ADVERTISEMENT

ഏതൊരു ഫോര്‍മുല 1 കാറിന്റേയും സ്റ്റിയറിങ് വീല്‍ ആദ്യമായി കാണുന്നവര്‍ ഇതെന്ത് സാധനമെന്ന് ഞെട്ടിപ്പോവുക സ്വാഭാവികം. ശരാശരി ഓരോ എഫ്1 സ്റ്റിയറിങ് വീലിലും 25 ബട്ടണുകളുണ്ടാവും. ക്ലച്ചും ഷിഫ്റ്റ് പാഡിലുകളും ബ്രേക്കിന്റെ നിയന്ത്രണവും വരെ ഡ്രൈവറുടെ വിരല്‍ തുമ്പിലാണ്. അത്രയും സങ്കീര്‍ണ്ണമായ ഈ സ്റ്റിയറിങ് വീലുകള്‍ക്ക് എത്രവിലയുണ്ടാകും?

സാധാരണ കാറുകളുടെ സ്റ്റിയറിങ്ങുമായി ഫോര്‍മുല വണ്‍ കാറുകളുടെ സ്റ്റിയറിങ് വീലുകളെ താരതമ്യപ്പെടുത്താനാകില്ല. അവയുടെ പ്രവര്‍ത്തനമായാലും വിലയായാലും അങ്ങനെ തന്നെ. ഒരു എഫ്1 സ്റ്റിയറിംങ് വീല്‍ നിര്‍മ്മിക്കാന്‍ കുറഞ്ഞത് 80 മണിക്കൂറെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു സീസണലില്‍ എഫ് 1 ഡ്രൈവര്‍ ശരാശരി മൂന്നു മുതല്‍ നാലു വരെ സ്റ്റിയറിങ് വീലുകള്‍ മാറുകയും ചെയ്യും. 

ഓരോ ഫോര്‍മുല വണ്‍ ടീമുകള്‍ക്കും പ്രത്യേകമായി നിര്‍മ്മിക്കപ്പെട്ട സ്റ്റിയറിങ് വീലുകളാണുണ്ടാവുക. അതുകൊണ്ടുതന്നെ അവയുടെ നിര്‍മാണ ചിലവിലും മാറ്റങ്ങളുണ്ടാകും. എങ്കിലും ഏതാണ്ട് 90,000 ഡോളര്‍(66 ലക്ഷം രൂപ) ആണ് ഒരു സ്റ്റിയറിങ് വീലിന്റെ ശരാശരി വിലയായി കണക്കാക്കപ്പെടുന്നത്. അതായത് സ്റ്റിയറിംങ് വീലിന്റെ ഇനത്തില്‍ മാത്രം ഒരു സീസണില്‍ ടീമുകള്‍ക്ക് 2,70,000 മുതല്‍ 3,60,000 ഡോളര്‍(1.98 കോടി രൂപ മുതല്‍ 2.64 കോടിരൂപ വരെ) വരെ ചിലവുവരും. 

നേരത്തെ പറഞ്ഞതുപോലെ അതിസങ്കീര്‍ണ്ണമാണ് ഓരോ ഫോര്‍മുല വണ്‍ കാറുകളുടെ സ്റ്റിയറിംങ് വീലുകളും. 25 ബട്ടണുകളില്‍ അഞ്ചെണ്ണം കാറിന്റെ ബ്രേക്ക് സെറ്റിങുകളില്‍ മാറ്റം വരുത്താനുള്ളതാണ്. ബ്രേക്കിന്റെ ബാലന്‍സ് മുന്നിലെ ചക്രങ്ങളില്‍ നിന്നും പിന്നിലേക്കും തിരിച്ചും മാറ്റാന്‍ സാധിക്കും. പിന്‍ ചക്രങ്ങളില്‍ ബ്രേക്ക് അധികമായാല്‍ കാര്‍ ചുറ്റി തിരിയും. മുന്‍ ചക്രങ്ങളില്‍ ബ്രേക്ക് അധികമായാല്‍ കൃത്യതയോടെയുള്ള വളവുകള്‍ ബുദ്ധിമുട്ടാവുകയും ചെയ്യും. ഓരോ കോര്‍ണ്ണറിനനുസരിച്ച് ബ്രേക്ക് ബാലന്‍സ് ഡ്രൈവര്‍ക്ക് ഈ സ്റ്റിയറിംങില്‍ സജ്ജീകരിക്കാനാകും. 

സ്‌ക്രീനിലെ വിവരങ്ങള്‍ മാറ്റുക, റേഡിയോ ആക്ടിവേറ്റ് ചെയ്യുക, പിറ്റ് ലൈനിലേക്കുള്ള വഴിയില്‍ വേഗത കൂടാതെ നോക്കുക തുടങ്ങി നിരവധി നിയന്ത്രണങ്ങള്‍ക്ക് ഡ്രൈവര്‍ക്കുള്ള ഒറ്റ ഉത്തരമാണ് ഈ സ്റ്റിയറിംങ് വീല്‍. ചില ബട്ടണുകളില്‍ ഒന്നിലേറെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓവര്‍ടേക്ക് ചെയ്യുന്ന അവസരങ്ങളില്‍ പെട്ടെന്ന് വേഗത കൂട്ടാനുള്ള 'പുഷ് ടു പാസ്' ബട്ടണും സ്റ്റിയറിംങ് വീലിലുണ്ട്.

ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു വീഡിയോ ഗെയിം കണ്‍ട്രോളറിലേതിന് സമാനമാണ് ഫോര്‍മുല വണ്‍ ഡ്രൈവര്‍മാരുടെ സ്റ്റിയറിംങ് വീലും ഡ്രൈവിങും. വീഡിയോ ഗെയിമില്‍ അപകടം നടന്നാലും കാര്യമായൊന്നും സംഭവിക്കില്ലെങ്കിലും ഇവിടെ അങ്ങനെയല്ലെന്ന് മാത്രം.

English Summary: Know More About Formula One Steering Wheel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com