ADVERTISEMENT

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാറിനെ പുറത്തിറക്കിയത്. ജീപ്പ് റാംഗ്ലറിന്റെ കവച്ചുവയ്ക്കുന്ന രൂപഭംഗിയും മികച്ച ഫീച്ചറുകളുമായി എത്തിയ ഥാറിന്റെ വില പ്രഖ്യാപനം ഒക്ടോബർ 2 നാണെങ്കിലും ഇപ്പോഴെ ആരാധകർ ആവേശത്തിലാണ്. ആദ്യ തലമുറയിൽ നിന്ന് വ്യത്യസ്തമായി ഓഫ്റോഡ് ക്ഷമതയ്ക്കൊപ്പം യാത്രസുഖത്തിനും പ്രാധാന്യം നൽകിയാണ് പുതിയ ഥാർ അവതരിപ്പിച്ചത്. ഥാർ രണ്ടാമനെപ്പറ്റി അറിയേണ്ടതെല്ലാം.

ഥാറിന്റെ സ്റ്റൈൽ

ആദ്യ തലമുറയെപ്പോലെ തന്നെ ജീപ്പിന്റെ രൂപ ഭംഗിയിൽ നിന്ന് പ്രചോദിതമാണ് രണ്ടാം തലമുറ ഥാർ. സ്കോർപ്പിയോയിൽ ഉപയോഗിച്ചിരിക്കുന്ന മഹീന്ദ്രയുടെ ജെൻ 3 പ്ലാറ്റ്ഫോമിലാണ് പുതിയ ഥാറിന്റെ നിർമാണം. വാഹനത്തിന്റെ വീതി കൂട്ടിയത് ഇന്റീരിയറില്‍ കൂടുതൽ സ്ഥലവും കൂടുതൽ ഓഫ്റോഡ് ക്ഷമതയും നൽകിയിട്ടുണ്ടെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. പുതിയ 'പെഡസ്ട്രിയൻ സെയ്ഫ്റ്റി നോംസി'ന് അനുസൃതമായി ഉയർന്ന ബോണറ്റാണ്. എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപുകളും എൽഇഡി ടെയിൽ ലാംപുകളുമുണ്ട്. ഡ്യുവൽ ടോണാണ് ബംബർ. ഹാർഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ്, ഊരിമാറ്റാവുന്ന ഹാർഡ് ടോപ്പ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഥാറിലുള്ളത്. 255/65 ആർ 18 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിൽ ആറ് വ്യത്യസ്ത നിറങ്ങളിൽ വാഹനം ലഭിക്കും

mahindra-thar-7

പെട്രോൾ എൻജിനും

പെട്രോൾ എൻജിനാണ് പുതു തലമുറ ഥാറിന്റെ ഏറ്റവും വലിയ പ്രത്യേകത. 2 ലീറ്റർ എംസ്റ്റാലിയോൺ എൻജിന് 5000 ആർപിഎമ്മിൽ 150 പിഎസ് കരുത്തും 1500 മുതൽ 3000 വരെ ആർപിഎമ്മിൽ 320 എൻഎം ടോർക്കുമുണ്ട്. ആറ് സ്പീഡ് ഓട്ടമാറ്റിക്, 6 സ്പീഡ് മാനുവൽ ഗിയർബോക്സുകൾ. എക്സ്‍യുവി 500ൽ ഉപയോഗിക്കുന്ന 2.2 ലീറ്റർ എം ഹോക്കിന്റെ പരിഷ്കരിച്ച രൂപമാണ് ഡീസൽ പതിപ്പിൽ. 3750 ആർപിഎമ്മിൽ 130 പിഎസ് കരുത്തും 1600 മുതൽ 2800 വരെ ആർപിഎമ്മിൽ 300 എൻഎം ടോർക്കും ഈ എൻജിൻ നൽകും. 6 സ്പീഡ് ഓട്ടമാറ്റിക്, മാനുവൽ ഗിയർബോക്സുകൾ.

mahindra-thar-4

ഓഫ്റോഡ് പുലി

പുതിയ സ്കോർപ്പിയോയുടെ പ്ലാറ്റ്ഫോമിൽ ബോഡി ഓൺ ഫ്രെയിം കൺസ്ട്രക്ഷനാണ് ഥാറിൽ ഉപയോഗിച്ചിരിക്കുന്നത്. മുന്നിൽ സ്റ്റബിലൈസർ ബാറോടുകൂടിയ ഡബിൾ വിഷ്ബോൺ സസ്പെൻഷനും പിന്നിൽ മൾട്ടിലിങ്ക് കോയിൽ സ്പ്രിങ്ങും. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ നാല് വീൽ ഡ്രൈവ് മോഡിലേക്ക് മാറ്റാൻ സാധിക്കുമെന്നാണ് മഹീന്ദ്ര പറയുന്നത്. ലോ, ഹൈ എന്നീ അനുപാതങ്ങളിൽ ഫോർവീൽ ഡ്രൈവ് ലഭിക്കും. മെക്കാനിക്കൽ ഡിഫ്രൻഷ്യൽ ലോക്ക്, മുന്നിലേയും പിന്നിലേയും ആക്സിലുകളിലെ ബ്രേക്ക് ലോക്ക് ഡിഫ്രൻഷ്യൽ ലോക്ക് എന്നിവയും നൽകിയിട്ടുണ്ട്. 226 എംഎം ഗ്രൗണ്ട് ക്ലിയറൻസുണ്ട് വാഹനത്തിന്. 41.8 ഡിഗ്രി അപ്റോച്ച് ആങ്കിളും 36.8 ഡിഗ്രി ഡിപ്പാർച്ചർ ആങ്കിളും 27 ഡിഗ്രി ബ്രേക്ക് ഓവർ ആങ്കിളും. കൂടാതെ 650 എംഎം വരെ വെള്ളത്തിലൂടെ പുതിയ ഥാറിന് സഞ്ചരിക്കാനാവും.

mahindra-thar-9

പ്രീമിയം ഇന്റീരിയർ

ആദ്യ തലമുറയിൽ നിന്ന് വ്യത്യസ്തമായി ഇന്റീരിയറിന് കൂടുതൽ പ്രീമിയമാക്കിയിട്ടുണ്ട് മഹീന്ദ്ര. സാങ്കേതികവിദ്യയിലും യാത്രാസുഖത്തിലും സുരക്ഷാ നിലവാരത്തിലും വൻകുതിച്ചു ചാട്ടമാണ് പുത്തൻ ഥാർ. ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്നവരെ കൂടി ആകർഷിക്കാൻ പോന്നതാണു പുതിയ മോഡൽ.

mahindra-thar-1

‌യഥാർഥ ഥാറിൽ സുഖസൗകര്യങ്ങൾ നാമമാത്രമായിരുന്നെങ്കിൽ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, കളർ മൾട്ടി ഇൻഫൊ ഡിസ്പ്ലേ, റിയർ പാർക്കിങ് മിറർ, പവർ ഫോൾഡിങ് മിറർ എന്നിവയൊക്കെയായിട്ടാവും പുതിയ ഥാറിന്റെ വരവ്. മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർ ബാഗ്, എ ബി എസ്, പിന്നിൽ പാർക്കിങ് സെൻസർ തുടങ്ങിയവയുമുണ്ടാവും. 

English Summary: Know More About New Gen Thar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com