ആ വ്ലോഗ് എന്റെയല്ല, എന്റെ വ്ലോഗ് ഇങ്ങനെയല്ല...

Vlogging-trends
SHARE

മലയാളത്തിലെ ബ്ലോഗർമാരിലൊരാൾക്ക് ഒരു വണ്ടി പെരുത്തു ബോധിച്ചു. വാങ്ങാനൊരു മോഹം. ഏതു ബ്ലോഗർ എന്നതിനു പ്രസക്തിയില്ല. കാരണം ഇന്നു കേരളത്തിൽ കണ്ടു മുട്ടുന്ന രണ്ടു പേരിലൊരാൾ സോഷ്യൽ മീഡിയയിലെ സാഹിത്യകാരനോ ഗായകനോ ഡാൻസറോ വിവിധ വിഷയങ്ങളിൽ അഭിപ്രായപ്രകടനം നടത്തുന്നവരോ ആണ്. മാത്രമല്ല പരമ്പരാഗതമായി ഇത്തരം മേഖലകളിൽ പ്രവർത്തിക്കുന്നവരെ തെല്ലു പുച്ഛത്തോടെ വീക്ഷിക്കുന്നവരുമായിരിക്കും. പെട്ടെന്നു തട്ടിക്കൂട്ടി എന്തെങ്കിലും നാലു സ്റ്റെപ്പു കാട്ടി നർത്തകരാകുന്ന ഇവർക്ക് ജീവിതം നൃത്തത്തിനായി ഉഴിഞ്ഞു വച്ചവർക്കും ദശകങ്ങള്‍ നൃത്ത പഠനം നടത്തുന്നവർക്കും ഒപ്പമാണല്ലോ സമൂഹ മാധ്യമങ്ങൾ സ്ഥാനം കൽപിച്ചിരിക്കുന്നത്. പിന്നെ പുച്ഛം സ്ഥായിഭാവമായില്ലെങ്കിലല്ലേ കുഴപ്പമുള്ളു; ഫീലിങ് പുച്ഛം.

എന്നിട്ടു ബ്ലോഗർ എന്തു ചെയ്തു?

ഇഷ്ടവാഹനം എംജി ഗ്ലോസ്റ്റർ. അദ്ദേഹം ഇപ്പോൾ ഉപയോഗിക്കുന്നത് എംജി ഹെക്ടർ. ഗ്ലോസ്റ്ററിന് 40 ലക്ഷം. ഹെക്ടറിന് 20 ൽ താഴെ. ബ്ലോഗറാണെന്നു കരുതി ഇഷ്ട വാഹനം വീട്ടിൽ വന്നു വണങ്ങി നിൽക്കില്ലല്ലോ. ബ്ലോഗു ചെയ്യാത്ത സാധാരണക്കാർ ചെയ്യുന്നതുപോലെ വിൽപനകേന്ദ്രവുമായി ബന്ധപ്പെട്ടു. കണ്ടീഷൻ വ്യക്തമാക്കി. ലളിതം. പഴയ വാഹനം വാങ്ങിയ വിലയ്ക്കു തിരിച്ചെടുക്കണം. പുതിയ വണ്ടിക്ക് 10 ലക്ഷം ഡിസ്കൗണ്ട് വേണം. നടക്കുന്ന കാര്യമല്ലല്ലോ. പ്രത്യേകിച്ച് രണ്ടു ശതമാനം മാർജിനിൽ പ്രവർത്തിക്കുന്ന ഒരു വ്യവസായ മേഖലയിൽ. ന്യായമായും ആവശ്യം തിരസ്കരിക്കപ്പെട്ടു. പിന്നെയാണ് ബ്ലോഗർ ബ്രോയുടെ യഥാർഥ മുഖം. ഇത്രയും വലിയ ആളായ എന്നെ ഗൗനിക്കാത്ത നിങ്ങളെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ. ഇതിനിടെ ടെസ്റ്റ്ഡ്രൈവ് നടത്തിയിരുന്ന ഗ്ലോസ്റ്ററിന്റെ വിഡിയോ അദ്ദഹത്തിന്റെ കൈവശമുണ്ടായിരുന്നു. ഇതും ഇത്തരക്കാരുടെ ലക്ഷണമാണ്. എവിടെപ്പോയാലും ക്യാമറ കയ്യിലോ തലയിലോ ഒരു കമ്പിലോ ഒപ്പം ഉണ്ടാകും (പ്രാഥമിക കർമങ്ങൾക്കിടെ എങ്ങനെയാണോ!). ‘ആ വിഡിയോ വച്ച് നിങ്ങളെ ഞാൻ നാറ്റിക്കും. പൊട്ട ചൈനീസ് വണ്ടി.’ അത്ര നാളും എംജി ബ്രിട്ടിഷ് ബ്രാൻഡാണെന്നും ലോകത്തിലെ ഏറ്റവും നല്ല വണ്ടി തന്റെ ഹെക്ടറാണെന്നും വീമ്പടിച്ച അതേ വ്യക്തി നിന്നനിൽപില്‍ മറുകണ്ടം ചാടി.

vlogging1

എന്നിട്ട്, എന്നിട്ട്?

എന്നിട്ടെന്താ, സാധാരണ ചെയ്യാറുള്ളതു പോലെ ഒരു കാച്ചങ്ങു കാച്ചി. അതും, സ്വന്തമാക്കാൻ സ്വപ്നം കണ്ടു നടന്ന വണ്ടിയെപ്പറ്റിത്തന്നെ. ഇത്ര പൊട്ട വണ്ടി കണ്ടിട്ടില്ല, ഒാഫ് റോഡിങ് ചെയ്യാൻ ശേഷിയില്ല. നിലവാരമില്ല. ചൈനീസ് സാധനങ്ങൾ ഒന്നും കൊള്ളില്ല എന്നിങ്ങനെ പൂരപ്പാട്ട്. വാഹനങ്ങളെപ്പറ്റി കാര്യമായ ബോധമൊന്നുമില്ലാത്ത ബ്ലോഗർ ഒാഫ് റോഡിങ് മോഡിൽപ്പോലും ഇടാൻ ശ്രമിക്കാതെയാണ് ഒാഫ് റോഡ് ചെയ്യാൻ ശ്രമിച്ചത്. ന്യായമായും വാണിങ് ലാംപ് മിന്നി. അതും വലിയൊരു ദോഷമായി ചിത്രീകരിക്കപ്പെട്ടു. പതിവു പോലെ സ്ഥിരം മണ്ടത്തരങ്ങൾ കണ്ടു സ്തുതി പാടുന്ന ഫോളോവേഴ്സ് ചൈനക്കാരെ തെറിയഭിഷേക കമന്റുകളാൽ നിറച്ചു. ലോകത്തിലെ ഏറ്റവും മോശം വാഹനം ഗ്ലോസ്റ്ററാണെന്ന് ഇന്നു വരെ മാരുതി 800 പോലും ഒാടിച്ചില്ലാത്തവർ കമന്റിട്ടു സായൂജ്യമടഞ്ഞു. എങ്ങനെ തെറ്റു പറയും, ബ്ലോഗറുടെ വാഹനവിജ്ഞാനവും ഏതാണ്ട് അതിനു തെല്ലു മുകളിലൊക്കെത്തന്നെയേ ഉള്ളൂ. പരിസമാപ്തിയാണു രസകരം. വിലപേശലും ഭീഷണിയും ഡീലറുടെ ഫോണില്‍ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കാം എന്ന തിരിച്ചറിവുണ്ടായതു കൊണ്ടും ഇത് അകത്താകുന്ന കേസാണെന്ന് ആരൊക്കെയോ ഉപദേശിച്ചതിനാലും ഉടൻതന്നെ അടുത്ത വ്ലോഗ് വന്നു: ‘ഡീലറോട് ഞാൻ വില പേശിയിരുന്നു. അതിൽ തെറ്റുണ്ടോ?’ തൽക്കാലം തടിയൂരി. ഇത്തരം വിവരമില്ലായ്മയുടെ വ്ലോഗുകൾ വേദവാക്യമായി കരുതി സായൂജ്യമടയുന്ന വായനക്കാർ അല്ലെങ്കിൽ പിന്തുടരുന്നവർ ആരായി?

കരക്കമ്പിയിൽനിന്നു ബ്ലോഗിലേക്ക്

വാർത്താ വിനിമയം ഇത്രയൊന്നും വളരാത്ത കത്തിന്റെയും കമ്പിയുടെയും കാലത്ത് ഒരു പ്രയോഗമുണ്ടായിരുന്നു– കരക്കമ്പി. എന്നു വച്ചാൽ കമ്പിയില്ലാ കമ്പിയിലൂടെ വരുന്ന സന്ദേശം പോലെ നാക്കിൽനിന്നു നാക്കിലേക്ക് പകരുന്ന വാർത്ത. വാർത്ത കരക്കമ്പിയാണെങ്കിൽ വിശ്വാസ്യത കുറയും. ചുമ്മാ തള്ള് എന്ന സമകാലീന പ്രയോഗത്തിനെക്കാൾ തെല്ലു ശക്തിയുള്ളതാണ് കരക്കമ്പി. മിക്ക ബ്ലോഗുകളും ഏതാണ്ട് ഇതു തന്നെ. ബ്ലോഗിങ് പ്ലാറ്റ്ഫോമുകളിലും യൂ ട്യൂബിലും ഫെയ്സ്ബുക്കിലും വരുന്ന കുറിപ്പുകളും വിഡിയോകളും അധികവും ഈ ഗണത്തിലുള്ളവ. വലിയ വ്യത്യാസം, പണ്ടത്തെ കരക്കമ്പിക്ക് ഇത്ര പെട്ടെന്നു പടരാനുള്ള സാങ്കേതിക പിന്തുണയില്ലായിരുന്നു. ഇപ്പോഴാണെങ്കിൽ ആർക്കും സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം വാർത്തകള്‍ എളുപ്പത്തിൽ പരത്താം. മാത്രമല്ല യുട്യൂബും മറ്റും ഇത്തരം തരംതാണ വാർത്തകൾക്ക് കൂടുതൽ വിസിബിലിറ്റി നൽകും വിധമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ മിക്കവരും സ്വന്തം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കു മാറിയതോടെ യൂട്യൂബിനു പിടിച്ചു നിൽക്കണമെങ്കില്‍ ഇത്തരം വിഡിയോകൾ കൂടിയേ തീരൂ. വായനക്കാരെ ഇക്കിളിപ്പെടുത്താനും തറവേല കാട്ടി കയ്യിലെടുക്കാനും ആളുകൾ സമൂഹമാധ്യമങ്ങളിലേക്ക് ഇടിച്ചു കയറുന്നത് ഇതു കൊണ്ടാണ്.

vlogging

എല്ലാ ബ്ലോഗർമാരും കുഴപ്പക്കാരല്ല

വളരെ കൃത്യതയോടെ, വിശ്വാസ്യതയോടെ പ്രവർത്തിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ കള്ളനാണയങ്ങളെയും ഇവരെയും തിരിച്ചറിയാൻ വഴിയൊന്നുമില്ല. മാത്രമല്ല കൃത്യതയോടെ ചെയ്യുന്ന ബ്ലോഗുകള്‍ക്ക് യാതൊരു പ്രോത്സാഹനവും സമൂഹമാധ്യമ നടത്തിപ്പുകാർ നൽകുന്നില്ല. പാചകം, യാത്ര എന്നീ മേഖലകളിൽ ധാരാളം നല്ല ബ്ലോഗർമാരുണ്ട്. എന്നാൽ ഉത്പന്നങ്ങൾ റിവ്യൂ ചെയ്യാനും മറ്റും ഉൽസുകരായ ബ്ലോഗർമാരെ പെട്ടെന്നു വിശ്വസിക്കരുത്. സ്ഥാപിത താൽപര്യക്കാർ ധാരാളമുണ്ട്. വ്യവസ്ഥാപിത മാധ്യമങ്ങളെപ്പോലെ പ്രത്യേകിച്ചു നിയന്ത്രണങ്ങളോ പരിശീലനമോ പഠനയോഗ്യതയോ ഇല്ലാത്തതിനാൽ ഇവർക്ക് എന്തും പറയാനും ചെയ്യാനുമാകും. പണ്ടാണെങ്കിൽ പ്രസിദ്ധീകരിക്കാൻ ആളുണ്ടാവില്ല. ഇപ്പോള്‍ യൂട്യൂബും ഫെയ്സ്ബുക്കും ട്വിറ്ററുമൊക്കെയുണ്ടല്ലോ.

ചില ബ്ലോഗിങ് കുരുത്തക്കേടുകൾ

പരിധി വിടുന്ന സമൂഹമാധ്യമ കൈകടത്തലുകൾക്ക് ഉദാഹരണം ധാരാളമുണ്ട്. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും അധിക്ഷേപിക്കുന്നതിനെപ്പറ്റിയൊക്കെയാണ് കൂടുതലും ചർച്ചകൾ. എന്നാൽ ഇതിനിടെ, ബഹളമില്ലാതെ ഗോളടിക്കുന്ന ധാരാളം കൂട്ടരുണ്ട്. ഉത്പന്നങ്ങളെപ്പറ്റി മോശം അഭിപ്രായം പടർത്തുന്നവരും തെറ്റായ വിവരങ്ങൾ പണം വാങ്ങി പ്രചരിപ്പിക്കുന്നവരും ധാരാളം. വാഹനരംഗത്തെ തന്നെ ഒരു ഉദാഹരണം: രണ്ടു ചേരികളായി തിരിഞ്ഞ് രണ്ടു ബ്രാൻഡുകളെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകൾ അടി കൂടുന്നു. ഒരു വാഹനം ഇടിച്ചാലുടൻ തവിടുപൊടിയാകുമെന്നാണ് ദുഷ്പ്രചരണം. അടികൊഴുത്തപ്പോൾ കൂടുതൽ തല്ലു കൊണ്ട ബ്രാൻഡ് അന്വേഷണമാരംഭിച്ചു. എതിർഗ്രൂപ്പിന് മറ്റേ നിർമാതാവിെൻറ ഡീലർമാരിലൊരാളുടെ ഫണ്ടിങ്. അതേനാണയത്തിൽ കൂടുതൽ പണം കൊടുത്ത് തിരിച്ചെഴുതിച്ചു നിർമാതാവ് പകരം വീട്ടി. എന്നാൽ കാര്യങ്ങൾ അവിടം കൊണ്ടു തീരുന്നില്ല. പണം എവിടെനിന്നു കിട്ടുന്നോ അവർക്കായി നിലകൊള്ളുന്ന ഗ്രൂപ്പുകള്‍ രണ്ടിടത്തുനിന്നും പണം വാങ്ങി മറിച്ചും തിരിച്ചും എഴുതി. സത്യത്തിൽ ഇത്തരക്കാരെ പരസ്യപ്രചാരണത്തിന് ഉപയോഗിക്കില്ല എന്ന തീരുമാനമുണ്ടാകേണ്ട കാലമായി.

ഇതൊക്കെ കുറ്റകരമല്ലേ, അകത്താകില്ലേ

തീർച്ചയായും അകത്താകാൻ നിയമമുണ്ട്. ഫോണിലൂടെ ഭീഷണി മുഴക്കിയാലും ലോകപ്രശസ്ത ബ്രാൻഡുകളെപ്പറ്റി അപഖ്യാതി പരത്തിയാലും കേസെടുക്കാം. സൈബർ കേസുകൾ തന്നെ വേണമെന്നില്ല. നിലവിൽ സമാന കുറ്റകൃത്യങ്ങൾക്ക് ചാർത്തുന്ന വകുപ്പുകൾ തന്നെ ഇവിടെയും ബാധകമാണ് എന്നു നിയമവിദഗ്ധർ. സൈബറിടങ്ങളിൽ ഒാടി നടന്ന് തോന്ന്യാസം കാട്ടുന്നവർ മനസ്സിലാക്കിയാൽ അവർക്കു കൊള്ളാം. അല്ലെങ്കിൽ അഴിയെണ്ണും മുമ്പേ ജനത്തിന്റെ പത്തൽ വെട്ടി തല്ലും അനുഭവിക്കേണ്ടി വന്നേക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA