കേരളത്തിൽ ആദ്യത്തെ ജീപ്പ് റൂബിക്കോൺ സ്വന്തമാക്കിയ സംവിധായകൻ, ഫാൻസി നമ്പറിന് 6.25 ലക്ഷം !

jeep-rubicon
ഡോ. പ്രവീണ്‍ റാണ
SHARE

വാഹനങ്ങള്‍ ഓടുന്നത് റോഡിലും ഓഫ് റോഡിലും മാത്രമാണെന്ന് ആരു പറഞ്ഞു? ചില സ്റ്റൈല്‍ ഐക്കണുകള്‍ ഓടുന്നത് ചില മനസുകളിലാണ്. വാഹന പ്രേമികളുടെ മനസിലെ കള്‍ട്ട് വാഹനമായി മാറിയ ജീപ്പ് റാംഗ്ലർ റുബിക്കോണിന്റെ കാര്യം ഉദാഹരണം. സംഗതി മഷിയിട്ടു നോക്കിയാൽ മരുന്നിനു പോലും ഒന്ന് നിരത്തിൽ കാണില്ലെന്നത് വേറെ കാര്യം. കേരളത്തില്‍ ഇപ്പോള്‍ ആകെയുള്ള റുബിക്കോണുകളുടെ എണ്ണം മൂന്നാണ്. കേരളത്തിലെ ആദ്യ ഡെലിവറിയെടുത്ത വാഹനം തൃശൂരിലുണ്ട്. സിനിമാ സംവിധായകനും സേഫ് ആന്‍ഡ് സ്ട്രോങ് ബിസിനസ് കണ്‍സള്‍ട്ടന്റ്സ് എംഡിയുമായ ഡോ. പ്രവീണ്‍ റാണയാണ് ഇതിന്റെ ഉടമ. ഇതിനു വേണ്ടി ഫാൻസി നമ്പർ കെഎൽ 08 ബിഡബ്ലിയു 1 സ്വന്തമാക്കാൻ ചെലവാക്കിയതാകട്ടെ 6.25 ലക്ഷം. പലവമ്പൻമാരോടും മൽസരിച്ചാണ് ഈ തുകയ്ക്കെങ്കിലും നമ്പർ പിടിച്ചത്.

രണ്ടാം ബാച്ചില്‍ വെറും ഇരുപത് റാംഗ്ലർ റുബിക്കോണ്‍ മാത്രമാണ് ഇന്ത്യയിലെ റോഡുകളില്‍ (ഓഫ് റോഡുകളിലും) എത്തിയത്. അങ്ങനെയുള്ളൊരു അപൂര്‍വ താരത്തെ 1-ാം നമ്പര്‍ ചാര്‍ത്തി ആദരിക്കാന്‍ അതിന്റെ ആദ്യ ഉടമയ്ക്ക് തോന്നിയത് സ്വാഭാവികം. ബിസിനസ് കണ്‍സള്‍ട്ടന്റ് എന്നതിനു പുറമെ സിനിമാ നിര്‍മാതാവും സംവിധായകനും നടനും കൂടിയാണ് ഡോ. പ്രവീണ്‍ റാണ. ഇന്ദ്രന്‍സ്, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം നായകകഥാപാത്രത്തെ അവതരിപ്പിച്ച് ഡോ. പ്രവീണ്‍ റാണ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രം അനാന്‍ അണിയറയില്‍ ഒരുങ്ങവെയാണ് വാഹനലോകത്തെ ഈ അപൂര്‍വതാരത്തെ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. കോവിഡ് സമയത്ത് തൊഴിലില്ലാതായ സിനിമാ സാങ്കേതികപ്രവര്‍ത്തകര്‍ക്ക് സഹായമെത്തിച്ചു കൊണ്ട് നേരത്തെയും ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

jeep-rubicon-1

ഇന്ത്യയില്‍ വിപണിയിലുള്ള ഏറ്റവും മികച്ച ഓഫ് റോഡ് എസ് യുവികളിലൊന്നായി അറിയപ്പെടുന്ന റുബിക്കോണ്‍ സ്വന്തമാക്കാന്‍ ഡോ പ്രവീണിനെ പ്രേരിപ്പിച്ചത് സാഹസികതയോടുള്ള താൽപര്യമാണ്. 268 ബിഎച്ച്പി കരുത്തില്‍ 400 എന്‍ എം ടോര്‍കിന് ശേഷിയുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് റുബിക്കോണിന്റെ 8-സ്പീഡ് ഓട്ടോമാറ്റിക് വേഗതയുടെ പിന്‍ബലം. 217 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട് ഇതിന്. പൂരങ്ങളുടേയും ഗജവീരന്മാരുടേയും നാട്ടിലെത്തിയ റുബിക്കോണിന് അൽപം കൂടുതലുണ്ടെന്ന് അദ്ദേഹം പറയും. 

വെറും വാഹനപ്രേമി ആയതുകൊണ്ടു മാത്രമല്ല റുബിക്കോണിലേയ്ക്കെത്തിയതെന്ന് അദ്ദേഹം പറയും. പവർ, മികച്ച ഓഫ് റോഡ് പെര്‍ഫോമന്‍സ്,  സുരക്ഷിതത്വം ഇവയാണ് തനനെ റുബിക്കോണിലേയ്ക്ക് ആകര്‍ഷിച്ചതെന്ന് ഡോ. പ്രവീണ്‍ പറയും. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സിലൂടെ ലഭിക്കുന്ന വലിയ അപ്രോച്ച്, ബ്രേക്ക് ഓവര്‍ ആന്‍ഡ് ഡിപ്പാര്‍ചര്‍ ആംഗിൾസ്, പുതിയ ബ്ലാക്ക് ഫെന്‍ഡര്‍ ഫ്ളായേഴ്സ്, ഹുഡ് ലൈറ്റുകള്‍ എന്നിവയാണ് 2020 മോഡലിന്റെ മറ്റു സവിശേഷതകള്‍. ഇലക്ട്രോണിക് ലോക്കിങ് ഡിഫറന്‍ഷ്യല്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ റുബിക്കോണിന്റെ ഓഫ് റോഡിങ് മികവുകളും മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് പ്രവീണ്‍ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം റാംഗ്ലര്‍ മോഡലുകള്‍ക്ക് പൊതുവിലുള്ള നീക്കാവുന്ന ഹാര്‍ഡ്-റൂഫും എളുപ്പത്തില്‍ അഴിച്ചെടുക്കാനും തിരിച്ചുറപ്പിയ്ക്കാനും കഴിയുന്ന ഡോറുകളുമുണ്ട്. 17 ഇഞ്ച് അലോയ് വീലുകളും ഈ മോഡലിന്റെ സുരക്ഷയെ അസാധരണമാക്കുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തിൽ പൂജ നടത്തി എത്തിയ ചുവപ്പന്‍ റുബിക്കോണ്‍ മൂംബൈയ്ക്കുള്ള ആദ്യ ട്രിപ്പിന് തയ്യാറായിക്കഴിഞ്ഞു. കൊങ്കണ്‍, ലോണാവാല ഉള്‍പ്പെടെയുള്ള പശ്ചിമഘട്ടത്തിലെ സാഹസികമായ യാത്രാനുഭവങ്ങള്‍ക്കായി ഉറ്റുനോക്കുകയാണ് പ്രവീണും റുബിക്കോണും. 'ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള ലോങ് ട്രിപ്പുകൾ മുന്‍കൂട്ടി കണ്ടാണ് ഇവനെ സ്വന്തമാക്കിയതെന്നാണ് പ്രവീണ്‍ പറയുന്നു. 

English Summary: Praveen Rana Bought Jeep Rubicon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA