ADVERTISEMENT

യൂസ്ഡ് ബൈക്കുകൾ ചൂടപ്പം പോലെ വിറ്റുപോകുന്ന കാലമാണിത്. കാറുകൾക്കുള്ളതുപോലെ യൂസ്ഡ് ബൈക്കുകൾക്ക് പ്രമുഖ ബ്രാൻഡഡ് ഷോറൂമുകൾ ഇല്ലാത്തതിനാൽ കൂടുതൽ ശ്രദ്ധ നൽകേണ്ടിയിരിക്കുന്നു. നമ്മൾ ഇതാ ഒരു യൂസ്ഡ് ബൈക്ക് നോക്കി വാങ്ങാൻ പോകുകയാണ്. ബൈക്ക് കുറച്ചുദൂരം ഓടിച്ചുനോക്കണം എന്ന ഡിമാൻഡ് ഉടമയോട് ആദ്യമേ പറയണം. ഓടിച്ചുനോക്കുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ ഓർമയിലുണ്ടാകണം.

used-bike-5

ജനപ്രിയരെ നോട്ടമിടുക

ജനപ്രീതിയാർജിച്ച ബൈക്ക് വാങ്ങാൻ ശ്രദ്ധിക്കുക. ഇങ്ങനെ പറയുന്നതിനു രണ്ടു കാരണങ്ങളുണ്ട്.

1. ആ ബൈക്ക് വിജയിക്കാൻ കാരണം ഗുണമേൻമ തന്നെയായിരിക്കും. അത് ഇന്ധനക്ഷമതയിലോ പെർഫോമൻസിലോ മുന്നിൽ നിൽക്കുന്ന ബൈക്ക് ആയിരിക്കും. ഹീറോ ഹോണ്ട സ്പ്ലെൻഡർ ഒരു ഉദാഹരണമാണ്. ഇപ്പോഴും സ്പ്ലെൻഡർ യൂസ്ഡ് ബൈക്ക് കിട്ടിയാൽ വാങ്ങുന്നവരുണ്ട്. 

2. കൂടുതൽ വിറ്റഴിയുന്ന മോഡലുകളുടെ പാർട്സുകൾ വേഗം ലഭ്യമാകും. സർവീസ് എവിടെയും ലഭികും. വിപണിയിൽ അധികം ഇറങ്ങാത്ത മോഡലുകളുടെ പാർട്സുകൾ ദുർലഭമായിരിക്കും. എൻജിൻ പരുക്കുകൾ നോക്കുക ഓടിച്ചു നോക്കുന്നതിനു മുൻപ് കുറച്ചുനേരം വാഹനം സ്റ്റാർട്ട് ചെയ്തിടുക. എന്നിട്ട് ആക്സിലറേറ്റർ കൂടുതൽ കൊടുക്കുക. ഉരസുന്ന തരത്തിൽ ശബ്ദം കേൾക്കുന്നുണ്ടോ? ക്രാങ്ക് ബെയറിങ് പോയിട്ടുണ്ടെങ്കിലാണ് ലോഹഭാഗങ്ങൾ ഉരസുന്ന ശബ്ദമുണ്ടാകുക. എങ്കിൽ എൻജിൻ അഴിച്ചു പണിയേണ്ടിവരും.

used-bike-3

വെള്ളപ്പുക അഥവാ കട്ടപ്പൊക 

എൻജിൻ ഓൺ ആക്കി സൈലൻസർ പൈപ്പിനടുത്തേക്കു വരിക. വെള്ളപ്പുകയാണു വരുന്നതെങ്കിൽ ആ എൻജിന്റെ പിസ്റ്റൺ പോയിട്ടുണ്ടാകും. ഇന്ധനം ഓയിലുമായി ചേർന്നു കത്തുമ്പോഴാണ് വെള്ളപ്പുക ഉണ്ടാകുന്നത്. 6000 രൂപയെങ്കിലുമാകും വാഹനം നന്നാക്കിയെടുക്കാൻ.

തുരുമ്പ് ഒരു തുമ്പാണ്

വാഹനത്തിൽ തുരുമ്പ് ഉണ്ടോ എന്നു സൂക്ഷ്മമായി പരിശോധിക്കണം. കടലോരമേഖലയിലെ വേഗം തുരുമ്പുവരാം. എത്രാമത്തെ ഉടമയാണ് എന്നുകൂടി അറിയുന്നത് ഗുണകരമാകും. റജിസ്ട്രേഷൻ നമ്പർ നോക്കിയാൽ ഒരു പരിധി

used-bike-7

വരെ ഇതറിയാൻ പറ്റും. ഉപ്പുകാറ്റേൽക്കാൻ സാധ്യതയില്ലാത്ത പ്രദേശത്തായാലും ബൈക്കിൽ നന്നായി തുരുമ്പു പിടിച്ചിട്ടുണ്ടെന്നു കരുതുക. ഇതു തെളിയിക്കുന്നത് ആ വാഹനം നല്ലരീതിയിൽ നോക്കിയിട്ടുണ്ടാകില്ല എന്നതാണ്. തുരുമ്പുനോക്കിയാൽ  ഇത്തരം തുമ്പുകൾ കിട്ടും. ഹാൻഡിൽ ബാറിൽ വരെ തുരുമ്പു കാണുമ്പോൾ ഉറപ്പിക്കാം- ശരിയായ രീതിയിൽ സർവീസ് ചെയ്യാതെയും അലക്ഷ്യമായി ഓടിച്ചുമാണ് ആ ബൈക്ക് കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നത്. വാങ്ങുമ്പോൾ പ്രശ്നങ്ങൾ തോന്നുന്നില്ലെങ്കിലും ഭാവിയിൽ കാശ് പോകാൻ സാധ്യതയുണ്ട്. 

സൗന്ദര്യത്തിൽ കാര്യമുണ്ട്

ഈ കാര്യം വണ്ടിയുടെ ചുറ്റും നടന്നു നോക്കുമ്പോൾ നമുക്കു പിടികിട്ടും. സ്ക്രാച്ചുകൾ, ഇടിയുടെ പാടുകൾ എന്നിവ നോക്കാം. ഹെഡ്‌ലാംപ് അസംബ്ലി, പെട്രോൾ ടാങ്ക്, ടെയിൽപീസ് എന്നീ ഭാഗങ്ങൾ കൂടുതലായി ശ്രദ്ധിക്കണം.

used-bike-6

സൗന്ദര്യം കൂടുതലാണെങ്കിൽ കാര്യമായ ആക്സിഡന്റിൽ വാഹനം പെട്ടിട്ടില്ല എന്നു കണക്കാക്കാം.  ഗന്ധം പിടിക്കുക പഴക്കം മൂലം പെട്രോൾ ടാങ്കിനു ചോർച്ചയുണ്ടാകാറുണ്ട്. അതു കണ്ടുപിടിക്കാനായി പെട്രോൾ ടാങ്കിന്റെ അടിവശത്ത്, വെൽഡ് ചെയ്ത ഭാഗത്ത് കയ്യോടിച്ചുനോക്കാം. കയ്യിൽ പെട്രോളിന്റെ ഗന്ധമുണ്ടോ എന്നു നോക്കുക. വെൽഡിങ് നടത്തിയ സ്ഥലത്താണ് ലീക്ക് കൂടുതൽ ഉണ്ടാകുക. പിന്നെ ശ്രദ്ധിക്കേണ്ടത് സീറ്റും ടാങ്കും ചേരുന്ന ഭാഗമാണ്. അവിടെനിന്നു പെട്രോളിന്റെ ഗന്ധമുണ്ടെങ്കിലും ലീക്ക് ഉണ്ടെന്ന് അനുമാനിക്കണം.  ലീക്ക് ഉണ്ടെങ്കിൽ – എം സീൽ വച്ച് ഒട്ടിക്കാം തൽക്കാലത്തേക്ക്. ടാങ്ക് മാറ്റുകയാണു പ്രതിവിധി. 5000 രൂപയെങ്കിലുമാകും. 

കുലുക്കം കൂടരുത് 

ഷോക്ക് അബ്സോർബർ യൂണിറ്റുകളാണ് ഇനി നോക്കാനുള്ളത്. മുൻഫോർക്കുകളിൽ വല്ലാതെ എണ്ണമയമുണ്ടെങ്കിൽ ഓയിൽ ലീക്ക് ഉണ്ടാകും. വലിയ ചെലവു വരില്ല. ഷോക്ക് അബ്സോർബറിൽ കാര്യമായ ഓയിൽ ലീക്ക് ഉണ്ടെങ്കിൽ ഓയിൽ സീൽ തകരാറിലാണെന്നു മനസ്സിലാക്കാം. 

used-bike-4

റിയർ ഷോക്ക് അബ്സോർബർ പരിശോധിക്കേണ്ട വിധം

സീറ്റിനു പിന്നിൽ  പിടിച്ചു താഴ്ത്തി, അല്ലെങ്കിൽ അമർത്തിയശേഷം വിടുക. പെട്ടെന്നുതന്നെ തിരികെ ത്തുകയാണെങ്കിൽ ഷോക് അബ്സോർബർ സർവീസ് ചെയ്യാനായി എന്നാണർഥം. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഷോക്ക് അബ്സോർബർ ആണെങ്കിൽ അമർത്തി വിട്ടുകഴിഞ്ഞാൽ തിരികെയെത്തുന്നത് പതിയെ ആയിരിക്കും. ഷോക്ക് അബ്സോർബർ തകരാറുണ്ടെങ്കിൽ 1,500 രൂപയെങ്കിലും സർവീസിനു ചെലവാകും.  ടെസ്റ്റ് റൈഡ് ചെയ്യുമ്പോൾ കുഴികളിൽ മനഃപൂർവം ചാടിച്ചുനോക്കുക. പിൻവശം തെറിക്കുന്നതു പോലെ തോന്നുന്നുണ്ടെങ്കിലും ഷോക്ക് അബ്സോർബറിന് പരുക്ക് ഉണ്ടെന്നു മനസ്സിലാക്കാം. 

ഓടിച്ചു നോക്കുക

ഇത്രയും കാര്യം നാം ബൈക്കിൽ കയറാതെ പരിശോധിച്ചു. ഇനി ഓടിച്ചുനോക്കാം. എപ്പോഴും യുസ്ഡ് ബൈക്ക് എടുക്കാൻ പോകുമ്പോൾ ഒരാളെക്കൂടി കൂട്ടുക. ആദ്യം സുഹൃത്തിനോട് ഓടിച്ചുനോക്കാൻ പറയാം. അന്നേരം രണ്ടു ടയറുകളുടെയും സ്ഥാനം നിങ്ങൾക്കു നോക്കാം. ഫ്രെയിമിനു വല്ല കോട്ടവും ഉള്ള വാഹനമാണെങ്കിൽ രണ്ടു ചക്രങ്ങളും നേർരേഖയിലായിരിക്കില്ല (ഏങ്കോണിച്ചു കാണും എന്നു നാട്ടുമൊഴി). സുഹൃത്ത് ഓടിച്ചുവരുമ്പോൾ അതു 

മനസ്സിലാകും. അത്തരം വാഹനങ്ങൾ എടുക്കാതിരിക്കുക. വണ്ടിക്കു വശങ്ങളിലേക്കു വലിവ് ഉണ്ടാകുന്നതും ഫ്രെയിം ചെരിവിന്റെ ലക്ഷണങ്ങമാകാം. ഒരു ഭാഗത്തേക്കു വലിവുണ്ടാകുന്നത് നെക്ക് ബോൾസ് തകരാറുമൂലവും ആകാം. ഇതു നന്നാക്കാൻ വലിയ ചെലവില്ല. ചെയിനിന്റെ ശബ്ദം പല്ലു തേഞ്ഞ ശബ്ദമുണ്ടെങ്കിൽ ചെയിൻ മാറാറായി. എന്തോ ഒരു മിസ്സിങ് ഓടിക്കുമ്പോൾ മിസ്സിങ് തോന്നുന്നുണ്ടെങ്കിൽ അതു കാർബുറേറ്ററിന്റെ പ്രശ്നം കൊണ്ടായിരിക്കും.  

ഇലക്ട്രിക്കൽ ഭാഗങ്ങളുടെ തകരാറുകൊണ്ടും ഇങ്ങനെ സംഭവിക്കാം. കാർബുറേറ്റർ മാറുന്നത് നല്ല ചെലവുണ്ടാക്കും. ഇഗ്‌നീഷൻ കോയിൽ തകരാറുകൊണ്ടും  മിസ്സിങ് വരാറുണ്ട്. ചുരുങ്ങിയത് 1000 രൂപ ചെലവ്. 

ചീറുന്ന വണ്ടി

ഒരു വാഹനത്തെ ഓവർടേക്ക് ചെയ്യുകയാണെന്നു കരുതുക. ഗിയർഡൗൺ ചെയ്ത് ഒന്നു കുതിക്കാമെന്നു കരുതുമ്പോൾ വാഹനം ഗിയറിലേക്കു വീഴില്ല. എന്നാൽ ആക്സിലറേറ്റർ കൊടുക്കുന്നതിനനുസരിച്ച് എൻജിൻ ചീറും. എൻജിന്റെ കരുത്ത് ഗിയർബോക്സിൽ എത്തിക്കുന്നതിൽ  ക്ലച്ച് പരാജയപ്പെട്ടു എന്നാണ് അർഥം. ക്ലച്ച് തേയ്മാനം മനസ്സിലാക്കുന്നത് അങ്ങനെയാണ്. കിക്കർ അടിക്കുമ്പോൾ സ്ലിപ് ആയിപ്പോകുന്നതും ക്ലച്ച് തേയ്മാനത്തിന്റെ ലക്ഷണമാണ്. എൻജിൻ അഴിക്കേണ്ടി വരും. ചെലവുണ്ട്. 

used-bike-1

ഗിയർ വീലിന്റെ പ്രശ്നം 

ഇനി തിരിച്ചുപോകാം. ഉടമ കാത്തിരിക്കുന്നു. ഗിയർ മാറുമ്പോൾ ഒരു ശബ്ദം ശ്രദ്ധയിൽ പെട്ടോ?  മൂന്നാം ഗിയറിലേക്കു മാറ്റുമ്പോൾ ലോഹഭാഗം ഉരയുന്നതുപോലെ. അതു മൂന്നാം ഗിയർവീലിന്റെ പ്രശ്നമാണ്. ഇങ്ങനെ ഗിയർ വീലുകൾക്കു പ്രശ്നമുണ്ടാകുമ്പോൾ അതതു ഗിയർ മാറുമ്പോൾ മേൽ സൂചിപ്പിച്ച ശബ്ദമുണ്ടാകും. എൻജിൻ അഴിച്ചു ഗിയർവീൽ മാറ്റേണ്ടിവരും. പണിക്കൂലി പാർട്സിന്റെ വിലയെക്കാൾ കൂടുതലായിരിക്കും. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചു വണ്ടിയോടിച്ചു നാം തിരികെയെത്തുന്നു. ഇനി ഒരു കാര്യം കൂടി പരിശോധിക്കാം. 

കാർബുറേറ്ററിനു ലീക്ക് 

ഓടിവന്ന ബൈക്ക് എൻജിൻ ഓഫാക്കി നിർത്തിയിട്ടശേഷം പരിശോധിക്കുക. കാർബുറേറ്ററിന്റെ ഓവർ ഫ്ലോ പൈപ്പിലൂടെ പെട്രോൾ വരുന്നുണ്ടെങ്കിൽ അതു കാർബുറേറ്ററിന്റെ തകരാർ ആണ് സൂചിപ്പിക്കുന്നത്. ചെലവ് 2000 രൂപയിലേറെ.യൂസ്ഡ് ബൈക്ക് വാങ്ങുന്നത് ഇത്രയും പരിശോധന കഴിഞ്ഞുമതി.

English Summary: Things to Remeber Before Buying Used Bike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com