ആകാശത്ത് വിമാനത്തിന്റെ രണ്ടു എൻജിനുകളും പ്രവർത്തന രഹിതമായാൽ ?

air-plane
Representative Image
SHARE

വിമാനങ്ങളുടെ രണ്ടു എൻജിനുകളും പ്രവര്‍ത്തനരഹിതമാകുന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന അപകടമാണ്. പക്ഷിക്കൂട്ടം മുതല്‍ ഇന്ധനം തീര്‍ന്നതുവരെ ഇതിനുളള കാരണങ്ങളായിട്ടുണ്ട്. അങ്ങനെ രണ്ട് എൻജിനുകളും നിന്ന് മുന്നോട്ട് കുതിക്കാനുള്ള ശേഷി ഇല്ലാതായിട്ടും വിമാനങ്ങള്‍ സുരക്ഷിതമായി നിലത്തിറങ്ങിയിട്ടുള്ള അത്ഭുതങ്ങളും സംഭവിച്ചിട്ടുണ്ട്.  

രണ്ട് എൻജികളും പ്രവര്‍ത്തനരഹിതമാകുന്നതിന്റെ ഏറ്റവും സാധ്യതയുള്ള കാരണം പക്ഷികളുമായി ഇടിക്കുന്നതാണ്. വിമാനങ്ങള്‍ പറന്നുയരുമ്പോഴോ ഇറങ്ങുമ്പോഴോ ആണ് പക്ഷികളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഏറെ. കടല്‍കൊക്കുകളെ പോലെ വലിയ പക്ഷികളുമായി കൂട്ടിയിടിച്ചാലാണ് അപകട സാധ്യത കൂടുതല്‍. കണക്കുകൂട്ടലുകള്‍ പിഴച്ച് ഇന്ധനം തീരുക, അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളെ തുടര്‍ന്നുള്ള പൊടിമേഘങ്ങളില്‍ പെടുക എന്നീ കാരണങ്ങൾ കൊണ്ടും രണ്ട് എൻജിനുകളും പ്രവര്‍ത്തന രഹിതമാകാം.

ആര്‍എടി സംവിധാനം

വിമാനത്തിന്റെ എൻജിനുള്ളില്‍ പക്ഷികള്‍ പെട്ടുപോയാല്‍ ആദ്യം എൻജിനുള്ളിലെ ഫാനും പിന്നാലെ എൻജിനും നിലക്കും. ഇതോടെ വിമാനത്തിന്റെ മുന്നോട്ട് കുതിക്കാനുള്ള സാധ്യതകള്‍ അവസാനിക്കുകയും വായുവില്‍ തെന്നി നീങ്ങുന്ന ഒരു ഗ്ലൈഡറായി വിമാനം മാറുകയും ചെയ്യും. ഈ അപകടാവസ്ഥയില്‍ റാം എയര്‍ ടര്‍ബെയ്ന്‍(ആര്‍എടി) എന്നൊരു സംവിധാനം വിമാനത്തിന് അടിയന്തര സഹായത്തിനെത്താറുണ്ട്. വിമാനത്തിന്റെ താഴ് ഭാഗത്തു നിന്നും താഴേക്ക് ഇറങ്ങുന്ന ആര്‍എടി വഴി കടന്നുപോകുന്ന വായുവിലൂടെ ഊര്‍ജ്ജം സംഭരിക്കുന്നതാണ് രീതി.

പക്ഷിയുമായുള്ള കൂട്ടിയിടി നടന്നുവെന്ന് ഉറപ്പിച്ചാല്‍ പൈലറ്റ് ഉടന്‍ തന്നെ സഹ പൈലറ്റിനോട് എത്രത്തോളം കുഴപ്പങ്ങള്‍ എൻജിനും വിമാനത്തിനും സംഭവിച്ചുവെന്ന് നോക്കാന്‍ ആവശ്യപ്പെടും. എൻജിനിലെ ഫാന്‍ കറങ്ങുന്നില്ലെന്ന് ഉറപ്പായാല്‍ സമയമൊട്ടും കളയാതെ ഏറ്റവും അടുത്ത് വിമാനം സുരക്ഷിതമായി ഇറക്കാന്‍ കഴിയുന്ന സ്ഥലം നോക്കുകയാണ് ക്യാപ്റ്റന്‍ ചെയ്യുക. സാധാരണഗതിയില്‍ പറന്നുയര്‍ന്ന വിമാനത്താവളത്തിലേക്ക് തന്നെ മടങ്ങുകയാകും ചെയ്യുക.

ഓരോ വിമാനത്തിനും വായുവില്‍ തെന്നി നീങ്ങാനുള്ള കഴിവായ ഗ്ലൈഡിംങ് റേഷ്യോ വ്യത്യസ്തമാണ്. ആകാശത്ത് വച്ച് രണ്ട് എൻജിനുകളും പ്രവര്‍ത്തനരഹിതമായാല്‍ ഈ ഗ്ലൈഡിംങ് റേഷ്യോക്ക് വലിയ പ്രാധാന്യമുണ്ട്. ഇതുവെച്ചാകും എൻജിന്റെ സഹായമില്ലാതെ വിമാനം എത്ര ദൂരെ വരെ സഞ്ചരിക്കുമെന്ന് പൈലറ്റ് കണക്കുകൂട്ടുക. ഉദാഹരണത്തിന് 10:1 ആണ് വിമാനത്തിന്റെ ഗ്ലൈഡിംങ് റേഷ്യോ എങ്കില്‍ ഓരോ പത്തു മൈല്‍ പറക്കുമ്പോഴും വിമാനത്തിന് ഒരു മൈല്‍ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തില്‍ കുറവു വരുമെന്നാണ് കണക്കാക്കുന്നത്. ഏതാണ്ട് 36000 അടി ഉയരത്തിലാണ് വിമാനമെങ്കില്‍ 70 മൈല്‍ വരെ നിലം തൊടും മുമ്പ് വായുവിലൂടെ തെന്നി നീങ്ങാന്‍ വിമാനത്തിന് സാധിക്കും. എന്നാൽ പക്ഷിയിടിച്ചുണ്ടാകുന്ന അപകടങ്ങളിൽ വിമാനം വളരെ ചെറിയ ആൾട്ടിറ്റ്യൂഡിലായിരിക്കും എന്നതുകൊണ്ട് അധിക ദൂരം ഗ്ലൈഡ് ചെയ്യുക സാധ്യമല്ല.

അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വച്ച് എയര്‍ബസ് എ320 വിമാനം പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് നദിയില്‍ ഇറക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. യുഎസ് എയര്‍വേയ്‌സിന്റെ ക്യാപ്റ്റന്‍ ചെസ്‌ലി സുള്ളെന്‍ബര്‍ഗറായിരുന്നു വിമാനത്തിന്റെ പൈലറ്റ്. ഏതാണ്ട് മൂവായിരം അടി മാത്രം ഉയരത്തില്‍ വെച്ചാണ് പക്ഷികള്‍ ഇടിച്ച് വിമാനത്തിന്റെ രണ്ട് എൻജിനുകളും തകരാറിലായത്. സമീപത്തെ വിമാനത്താവളങ്ങളില്‍ നിന്നും അകലത്തിലാണെന്നതും കാര്യമായ ഉയരത്തിലില്ലെന്നതും അതിസാഹസികമായ തീരുമാനമെടുക്കാന്‍ ചെസ്‌ലിയെ പ്രേരിപ്പിച്ചു. തുടര്‍ന്ന് ഹഡ്‌സണ്‍ നദിയില്‍ യാത്രാവിമാനം ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 155 യാത്രക്കാരേയും സമീപത്തെ ബോട്ടുകളിലും മറ്റും രക്ഷപ്പെടുത്തുകയും ചെയ്തു.

ആകാശത്ത് വച്ച് 1983ല്‍ എയര്‍ കാനഡയുടെ ഫ്‌ളൈറ്റ് 143 യാത്രാവിമാനത്തിന് ഇന്ധനം തീര്‍ന്നുപോയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ അവസ്ഥയുമുണ്ടായി. ഏതാണ്ട് 41000 അടി മുകളില്‍ വെച്ചായിരുന്നു ഇതുണ്ടായത്. കാനഡയിലെ മോണ്ട്രിയാലില്‍ നിന്നും എഡ്‌മോണ്‍ടോണിലേക്കുള്ള യാത്രക്കിടെ ബോയിംങ് 767 വിമാനത്തിനാണ് ഈ ദുരവസ്ഥയുണ്ടായത്. ഇന്ധനം അളക്കുന്ന സംവിധാനമാണ് കണക്കുകൂട്ടലില്‍ വലിയ പിഴവുണ്ടാക്കിയത്. വിമാനത്താവളത്തില്‍ ഇന്ധനം നിറച്ച ജീവനക്കാര്‍ കിലോഗ്രാമില്‍ നിറക്കുന്നതിന് പകരം പൗണ്ടിലാണ് നിറച്ചത്. ഇതോടെ ആവശ്യം വേണ്ടതിന്റെ പകുതി ഇന്ധനം മാത്രം വിമാനത്തിലെത്തുകയും യാത്രാ മധ്യേ ഇന്ധനം തീരുകയുമായിരുന്നു.

ഏറ്റവും അടുത്തുള്ള വിമാനത്താവളമായ വിന്നിപെഗിലേക്ക് എത്തുക പോലും അസാധ്യമായിരുന്നു. ഇതോടെ മുന്‍ റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സ് വ്യോമതാവളമായ ഗിംലിയില്‍ ഇറക്കാന്‍ ക്യാപ്റ്റന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇന്ധനം തീര്‍ന്നതിന് ശേഷം ഏതാണ്ട് 45 മൈല്‍ വായുവിലൂടെ തെന്നി നീങ്ങിയാണ് യാത്രികര്‍ സുരക്ഷിതമായി നിലം തൊട്ടത്.

2001ല്‍ പോര്‍ചുഗലിലാണ് മറ്റൊരു സംഭവമുണ്ടായത്. ടൊറന്റോയില്‍ നിന്നും ലിസ്ബണിലേക്കായിരുന്നു വിമാനം പറന്നത്. ഇക്കുറി ഇന്ധനം കണക്കുകൂട്ടിയതിലെ പിഴവല്ല അറ്റകുറ്റ പണികളിലെ പോരായ്മകളായിരുന്നു പ്രശ്‌നക്കാരനായത്. എയര്‍ബസ് എ330-200 അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ പോകേണ്ട ദൂരത്തിന്റെ കാല്‍ഭാഗം കഴിഞ്ഞപ്പോള്‍ മുതല്‍ ഇന്ധം കുറവാണെന്ന അപകട മുന്നറിയിപ്പ് ലഭിച്ചു തുടങ്ങി.  

ഏതാണ് 33000 അടി ഉയരത്തിലായിരുന്നു വിമാനം. ഏറ്റവും അടുത്തുള്ള വ്യോമതാവളമായ ലാജെസ് എയര്‍ ബേസിലേക്ക് ക്യാപ്റ്റന്‍ വിമാനം തിരിച്ചുവിടാന്‍ തീരുമാനിച്ചു. ഏതാണ്ട് 65 നോട്ടിക്കല്‍ മൈല്‍(120 കിലോമീറ്റര്‍) അകലെയായിരുന്നു അപ്പോഴും ഈ വിമാനത്താവളം. ഓരോ മിനുറ്റിലും വിമാനം രണ്ടായിരം അടി താഴേക്ക് പതിച്ചുകൊണ്ടിരിക്കുകയായിരുന്നു. വിമാനത്താവളത്തിലെത്താനായില്ലെങ്കില്‍ കടലില്‍ ഇറക്കാനായിരുന്നു പൈലറ്റ് പിഷേയുടെ പദ്ധതി. എന്നാല്‍ ഏതാണ്ട് 160 കിലോമീറ്റര്‍ വായുവിലൂടെ തെന്നി നീങ്ങി സുരക്ഷിതമായി വിമാനം വ്യോമതാവളത്തിലിറങ്ങി.

English Summary: How Far Can A Plane Fly If Its Engine Fails

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA