സ്വർണ്ണ റോൾസ് റോയ്സ്, ഏറ്റവും വലിയ ട്രക്ക്: ലോകത്തെ അദ്ഭുത വാഹനങ്ങളെല്ലാം ഇവിടെയുണ്ട്

emirates-national-auto-museum
Emirates National Auto Museum
SHARE

ഏതൊരു കാര്‍പ്രേമിയുടേയും സ്വപ്‌ന ഗാരേജാണ് യുഎഇയിലെ എമിറേറ്റ്‌സ് നാഷണല്‍ ഓട്ടോ മ്യൂസിയം. അബുദാബിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ മരുഭൂമിയിലാണ് 200ലേറെ അപൂര്‍വ്വവും വ്യത്യസ്തവുമായ കാറുകളുടെ ശേഖരമുള്ളത്. റെയിന്‍ബോ ഷെയ്ക്ക് എന്ന് വിളിപ്പേരുള്ള ഷെയ്ക്ക് ഹമദ് ബിന്‍ ബംദാന്‍ അല്‍ നഹ്യാനാണ് ഈ കണ്ണഞ്ചിപ്പിക്കുന്ന കാര്‍ശേഖരത്തിന്റെ ഉടമ. 

emirates-national-auto-museum-1
Philip Lange | Shutter Stock

ലോകത്തിന്റെ പലഭാഗത്തു നിന്നുള്ള കാറുകള്‍ റെയിന്‍ബോ ഷെയ്ക്കിന്റെ ശേഖരത്തിലുണ്ട്. നിറങ്ങളോടുള്ള ഇഷ്ടമാണ് അദ്ദേഹത്തിന് മഴവില്‍ ഷെയ്ക്ക് എന്ന പേര് സമ്മാനിച്ചത്. സ്വന്തം വിവാഹത്തിന് അദ്ദേഹം മെഴ്‌സിഡസ് ബെന്‍സിന്റെ മഴവില്‍ നിറങ്ങളിലുള്ള ഏഴ് എസ് ക്ലാസ് ബെന്‍സുകളാണ് ഓര്‍ഡര്‍ ചെയ്ത്. അന്ന് റെയിന്‍ബോ ഷെയ്ക്കിന് പൂര്‍ണ്ണ തൃപ്തിയില്‍ കാര്‍ നല്‍കാനായി മെഴ്‌സിഡസ് ബെന്‍സ് മറ്റു കാറുകളുടെ ഉത്പാദനം പോലും താത്കാലികമായി നിര്‍ത്തിവെച്ചെന്നതാണ് ചരിത്രം. ഇതു തന്നെ എത്രത്തോളം ആദരം വാഹനനിര്‍മ്മാതാക്കളില്‍ നിന്നും ഈ യുഎഇക്കാരന് ലഭിക്കുന്നുവെന്നതിന്റെ തെളിവാണ്. 

മറ്റെവിടെയും കാണാത്ത രൂപങ്ങളിലുള്ള വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ശേഖരത്തിലെ മറ്റൊരു പ്രത്യേകത. ഡോഡ്ജ് പവര്‍ വാഗണിന്റെ മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ട്രക്കും ഇവിടെയുണ്ട്. സാധാരണ ട്രക്കിന്റെ എട്ടിരട്ടിയിലാണ് ഇതു നിര്‍മ്മിച്ചിട്ടുള്ളത്. ഏതാണ്ട് 50 ടണ്ണാണ് ഇതിന്റെ ഭാരം. നാലു എസി കിടപ്പുമുറികളും ഒരു സ്വീകരണ മുറിയും ഈ പടുകൂറ്റന്‍ വാഹനത്തിലുണ്ട്. വലിപ്പക്കൂടുതലുള്ളതുകൊണ്ട് ഈ വാഹനം ഓടിക്കാന്‍ കഴിയില്ലെന്ന് കരുതരുത്. പുറത്തു നിന്നും നിർമിച്ച ശേഷം ഓടിച്ചാണ് കൂറ്റന്‍ പിരമിഡിന്റെ ആകൃതിയിലുള്ള ഗാരേജിലേക്ക് ഈ പവര്‍ വാഗണ്‍ കൊണ്ടുവന്നത്. 

ഗള്‍ഫ് മേഖലയില്‍ സാമ്പത്തികമായി ഉണര്‍വ്വു നല്‍കിയ ഓയില്‍ ബൂമിന്റെ 1950കളെക്കുറിച്ചുള്ള ഓര്‍മ്മകളിലാണ് റെയിന്‍ബോ ഷെയ്ക്ക് ഈ വാഹനം നിര്‍മ്മിച്ചത്. അന്നത്തെ കാലത്ത് മരുഭൂമിയില്‍ ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന അപൂര്‍വ്വം വാഹനങ്ങളിലൊന്നായിരുന്നു പവര്‍വാഗണ്‍. പുതുതായി നിര്‍മ്മിച്ച പവര്‍ വാഗണിന്റെ ടയറുകള്‍ എണ്ണക്കിണറില്‍ നിന്നും വൈപ്പറുകള്‍ കപ്പലില്‍ നിന്നുമാണ് സംഘടിപ്പിച്ചത്. 

largest-pick-up-truck
Philip Lange | Shutter Stock

സാധാരണ റോഡുകളില്‍ ഓടിക്കാന്‍ ഒരിക്കലും അനുമതി ലഭിക്കാത്ത പടുകൂറ്റന്‍ വാഹനങ്ങള്‍ വേറെയും റെയിന്‍ബോ ഷെയ്ക്കിന്റെ ശേഖരത്തിലുണ്ട്. അത്തരത്തിലുള്ള ഒന്നാണ് രണ്ട് ജീപ്പ് റാഗ്ലറുകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ വാഹനമാക്കിയ ഒന്ന്. ക്ലാസിക്ക് ടെക്‌സാകോ ട്രക്കിന്റെ പരിഷ്‌ക്കരിച്ച കൂറ്റന്‍ മോഡല്‍, സ്വര്‍ണ്ണ നിറത്തിലുള്ള റോള്‍സ് റോയ്‌സ് ഫാന്റം, ഡബ്ല്യു116 മെഴ്‌സിഡസ് എസ് ക്ലാസ് മോണ്‍സ്റ്റര്‍ ട്രക്ക്, ലംബോര്‍ഗിനി എല്‍എം002, പലതരം ജി വാഗണുകള്‍, ലാന്‍ഡ് റോവറുകള്‍, ടൊയോട്ട ലാന്റ് ക്രൂസറുകള്‍, റെയിന്‍ബോ ഫിയറ്റ്, മേഴ്‌സിഡസ് ബെന്‍സിന്റെ ബോഡിയും മോണ്‍സ്റ്റര്‍ ട്രക്കിന്റെ ചക്രങ്ങളുമുള്ള വാഹനം, ഭൂഗോളത്തിന്റെ ആകൃതിയിലുള്ള കാരവന്‍, കൂറ്റന്‍ യുഎസ് ആര്‍മി ജീപ്പ്, ലോകത്തിലെ തന്നെ ആദ്യ കാറുകളിലൊന്നായ മെഴ്‌സിഡസിന്റെ മോട്ടോര്‍വാഗണ്‍ എന്നിവയും അദ്ദേഹത്തിന്റെ പിരമിഡ് കൂടാരത്തിലുണ്ട്.

English Summary: Emirates National Auto Museum

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA