അരയ്ക്കു താഴെ ചലനമില്ല, ഗോവയ്ക്ക് 600 കി.മീ ബുള്ളറ്റ് ഓടിച്ച് റിയാസ്; സ്വപ്നം ഹിമാലയ യാത്ര

reyas
Reyas
SHARE

മുന്നോട്ടുള്ള വഴികളെല്ലാം അടഞ്ഞുപോകുന്ന നിമിഷങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടില്ലാത്തവര്‍ ഉണ്ടാകില്ല. തന്റെ 25-ാം വയസില്‍ സംഭവിച്ച അപകടത്തെ തുടര്‍ന്ന് 13 വര്‍ഷത്തോളമാണ് കോഴിക്കോട് തിക്കോടി സ്വദേശി എന്‍.പി റിയാസിന്റെ ജീവിതം ഒരു മുറിക്കുള്ളിലേക്കൊതുങ്ങിയത്. പരിമിതികള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പഴയതിനേക്കാള്‍ ആവേശത്തില്‍ പോയകാലത്തെ തിരിച്ചുപിടിക്കുകയാണ് ഇപ്പോള്‍ റിയാസ്. ബുള്ളറ്റ് റൈഡറായും മാരത്തോണില്‍ പങ്കെടുത്തും വീല്‍ചെയറില്‍ ബാസ്‌ക്കറ്റ് ബോള്‍ മുതല്‍ ക്രിക്കറ്റ് വരെ കളിച്ചും ട്രെയിനില്‍ യാത്ര ചെയ്തുമെല്ലാമാണ് ഈ യുവാവ് ഞെട്ടിക്കുന്നത്. അന്താരാഷ്ട്ര വികലാംഗ ദിനത്തോട് (ഡിസംബര്‍ മൂന്ന്) അനുബന്ധിച്ചാണ് എന്‍.പി റിയാസ് മനോരമ ഓണ്‍ലൈനുമായി അനുഭവങ്ങള്‍ പങ്കിട്ടത്. 

reyas-2

തിരിച്ചടി

തന്റെ ഇരുപതാമത്തെ വയസ്സിലാണ് റിയാസ് ബഹ്‌റൈനിലേക്ക് പ്രവാസിയായി പോവുന്നത്. മറ്റെല്ലാ പ്രവാസികളേയും പോലെ സ്വന്തമായി വീട്, വിവാഹം, കുടുംബം എന്നിങ്ങനെ റിയാസിന്റെ പട്ടികയും നീണ്ടതായിരുന്നു. അതുകൊണ്ടുതന്നെ അഞ്ച് വര്‍ഷത്തിന് ശേഷമാണ് നാട്ടിലേക്ക് ആദ്യമായി അവധിക്ക് വന്നത് തന്നെ. അപ്പോഴേക്കും വീട് പണി ആരംഭിച്ചിരുന്നു. വിവാഹവും ഉറപ്പിച്ചു. 2003 മാര്‍ച്ച് 19നുണ്ടായ അപ്രതീക്ഷിത അപകടം റിയാസിന്റെ ഈ സ്വപ്‌നങ്ങളെല്ലാം ഒറ്റയടിക്ക് തകര്‍ത്തു.  

സുഹൃത്തിനൊപ്പം ബൈക്കില്‍ കോഴിക്കോട് പോയി തിരിച്ചുവരികയായിരുന്നു റിയാസ്. ചെങ്ങോട്ടുകാവില്‍ വെച്ചായിരുന്നു അപകടം. അപകടശേഷം സ്വകാര്യ ആശുപത്രിയില്‍ വെച്ച് ബോധം തെളിയുമ്പോഴേക്കും 23 ദിവസങ്ങള്‍ കടന്നുപോയിരുന്നു. അന്ന് എന്താണ് സംഭവിച്ചതെന്നത് ഇപ്പോഴും റിയാസിന്റെ ഓര്‍മ്മകളില്‍ തെളിഞ്ഞിട്ടില്ല. എതിരെ വന്ന ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പിന്നീട് പലരും പറഞ്ഞറിഞ്ഞു. 

reyas-3
റിയാസും ഭാര്യയും

ടൗണിലൊന്ന് പോയിവരാമെന്ന് പറഞ്ഞിറങ്ങിയ റിയാസ് പിന്നീട് സ്വന്തം വീട്ടിലേക്കെത്തുന്നത് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞാണ്. നട്ടെല്ലിനേറ്റ ക്ഷതത്തെ തുടര്‍ന്ന് നെഞ്ചിന് താഴേക്ക് തളര്‍ന്നെന്ന സത്യം ഞെട്ടലോടെയാണ് റിയാസ് മനസിലാക്കിയത്. മൂന്ന് മാസത്തോളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ. അപ്പോഴേക്കും ഗള്‍ഫില്‍ നിന്നും എല്ലുമുറിയെ പണിയെടുത്തുണ്ടാക്കിയ സമ്പാദ്യമെല്ലാം തീര്‍ന്നു. പിന്നീട് എട്ട് മാസത്തിലേറെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍. ഇതിനിടെ പറഞ്ഞുറപ്പിച്ചിരുന്ന വിവാഹത്തില്‍ നിന്നും പിന്മാറി, വീടുപണി മുടങ്ങി. 

അതുവരെ കണ്ട സ്വപ്‌നങ്ങളിലൂടെയല്ലായിരുന്നു പിന്നീടുള്ള റിയാസിന്റെ ജീവിതം. നിറ യൗവ്വനത്തിലെ പതിമൂന്ന് വര്‍ഷത്തിലെറെയാണ് ഈ യുവാവ് സ്വന്തം മുറിക്കുള്ളില്‍ കഴിഞ്ഞത്. ഇതിനിടെ തിക്കോടിയിലെ നാട്ടുകാര്‍ മുന്‍കയ്യെടുത്ത് വീട് പണി പൂര്‍ത്തിയാക്കി നല്‍കിയത് ആശ്വാസമായി. ജീവിതം വഴിമുട്ടിയെന്ന തോന്നലില്‍ നിന്നും അപ്രതീക്ഷിതമായി ലഭിച്ച ഇത്തരം സഹായങ്ങളാണ് റിയാസിന്റെ ജീവിതത്തില്‍ വെളിച്ചമായത്.

തിരിച്ചുവരവ്

തിക്കോടി പഞ്ചായത്ത് നല്‍കിയ മുച്ചക്ര വാഹനം റിയാസിന്റെ ലോകം വലുതാക്കി. തിക്കോടിയിലും പരിസരത്തുമുള്ള ഓട്ടോമൊബൈല്‍ ഷോപ്പുകളിലേക്ക് കോട്ടണ്‍ വേസ്റ്റ് നല്‍കുന്ന പണി ആരംഭിച്ചു. അത് പതുക്കെ വരുമാന മാര്‍ഗ്ഗമായതോടെ സ്വന്തമായി സ്‌കൂട്ടര്‍ വാങ്ങി തനിക്കും സന്തത സഹചാരിയായ വീല്‍ചെയറിനും സഞ്ചരിക്കാവുന്ന രൂപത്തിലേക്ക് മാറ്റിയെടുത്തു. കോഴിക്കോട് ഗാന്ധി റോഡിലെ എസ് ആർ ഓട്ടോ ഇന്‍ഡസ്ട്രീസിലെ ബാബുവായിരുന്നു ഇതിന് സഹായിച്ചത്.

reyas-1

ഫോണ്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും പല സാഹചര്യങ്ങളില്‍ ശരീരം തളര്‍ന്നിട്ടും മനസ് തളരാതിരുന്ന പലരേയും പരിചയപ്പെട്ടു. ചിലരെല്ലാം പ്രചോദനമായി. അതില്‍ മുന്നിലാണ് മലപ്പുറം സ്വദേശി റഈസ്. കഴുത്തിന് താഴേക്ക് തളര്‍ന്നു കിടക്കുന്ന റഈസ് നെഞ്ചിന് താഴേക്ക് തളര്‍ന്ന റിയാസിന് പ്രചോദനമായി. 2015ല്‍ റഈസാണ് കോതമംഗലത്ത് വീല്‍ചെയര്‍ ബാസ്‌കറ്റ് ബോള്‍ സെലക്ഷന്‍ ട്രയല്‍സ് നടക്കുന്ന വിവരം പറയുന്നത്. അന്ന് ആറംഗ കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റിയാസിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ദേശീയ വീല്‍ചെയര്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം വരെ റിയാസ് അംഗമായ കേരളം നേടിയിട്ടുണ്ട്. ഇപ്പോഴും കേരളത്തിന്റെ താരമാണ് റിയാസ്. വീല്‍ചെയര്‍ റഗ്ബി ദേശീയ ചാമ്പ്യന്മാരായ കേരള ടീമിലും റിയാസുണ്ട്. 

കായികമേഖലയിലേക്ക് കൂടി വന്നതോടെയാണ് റിയാസിന്റെ യാത്രകളും ലോകവും വീണ്ടും വിപുലമായത്. എറണാകുളം രാജഗിരി കോളജില്‍ വെച്ചായിരുന്നു വീല്‍ചെയര്‍ ബാസ്‌ക്കറ്റ് ബോള്‍ കേരള ടീമിന്റെ പരിശീലനം. കൊയിലാണ്ടി റെയില്‍ വേ സ്‌റ്റേഷനിലേക്ക് സ്വന്തം സ്‌കൂട്ടറില്‍ പോയി ട്രയിന്‍ കയറി എറണാകുളത്തിറങ്ങി രാജഗിരിയിലേക്ക് പോയത് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. നമ്മള്‍ തീരുമാനിച്ചിറങ്ങിയാല്‍ ചുറ്റുമുള്ളവര്‍ക്ക് ഒരു കൈ സഹായിക്കാന്‍ മടിയില്ലെന്ന് ഈ യാത്രകളിലൂടെ റിയാസ് തിരിച്ചറിയുകയായിരുന്നു. 

ഇതിനിടെ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു വിവാഹം. അനുജന്റെ വിവാഹത്തിനെത്തിയ ഒരു കുടുംബ സുഹൃത്ത് വഴിയാണ് കല്ലായി സ്വദേശി സാബിറ റിയാസിന്റെ ജീവിതത്തിലേക്ക് എത്തുന്നത്. 2017 നവംബര്‍ 29ന് റിയാസിന്റെ മണവാട്ടിയായി സാബിറ എത്തി. തന്റെ പരിമിതികള്‍ ഉള്‍ക്കൊള്ളുന്നവരെ ചേര്‍ത്തുപിടിച്ച് റിയാസ് സ്വന്തം ലോകം വലുതാക്കുകയായിരുന്നു. 

താന്‍കളിച്ചു വളര്‍ന്ന സ്വന്തം നാട്ടിലെ ഷാര്‍പ് ക്രിക്കറ്റ് ക്ലബും പ്രവാസി സുഹൃത്ത് ഇക്ബാലും ചേര്‍ന്ന് നല്‍കിയ സ്‌പോര്‍ട്‌സ് വീല്‍ ചെയര്‍ റഹീസിലെ സ്‌പോര്‍ട്‌സ്മാന് പ്രോത്സാഹനമായി. കോഴിക്കോട് ഐ.ഐ.എം സംഘടിപ്പിക്കുന്ന ഹാഫ് മാരത്തണെക്കുറിച്ച് പത്രത്തിലൂടെയാണ് റിയാസ് അറിയുന്നത്. എന്തുകൊണ്ട് തനിക്കും പങ്കെടുത്തുകൂടെന്ന ചിന്ത റിയാസിനെ 2018 ഫെബ്രുവരി 25ന് പുലര്‍ച്ചെ കോഴിക്കോട് ബീച്ചിലെത്തിച്ചു. അന്ന് മൂന്ന് കിലോമീറ്റര്‍ തന്റെ വീല്‍ചെയറില്‍ പൂര്‍ത്തിയാക്കിയാണ് റിയാസ് മാരത്തണൊപ്പം ചേര്‍ന്നത്. റിയാസിന്റെ സാന്നിധ്യം അന്ന് സംഘാടകര്‍ക്ക് പോലും അത്ഭുതമായിരുന്നു. 2018ല്‍ പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച വീല്‍ചെയര്‍ മാരത്തണിലും 2019ലെ കോഴിക്കോട് ഹാഫ് മാരത്തണിലും പിന്നീട് റിയാസ് പങ്കെടുത്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ കൊയിലാണ്ടിയില്‍ നെസ്റ്റ് സംഘടിപ്പിച്ച വീല്‍ചെയര്‍ മാരത്തണ്‍ റിയാസ് അടക്കം നിരവധി പേര്‍ക്കാണ് പ്രചോദനമായത്. 

റൈഡര്‍ ലൈഫ്

കഴിഞ്ഞ നവംബറിലാണ് റിയാസിന്റെ മറ്റൊരു സ്വപ്‌നം യാഥാര്‍ഥ്യമായത്. ഏതൊരു ബുള്ളറ്റ് പ്രേമിയുടേയും 'തീര്‍ഥാടന' കേന്ദ്രമായ റൈഡര്‍മാനിയ ആയിരുന്നു ആ സ്വപ്‌നം. ഹെറിറ്റേജ് റൈഡേഴ്‌സ് ക്ലബിലെ മാക്‌സിമസിനെ വിളിച്ചാണ് റഹീസ് തന്റെ ആഗ്രഹം പറയുന്നത്. റഹീസിന്റെ ജീവിതം കേട്ടപ്പോള്‍ അവര്‍ക്കും നൂറുവട്ടം സമ്മതം. അങ്ങനെയാണ് 38 പേരടങ്ങുന്ന തൃശൂരില്‍ നിന്നുള്ള ബുള്ളറ്റ് സംഘത്തിനൊപ്പം റഹീസും ഗോവയിലേക്ക് യാത്ര തിരിക്കുന്നത്. 

റിയാസിനുവേണ്ടി പ്രത്യേകമായി രൂപമാറ്റം വരുത്തിയ ബുള്ളറ്റിലായിരുന്ന യാത്ര. മുന്നിലേയും പിന്നിലേയും ബ്രേക്ക് ഇടത്തേകയ്യില്‍. ഗിയര്‍ ലിവര്‍ വലിയ വാഹനങ്ങളിലേതുപോലെ കുറ്റിയായി വലതുവശത്ത് ഉയര്‍ത്തി. പിന്‍ചക്രത്തിന്റെ ഇരുവശത്തും രണ്ട് ചക്രങ്ങള്‍ കൂടി ഘടിപ്പിച്ചു. ബുള്ളറ്റിനേയും റിയാസിന്റെ കൈകളിലേക്ക് നിയന്ത്രണം ഒതുക്കികൊടുത്തത് ഗാന്ധി റോഡിലെ ബാബുവേട്ടനായിരുന്നു. ബുള്ളറ്റിന് പിന്നില്‍ വീല്‍ചെയര്‍ കെട്ടിവെക്കും. രണ്ട് കാലുകളും ബുള്ളറ്റിനോട് ചേര്‍ത്ത് കെട്ടിവെക്കുകയും ചെയ്യും. സ്പര്‍ശന ശേഷി നഷ്ടമായ തളര്‍ന്ന കാലുകള്‍ക്ക് കൂടുതല്‍ അപകടം വരാതിരിക്കാനുള്ള മുന്‍കരുതലാണിത്. 

രണ്ട് പകല്‍ നീണ്ട യാത്രക്കൊടുവില്‍ ജീവിതത്തിലെ ആദ്യ ദീർഘദൂര ബുള്ളറ്റ് റൈഡിന് ശേഷം റിയാസ് റൈഡര്‍ മാനിയയിലെത്തി. അന്നത്തെ മൂന്നു ദിവസങ്ങള്‍ സമ്മാനിച്ച ആവേശം ഇന്നും റിയാസില്‍ ഒടുങ്ങിയിട്ടില്ല. കോവിഡ് ഒന്നൊതുങ്ങിയാല്‍ ബുള്ളറ്റില്‍ ഒരു ഭാരത പര്യേടനം. അത് വൈകാതെ നടക്കുമെന്ന റിയാസിന്റെ വാക്കുകളില്‍ നിശ്ചയദാര്‍ഡ്യം തുളുമ്പുന്നു. 25 വയസുവരെ കണ്ടതിനേക്കാള്‍ കൂടുതല്‍ ലോകം കഴിഞ്ഞ നാലു കൊല്ലം കൊണ്ട് വീല്‍ചെയറില്‍ റിയാസ് കണ്ടുകഴിഞ്ഞു. തിരിച്ചടികളിലും പരിമിതികളിലും പതറാതെ മുന്നോട്ടു പോകാന്‍ മനസിനെ നമ്മള്‍ പാകപ്പെടുത്തിയാല്‍ ലോകം പിന്നാലെ വരുമെന്നതാണ് റിയാസ് പകരുന്ന അനുഭവ പാഠം.

English Summary: Reyas Handicapped Bullet Rider

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA