എംജി വിൽക്കുന്ന 10 കാറുകളിൽ 1 കേരളത്തിൽ, പുതിയ എസ്‌യുവി ഉടൻ

SHARE

കൊച്ചി∙ ദേശീയ യാത്രാവാഹന വിൽപനയുടെ 6.5% ആണു കേരളത്തിന്റെ പങ്കാളിത്തമെങ്കിലും എംജി മോട്ടർ ഇന്ത്യയുടെ വിൽപനയിൽ സംസ്ഥാനത്തിന്റെ പങ്ക് 9.5% ആണെന്ന് കമ്പനി ചീഫ് കമേഴ്സ്യൽ ഓഫിസർ ഗൗരവ് ഗുപ്ത. സാങ്കേതികവിദ്യകളോടും പുതുമകളോടും കേരളത്തിനുള്ള മമതയാണ് എംജി മോഡലുകളുടെ വലിയ സ്വീകാര്യതയ്ക്കു കാരണമെന്ന് അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു. 15 എംജി ടച് പോയിന്റുകളാണ് സംസ്ഥാനത്തുള്ളത്. 

ഈയിടെ അവതരിപ്പിച്ച പ്രീമിയം എസ്‌യുവി ഗ്ലോസ്റ്ററിനു ലഭിച്ച ബുക്കിങ്ങിൽ 75 ശതമാനവും ഏറ്റവും ഉയർന്ന പതിപ്പിനാണ്. കേരളത്തിലും ഇതുതന്നെയാണു സ്ഥിതി. ഹെക്ടറിനും ഹെക്ടർ പ്ലസിനും സെഡ് എസ് വൈദ്യുത എസ്‌യുവിക്കും സംസ്ഥാനത്തു മികച്ച വിൽപനയാണുള്ളത്. അടുത്ത ജൂലൈയ്ക്കുമുൻപ് മറ്റൊരു എസ്‌യുവി കൂടി വിപണിയിലെത്തിക്കും. ഇതടക്കം, ഇന്ത്യയിൽ കമ്പനി നേരത്തേ പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പാക്കും. കണക്റ്റഡ്, ഓട്ടോണമസ്, ഷെയേഡ്, ഇലക്ട്രിക് എന്നീ ആശയങ്ങളിലൂന്നിയുള്ള ഉൽപന്നങ്ങൾ അവതരിപ്പിക്കുന്ന ഓട്ടോ ടെക് കമ്പനിയായി എംജി പ്രവർത്തിക്കും. ഇന്ത്യയിലെ എല്ലാ എംജി വാഹനങ്ങളും ഇന്റർനെറ്റ് കണക്ടിവിറ്റിയുടെ ഉന്നത നിലവാരത്തിലുള്ളവയാണ്. ഓട്ടോണമസ് രംഗത്ത് ഗ്ലോസ്റ്റർ മികച്ച തുടക്കമിട്ടുകഴിഞ്ഞു. ഇപ്പോൾ ലെവൽ–1 ഓട്ടോണമസ് സംവിധാനമാണ് ഗ്ലോസ്റ്ററിൽ. ഇതു ഭാവിയിൽ ലെവൽ–2 ആയി ഉയരും. ഷെയേഡ് ഗതാഗതത്തിന് പല കമ്പനികളുമായും ചേർന്ന് എംജി പല മാതൃകകൾ നടപ്പാക്കുന്നതായും ഗൗരവ് ഗുപ്ത പറഞ്ഞു. 

gaurav-gupta
Gaurav Gupta

ഹെക്ടർ നിർമിക്കുന്ന ഹലോലിലെ പ്ലാന്റിലാണ് ഗ്ലോസ്റ്ററും വൈദ്യുത എസ്‌യുവി സെഡ്എസും അസംബിൾ ചെയ്യുന്നതും. വലിയ അളവിൽ ഓട്ടമേഷൻ നടപ്പാക്കിയിട്ടുള്ള അത്യാധുനിക പ്ലാന്റാണിത്. ഇലക്ട്രിക് വാഹന രംഗത്ത് എംജിയുടെ പ്രവർത്തനം വാഹനം വിപണിയിലിറക്കുന്നതിൽ ഒതുങ്ങുന്നില്ല. രാജ്യവ്യാപക ചാർജിങ് അടിസ്ഥാനസൗകര്യമൊരുക്കാനും മുൻപന്തിയിലുണ്ട്. ടാറ്റ പവറുമായിച്ചേർന്ന് കൊച്ചി അടക്കമുള്ള നഗരങ്ങളിൽ അതിവേഗ ഡിസി ചാർജിങ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ഈ പങ്കാളിത്തം കൂടുതൽ വിപുലമാക്കും. ഏതു കമ്പനിയുടെ വൈദ്യുത കാറും ചാർജ് ചെയ്യാവുന്ന സംവിധാനമാണിത്. ഇന്ത്യയിൽ ബാറ്ററി ഉൽപാദനമടക്കമുള്ള പ്രവർത്തനങ്ങളാണു കമ്പനി ലക്ഷ്യമിടുന്നതെന്നും ഗൗരവ് പറഞ്ഞു. 

ഇന്ത്യയിൽ മേൽപ്പറഞ്ഞ വാഹന സാങ്കേതിക വിദ്യകളുടെ വികസനം ലക്ഷ്യമിട്ട് സ്റ്റാർട്ടപ്പുകൾക്ക് 25 ലക്ഷം വരെ ഗ്രാന്റ് നൽകുന്ന ഡവലപ്പർ പോജക്ട് നടപ്പാക്കുന്നുണ്ട്. സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഐഐടിയുമായി സഹകരിക്കുന്ന ആദ്യ കമ്പനിയുമാണ് എംജി മോട്ടർ ഇന്ത്യയെന്ന് ഗൗരവ് ഗുപ്ത പറഞ്ഞു. പെൺകുട്ടികൾക്കു വിദ്യാഭ്യാസം ഉറപ്പാക്കുന്ന സാമൂഹികക്ഷേമപദ്ധതിയും കമ്പനിയുടെ തുടക്കം മുതൽ രാജ്യത്തു നടത്തുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA