ADVERTISEMENT

ഇപ്പോള്‍ നമ്മുടെ വിപണിയിലിറങ്ങുന്ന കാറുകളുടെ ശരാശരി വില്‍പനകാലം ആറ് മുതല്‍ എട്ടു വര്‍ഷം വരെയാണ്. മാസക്കണക്ക് നോക്കിയാല്‍ ശരാശരി നൂറ് മാസം. 250 മാസത്തില്‍ അധികം ഒരു മോഡല്‍ കാര്‍ വിറ്റുപോകുന്നത് അപൂര്‍വമാണ്. എന്നാല്‍, 684 മാസങ്ങള്‍ വിറ്റ കാര്‍ മോഡല്‍ വരെ നമ്മുടെ വിപണിയില്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ കാര്‍ വിപണിയെ ഭരിച്ചിരുന്ന മോഡലുകളെ പരിചയപ്പെടാം. 

ഹിന്ദുസ്ഥാന്‍ അംബാസഡര്‍ (1957-2014)

ഇന്ത്യക്കും ഇന്ത്യക്കാര്‍ക്കും അംബാസിഡര്‍ വെറുമൊരു കാര്‍ മോഡല്‍ മാത്രമായിരുന്നില്ല. പലപ്പോഴും ലോകത്തിന് മുമ്പിലെ ഇന്ത്യയെക്കുറിച്ചുള്ള ഓര്‍മചിത്രത്തിലെ അംഗം കൂടിയായിരുന്നു. രാജ്യം ഭരിച്ചിരുന്ന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ മേധാവികളും മുതല്‍ ബിസിനസുകാരും ടാക്‌സി ഡ്രൈവര്‍മാരും വരെ അംബാസിഡറാണ് ഉപയോഗിച്ചിരുന്നത്. ലോകത്ത് തന്നെ ഇത്രയും ദീര്‍ഘകാലം വിപണിയില്‍ നിറഞ്ഞുനിന്ന മറ്റൊരു കാറില്ല. 

ambassador

1948ല്‍ മോറിസ് ഓക്‌സ്‌ഫോഡ് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത് മുതല്‍ അംബാസിഡറിന്റെ വേരുകള്‍ പടര്‍ന്നുകിടക്കുന്നുണ്ട്. 1957ലാണ് അംബാസിഡര്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. തുടര്‍ന്ന് പതിറ്റാണ്ടുകളോളം ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഇന്ത്യക്കാരുടെ പ്രിയ അംബിക്ക് സംഭവിച്ചിട്ടില്ല. ഇതിനിടെ 1963ല്‍ കാറിന്റെ ജനലുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി മാര്‍ക്ക് 2 എന്ന് പേരിട്ടു. 1969ലും 1979ലും മാര്‍ക് 3വും മാര്‍ക് 4യും ഇറക്കിയത് ജനലില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയായിരുന്നു.

1975ല്‍ 1489 സി.സിയുടെ ഡീസല്‍ എഞ്ചിന്‍ അവതരിപ്പിച്ചതാണ് അംബാസിഡര്‍ മോഡലുകളില്‍ വന്ന കാര്യമായ മാറ്റങ്ങളിലൊന്ന്. ടാക്‌സിയായി അംബാസിഡര്‍ ഉപയോഗിക്കുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഈ മോഡല്‍. 2000ത്തില്‍ നിലവില്‍ വന്ന ബി.എസ്2 മലിനീകരണ നിയന്ത്രണങ്ങള്‍ പാലിക്കാനായി 1.5പെട്രോള്‍ എഞ്ചിന്‍ മാറ്റി 1.8ലിറ്ററിന്റെ കോണ്ടസയുടെ ഇസൂസു എഞ്ചിന്‍ അംബാസിഡറിലെത്തിച്ചു. ഒടുവില്‍ 2014ല്‍ അംബാസിഡര്‍ പുറത്തിറക്കുന്നത് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് നിര്‍ത്തി. ഇന്ത്യക്കാരുടെ ജീവിതത്തില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരു കാര്‍മോഡല്‍ ഇല്ല. 

മാരുതി 800 (1983-2014)

മാരുതി 800(എസ്എസ്80) ആണ് ആ വാഹന വിപ്ലവത്തിന് തുടക്കമിട്ടത്. എന്നാല്‍ 1986ല്‍ പുറത്തിറങ്ങിയ മാരുതി 800എസ്ബി 308 ആയിരുന്നു ആ വിപ്ലവം നയിക്കാന്‍ സാധിച്ചത്. ഡ്രൈവിംഗ് സ്‌കൂളുകാരുടെ പ്രിയ വാഹനമായ ഈ കാറിലായിരുന്നു നമ്മള്‍ കാറോടിക്കാന്‍ പഠിച്ചത്. 29 ലക്ഷത്തിലേറെ മാരുതി 800 വാഹനങ്ങളാണ് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത്. ലാളിത്യമായിരുന്നു മാരുതി 800ന്റെ മുഖമുദ്ര. സാധാരണക്കാരന്റെ കാറെന്ന പട്ടം ചേരുക മാരുതിയുടെ ഈ ചെറുകാറിനാണ്. ആദ്യ 11 വര്‍ഷക്കാലത്ത് ഒരു മാറ്റം പോലും മാരുതി ഈ മോഡലിന് വരുത്തിയില്ല. ഇപ്പോഴത്തെ വാഹനവിപണിയില്‍ മാറ്റമെന്ന് അംഗീകരിക്കാന്‍ പോലും സാധിക്കാത്ത ചെറിയൊരു മാറ്റമാണ് 1997ല്‍ മാരുതി 800ന് വരുത്തിയത്.

maruti-800

ബിഎസ്2 നിയന്ത്രണത്തിന് പിന്നാലെയാണ് മാരുതി 800ന് കാര്യമായ മാറ്റങ്ങളുണ്ടായത്. കാര്‍ബൊറേറ്റര്‍ എടുത്തുകളഞ്ഞു. ഫോര്‍വാല്‍വ് പെര്‍ സിലിണ്ടര്‍ വന്നു. അഞ്ച് സ്പീഡിന്റെ ഗിയര്‍ കൊണ്ടുവന്നു. മാരുതി 800 ഇന്ത്യയുടെ ആദ്യത്തെ കാറല്ല ഏറ്റവും മികച്ച കാറും ഇതല്ല. എന്നാല്‍, ഇന്ത്യന്‍ കാര്‍ വിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ ഏതെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ മാരുതി 800. ഇന്ത്യന്‍ കാര്‍ വിപണിയെ ഇത്രമേല്‍ സ്വാധീനിച്ച മറ്റൊരു കാറില്ല. 

പ്രീമിയര്‍ പദ്മിനി (1964-2000)

അംബാസിഡറിന്റെ എക്കാലത്തേയും വലിയ എതിരാളി പ്രീമിയര്‍ പദ്മിനിയായിരുന്നു. ഏതാണ്ട് രണ്ടു ദശാബ്ദക്കാലത്തോളം ഈ രണ്ടു കാറുകള്‍ മാത്രമായിരുന്നു ഇന്ത്യന്‍ കാര്‍ പ്രേമിയുടെ പ്രധാന പരിഗണനകള്‍. ഫിയറ്റിന്റെ 1100 ഡിലൈറ്റ് കാറാണ് ഇന്ത്യയില്‍ പ്രീമിയര്‍ പദ്മിനിയായി അവതരിപ്പിച്ചത്. ആദ്യം പ്രസിഡന്റ് എന്നായിരുന്നു പദ്മിനിയുടെ പേര്. പിന്നീട് ഫിയറ്റില്‍ നിന്നും പൂര്‍ണ്ണമായും അവകാശം ലഭിച്ചതോടെ പ്രീമിയര്‍ തങ്ങളുടെ കാറിന്റെ പേര് പദ്മിനിയെന്നാക്കുകയായിരുന്നു. കുടുംബങ്ങളുടെ ഇഷ്ടവാഹനമായി വൈകാതെ പദ്മിനി മാറി. ഒരവസരത്തില്‍ എട്ടു മുതല്‍ പത്തു വര്‍ഷം വരെ പുത്തന്‍ പ്രീമിയര്‍ പദ്മിനിക്കുവേണ്ടി ബുക്കു ചെയ്ത് കാത്തിരിക്കേണ്ടി വരുമായിരുന്നുവെന്ന് ഇന്ന് പറയുമ്പോള്‍ വിശ്വസിക്കാന്‍ പോലും പ്രയാസമാണ്. 

premier-padmini

അംബാസിഡറിനെ പോലെതന്നെ ഡിസൈനിലെ മാറ്റങ്ങളില്‍ പ്രീമിയര്‍ പദ്മനിയും കാര്യമായി വിശ്വസിച്ചിരുന്നില്ല. 1980കളില്‍ മാരുതി 800 വന്നതിന് ശേഷമാണ് ചെറിയ മാറ്റങ്ങള്‍ക്ക് പോലും പ്രീമിയര്‍ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് തയാറായത്. ഓയില്‍ സര്‍ക്കുലേഷന്‍ സിസ്റ്റവും 1089 സിസി എൻജിന്റെ കംപ്രഷന്‍ റേഷ്യോയും 1985ല്‍ കമ്പനി മാറ്റി. 

1989മുതല്‍ 1992 വരെയുള്ള കാലത്ത് മലിനീകരണം കുറക്കാനും കരുത്ത് വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുണ്ടായി. 1367 സി.സിയുടെ ഒരു ഡീസല്‍ മോഡലും പ്രീമിയര്‍ അവതരിപ്പിച്ചു. ടാക്‌സി വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു അത്. എന്നാല്‍, കറുത്ത പുക തുപ്പുന്ന ഡീസല്‍ പ്രീമിയര്‍ പദ്മിനിക്കെതിരെ ഇപ്പോഴും കോടതികളില്‍ കേസുകളുണ്ട്. 2000ല്‍ നിലവില്‍ വന്ന ബിഎസ്2 മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കാനാവാതെ വന്നതോടെ പ്രീമിയര്‍ പദ്മിനിയുടെ മരണമണിയും മുഴങ്ങി. 

മാരുതി ഒമ്‌നി (1984-2019)

മാരുതി 800 പുറത്തിറങ്ങി കൃത്യം ഒരു വര്‍ഷത്തിന് ശേഷം 1984 ഡിസംബറിലാണ് മാരുതി ഒമ്‌നി പുറത്തിറങ്ങിയത്. മാരുതി 800 നിര്‍മാണം നിലച്ച് അഞ്ചു വര്‍ഷം കൂടി ഒമ്‌നി പിടിച്ചു നിന്നു. ഏതാണ്ട് മൂന്നു ദശാബ്ദക്കാലത്തോളം ഡിസൈനില്‍ കാര്യമായ വ്യത്യാസം മാരുതി ഒമ്‌നിക്കുണ്ടായിരുന്നില്ല. പരമാവധി പേരെ ഏറ്റവും കുറഞ്ഞ ചിലവില്‍ കൊണ്ടുപോവുകയെന്ന ദൗത്യത്തില്‍ ഒമ്‌നിയെ വെല്ലാന്‍ അധികം വാഹനങ്ങളില്ല. സെമി കൊമേഴ്‌സ്യല്‍ ഉപയോഗം സാധ്യമാക്കുന്ന ഫാമിലി വാഹനമെന്ന നിലയിലാണ് മാരുതി ഒമ്‌നി അവതരിപ്പിക്കപ്പെട്ടത്. ഏട്ട് പേരെ വരെ സുഖമായി കൊണ്ടുപോകാമെന്നതും യൂസര്‍ ഫ്രണ്ട്‌ലിയാണെന്നതും ചിലവ് കുറഞ്ഞ രീതിയില്‍ ഉപയോഗിക്കാമെന്നതും ഒമ്‌നിയെ വലിയൊരു വിഭാഗത്തിന്റെ പ്രിയ വാഹനമാക്കി. 

maruti-omni

2000ത്തിലെ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ ഉള്‍ക്കൊള്ളാനായി എൻ‌ജിനില്‍ വരുത്തിയ മാറ്റം ഒഴികെ മാരുതി ഒമ്‌നിയിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. ഇതേ കാലത്ത് ഡിസ്‌ക് ബ്രേക്ക് ഒമ്‌നിക്ക് നല്‍കിയിരുന്നു.  2.88 ലക്ഷത്തിന് എട്ട് സീറ്റുള്ള വാഹനമെന്ന മാരുതി അവതരിപ്പിച്ച അത്ഭുതമായിരുന്നു ഒമ്‌നി. 

മാരുതി ജിപ്‌സി (1985-2019)

ഹിമാലയന്‍ റാലിയിലൂടെയായിരുന്നു ഇന്ത്യന്‍ വാഹനപ്രേമികളുടെ സ്വപ്‌നങ്ങളിലേക്ക് മാരുതി ജിപ്‌സി ഇറങ്ങി വന്നത്. എഫ്10 970 സിസി ഫോര്‍ സിലിണ്ടര്‍ എൻജിനായിരുന്നു ജിപ്‌സിയുടെ കരുത്ത്. വീതികുറഞ്ഞ ട്രാക്കായിരുന്നു ജിപ്‌സിയുടെ പ്രധാന പോരായ്മ. വിമര്‍ശനങ്ങള്‍ ഏറിയപ്പോള്‍ 410ഡബ്ല്യു എന്ന പേരില്‍ ജിപ്‌സി പുതിയ മോഡല്‍ 1993ല്‍ അവതരിപ്പിച്ചു. വിഡ്ത്തിനെ സൂചിപ്പിക്കുന്നതായിരുന്നു ഡബ്ല്യു. ഓഫ് റോഡ് വാഹനങ്ങളില്‍ ജിപ്‌സി എക്കാലത്തും മികച്ചു നിന്നു. നല്ല ഗ്രൗണ്ട് ക്ലിയറന്‍സും കുറഞ്ഞ ഭാരവുമെല്ലാം ജിപ്‌സിയെ ഏതു കുന്നും മലയും കയറ്റി. ഇതുതന്നെയാണ് ഇന്ത്യന്‍ പ്രതിരോധ സേനയുടെ പ്രധാന വാഹനമായി ജിപ്‌സിയെ മാറ്റിയതും.

maruti-gypsy

ടാറ്റ സുമോ (1994-2019)

ടാറ്റയുടെ യൂട്ടിലിറ്റി വെഹിക്കില്‍ വിപണിയിലേക്കുള്ള ആദ്യ വാഹനമായിരുന്നു പത്തു പേരെ വരെ കൊള്ളുന്ന ടാറ്റ സുമോ. സര്‍ക്കാരിന്റെ അന്നത്തെ ആഭ്യന്തര നികുതി വ്യവസ്ഥകളുടെ പഴുതായിരുന്നു ടാറ്റ സുമോയെ ഹിറ്റാവാന്‍ സഹായിച്ചത്. പത്ത് സീറ്റില്‍ കുറവുള്ള കാറുകള്‍ക്ക് 40ശതമാനമായിരുന്നു ആഭ്യന്തരനികുതിയെങ്കില്‍ സുമോക്ക ഇത് 15 ശതമാനമായിരുന്നു. നികുതിയിലെ ഈ കുറവ് ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ ടാറ്റ തീരുമാനിച്ചതോടെ സുമോ 3.23 ലക്ഷത്തിന് റോഡിലിറങ്ങി.

tata-sumo

സുമോയുടെ പല നവീകരിച്ച മോഡലുകള്‍ ടാറ്റ അവതരിപ്പിക്കുകയുണ്ടായി. 2000ത്തിലാണ് സുമോ സ്പാസിയോ വന്നത്. 2004ല്‍ സുമോ വിക്റ്റ വന്നു. ഇന്റീരിയറിലും ചില ഫീച്ചറുകളിലുമായിരുന്നു മാറ്റങ്ങള്‍. മൂന്ന് നിരയായിട്ടായിരുന്നു സീറ്റുകള്‍. വിപണിയില്‍ ഇന്നോവ തരംഗമായപ്പോള്‍ പോലും വിലയിലെ കുറവില്‍ സുമോ പിടിച്ചുനിന്നു. ക്രാഷ് റെഗുലേഷനുകള്‍ ശക്തമാവുകയും ബിഎസ്6 മലിനീകരണ നിയന്ത്രണങ്ങള്‍ വരികയും ചെയ്തതോടെ 2019ല്‍ ടാറ്റ സുമോയുടെ ഉത്പാദനം അവസാനിപ്പിക്കുകയായിരുന്നു.

English Summary: Legendary and Longest Production Cars in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com