ADVERTISEMENT

ലോകമഹാദ്ഭുതങ്ങള്‍ ഏഴെണ്ണമാണുള്ളത്. അതുപോലെ കാറുകളുടെ ലോകത്തും അദ്ഭുതം സൃഷ്ടിച്ച അതികായരുണ്ട്. പിന്നീട് വര്‍ഷങ്ങളോളം കാര്‍ വിപണിയെ തന്നെ സ്വാധീനിക്കുകയും സ്വന്തം വഴിയിലേക്ക് മാറ്റുകയും ചെയ്തവ. അത്തരത്തില്‍ കാറുകളുടെ ലോകത്തെ ഏഴ് മഹാദ്ഭുതങ്ങളെ പരിയപ്പെടാം. 

പോർഷെ 911

porsche-911-carrera

റേസിംഗ് കാറുകളുടെ കൂട്ടത്തില്‍ പോഷെ 911നോളം തരംഗം സൃഷ്ടിച്ച മറ്റൊരു മോഡലുണ്ടായിട്ടില്ല. അന്നുവരെ നിലവിലുണ്ടായിരുന്ന കാര്‍ നിര്‍മ്മാണത്തിലെ ധാരണകള്‍ പലതും തിരുത്തിയായിരുന്നു പോർഷെ 911ന്റെ വരവ്. പിന്‍ഭാഗത്തായിരുന്നു ഈ കാറിന്റെ എൻജിന്റെ സ്ഥാനം. ഈ സ്ഥാനമാറ്റം കാറിന്റെ പ്രകടനം വര്‍ധിപ്പിക്കുകയാണുണ്ടായത്. ഏഴു തലമുറകളും 56 വര്‍ഷവും പിന്നിട്ടിരിക്കുന്നു പോര്‍ഷെ 911 വിപണിയിലെത്തിയിട്ട്. കാലത്തിനനുസരിച്ചുള്ള നിരവധി മാറ്റങ്ങള്‍ ഈ കാറിന് പോര്‍ഷെ നല്‍കിയിട്ടുണ്ട്. 

ഫോഡ് മസ്താങ്

ford-mustang

കാറുകളിലെ മസിലളിയനാണ് ഫോഡ് മസ്താങ്. ജെയിംസ് ബോണ്ട് സീരീസിലും ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സീരീസിലും അടക്കം നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ ഫോര്‍ഡ് മസ്റ്റാഗ് എത്തിയിട്ടുണ്ട്. ഫെരാരിയുടേയും ഫോഡിന്റേയും മത്സരത്തിന്റെ ചരിത്രം പറഞ്ഞ ഫോര്‍ഡ് sV ഫെരാരിയിലും ഫോര്‍ഡ് മസ്താങ്ങുണ്ട്. വിപണിയിലിറങ്ങി 56 വര്‍ഷം കഴിഞ്ഞെങ്കിലും ഫോര്‍ഡ് മസ്താങ്ങിന്റെ മസില്‍ പെരുക്കത്തിന് മാത്രം ഇടിവ് സംഭവിച്ചിട്ടില്ല. 

ജാഗ്വര്‍ ഇ ടൈപ്പ്/XKE

jaguar-e-type

കാര്‍പ്രേമിയല്ലാത്ത ഒരാളുടെ കണ്ണുകള്‍ പോലും ഉടക്കാന്‍ മാത്രം സുന്ദരമാണ് ജാഗ്വറിന്റെ ഇ ടൈപ്പ്. ഈ ജാഗ്വര്‍ വാഹനവുമായി പ്രഥമദര്‍ശനത്തിലേ അനുരാഗികളായവര്‍ നിരവധി. അറുപതുകളിലെ ബ്രിട്ടീഷ് വാഹന ഡിസൈനിങ്ങിന്റെ സന്തതിയായാണ് ഈ കാറിനെ കണക്കാക്കുന്നത്. ഫെരാരിയുടെ സ്ഥാപകനായ എന്‍സോ ഫെരാരി പോലും ലോകത്തെ ഏറ്റവും സുന്ദരമായ കാറെന്ന വിശേഷണം ചാര്‍ത്തി നല്‍കിയത് ജാഗ്വറിന്റെ ഈ സുന്ദര നിർമിതിക്കായിരുന്നു. മണിക്കൂറില്‍ 241 കിലോമീറ്റര്‍ പരമാവധി വേഗത്തിലോടുന്ന ഇ ടൈപ്പ് സൗന്ദര്യവും പെര്‍ഫോമെന്‍സും ഒത്തിണങ്ങിയ കാറായിരുന്നു. 1961 മുതല്‍ 1975 വരെയാണ് രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇ ടൈപ്പിന്റെ വിവിധ മോഡലുകള്‍ ജാഗ്വര്‍ വിപണിയിലെത്തിച്ചത്. 

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐ

volkswagen-golf-gti

ഹാച്ച്ബാക്കുകളുടെ കൂട്ടത്തിലെ ട്രെന്‍ഡ് സെറ്ററായാണ് ഗോള്‍ഫ് ജിടിഐ അറിയപ്പെടുന്നത്. ആദ്യ വാഹനം പുറത്തിറങ്ങി 44 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ഹാച്ച്ബാക്ക് വിഭാഗത്തിലെ ചൂടന്‍ സാന്നിധ്യമാണ് ഫോക്‌സ്‌വാഗണിന്റെ ഈ മോഡല്‍. പരിഷ്‌ക്കരിച്ച മോഡലുകളിലൂടെ ഇപ്പോഴും ജര്‍മ്മന്‍ വാഹനം വിപണിയിലുണ്ടെന്നത് തന്നെ അതിന്റെ വിജയമാണ്. 

ദ മിനി

mini-minor-1959

ഒസ്റ്റിന്‍ സെവന്‍, മോറിസ് മിനി മൈനര്‍, ഒസ്റ്റിന്‍ മിനി കൂപ്പര്‍, റോവര്‍ മിനി എന്നിങ്ങനെ പല പേരുകളില്‍ കുഞ്ഞന്‍ കാറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. അവയെ എല്ലാം ഒറ്റപേരിലാണ് ലോകം വിളിച്ചത്- ദ മിനി. 1969ല്‍ ബ്രിട്ടനില്‍ ആരംഭിച്ച മിനി 2000 മുതല്‍ ജര്‍മ്മന്‍ കാര്‍ കമ്പനിയായ ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലാണ്. 

റേഞ്ച് റോവര്‍‌

land-rover-range-rover

അരനൂറ്റാണ്ടിലേറെയായി വാഹനപ്രേമികളുടെ ഇഷ്ടവാഹനമാണ് റേഞ്ച് റോവര്‍. ജീവിതത്തില്‍ ഒരേയൊരു കാര്‍ മാത്രമേ സ്വന്തമായി ലഭിക്കൂ എന്ന അവസ്ഥ വന്നാല്‍ സന്തോഷത്തോടെ സ്വീകരിക്കുക റേഞ്ച് റോവറിനെയാണെന്നാണ് പിയാനിസിറ്റും ഓട്ടോമോട്ടീവ് ജേണലിസ്റ്റുമായ ആഞ്ചെലോ ഉസെല്ലോ ഒരിക്കല്‍ പറഞ്ഞത്.  ‌ആഢംബര സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിലെ തലത്തൊട്ടപ്പനാണ് റേഞ്ച് റോവര്‍. എഴുപതുകളില്‍ ബ്രിട്ടീഷ് ലെയ്‌ലാന്റാണ് ഈ വാഹനം പുറത്തിറക്കിയത്. ഇപ്പോള്‍ നാലു തലമുറ പിന്നിട്ടിട്ടും റേഞ്ച് റോവറിന്റെ ആരാധക വൃന്ദത്തിന് ഇടിവ് സംഭവിച്ചിട്ടില്ല. പതിനായിരത്തിലേറെ കിലോമീറ്റര്‍ ഓടിക്കുന്ന പാരിസ് ഡാക്കര്‍ റാലിയില്‍ റേഞ്ച് റോവര്‍ വിജയിച്ചിട്ടുണ്ടെന്നത് ഈ വാഹനത്തിന്റെ റേഞ്ച് തെളിയിക്കുന്നതാണ്. 

ബുഗാട്ടി വെയ്‌റോണ്‍

bugatti-veyron-super-sport

പട്ടികയില്‍ അവസാനത്തേതെങ്കിലും ആദ്യം ആരുടേയും കണ്ണുടക്കുന്ന വാഹനമാണ് ബുഗാട്ടി വെയ്‌റോണ്‍. ഷിറോണിന്റെ വരവോടെ ബുഗാട്ടി തന്നെ പിന്നിലേക്ക് മാറ്റിയ വാഹനമാണ് വെയ്‌റോണ്‍. എന്നാല്‍ ഈ കാര്‍ പുറത്തിറങ്ങിയപ്പോള്‍ വാഹനവിപണിയില്‍ സൃഷ്ടിച്ച ഓളങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. 

മണിക്കൂറില്‍ 431.072 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ് ഗിന്നസ് റെക്കോഡിട്ടിട്ടുണ്ട് വെയ്‌റോണ്‍. നാലു മോഡലുകളിലായി ആകെ 450 വെയ്‌റോണ്‍ കാറുകള്‍ മാത്രമാണ് ഫ്രഞ്ച് ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ബുഗാട്ടി പുറത്തിറക്കിയത്. 2000 മുതല്‍ 2009 വരെയുള്ള കാലത്തെ ദശകത്തിലെ കാറായി ബിബിസി ടോപ് ഗിയര്‍ തെരഞ്ഞെടുത്തത് വെയ്‌റോണിനെയായിരുന്നു. 

English Summary: The 7 Wonders Of The Automotive World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com