ADVERTISEMENT

സ്റ്റേജിലും സിനിമയിലും സാജൻ പള്ളുരുത്തി എന്ന കലാകാരൻ സൃഷ്ടിച്ചെടുത്ത പേരിനും പെരുമയ്ക്കും പിന്നിൽ കഠിനാധ്വാനത്തിന്റെ ഒട്ടേറെ കഥകളുണ്ട്. ജീവിതത്തിൽ നേടിയതെല്ലാം ഈ കലാകാരൻ ഏറെ സ്നേഹത്തോടെ ചേർത്തു പിടിക്കുന്നതിന് കാരണവും മറ്റൊന്നല്ല. സ്റ്റേജ് പരിപാടികളിൽ നിന്നു ലഭിച്ച വരുമാനം കൊണ്ട് സാജൻ പള്ളുരുത്തി ആദ്യമായി സ്വന്തമാക്കിയത് ഒരു യമഹ ആർ എക്സ് 100 ആയിരുന്നു. രണ്ടര പതിറ്റാണ്ടുകൾക്കിപ്പുറവും സാജന്റെ ലോക്കൽ സവാരികളെല്ലാം ഈ വണ്ടിയിൽ തന്നെയാണ്. പലരും മോഹവില പറഞ്ഞിട്ടും ഈ വാഹനം വിൽക്കാൻ സാജന് മനസു വന്നില്ല. ഏറ്റവും പ്രിയപ്പട്ടെ വാഹനത്തിന്റെ വിശേഷങ്ങളുമായി സാജൻ പള്ളുരുത്തി മനോരമ ഓണ്‍ലൈനിൽ. 

sajan-palluruthy

എന്റെ ആദ്യ വാഹനം

ഓരോ വാഹനങ്ങളോടും ഓരോരുത്തർക്കും ഒരു പ്രത്യേക ഇഷ്ടമുണ്ട്. അങ്ങനെ എനിക്ക് പ്രത്യേക ഇഷ്ടമുള്ള വാഹനമാണ് യമഹ ആർ എക്സ് 100. ഞാൻ ആദ്യം സ്വന്തമാക്കിയ വാഹനവും ഇതാണ്. കെ.എൽ 7 ഇ 3510. പള്ളുരുത്തിയിലെ എന്റെ കറക്കങ്ങളെല്ലാം ഇവനെയും കൊണ്ടാണ്. അത്യാവശ്യം മാർക്കറ്റിൽ പോവുക, ക്ഷേത്രത്തിൽ പോവുക, കുട്ടികളെ സ്കൂളിലേക്ക് കൊണ്ടു പോവുക... അങ്ങനെ ഒരു വിധം നാട്ടിലെ കാര്യങ്ങൾക്കെല്ലാം ഇതിനു പുറത്താണ് എന്റെ സവാരി. 1996ലാണ് ഈ വണ്ടി ഞാൻ വാങ്ങുന്നത്. അന്ന് ഏകദേശം എനിക്ക് 20000 രൂപയിൽ താഴെയൊരു തുകയേ കൊടുക്കേണ്ടി വന്നുള്ളൂ. ആർ എക്സ് 100 നല്ല പോപ്പുലറായി നിൽക്കുന്ന സമയമായിരുന്നു. എന്റെ ഒരു സുഹൃത്തിന്റെ കയ്യിൽ നിന്നാണ് ഞാൻ ഇതു വാങ്ങിയത്. അദ്ദേഹം അത് അധികം ഓടിച്ചിരുന്നില്ല. അദ്ദേഹം കൊടുക്കുവാൻ പോവുകയാണെന്ന് അറിഞ്ഞപ്പോൾ പോയി വാങ്ങുകയായിരുന്നു. അപ്പോൾ ഇതിന് വെറും രണ്ടു വർഷത്തെ പഴക്കമേ ഉണ്ടായിരുന്നുള്ളൂ. 

അന്നും ഇന്നും സ്റ്റാർ ബൈക്ക്

ഞാൻ എന്റെ കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയത്താണ് ഈ വണ്ടി വാങ്ങുന്നത്. അതുവരെ ഞങ്ങൾക്ക് സ്വന്തമായുണ്ടായിരുന്നത് ഒരു സൈക്കിൾ മാത്രമായിരുന്നു. സ്വന്തം അധ്വാനത്തിലൂടെ വാങ്ങിയ ഈ വണ്ടി വീട്ടിലേക്ക് കൊണ്ടു വന്നപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായിരുന്നു. അന്ന് പള്ളുരുത്തിയിൽ രണ്ടു പേർക്കു മാത്രമേ ഈ വണ്ടി ഉണ്ടായിരുന്നുള്ളൂ. അതിലൊരാൾ ഞാനായിരുന്നു. ആ സമയത്ത് ഫോർട്ടുകൊച്ചി ബീച്ചിൽ യമഹ റെയ്സ് ചെയ്യുന്ന പരിപാടിയൊക്കെ ഉണ്ടായിരുന്നു, ബീച്ച് റെയ്സ്... അതിനൊക്കെ ഉപയോഗിക്കാറുള്ളത് ഈ വണ്ടിയായിരുന്നു. വളരെ സൂക്ഷിച്ചാണ് ഞാൻ ഈ വണ്ടി ഉപയോഗിച്ചിട്ടുള്ളത്. ഒരുവിധം കറക്കങ്ങളെല്ലാം പള്ളുരുത്തിയിലും കൊച്ചിയിലും മാത്രമായിരുന്നു. ഈ വണ്ടിയുമെടുത്ത് ദീർഘദൂരം എന്നു പറയാൻ മാക്സിമം കൊരട്ടി വരെ പോയിട്ടുണ്ട്. പിന്നെ ഒരിക്കൽ ചേർത്തല വരെ പോയി. പിന്നെ, ഞാൻ ഇതിൽ അങ്ങനെ പറപ്പിക്കില്ല. ഇതിനൊരു താളമുണ്ട്. ആ താളത്തിലങ്ങനെ പോകും. അത് ഞാനേറെ ആസ്വദിക്കുന്ന റൈഡാണ്. 

'ആ വില പോരാ'

ആർഎക്സ് 100ൽ പാഞ്ഞു പോകുന്നവരുണ്ട്. പതിയെ പോയിക്കഴിഞ്ഞാല്‌ നമുക്ക് വഴിയോരക്കാഴ്ചകൾ കാണാം. പാഞ്ഞു പോയിക്കഴിഞ്ഞാൽ നമുക്ക് പരലോകക്കാഴ്ച കാണാം എന്നതാണ് എന്റെ പോളിസി. ആർ എക്സ് 100ന്റെ ശബ്ദം തന്നെ വളരെയേറെ പ്രത്യേകതയുള്ളതാണ്. അപൂർവം ആളുകളുടെ കയ്യിലേ ഇപ്പോൾ ആർ എക്സ് 100 ഉള്ളൂ. ആദ്യം സ്വന്തമാക്കിയതുകൊണ്ടും എനിക്കേറെ ഇഷ്ടമുള്ളതുകൊണ്ടും ഞാനിത് കൈവിടാതെ കൊണ്ടു നടക്കുകയാണ്. റജിസ്ട്രേഷൻ പുതുക്കേണ്ട സമയമായപ്പോൾ പള്ളുരുത്തിയിലെ തന്നെ ഒരു വർക്ക്ഷോപ്പിലാണ് പണിയാൻ കൊടുത്തത്. മഡ്ഗാർഡുകൾ തുരുമ്പെടുത്തിരുന്നു. അതും കേബിളുമെല്ലാം മാറ്റി. വണ്ടിയുടെ പല പാർട്സുകളും ഇപ്പോൾ കിട്ടാനില്ല. എങ്കിലും വലിയ തരക്കേടില്ലാതെ പണി തീർത്തെടുത്ത്, ഫുൾ ഫിനിഷ് ചെയ്താണ് വീണ്ടും റജിസ്റ്റർ ചെയ്തത്. പല ആളുകളും ഈ അടുത്ത കാലത്തു വരെയും ഈ വണ്ടിക്ക് വില പറഞ്ഞിട്ടുണ്ട്. ഓരോ വില പറയുമ്പോഴും ഞാൻ പറയും, 'അതു പോരാ' എന്ന്. സത്യത്തിൽ ആ വില പോരെന്നല്ല, വില പറഞ്ഞത് ഇഷ്ടമായില്ലെന്നാണ് ഞാൻ ഉദ്ദേശിക്കുന്ന അർത്ഥം. ഇപ്പോൾ റജിസ്ട്രേഷൻ പുതുക്കിയപ്പോൾ ഇത് അന്വേഷിച്ചു വരുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ കുറഞ്ഞിട്ടില്ല.    

മകനും പറഞ്ഞു, അവനും ഈ വണ്ടി മതിയെന്ന്

ആർ എക്സ് 100നു ശേഷമാണ് ഞാൻ മാരുതി സുസുക്കി വാങ്ങിച്ചതും പിന്നീട് സാൻട്രോ ആക്കിയതും ഇനോവ ആക്കിയതുമെല്ലാം ദീർഘദൂര യാത്രകൾ പരിഗണിച്ചാണ്. ക്ഷീണമില്ലാതെ യാത്ര ചെയ്യാൻ വേണ്ടിയാണ് അവ വാങ്ങിച്ചത്. ആരോടെങ്കിലും എന്നോടു എന്റെ പ്രിയപ്പെട്ട വാഹനം ഏതെന്നു ചോദിച്ചാൽ ഞാൻ പറയും, എന്റെ ഈ ആർ എക്സ് 100 ആണെന്ന്. എന്റെ മക്കൾക്കു പോലും ഞാൻ ഇതിൽ സഞ്ചരിക്കുന്നതാണ് ഏറെ ഇഷ്ടം. എന്റെ മകൻ ഈ വണ്ടി ഓടിക്കാറുണ്ട്. അവന് വണ്ടി ഓടിക്കാൻ പ്രായമായപ്പോൾ ഒരു പുതിയ വണ്ടി വാങ്ങിക്കൊടുക്കണമെന്നു പറഞ്ഞിരുന്നു. പക്ഷേ, അവൻ കോളജിൽ ഈ വണ്ടിയിൽ പോയി തിരിച്ചു വന്നപ്പോൾ നിലപാടു മാറ്റി. എന്നിട്ടു പറഞ്ഞു, അവന് പുതിയ വണ്ടിയൊന്നും വേണ്ട, ഈ വണ്ടി തന്നെ റജിസ്ട്രേഷൻ പുതുക്കി കൊടുത്താൽ മതിയെന്ന്. പുതിയ തലമുറയ്ക്കു വരെ ഈ വണ്ടി പ്രിയപ്പെട്ടതാണ്.

English Summary: Sajan Palluruthy About His First Vehicle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com