ADVERTISEMENT

ദീർഘയാത്ര കഴിഞ്ഞു രാത്രിയിൽ കേരളത്തിലെത്തുമ്പോൾ ആ നിസ്സാൻ സണ്ണി ടാക്സി കാറിന് ഒരു പതിവുണ്ട്. തട്ടുകട കണ്ടാൽ നിൽക്കും. യാത്രാലസ്യം മാറ്റുകയാണുദ്ദേശ്യം. ഒരു സംഘം ഇപ്പോൾ കാറിൽനിന്നിറങ്ങും എന്നു കരുതി കാത്തിരിക്കുന്ന കടക്കാർക്കു മുന്നിലേക്ക് സധൈര്യം ഒരു യുവതി ഡ്രൈവിങ് സീറ്റിൽനിന്നുമിറങ്ങും. മേരി ജോർജ്.  കൂടെയാരുമില്ലേ മോളേ എന്ന ചോദ്യമുയരും. ഇല്ല ചേട്ടാ, ബെംഗളൂരുവിൽനിന്ന് ഒറ്റ വരവാണ്. ഇനി വീടെത്തുംവരെ സണ്ണി മാത്രമേ കൂട്ടിനുള്ളൂ. എന്നിട്ടു സണ്ണിയെവിടെ? അലോയ് വീലിട്ട സുന്ദരൻ വെള്ളക്കാറിനു നേരെ മേരി കൈ ചൂണ്ടും. പിന്നെ ചായകുടിച്ച് ഉറക്കം മാറ്റി വീണ്ടും ഡ്രൈവിങ് സീറ്റിലേക്കു കയറും. 

നാലുലക്ഷം കിലോമീറ്റർ! 

കഥയല്ലിത്. ഷി ടാക്സി ഡ്രൈവർ മേരി ജോർജിന്റെ ജീവിതയാത്രയിൽ ആവർത്തിക്കുന്ന കാര്യമാണ്. നാലു ലക്ഷം കിലോമീറ്റർ ടാക്സിയോടിച്ച് ദക്ഷിണേന്ത്യ മുഴുവൻ കറങ്ങിയിട്ടുണ്ട് ഈ എറണാകുളം മുളന്തുരുത്തി സ്വദേശിനി. സംസ്ഥാന സർക്കാരിന്റെ ജൻഡർ പാർക്കിനു കീഴിൽ ആണ് ഷി ടാക്സി എന്ന സംരംഭം തുടങ്ങുന്നത്. ജീവിതത്തിൽ ഒരു ബുദ്ധിമുട്ടുസഹിച്ച് നിൽക്കുന്ന സമയത്താണ് ഷി ടാക്സിയിലേക്ക് ആളെ എടുക്കുന്നത് ശ്രദ്ധയിൽ പെട്ടത്.  വാഹനത്തോടുളള അടങ്ങാത്ത ആവേശം കൂടിയായപ്പോൾ മേരി ജോർജ് ഷി ടാക്സിയുടെ വളയം പിടിച്ചു. ഏഴു വർഷമായി ഡ്രൈവിങ് തുടങ്ങിയിട്ട്. സ്വന്തം വാഹനമുണ്ടായിട്ടും, ലൈസൻസ് എടുത്തിട്ടും ഡ്രൈവ് ചെയ്യാൻ ധൈര്യം കാണിക്കാത്ത സ്ത്രീകൾക്ക് മേരിയുടെയും  സണ്ണിയുടെയും യാത്ര ധൈര്യം പകരും. തീർച്ച.   

‘‘യാത്രയിൽ അങ്ങോട്ടു പോകുമ്പോൾ കസ്റ്റമേഴ്സുണ്ടാകും. തിരികെ രാത്രിയിൽ ഒറ്റയ്ക്ക് വണ്ടിയോടിക്കും. ഇതുവരെ ദുരനുഭവങ്ങളുണ്ടായിട്ടില്ല’’ – മേരി ജോർജ് സംസാരത്തിന്റെ പുഷ് ബട്ടൺ അമർത്തുന്നു. ‘‘ഡ്രൈവിങ് പാഷൻ ആണ്. അതുെകാണ്ടാണ് യാത്ര മടുക്കാത്തത്. ആദ്യ വണ്ടി ഡിസയർ ആയിരുന്നു. ഒരു ചെറിയ അപകടമുണ്ടായി എന്നതൊഴിച്ചാൽ മറ്റ് അനുഭവങ്ങൾ വേറെയില്ല’’.

പത്തു മിനിറ്റ്= എട്ടുവർഷം

‘‘വർഷങ്ങൾക്കു മുൻപ് അപ്പച്ചന് അറ്റാക്ക് വന്നപ്പോൾ ഡ്രൈവ് ചെയ്ത് എറണാകുളം ജനറൽ ആസ്പത്രിയിലെത്തിച്ചു. പത്തു മിനിറ്റ് വൈകിയിരുന്നെങ്കിൽ അപ്പച്ചനെ കിട്ടുമായിരുന്നില്ല എന്നാണ് ഡോക്ടർ അന്നു പറഞ്ഞത്. ആ പത്തു മിനിറ്റ് കൊണ്ട് നേടിയത് അപ്പച്ചന്റെ എട്ടു വർഷത്തെ ആയുസ്സ് ആയിരുന്നു. വാഹനമോടിക്കാൻ  ആരെയെങ്കിലും കാത്തിരുന്നുവെങ്കിലോ മറ്റൊരു വണ്ടി വരാൻ നോക്കിയിരുന്നുവെങ്കിലോ അപ്പച്ചനെ കിട്ടുമായിരുന്നില്ല. നീ വണ്ടിയെടുത്ത് ഓടിച്ചോ, വല്ല തട്ടോ മുട്ടോ ഉണ്ടായാൽ മാത്രം വിളിച്ചാൽ മതി എന്നു പറഞ്ഞു ധൈര്യം നൽകിയതിൽ അപ്പച്ചന് നന്ദി പറയുന്നു മേരി.

ബെസ്റ്റ് കംപാനിയൻ

‘‘എന്റെ മൂന്നാമത്തെ കുട്ടിയാണ് സണ്ണി. അല്ലെങ്കിൽ ബെസ്റ്റ് കംപാനിയൻ എന്നും പറയാം. വനിതാ മാസികകൾക്കു പകരം ഫാസ്റ്റ്ട്രാക്ക് പോലുള്ളവയിലായിരുന്നു ശ്രദ്ധ. അതുകൊണ്ടുതന്നെ ഡ്രൈവർമാരാണ് എന്റെ ഹീറോസ്.’’ ലേഡി ഓടിക്കുന്ന ‘ഫീൽ’ ഇല്ല എന്ന് ഈ ടാക്സിയിൽ കയറിയവരുടെ സാക്ഷ്യം. ‘‘കസ്റ്റമർ ഉണ്ടെങ്കിൽ റാഷ് ഡ്രൈവിങ് ചെയ്യാറില്ല. സുരക്ഷിതമല്ലാ എന്ന തോന്നൽ അവർക്കുണ്ടാകാൻ പാടില്ല. ഈ സാക്ഷ്യമാണ് മേരി ജോർജിന്റെ പരസ്യം. അല്ലാത്തപ്പോൾ ആസ്വദിച്ച്, വേഗത്തിൽ  ഓടിച്ചുപോരാറുണ്ട് എന്നതു രഹസ്യം. ’’ 

ടിപ്സ് 4 വനിതകൾ

ടാക്സിവണ്ടി ഇത്തിരി ഭംഗിയാക്കുന്നതിൽ എന്താ തെറ്റ് എന്ന് മേരി ജോർജിന്റെ കാറിലെ സുന്ദരമായ അലോയ് വീൽ ചോദിക്കും. ഉൾവശവും ഭംഗിയായിത്തന്നെ കൊണ്ടുപോകുന്നതിനാൽ കാറിൽ കയറുന്നവർ സണ്ണിയെ മറക്കാറില്ലെന്ന് മേരി. 

ദീർഘകാലത്തെ അനുഭവസമ്പത്തിന്റെ പിൻബലത്തിൽ മേരി ജോർജ് വനിതകൾക്കു നൽകുന്ന ടിപ്സ്

1) വാഹനം ഓടിക്കാൻ പഠിക്കണം. ആരെയും ആശ്രയിക്കാതെ ജീവിക്കാം. 

2) സുഹൃത്തുക്കളുടെ കൂടെയേ വാഹനമോടിക്കാൻ പഠിക്കാവൂ. മാതാപിതാക്കൾ, ഭർത്താവ്, സഹോദരൻ എന്നിവർ കൂടെയുള്ളപ്പോൾ നിങ്ങളുടെ ആത്മവിശ്വാസം കുറയുകയാകും ഫലം (എല്ലാവരുടെയും കാര്യമല്ല. പൊതുവായി പറഞ്ഞതാണ്).

3) സ്ത്രീകൾ വണ്ടി ഓടിക്കുമ്പോൾ പിന്നിൽവന്ന് ഹോൺ അടിക്കുന്ന രീതിയെ ധീരമായി നേരിടണം. ജനിച്ചപടി ഡ്രൈവിങ് സീറ്റിൽ ഇരുന്നിട്ടില്ലല്ലോ ആരും. അതുകൊണ്ട് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ, മിതവേഗത്തിൽ ഡ്രൈവ് ചെയ്യുന്ന സ്ത്രീകളോട് ചിലർ കാണിക്കുന്ന കോപ്രായത്തിനു മുഖം കൊടുക്കരുത്. 

4) ദീർഘദൂര രാത്രിയാത്രകളിൽമറ്റു വാഹനങ്ങളുടെ കൂടെ പോവുക.

 

English Summary: Nissan Sunny She Taxi Covered 4 Lakh Kilometers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com