ADVERTISEMENT

ഏതു യാത്രയേയും ഒഴിവാക്കാനുള്ള നിരവധി കാരണങ്ങള്‍ ഒറ്റയിരുപ്പിന് നമുക്ക് പറയാന്‍ പറ്റും. എന്നാല്‍ യാത്ര ചെയ്യാന്‍ ഒരൊറ്റ കാരണമേയുള്ളൂ, അങ്ങു പോവുകയെന്നത്. പ്രത്യേകിച്ചും ഒരു പെണ്‍ ബുള്ളറ്റ് റൈഡറാവുകയെന്ന ആഗ്രഹം പ്രാവര്‍ത്തികമാക്കാന്‍ കടമ്പകള്‍ ഏറെയാണ്. എല്ലാ എതിര്‍പ്പുകളേയും മറികടന്ന് ആരും കൊതിക്കുന്ന അനവധി റൈഡുകള്‍ നടത്തിയിട്ടുള്ളയാളാണ് തിരുവനന്തപുരം സ്വദേശിയായ ഷൈനി രാജ്കുമാര്‍. 

ബുള്ളറ്റ് റൈഡര്‍, കേരളത്തിലെ ആദ്യത്തെ വനിതാ ബുള്ളറ്റ് ക്ലബിന്റെ സ്ഥാപക, കന്യാകുമാരിയില്‍ നിന്നും കശ്മീര്‍ വരെ ബുള്ളറ്റ് ഓടിച്ചയാള്‍, റൈഡര്‍മാരുടെ സ്വപ്‌ന നേട്ടമായ അയണ്‍ ബട്ട് സ്വന്തമാക്കിയവള്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ഷൈനിക്ക് ചേരും. റൈഡിംഗ് അനുഭവങ്ങളും പ്രതിസന്ധികളും ബുള്ളറ്റ് ക്ലബിന്റെ വിശേഷങ്ങളും ഈ സഞ്ചാരി ലോക വിനോദസഞ്ചാരദിനത്തില്‍ മനോരമ ഓണ്‍ലൈനുമായി പങ്കുവെച്ചു. 

shyni-rajkumar-2

യാത്രകളുടെ ചിറകുവിടരുന്നു

പപ്പയുടെ സഹോദരന്‍ തങ്കരാജ് ബോഡി ബില്‍ഡറായിരുന്നു. മിസ്റ്റര്‍ കേരളയായിരുന്ന അദ്ദേഹം തുടര്‍ന്ന് കേരള പൊലീസില്‍ ചേര്‍ന്നു. തങ്കരാജിന്റെ ജീവിതമാണ് ചെറുപ്പത്തില്‍ കായികരംഗത്തേക്കെത്താനുള്ള പ്രചോദനം. തിരുവനന്തപുരം വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഷൈനി ഖൊഖൊ പ്ലെയറായിരുന്നു. സ്‌കൂളിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചറായിരുന്ന കമലാഭായ് എക്കാലത്തും പ്രചോദനമായിരുന്നു. ഇപ്പോഴും ടീച്ചറുമായുള്ള ബന്ധം ദൃഢമാണ്. ഏത് പ്രതിസന്ധിയിലും ഒപ്പം നിന്ന ടീച്ചറെ രണ്ടാനമ്മയെന്ന് വിശേഷിപ്പിക്കാനാണ് ഷൈനിക്കിഷ്ടം.

അത്‌ലറ്റിക്‌സില്‍ ലോങ്ജംപ്, ഹൈജംപ്, ഹഡില്‍സ് എന്നിവയൊക്കെയായിരുന്നു മത്സര ഇനങ്ങള്‍. ഓള്‍ സെയിന്റ്‌സ് കോളജിലാണ് പഠിച്ചത്. അവിടെ ക്രിക്കറ്റായിരുന്നു പ്രധാനം. അങ്ങനെ ക്രിക്കറ്റ് കളിച്ചു തുടങ്ങി. ടീമില്‍ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്‌വുമണുമായ ഷൈനി കേരളത്തിനു വേണ്ടി സബ് ജൂനിയര്‍ ക്രിക്കറ്റ് ടീമിലും കളിച്ചിട്ടുണ്ട്. 

shyni-rajkumar-4

സ്‌കൗട്ട് ആന്റ് ഗൈഡ്‌സിലും സജീവമായിരുന്ന ഷൈനി മികച്ച കേഡറ്റിനുള്ള അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്നും നേടിയിട്ടുണ്ട്. കായികമത്സരങ്ങള്‍ക്കുവേണ്ടിയും സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ഭാഗമായും സ്‌കൂള്‍, കോളജ് തലത്തില്‍ തന്നെ ഒരുപാട് സഞ്ചരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. പത്തുവയസ് കഴിഞ്ഞപ്പോള്‍ മുതല്‍ ഒറ്റക്ക് യാത്ര ചെയ്തു തുടങ്ങി. അമ്മവീടായ പൂവാറിലേക്ക് വെങ്ങാനൂരു നിന്നുമുള്ള ബസ് യാത്രകളായിരുന്നു ആദ്യത്തെ 'സോളോ' അനുഭവങ്ങള്‍. മൊബൈല്‍ ഫോണിന്റെ അദൃശ്യ കരുതലില്ലാതിരുന്ന കാലത്തും സ്വന്തം മകളെ ഒറ്റക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയ മാതാപിതാക്കളായിരുന്നു ഷൈനിയിലെ യാത്രികയുടെ ചിറകുവിടര്‍ത്തിയത്. അമ്മ വിമല, പപ്പ സിസില്‍ ഹാന്റെക്‌സിലായിരുന്നു ജോലി ചെയ്തിരുന്നത്.

ഉത്തരേന്ത്യന്‍ കാഴ്ച്ചകള്‍

കോളജ് പഠനത്തിന് പിന്നാലെ യുപിയിലെ സ്‌കൂളില്‍ ജോലിയെടുത്തിട്ടുണ്ട്. മലയാളികള്‍ക്ക് വേണ്ടിയുള്ള ഹോസ്റ്റല്‍ സ്‌കൂളായിരുന്നു അത്. ശനി, ഞായര്‍ അവധി ദിവസങ്ങളില്‍ സൈക്കിളുമെടുത്ത് കുട്ടികളുടെ വീടുകളിലേക്ക് പോകും. യുപിയിലെ ഉള്‍ഗ്രാമങ്ങളിലൂടെയുള്ള സൈക്കിള്‍ യാത്ര തന്ന പുതിയ അനുഭവങ്ങളാണ് അതിന് പ്രേരിപ്പിച്ചത്. പിന്നീട് സൈക്കിള്‍ ബൈക്കായി മാറി.  

shyni-rajkumar-1

അവിടെ നിന്നാണ് ഡല്‍ഹി പൊലീസില്‍ ചേരുന്നത്. ഡല്‍ഹിയിലുള്ളപ്പോള്‍ ഖൊരക്പൂര്‍ വഴി നേപ്പാളിലേക്ക് പോയിട്ടുണ്ട്. മണാലിയിലേക്ക് പോയെങ്കിലും ഇടക്കുവെച്ച് നിര്‍ത്തി തിരിച്ചുപോകേണ്ട് വന്നിട്ടുണ്ട്. ബുള്ളറ്റിന്റെ തകരാറുകളും മഞ്ഞുവീഴ്ച്ചയുമൊക്കെയായിരുന്നു കാരണം. വൈകാതെ ജോലി യാന്ത്രികമാവുകയും ഇഷ്ടയാത്രകള്‍ സാധ്യമാകാതെ വരികയും ചെയ്തു. ഇതോടെ 2007ല്‍ ഡല്‍ഹി പൊലീസിലെ ജോലി അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങി. 

യാത്രികയില്‍ നിന്നും റൈഡറിലേക്ക്

കേരളത്തില്‍ തിരിച്ചെത്തിയ ശേഷം കോട്ടക് മഹേന്ദ്രയില്‍ തൃശൂരില്‍ ജോലിയെടുത്തിട്ടുണ്ട്. ഫീല്‍ഡിലെ ജോലിയായതിനാല്‍ യാത്രകള്‍ ചെയ്യാമെന്നതായിരുന്നു രണ്ടു വര്‍ഷമെങ്കിലും അവിടെ പിടിച്ചു നിര്‍ത്തിയതിന്റെ കാരണം. 'മറ്റുള്ളോരെന്താ വിചാരിക്കാ' എന്ന തോന്നല്‍ തുടക്കത്തില്‍ ഷൈനിയേയും ബാധിച്ചിരുന്നു. തൃശൂരുള്ളപ്പോഴൊക്കെ ചുരിദാറിട്ടാണ് ബൈക്ക് ഓടിച്ചിരുന്നത്. പിന്നീട് അതിനേയും മറികടന്നു. യാത്രകള്‍ക്ക് പോകുമ്പോള്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയി തോന്നുന്ന വേഷങ്ങളാണ് ഇപ്പോള്‍ ധരിക്കാറ്. 

shyni-rajkumar-5

ബൈക്കും ബുള്ളറ്റും ഓടിക്കുന്ന പെണ്‍കുട്ടിയെ കുത്തുവാക്കുകള്‍ കൊണ്ട് തളര്‍ത്താനാണ് നാട്ടുകാരിലെ പലരും ശ്രമിച്ചത്. എന്നാല്‍ യാത്രകളോടുള്ള ഇഷ്ടവും കുടുംബത്തിന്റെ പിന്തുണയുമായിരുന്നു ഷൈനി രാജ്കുമാറിന്റെ കരുത്ത്. 2012മുതലാണ് റൈഡിംഗിനെ കൂടുതല്‍ ഗൗരവത്തോടെ കണ്ടത്. ചേച്ചീ എന്നെക്കൂടി ബുള്ളറ്റ് ഓടിക്കാന്‍ പഠിപ്പിക്കുമോ? എന്ന ചോദ്യം ഏറിയപ്പോഴാണ് 2014ല്‍ പെണ്‍കുട്ടികളെ ബുള്ളറ്റ് പഠിപ്പിച്ച് തുടങ്ങുന്നത്. ഭര്‍ത്താവ് രാജ്കുമാറായിരുന്നു പിന്തുണയുമായി അന്നും കട്ടക്ക് കൂടെ നിന്നത്. 

വനിതാ ബുള്ളറ്റ് ക്ലബ്

ബുള്ളറ്റ് ഓടിക്കാന്‍ പഠിച്ചാല്‍ പോലും ആണ്‍കുട്ടികള്‍ക്കൊപ്പം റൈഡിന് പോകാന്‍ പലരുടേയും വീടുകളില്‍ നിന്നും സമ്മതിക്കാറില്ല. ഇത് തിരിച്ചറിഞ്ഞതോടെയാണ് എന്തുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഒരു ബുള്ളറ്റ് ക്ലബ് തുടങ്ങി കൂടെന്ന തോന്നല്‍ വരുന്നത്. അങ്ങനെ 2016 നവംബറില്‍ തിരുവനന്തപുരത്തായിരുന്നു കേരളത്തിലെ ആദ്യ വനിതാ ബുള്ളറ്റ് ക്ലബായ ഡോണ്ട്‌ലെസ് റോയല്‍ എക്‌സ്‌പ്ലോറേഴ്‌സിന്റെ  പിറവി. 

shyni-rajkumar-3

റൈഡറാകാനുള്ള നിരവധി പെണ്‍ മനസുകളിലെ ആഗ്രഹം പ്രാവര്‍ത്തികമാക്കാന്‍ ഈ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്. ഇതുവരെ 250ലേറെ പേര്‍ അംഗങ്ങളായി. ഇപ്പോള്‍ കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ വനിതാ ബുള്ളറ്റ് ക്ലബുണ്ട്. കൊല്ലത്തെ ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം കോവിഡിനെ തുടര്‍ന്ന് വൈകുകയാണ്. ആരുടെ മുന്നിലും പേടിക്കരുത് അതിനൊപ്പംതന്നെ കിട്ടുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുത് ഇതുരണ്ടുമാണ് ബുള്ളറ്റ് ക്ലബിലെത്തുന്ന റൈഡര്‍മാര്‍ക്ക് ഷൈനി നല്‍കാറുള്ള ആദ്യ നിര്‍ദേശങ്ങള്‍.

ഇന്ത്യൻ യാത്രയും അയണ്‍ ബട്ടും

2017ലെ കന്യാകുമാരി കശ്മീര്‍ യാത്ര മൂന്നുപേരായാണ് തുടങ്ങിയത്.. ഒപ്പമുണ്ടായിരുന്നവരുമായി ലേയില്‍ പിരിഞ്ഞു. ചണ്ഡീഗഡ് മുതല്‍ ലേ വരെയും തിരിച്ച് ചണ്ഡീഗഡ് വരെയും ഭര്‍ത്താവ് രാജ്കുമാറും ഉണ്ടായിരുന്നു. പിന്നീട് ചണ്ഡീഗഡ് മുതല്‍ തിരുവനന്തപുരം വരെ ഒറ്റക്കാണ് ഓടിച്ചത്. അങ്ങനെ ഒരൊറ്റ യാത്രയില്‍ തന്നെ സംഘമായും സോളോ ആയും പോകുന്നതിന്റെ അനുഭവങ്ങളുമായാണ് 42 ദിവസത്തെ ആദ്യത്തെ ഇന്ത്യന്‍ പര്യടനം ഷൈനി രാജ്കുമാര്‍ പൂര്‍ത്തിയാക്കുന്നത്.

shyni-rajkumar-6
ഷൈനി രാജ്കുമാറും ഭര്‍ത്താവ് രാജ്കുമാറും മകന്‍ ലെനിന്‍ ജോഷ്വയും

1600 കിലോമീറ്റര്‍ 24 മണിക്കൂറുകൊണ്ട് പൂര്‍ത്തിയാക്കേണ്ട അയണ്‍ ബട്ട് വെല്ലുവിളിയും ഷൈനി വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് ആരംഭിച്ച് പൂനെ വരെ പോയി തിരിച്ച് ബംഗളൂരുവില്‍ തന്നെ അവസാനിക്കുന്നതാണ് ഇന്ത്യയിലെ അയണ്‍ ബട്ട് ചലഞ്ച്. ഉറക്കവും ഭക്ഷണവും ഏതാണ്ട് പൂര്‍ണ്ണമായി തന്നെ ഒഴിവാക്കിയായിരുന്നു യാത്ര. വെള്ളം കുടിക്കാനും ഇന്ധനം നിറക്കാനും ശൗചാലയത്തില്‍ പോകാനും അഞ്ച് മിനിറ്റ് മാത്രം നീളുന്ന ചെറുമയക്കത്തിനും വേണ്ടി മാത്രമാണ് യാത്രക്കിടെ നിര്‍ത്തിയത്.

ഭര്‍ത്താവ് രാജ്കുമാറാണ് അയണ്‍ ബട്ട് പൂര്‍ത്തിയാക്കാന്‍ പ്രോത്സാഹനവും പിന്തുണയും. പകല്‍ അധികം ഫോണില്‍ വിളിച്ചില്ലെങ്കിലും രാത്രി രാജ്കുമാര്‍ ഇടക്കിടെ വിളിക്കുമായിരുന്നു. ഉറങ്ങിപോകുമോ എന്നതായിരുന്നു പ്രധാന ആശങ്ക. സംസാരത്തില്‍ ക്ഷീണം തോന്നിയാല്‍ വിശ്രമിക്കാന്‍ നിര്‍ദേശിച്ചും കൃത്യം അഞ്ച് മിനുറ്റ് കഴിയുമ്പോള്‍ വിളിച്ചുണര്‍ത്തിയും രാജ്കുമാര്‍ കട്ടക്ക് കൂടെ നിന്നു. അന്ന് രാത്രി പൂര്‍ണ്ണമായും ഉറക്കമിളച്ചിരുന്ന രാജ്കുമാറിന്റെ കൂടി പിന്തുണയും ഊര്‍ജ്ജവുമാണ് തനിക്ക് അയണ്‍ ബട്ട് ചലഞ്ച് പൂര്‍ത്തിയാക്കാന്‍ സഹായിച്ചതെന്നും ഷൈനി കൂട്ടിച്ചേര്‍ക്കുന്നു. ഇരുപത്തിമൂന്നര മണിക്കൂറുകൊണ്ട് 1680 കിലോമീറ്ററാണ് ഷൈനി അയണ്‍ ബട്ട് ചലഞ്ചിന്റെ ഭാഗമായി സ്വന്തം ഹിമാലയനില്‍ പൂര്‍ത്തിയാക്കിയത്. 

പലയാത്രകള്‍, ഒരൊറ്റ സന്ദേശം

ഷൈനി രാജ്കുമാറിന്റെ എല്ലാ യാത്രകളും മുന്നോട്ടുവെക്കുന്നത് ഒരൊറ്റ സന്ദേശമാണ്. 'സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക' എന്ന സന്ദേശം. പലരും ഇങ്ങനെ ബോധവല്‍ക്കരണ സന്ദേശവുമായി യാത്ര ചെയ്യുന്നതുകൊണ്ട് എന്ത് പ്രയോജനമെന്ന് ചോദിച്ചിട്ടുണ്ട്. അവരോടെല്ലാം ഒരൊറ്റ മറുപടി മാത്രം. ഒരാളെങ്കിലും ചിന്തിച്ചാല്‍, തിരുത്താന്‍ തയ്യാറായാല്‍ അതുമതി. ഷൈനിയുടെ ഉള്ളിലെ സഹജീവികളെ ശാക്തീകരിക്കണമെന്ന ആഗ്രഹത്തിന്റെ മറ്റൊരു പതിപ്പാണ് വനിതാ ബുള്ളറ്റ് ക്ലബ്. 

ഒരു ബുള്ളറ്റ് സ്വന്തമാക്കണമെന്ന ഷൈനിയുടെ മോഹം ആരംഭിക്കുന്നത് യുകെജിയില്‍ പഠിക്കുമ്പോള്‍ മുതലാണ്. 2012ല്‍ സ്റ്റാന്‍ഡേഡ് 350 സ്വന്തമാക്കി. ഇപ്പോള്‍ ഷൈനിയുടെ കൈവശം ഇപ്പോള്‍ ആറ് ബുള്ളറ്റുകളുണ്ട്. കേരളത്തില്‍ ഹിമാലയന്‍ ആദ്യ ഉടമയും ഇന്റര്‍സെപ്റ്ററിന്റെ കേരളത്തിലെ ആദ്യ ഉടമയും ലോകത്തെ തന്നെ ആദ്യ വനിതാ ഉടമയും ഷൈനിയാണ്. ഉപയോഗിച്ച വാഹനങ്ങളില്‍ ഏറ്റവും തൃപ്തി നല്‍കിയത് ഹിമാലയനാണ്. 

എന്‍ഫീല്‍ഡ് ടീമില്‍ നിന്നും ലഭിക്കുന്ന സഹകരണവും പിന്തുണയും കൂടിയാണ് ഷൈനിയെ ബുള്ളറ്റ് പ്രേമിയായി തുടരാന്‍ സഹായിക്കുന്ന മറ്റൊരു പ്രധാന ഘടകം. ഏതൊരു റൈഡിന് പോകുമ്പോഴും എന്‍ഫീല്‍ഡ് ടീം തുടക്കം മുതല്‍ അവസാനം വരെ പിന്തുണ നല്‍കാറുണ്ട്. കന്യാകുമാരി മുതല്‍ കര്‍ദുംഗ്‌ലാ പാസ് വരെ നടത്തിയ ബൈക്ക് യാത്രയില്‍ കേരളത്തിലെ ഹെഡായിരുന്ന ശ്രീനിവാസും കര്‍ണ്ണാടക ഹെഡുമായിരുന്നു പിന്തുണ നല്‍കിയത്. 

painting

വേള്‍ഡ് ട്രിപ്പ് ചെയ്തുകൂടേ എന്ന് ചോദിക്കുന്നവരോട് കേരളം തന്നെ മുഴുവനായും കണ്ടുതീര്‍ക്കട്ടെയെന്നാണ് പറയാറ്. വലിയ പാതകളിലൂടെ ദീര്‍ഘമായി ഓടിച്ചുപോകുന്നതിനൊപ്പം ഗ്രാമങ്ങളിലേയും ഉള്‍നാടുകളിലേയും കാഴ്ച്ചകളും അനുഭവങ്ങളും കൂടി അറിയണമെന്നതാണ് ഷൈനിയുടെ ഇപ്പോഴത്തെ ആഗ്രഹം. ദീര്‍ഘയാത്രകളുടെ മാനസിക ശാരീരിക വെല്ലുവിളികള്‍ക്കൊപ്പം ഓരോ നാടിന്റേയും ആത്മാവിനെ അറിയുകയെന്നത് ലക്ഷ്യം കൂടി നിറവേറ്റുന്നതാകും ഭാവിയിലെ യാത്രകള്‍.

കോവിഡ് കാലത്തെ പെയിന്റിംഗ്

എല്ലാവരേയും പോലെ കോവിഡ് ഷൈനിയുടെ ജീവിതത്തിലും വലിയ സ്വാധീനമുണ്ടാക്കി. യാത്രകളെ ജീവശ്വാസം പോലെ കരുതുന്ന ഷൈനിക്ക് അടച്ചുപൂട്ടലിന്റെ ആദ്യ ദിവസങ്ങള്‍ തികച്ചും ദുഷ്‌കരമായിരുന്നു. സുഹൃത്തുക്കളുടെ സൂം കോളുകളിലൂടെയും മറ്റും ഇതിനെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും യഥാര്‍ഥത്തില്‍ സഹായിച്ചത് മറ്റൊരു ഷൈനിയുടെ മറ്റൊരു പാഷനാണ്. കോവിഡ് കാലത്ത് അമ്പതിലേറെ മ്യൂറല്‍ പെയിന്റിംഗുകളാണ് ഷൈനി പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ അതുവെച്ച് ഒരു ചിത്ര പ്രദര്‍ശനം നടത്താനൊരുങ്ങുകയാണ് ഷൈനി രാജ്കുമാര്‍. കോവിഡ് ഒന്ന് അടങ്ങിയിട്ട് മറ്റൊരു ഇന്ത്യന്‍ യാത്രക്കുകൂടി നടത്തണമെന്ന ആഗ്രഹവും ഷൈനി പങ്കുവെച്ചു. ഇക്കുറി ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് ഗ്രാമങ്ങളിലൂടെയാകും യാത്ര. കൂട്ടിന് വിശ്വസ്ത റൈഡിംഗ് പങ്കാളിയായ ഹിമാലയനും ഉണ്ടാവും.

English Summary: Lady Bullet Rider Shyni Rajkumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com