ADVERTISEMENT

മോട്ടർ വാഹന വകുപ്പിന്റെ പരിശോധന ഡിജിറ്റൽ രൂപത്തിലായത് അടുത്തിടെയാണ്. റോഡിൽ തടഞ്ഞുനിർത്തിയുള്ള പരിശോധന ഒഴിവാക്കി നിയമലംഘനം കണ്ണിൽ പെട്ടാൽ ഓൺലൈനായാണ് കേസ് റജിസ്റ്റർ ചെയ്യുന്നത്. കേസ് റജിസ്റ്റർ ചെയ്താൽ ആർസി ബുക്കുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് മെസേജും ലഭിക്കും. എന്നാൽ പലപ്പോഴും മെസേജ് ലഭിക്കുന്നില്ലെന്നും കേസെടുത്തത് അറിയുന്നില്ലെന്നുമാണ് ആളുകളുടെ പരാതി. കേസ് കോടതിയിൽ എത്തി സമൻസ് വരുമ്പോഴായിരിക്കും ആളുകൾ അറിയുക. കേസ് റജിസ്റ്റർ ചെയ്ത് ഏകദേശം 75 ദിവസം വരെ ഓൺലൈനായി അടയ്ക്കാൻ സാധിക്കും അതിനുശേഷമാണ് കോടതി നടപടികളിലേക്ക് പോകുന്നത്.

തെറ്റായ നമ്പർ

വാഹനം റജിസ്റ്റർ െചയ്യുമ്പോൾ നൽകുന്ന തെറ്റായ നമ്പറാണ് (ഏജന്റിന്റേയോ ഷോറൂമിലെ ജീവനക്കാരുടേയോ) ഇതിലെ വില്ലൻ. റജിസ്റ്റർ ചെയ്യുമ്പോൾ എളുപ്പത്തിന് വേണ്ടി നൽകുന്ന നമ്പർ തന്നെയായിരിക്കും ഉടമയുടെ നമ്പറായി പരിവാഹനൻ വെബ്സൈറ്റിലുണ്ടാകുക, അതുകൊണ്ടാണ് എസ്എംഎസ് വഴി പിഴയുടെ ഡീറ്റൈൻസ് ലഭിക്കാത്തത്. വാഹന ഉടമകളിൽ അറുപതു ശതമാനത്തിൽ അധികം ആളുകളും ഇത്തരത്തിലുള്ള നമ്പറുകളാണ് നൽകിയിരിക്കുന്നത് എന്നാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. അത് മാറ്റി ഉടയമുടെ ശരിയായ നമ്പർ നൽകിയില്ലെങ്കിൽ പിന്നീട് കാത്തിരിക്കുന്നത് കോടതി നടപടികള്‍ അടക്കമുള്ള നൂലാമാലകളാണ്.

parivahan

എങ്ങനെ മാറ്റാം? 

പരിവാഹനൻ വെബ്സൈറ്റിൽ മൊബൈൽ നമ്പർ മാറ്റാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വെബ് സൈറ്റിലെ ഓൺലൈൻ സർവീസ് എന്നതിന് കീഴിലായി വെഹിക്കിൾ റിലേറ്റർ സർവീസ് എന്ന് വിഭാഗത്തിൽ അപ്ഡേറ്റ് മൊബൈൽ നമ്പർ എന്നതിൽ അമർത്തി വാഹനത്തിന്റെ എൻജിൻ നമ്പറും ചെയ്സിസ് നമ്പറും നൽകിയാൽ മൊബൈൽ നമ്പർ മാറ്റാൻ സാധിക്കും.

parivahan-2

എന്താണ് ഇ ചലാൻ

സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തി ഫലപ്രദമായ, സമഗ്രമായ ഒരു ട്രാഫിക് എൻഫോഴ്സ്മെന്റ് സംവിധാനമാണ് ഇ ചലാൻ. വാഹൻ, സാരഥി എന്നീ കേന്ദ്രീകൃത ഓൺലൈൻ സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് ആപ്ലിക്കേഷൻപ്രവർത്തിക്കുന്നത്. റോഡ് നിയമലംഘനത്തിനുള്ള പിഴ ഓൺലൈനായോ എടിഎം കാർഡ് വഴിയോ അടയ്ക്കാം. വാഹനത്തിനെതിരെയൊ ഡ്രൈവർക്കെതിരെയൊ റജിസ്റ്റർ ചെയ്യുന്ന കേസുകൾ രാജ്യവ്യാപകമായി ദൃശ്യമാകും. ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ നിയമ നടപടികൾ സ്വീകരിക്കാൻ സാധിക്കും. കൂടാതെ ആപ്ലിക്കേഷനിൽ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ, സമയം, സ്ഥലം എന്നിവയടക്കം തത്സമയം റെക്കോർഡ് ചെയ്യപ്പെടും. രാജ്യത്തെവിടെയും ഉള്ള വാഹനങ്ങളുടെ വിവരങ്ങളും ഡ്രൈവിങ് ലൈസൻസുകളുടെ വിവരങ്ങളും പരിശോധനാ വേളയിൽ വിരൽത്തുമ്പിൽ ലഭ്യമാകും. ഇതോടെ വ്യാജ ലൈസൻസും വ്യാജ നമ്പർ പ്ലേറ്റും ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർ പിടിയിലാകും.

കുറ്റകൃത്യം റിപ്പോർട്ട് ചെയ്യപ്പെട്ട വാഹനത്തിന്റെ ഉടമസ്ഥനും വാഹനം ഓടിച്ചയാൾക്കും മൊബൈലിൽ മെസേജ് ലഭിക്കും. അതിൽ കാണിച്ചിരിക്കുന്ന ലിങ്കിൽ കയറി പിഴ അടയ്ക്കാം. നിശ്ചിത ദിവസം കഴിഞ്ഞും പിഴയടച്ചില്ലെങ്കിൽ അക്കൗണ്ടിൽ ബ്ലോക്ക് രേഖപ്പെടുത്തും. പിന്നീട് ഉടമസ്ഥനും വാഹനം ഓടിച്ചയാളും ആർടിഒ ഓഫിസിൽ നേരിട്ടെത്തണം. അന്യസംസ്ഥാന വാഹനങ്ങൾക്കെതിരെയും ഡ്രൈവർമാർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കാൻ നിലവിലുണ്ടായിരുന്ന ചില തടസ്സങ്ങൾ ഇതോടെ ഇല്ലാതായി. വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും തങ്ങളുടെ പേരിലുള്ള ട്രാഫിക് നിയമ ലംഘനങ്ങളുടെ വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാനും പിഴയടക്കാനും സാധിക്കുകയും ചെയ്യും.

സ്പോട്ടില്‍ പിഴ അടയ്ക്കണമെന്നു നിര്‍ബന്ധമില്ല

സ്പോട്ടില്‍ പിഴ അടയ്ക്കണമെന്നു നിര്‍ബന്ധമില്ല. നിയമോപദേശം തേടിയതിനു ശേഷമേ അടയ്ക്കൂ എന്ന നിലപാടാണെങ്കില്‍ അങ്ങനെയും ആകാം. നേരിട്ട് പരിവാഹന്‍ സൈറ്റില്‍ കയറി പിഴ ഒടുക്കാം. അല്ലെങ്കില്‍ ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ച്ചെന്ന് അവരുടെ സഹായത്തോടെ ഓണ്‍ലൈനായി പിഴയൊടുക്കാം. ആര്‍.ടി.ഒ ഓഫിസുകളില്‍ ഇ-സേവ കേന്ദ്രമുണ്ട്. അവിടെയും അടയ്ക്കാം. ഒഫന്‍സ് വ്യക്തമാക്കുന്ന ചിത്രം നിങ്ങളുടേതോ നിങ്ങളുടെ വാഹനത്തിന്റേതോ അല്ലെങ്കില്‍, അതില്‍ തര്‍ക്കമുണ്ടെങ്കില്‍ ആര്‍.ടി.ഒയെ നേരിട്ടു സമീപിക്കാം. 14 ദിവസം മുതല്‍ ഒരു മാസം വരെ മോട്ടോര്‍ വാഹന വകുപ്പ് പിഴയൊടുക്കുന്നതിന് അനുവദിക്കും. അതിനുശേഷം കേസ് വിര്‍ച്വല്‍ കോടതിയിലേക്ക് വിടും. നിലവില്‍ എറണാകുളത്ത് മാത്രമേ വിര്‍ച്വല്‍ കോടതിയുള്ളൂ. കോടതിയില്‍ നിന്ന് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള അറിയിപ്പ് വാഹന ഉടമയ്ക്ക് നല്‍കും. പിന്നീട് അവിടെ നിന്ന് കേസ് ഈ കുറ്റകൃത്യം എവിടെ വച്ചു സംഭവിച്ചുവോ ആ പരിധിയിലുള്ള കോടതിയിലേക്ക് വിടും.

English Summary: Update RC BookLinked Mobile Number Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com