ADVERTISEMENT

ആദ്യമായി ഒരു വാഹനം സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് നടിയും മോഡലുമായ മറീന മൈക്കിൾ. ഓൺസ്ക്രീനിലും ഓഫ് സ്ക്രീനിലും ലുക്കിലും നിലപാടിലും ബോൾഡ് ആയ മറീന സ്വന്തമാക്കിയതും ബോൾഡ് ആയ വാഹനം തന്നെ! ടാറ്റയുടെ മിനി എസ്‌യുവി നെക്സോൺ! പുതിയ വാഹനത്തിന്റെ വിശേഷങ്ങളുമായി മറീന മൈക്കിൾ മനോരമ ഓൺലൈനിൽ.  

ബജറ്റിലൊതുങ്ങുന്ന കിടിലൻ ചോയ്സ്

ഞാൻ ആദ്യം സ്വന്തമാക്കുന്ന വണ്ടിയാണ് നെക്സോൺ എക്സ് സി പ്ലസ് ഡീസൽ. ആഗ്രഹിച്ചത് ബ്ലാക്ക് ആയിരുന്നെങ്കിലും അത് ലഭ്യമായിരുന്നില്ല. അതുകൊണ്ട് വൈറ്റ് എടുത്തു. പിന്നെ വൈറ്റ് എപ്പോഴും എലഗന്റ് ആണല്ലോ. അതുകൊണ്ട് ഞാൻ ഹാപ്പിയാണ്. ആർടിസ്റ്റ് ആയതുകൊണ്ട് പലപ്പോഴും ദീർഘദൂരയാത്രകളാണ് ചെയ്യേണ്ടി വരാറുള്ളത്. അതിന് നല്ലത് എസ്‌യുവി ടൈപ്പ് ആകുമെന്ന് തോന്നി. നെക്സോൺ വിലയുടെ കാര്യത്തിൽ ബജറ്റിനുള്ളിൽ വരുന്ന വണ്ടിയാണ്. നല്ല പെർഫോർമൻസ്... ഒരു മാസത്തോളം സെർച്ച് ചെയ്തിട്ടാണ് ഒടുവിൽ നെക്സോൺ ഉറപ്പിച്ചത്. ആൾട്രോസ് ഉണ്ടായിരുന്നു ആദ്യം മനസിൽ. പക്ഷേ, എനിക്ക് കുറച്ചുകൂടി നല്ലത് ഒരു എസ്‌യുവി ആണെന്നു തോന്നിയതുകൊണ്ട് നെക്സോൺ എടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വാഹനമെടുത്ത ചിത്രം പങ്കുവെച്ചപ്പോൾ  ഒരുപാടു പേർ പോസറ്റീവ് കമന്റ്സ് പറഞ്ഞു. നല്ല ചോയ്സ് ആണെന്നായിരുന്നു ഭൂരിഭാഗം പേരും പറഞ്ഞത്. എനിക്കും ഒരു സന്തോഷം. നമ്മൾ എടുത്ത വണ്ടി നല്ലതു തന്നെയെന്ന് ആളുകൾ പറയുമ്പോൾ ഒരു സന്തോഷമല്ലേ? 

mareena-michael

ബുള്ളറ്റിൽ നിന്ന് എസ്‌യുവിയിലേക്ക്

ഞാൻ ആദ്യമായി ഓടിക്കാൻ പഠിക്കുന്നത് ബുള്ളറ്റ് ആണ്. സൈക്കിൾ ബാലൻസ് പോലുമില്ലാത്ത വ്യക്തിയായിരുന്നു ഞാൻ. ബുള്ളറ്റിൽ കേറി ഇരുന്നപ്പോൾ അത് എന്നെയും കൊണ്ടു പോകുന്ന ഒരു ഫീൽ ആയിരുന്നു. അപ്പോൾ എനിക്കു തോന്നി, കുഴപ്പമില്ലല്ലോ ഇത്! വണ്ടിയുടെ മേൽ ഒരിഷ്ടം വന്നു തുടങ്ങി. പേടി മാറിക്കിട്ടി. പിന്നീട്, എന്നെ ആളുകൾ തിരിച്ചറിയുന്നതു തന്നെ ചുരുണ്ട മുടിയുള്ള ബുള്ളറ്റ് ഓടിക്കുന്ന കുട്ടി എന്ന നിലയിലാണ്. ചില പടത്തിൽ കാസ്റ്റ് ചെയ്യുന്നതിനു പോലും ഇതു കാരണമായിട്ടുണ്ട്. 

വാഹനം സ്വന്തമാക്കണമെന്ന ആഗ്രഹം വന്നപ്പോൾ എസ്‌യുവി തിരഞ്ഞെടുത്തത് എനിക്കു കൂടുതലും ലോങ് ഡ്രൈവ് ആയതുകൊണ്ടാണ്. സിനിമ ഇൻഡസ്ട്രി ആയതുകൊണ്ട് എനിക്ക് പലപ്പോഴും ദീർഘദൂരയാത്രകൾക്ക് മറ്റുള്ളവരെ ഡിപെൻഡ് ചെയ്യേണ്ടി വരാറുണ്ട്. എനിക്ക് ഒട്ടും പരിചയമില്ലാത്ത ഒരു ഡ്രൈവറുടെ കൂടെ ലോങ് പോകുക എന്നു പറയുന്നത് അത്രയ്ക്ക് സുഖകരമല്ലാത്ത കാര്യമാണ്. അതുകൊണ്ട്, ഞാൻ കുറെ കാലമായി വീട്ടിൽ പറയുന്നു വണ്ടി വാങ്ങിക്കണം എന്ന്. എന്നാൽ ഇത്ര പെട്ടെന്ന് അത് നടക്കുമെന്ന് കരുതിയില്ല. നെക്സോൺ ബുക്ക് ചെയ്ത് രണ്ടു മാസമെങ്കിലും എടുത്തിട്ടാണ് ഡെലിവറി കിട്ടുക എന്നാണ് കേട്ടിരുന്നത്. പക്ഷേ, എനിക്ക് ഒന്നര ആഴ്ച കൊണ്ട് വണ്ടി കിട്ടി. കോഴിക്കോട് റൊട്ടാന മോട്ടേഴ്സിൽ നിന്നാണ് ഞാൻ വണ്ടി എടുത്തത്. 

mareena-michael-2

ലക്ഷ്വറി അല്ല, ഇത് ആവശ്യം

എന്റെ കസിനും ഞാനും കൂടിയാണ് ഡെലിവറി എടുത്തത്. വണ്ടി കൊണ്ടു ചെന്ന് അമ്മയെ നിർബന്ധിച്ച് അതിൽ കയറ്റുകയായിരുന്നു. അമ്മയ്ക്ക് സത്യത്തിൽ ഇതൊന്നും ശീലമില്ല. ഇങ്ങനെ വലിയ വണ്ടികളിൽ യാത്ര ചെയ്തൊക്കെ... 'അമ്മ ഇതിൽ കയറിയില്ലെങ്കിൽ പിന്നെന്തിനാ ഞാൻ വണ്ടി വാങ്ങിച്ചേ' എന്നായി ഞാൻ. ഒടുവിൽ അമ്മയും അമ്മയുടെ ചേച്ചിയും പപ്പയുടെ സിസ്റ്ററും കൂടി വണ്ടിയിൽ കയറി. അതായിരുന്നു ഞങ്ങളുടെ ഫസ്റ്റ് ഡ്രൈവ്. യാത്ര കഴിഞ്ഞപ്പോൾ അമ്മയോടു ചോദിച്ചു, വണ്ടി ഇഷ്ടായോ എന്ന്. 'നല്ല വണ്ടിയാ' എന്നായിരുന്നു അമ്മയുടെ കമന്റ്. അമ്മയുടെ ഒരു ചിന്ത എന്നു വച്ചാൽ നമ്മൾ ഒരു ലക്ഷ്വറി വണ്ടിയൊക്കെ വാങ്ങി ഉപയോഗിക്കാറായോ എന്ന് ആളുകൾ വിചാരിക്കില്ലേ എന്ന ലൈനാണ്. നമ്മൾ ലാവിഷ് ആയി തുടങ്ങിയോ അങ്ങനെയൊക്കെ. ഞാൻ പറഞ്ഞു, അതൊന്നും ഓർത്ത് ആകുലപ്പെടേണ്ട കാര്യമില്ലെന്ന്. ഇതെല്ലാം ജീവിതത്തിന്റെ ഭാഗം തന്നെയാണ്. എന്റെ ജോലിക്കും യാത്രകൾക്കും ഇത് ആവശ്യമാണ്. ട്രാവലിങ് ഓകെ ആയിക്കഴിഞ്ഞാൽ എനിക്ക് കുറച്ചു കൂടി കംഫർട്ടബിൾ ആയി വർക്ക് ചെയ്യാം. റിലാക്സ്ഡ് ആകും. നമ്മുടെ സൗകര്യത്തിന് പോയിട്ടു വരാം. ഞാൻ അത്രയേ മനസിൽ കരുതിയുള്ളൂ. കാര്യം പറഞ്ഞപ്പോൾ അമ്മ ഓകെ ആയി. 

English Summary: Mareena Michael Bought Tata Nexon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com