ADVERTISEMENT

പിതാവിന്റെ പഴയ മാരുതി 800ന്റെ എൻജിന്‍, മഹീന്ദ്രയുടെ ബൊലേറോ, ബജാജ് പള്‍സര്‍, കെടിഎം ഡ്യൂക് 200, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്, ടാറ്റ എയ്‌സ്, യമഹ എഫ്സി തുടങ്ങിയ വാഹനങ്ങളുടെയെല്ലാം ഭാഗങ്ങള്‍ ചേര്‍ത്താണ് ഈ സൂപ്പര്‍ബൈക്കുണ്ടാക്കിയിരിക്കുന്നത്. സ്വന്തമായി സൂപ്പര്‍ബൈക്ക് വാങ്ങാന്‍ പറ്റിയില്ലെങ്കില്‍ ഒന്ന് ഉണ്ടാക്കിയാലോ എന്ന ചിന്തയാണ് ഈ പഞ്ചാബി കോളജ് വിദ്യാര്‍ഥികളെക്കൊണ്ട് ഇത്തരമൊരു അവതാരത്തെ സൃഷ്ടിക്കാന്‍ പ്രചോദനമായത്. ഏതാണ്ട് ഒന്നരമാസത്തെ രാവും പകലുമില്ലാത്ത പണിയും രണ്ടു ലക്ഷം രൂപയും ചിലവായി ഈ സൂപ്പര്‍ബൈക്ക് സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍.

കോളജ് വിദ്യാര്‍ഥികളായ ദേവിന്ദര്‍ സിംഗും(20) ഹര്‍സിംറാന്‍ സിംഗു(18)മാണ് ഈ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കള്‍. ജലന്ധറിലെ സെന്റ് സോള്‍ജ്യര്‍ ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിലെ വിദ്യാര്‍ഥിയാണ് ദേവിന്ദര്‍. ഹര്‍സിംറാനാകട്ടെ എയറോനോട്ടിക്കല്‍ സയന്‍സില്‍ ബി-ടെക് പഠിക്കുന്നു. വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളായ ഇരുവരുടേയും സ്വപ്‌നങ്ങളില്‍ സൂപ്പര്‍ബൈക്കുകള്‍ കടന്നുകൂടിയിട്ടും നാളേറെയായി. ഹാര്‍ലി ഡേവിസണ്‍ ബൈക്ക് സ്വന്തമാക്കുകയായിരുന്നു ദേവിന്ദര്‍ സിംഗിന്റെ ആഗ്രഹം. ഏറ്റവും കുറഞ്ഞ ഹാര്‍ഡി ഡേവിസണ്‍ മോഡലിന് അഞ്ച് ലക്ഷത്തിലേറെ വിലവരും. പുതിയൊരു സൂപ്പര്‍ബൈക്ക് സ്വന്തമാക്കുക ഇപ്പോള്‍ എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ലഭ്യമായ ഭാഗങ്ങള്‍ വെച്ച് ഒരു അടിപൊളി ബൈക്ക് ഉണ്ടാക്കിയാലോ എന്നവര്‍ ചിന്തിച്ചത്. 

പഴയ മാരുതി 800ന്റെ എൻജിനാണ് സൂപ്പര്‍ബൈക്കിന്റെ എൻജിനായി ഇവര്‍ തെരഞ്ഞെടുത്തത്. ഡിസൈന്‍ പൂര്‍ത്തിയാക്കി ആവശ്യമായ സാധനങ്ങള്‍ പല വാഹനങ്ങളില്‍ നിന്നായി സംഘടിപ്പിച്ച് ഇവര്‍ ജൂലൈ ഒന്നിന് പണി ആരംഭിച്ചു. നാട്ടിലെ ഒരു വര്‍ക്ക്‌ഷോപ്പ് പ്രതിമാസം 35,000 രൂപ നല്‍കി വാടകക്കെടുത്തായിരുന്നു പണി. ദിവസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ആഗസ്ത് എട്ടിന് ഈ കോളേജ് വിദ്യാര്‍ഥികള്‍ തങ്ങളുടെ സ്വപ്ന ബൈക്ക് യാഥാര്‍ഥ്യമാക്കി. 

ഡ്രാക്കുള എസ് 800 എന്നാണ് ഇവര്‍ തങ്ങള്‍ നിര്‍മ്മിച്ച ബൈക്കിന് പേരിട്ടിരിക്കുന്നത്. മാരുതി 800 എൻജിനെ പിന്തുണക്കുന്ന റേഡിയേറ്ററും കൂളിംഗ് ഫാനും ടാറ്റ എയ്‌സില്‍ നിന്നാണ് ലഭിച്ചത്. മാരുതി സുസുക്കി കാറിലേയും ഉപയോഗിക്കാതെ കിടന്ന ഒരു മഹീന്ദ്ര ബൊലേറോയുടേയും പലഭാഗങ്ങളും ബൈക്കിലേക്ക് മാറ്റിയിട്ടുണ്ട്. പ്രധാന ചേയിസ് ബജാജ് പള്‍സറിന്റേതാണ്. സൂക്ഷിച്ച് നോക്കിയാല്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, യമഹ എഫ്‌സി, കെടിഎം 200 ഡ്യൂക്ക്(പിന്‍ഭാഗത്തെ മഡ്ഗാര്‍ഡ്) തുടങ്ങിയവയുടെ ഭാഗങ്ങളും കാണാനാകും.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ വരെ തങ്ങളുടെ സൂപ്പര്‍ബൈക്ക് സഞ്ചരിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. 796 സിസിയുടെ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എൻജിന് താരതമ്യേന ഭാരക്കുറവുള്ള ബോഡിയാണുള്ളത് എന്നതുകൊണ്ടുതന്നെ ഇത് അസാധ്യവുമല്ല. ഇരുപത് കിലോമീറ്ററാണ് കണക്കാക്കുന്ന ഇന്ധനക്ഷമത. സൂപ്പര്‍ബൈക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് മെച്ചപ്പെട്ട ഇന്ധനക്ഷമതയാണ്. 

ഒറ്റനോട്ടത്തില്‍ ആരെയും ആകര്‍ഷിക്കുമെങ്കിലും ഈ ഡ്രാക്കുള എസ് 800നെ അത്രയെളുപ്പത്തില്‍ റോഡിലിറക്കി ഓടിച്ചുപോകാനാകില്ല. വാഹനങ്ങളുടെ അടിസ്ഥാന മോഡലില്‍ നിന്നും മാറ്റം വരുത്തുന്നതിനെ പോലും അധികൃതര്‍ പ്രോത്സാഹിപ്പിക്കാറില്ല. അതുകൊണ്ടുതന്നെ അടിമുടി കൂട്ടിച്ചേര്‍ത്ത ഡ്രാക്കുള എസ് 800ന് അനുമതി ലഭിക്കുക എളുപ്പമല്ല. എങ്കില്‍ പോലും ദേവിന്ദറും ഹര്‍സിംറാനും അവരുടെ സ്വപ്‌നബൈക്ക് നിര്‍മ്മിക്കാന്‍ കാണിച്ച നിശ്ചയദാര്‍ഢ്യത്തിന് കൊടുക്കാം ഒരു കയ്യടി.

English Summary: Maruti 800 Powered Motorcycle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com