26 വർഷത്തെ സർവീസ്, ഇത് മലപ്പുറത്തിന്റെ സ്വന്തം പങ്‌ചർ താത്ത

ayisha
ആയിഷ
SHARE

വാഹനങ്ങളുടെ ‘കാറ്റു പോകുന്ന’ ഘട്ടം വന്നാൽ നീട്ടി വിളിക്കാനൊരു പേരുണ്ട് മലപ്പുറത്ത്: ‘പങ്‌‍ചർ താത്ത’. കൊച്ചു സ്കൂട്ടർ ചക്രങ്ങൾക്കു മുതൽ വട്ടച്ചെമ്പു വലുപ്പത്തിലുള്ള ലോറിച്ചക്രങ്ങൾക്കു വരെ ശസ്ത്രക്രിയ ഉടൻ ലഭ്യമാകും. ചീഫ് സർജൻ മറ്റാരുമല്ല, ഇല്ലിക്കൽ ആയിഷ എന്ന പങ്‌ചർ താത്ത തന്നെ. ഇരുപതാം വയസ്സിൽ ടയറുകളുടെ പങ്ചർ ഒട്ടിച്ചു തുടങ്ങിയ ഔദ്യോഗിക ജീവിതം ഇപ്പോൾ നാൽപത്താറാം വയസ്സിലെത്തി നിൽക്കുന്നു. ഉരുണ്ടുമറിഞ്ഞങ്ങു പോകുന്നതിനിടെ കഴിഞ്ഞ 26 വർഷങ്ങൾ ആയിഷയെ പഠിപ്പിച്ചത് രണ്ടു കാര്യങ്ങളാണ്. 

1. ഒട്ടിപ്പോ പരിപാടിയിൽ തട്ടിപ്പ് പാടില്ല. ആളുകൾക്ക് വീട്ടിലെത്താനുള്ളതാണ്. 

2. സ്ത്രീകൾക്കു ചെയ്യാൻ കഴിയില്ല എന്നൊരു ജോലിയും ഇല്ല.

എടവണ്ണ പത്തപ്പിരിയം സ്വദേശിയായ ആയിഷ ഇരുപതാമത്തെ വയസ്സിലാണ് പങ്ചർ ഒട്ടിക്കുന്ന വിദ്യ പഠിച്ചെടുക്കുന്നത്. പങ്ചർ കട നടത്തുന്ന കുഞ്ഞിമുഹമ്മദ് ആയിരുന്നു ഗുരു. സാധനങ്ങളെടുത്തു കൊടുക്കുന്ന സഹായിയായാണ് തുടക്കമെങ്കിലും പങ്ചർ ഒട്ടിക്കുന്ന ജോലിയും സ്വന്തം ഇഷ്ടപ്രകാരം പഠിച്ചെടുത്തു. സഹായിയായും ജോലിക്കാരിയായും പലവർഷങ്ങൾ പ്രവർത്തിച്ച ശേഷം 2002 ൽ ആണ് മഞ്ചേരി ആനക്കയത്ത് ഒരു കടയുടെ നടത്തിപ്പുകാരിയായി രംഗപ്രവേശം ചെയ്തത്. നാലു വർഷങ്ങൾക്കു ശേഷം മങ്കട വെള്ളിലയിലേക്കു കൂടുമാറി. മങ്കടയിൽ പുതിയ കട തുടങ്ങിയപ്പോൾ എന്തു പേരിടണമെന്ന് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. നാട്ടുകാർ തന്നെ വിളിക്കുന്ന ‘പങ്ചർ താത്ത’ എന്ന പേരു തന്നെയിട്ടു. 

ayisha-1

രാവിലെ 7.30ന് കടയിലെത്തിയാൽ രാത്രി ഏഴുവരെ ജോലി. കടയിലെത്തിക്കുന്ന വാഹനങ്ങൾക്കു മാത്രമല്ല, വഴിയിൽ പങ്ചറായിക്കിടക്കുന്ന വാഹനങ്ങൾക്കും സേവനം ലഭ്യമാക്കി. ബൈക്ക്, കാറ്, ലോറി എന്നു വേണ്ട മണ്ണുമാന്തി യന്ത്രത്തിന്റെ ടയർ വരെ പുഷ്പം പോലെ പങ്‌ചർ ഒട്ടിച്ചു കൊടുക്കും. വിശ്വാസ്യത നാൾക്കു നാൾ വർധിച്ചപ്പോൾ കസ്റ്റമേഴ്സിന്റെ എണ്ണവും കൂടി. ദിവസവും ചുരുങ്ങിയത് 1500 രൂപ വരുമാനം കിട്ടുന്ന അവസ്ഥയായി. പങ്ചർ ഒട്ടിക്കൽ മാത്രമല്ല, അൽപസ്വൽപം വർക്‌ഷോപ്പ് പണിയും ഇതിനിടയിൽ പഠിച്ചെടുത്തു. എല്ലാം അങ്ങനെ ഉഷാറായിപ്പോകുമ്പോഴാണ് കോവിഡും ലോക്‌ഡൗണും വന്നത്. മഞ്ചേരി തുറക്കലിൽ താമസിക്കുന്ന ആയിഷയ്ക്ക് മങ്കടയിലെത്താൻ ബസില്ലാതായി. അതോടെ തൽക്കാലത്തേക്ക് അവിടത്തെ പ്രവർത്തനം നിർത്തി. ഇപ്പോൾ മഞ്ചേരിയിലെ ദിലു പങ്ചർ കടയാണ് പുതിയ തട്ടകം.

പുരുഷന്മാർ പോലും ദീർഘകാലം നിൽക്കാത്ത ഒരു തൊഴിൽ മേഖലയിൽ ഇത്രനാൾ പിടിച്ചുനിൽക്കുക ഒരു ചില്ലറക്കാര്യമല്ല. പക്ഷേ, നാട്ടുകാർക്കുള്ള അദ്ഭുതം ഇക്കാര്യത്തിൽ ആയിഷയ്ക്കില്ല. ‘ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കണം. അതിന് ജോലി ചെയ്യണം. അതെത്ര കടുപ്പുള്ളതായാലും കാലക്രമത്തിൽ എളുപ്പമുള്ളതായി മാറും.’ ആയിഷയുടെ പോളിസി ഇതാണ്. വർഷങ്ങളോളം അധ്വാനിച്ചെങ്കിലും വലിയ സമ്പാദ്യമൊന്നും ഇപ്പോഴും പഞ്ചർതാത്തയ്ക്കില്ല. അരിഷ്ടിച്ചു ജീവിച്ച് 5 സെന്റിൽ ഒരു വീടു വാങ്ങി. 15 ലക്ഷം രൂപ ഇനിയും കൊടുക്കാനുണ്ട്. കോവിഡിനെത്തുടർന്ന് ജോലി കുറഞ്ഞുവരുന്ന ഈ കാലത്ത് അതെങ്ങനെ കൊടുക്കാനാകുമെന്ന ആശങ്കയിലാണ് ആയിഷ 

English Summary: Tyre Puncture Women Form Malappuram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA