെയ്തിട്ടും ഒരപകടവും ഉണ്ടായിട്ടില്ല. ഡൈവിങ് ലൈസൻസിന് 2022 വരെ കാലാവധിയുണ്ട്. അഞ്ചു വർഷം കൂടുമ്പോൾ കൃത്യമായി പുതുക്കും.  

ലോക പര്യടനം

മദ്രാസ് മെഡിക്കൽ കോളജിനു ശേഷം ഡോ. പോൾ മണിപ്പാൽ മെഡിക്കൽ കോളജിലും കുറച്ചുനാൾ ജോലി ചെയ്തു. അതിനുശേഷം ലിബിയയിലെ സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ അഞ്ചു വർഷത്തോളം. അവിടെയും തങ്കം ഡ്രൈവ് ചെയ്യുമായിരുന്നു. ജോലി കഴിഞ്ഞാൽ ഡോക്ടർക്ക് ഇഷ്ടം രണ്ടു കാര്യങ്ങളായിരുന്നു; ഫൊട്ടോഗ്രഫിയും യാത്രകളും. ഒഴിവുകാലമാകുമ്പോൾ ട്രിപ്പുകൾ പ്ലാൻ ചെയ്യും. ഇംഗ്ലണ്ട്, ജർമനി, ഇറ്റലി, ഗ്രീസ്, മാൾട്ട, ഫ്രാൻസ്, ലെബനൻ, സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം സഞ്ചരിച്ചിട്ടുണ്ട്. അമേരിക്കയിലുള്ള മൂത്ത മകൻ ജോർജ് പോളിന്റെ കൂടെ കുറെ നാൾ താമസിച്ചിരുന്നു. ബാൾട്ടിമോറിൽനിന്നു കാനഡയിലേക്കു മകന്റെ കൂടെ ഡ്രൈവ് ചെയ്തു പോകുമായിരുന്നു. ‌

നാലു മക്കളാണ് തങ്കത്തിന്. രണ്ടാമത്തെ മകൻ ഫ്രാൻസിസ് കൊച്ചിയിൽ. മൂന്നാമത്തെ മകൾ ആനിയുടെ മകൻ വർഗീസിനും ഭാര്യ മരിയ വർഗീസിനും ഒപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. ഇളയ മകൻ ഡോ. ജോസഫും തൃശൂരിലുണ്ട്. കുറച്ചു നാൾ മുൻപുവരെ എല്ലാ മക്കളുടെയടുത്തും പോകുമായിരുന്നു. ഇപ്പോൾ യാത്രകൾ കുറച്ചു. കോവിഡ് കാലമായതിനാൽ യാത്രകൾ തീരെയില്ല. നിയന്ത്രണങ്ങളെല്ലാം മാറിയിട്ടു വേണം അമ്മാമയ്ക്കു തൃശൂർ റൗണ്ടിലൂടെ വീണ്ടും കറങ്ങാൻ

English Summary: Inspiring Life Of 91 Year Old Thankam Paul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com