ADVERTISEMENT

പെണ്ണുങ്ങള്‍ക്കെന്താ ഈ ട്രാക്കില്‍ കാര്യം? എന്നു ചിന്തിക്കുന്നവര്‍ മോട്ടോര്‍ സ്‌പോര്‍ട്‌സിലെ ഓഫ് റോഡിങ് മത്സര മേഖലയിൽ ഏറെയാണ്. ഓഫ് റോഡിങ്ങില്‍ ഡ്രൈവ് ചെയ്ത് മാത്രമല്ല ഒരു ഓഫ് റോഡ് ഇവന്റ് തന്നെ സംഘടിപ്പിച്ചാണ് ഒരുകൂട്ടം മലയാളി സ്ത്രീകള്‍ ഞെട്ടിക്കുന്നത്. സ്ത്രീകള്‍ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ഓഫ് റോഡ് ഇവന്റാണ് വാഗമണില്‍ നടന്ന LON 4x4 Extreme 2020.

ഇതുവല്ലതും നടക്കുമോ? എന്ന ആശങ്കയുമായി ട്രാക്കിലിറങ്ങുന്നവര്‍ക്ക് പറഞ്ഞിട്ടുള്ള പണിയല്ല ഓഫ് റോഡിങ് മത്സരങ്ങള്‍. ഇത്തരം ആശങ്കകള്‍ ആദ്യമേ പൂര്‍ണമായും മാറ്റിവെച്ചാണ് ഈ പെണ്‍കൂട്ടായ്മയും LON 4x4 Extreme 2020 ഓഫ് റോഡ് ഇവന്റ് സംഘടിപ്പിച്ചത്. ഓഫ് റോഡ് ഡ്രൈവിങ് ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കുവേണ്ടി ഒരു ക്ലബ് എന്ന ആശയമാണ് ലേഡീസ് ഓഫ് റോഡ് നെറ്റ്‌വര്‍ക്ക് അഥവാ LON ആയി മാറിയത്. ഓഫ് റോഡ് ഡ്രൈവിങ്ങില്‍ വനിതാ വിഭാഗത്തില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള നിമിഷ മാഞ്ഞൂരാനാണ് ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്. ദേശീയ ഓഫ് റോഡ് ചാമ്പ്യന്‍ഷിപ്പുകളില്‍ അടക്കം കിരീടങ്ങള്‍ നേടിയിട്ടുള്ള വ്‌ളോഗര്‍ കൂടിയായ ആതിര മുരളിയും എല്ലാവിധ സഹകരണങ്ങളുമായി മുന്നിലുണ്ട്. മത്സരങ്ങളില്‍ പങ്കെടുത്ത മത്സരാര്‍ഥികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയതും മാര്‍ഷല്‍ ചെയ്തതും LON ക്ലബിലെ വനിതാ അംഗങ്ങള്‍ തന്നെയായിരുന്നു.

lon-1

വന്നു, കണ്ടു, കപ്പടിച്ചു

വാഗമണില്‍ ഡിസംബര്‍ ആറിന് നടന്ന LON കാണാനായിരുന്നു സുനിത മാത്യു വാഗമണിലേക്ക് പോയത്. വണ്ടികളും ഓടിക്കലുമൊക്കെ കാണാന്‍ വന്ന സുനിത സഹോദരന്‍ സൂരജ് തോമസിന്റെ നിര്‍ബന്ധത്തിലാണ് ലേഡീസ് ക്ലാസില്‍ മത്സരിക്കാനിറങ്ങിയത്. എട്ടു പേരിറങ്ങിയ മത്സരത്തില്‍ ഫലം വന്നപ്പോള്‍ സുനിതക്കായി ഒന്നാം സ്ഥാനം. സുനിത അടക്കം മത്സരത്തില്‍ പങ്കെടുത്ത നാലു സ്ത്രീകള്‍ ആദ്യമായിട്ടായിരുന്നു ഓഫ് റോഡ് ട്രാക്കില്‍ വാഹനം ഓടിച്ചത്. മോട്ടോര്‍ സ്‌പോര്‍ട്‌സ് എന്ന കായിക ഇനത്തെ കൂടുതല്‍ സ്ത്രീകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യം LONന്റെ ആദ്യ പതിപ്പ് തന്നെ നേടിയെന്നതിന്റെ തെളിവാണിത്. 

ഡിസംബര്‍ അഞ്ചിനും ആറിനുമായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്. ആദ്യ ദിവസം ബിഗിനേഴ്‌സ്, ലേഡീസ് ക്ലാസ് മത്സരങ്ങളാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ബുറേവി ചുഴലിക്കാറ്റിന്റെ വരവ് എല്ലാം തകിടം മറിച്ചു. ആറിന് നടക്കേണ്ട പെട്രോള്‍, ഡീസല്‍, ഓപണ്‍ ക്ലാസ് എന്നിവക്കൊപ്പം അഞ്ചാം തിയതിയിലെ മത്സരങ്ങള്‍ കൂടി നടത്തേണ്ടി വന്നു. ഇതും LONന് പിന്നിലെ സ്ത്രീ സംഘാടകരുടെ സമ്മര്‍ദം കൂട്ടി. 

lon-2

വനിതാ വിഭാഗത്തില്‍ രണ്ടാം സ്ഥാനം പൂജയും മൂന്നാം സ്ഥാനം എന്നു റോബിനുമാണ് നേടിയത്. ലേഡീസ് ക്ലാസില്‍ വിജയിച്ച ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000, 5,000, 3,000 രൂപയുടെ കാഷ് പ്രൈസുകളും LON നല്‍കി. പതിനെട്ട് വയസുള്ള റിയയാണ് അയണ്‍ മാന്‍ സ്‌പോണ്‍സര്‍ ചെയ്ത മോസ്റ്റ് പ്രോമിസിഗ് യങ് ഓഫ് റോഡറായി തെരഞ്ഞെടുക്കപ്പെട്ടത്.  

വാഗമണ്‍ സി.ഐ ജയസനല്‍ ഫ്‌ളാഗ് ഓഫ് നടത്തി. യുവസിനിമാ താരം അമിത് ചക്കാലക്കലാണ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നിര്‍വ്വഹിച്ചത്. സിനിമാ നിര്‍മാതാവ് സന്തോഷ് ടി കുരുവിള, കെ.ടി.എം ജീപ്പേഴ്‌സിലെ ആനന്ദ് മാഞ്ഞൂരാന്‍, പ്രേംകുമാര്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, മത്സരങ്ങള്‍ നടന്ന എം.എം.ജെ എസ്റ്റേറ്റിലെ എം.എം ജോസഫ്, KASC ഗ്രൂപ്പ് എന്നിവരുടെ സഹകരണങ്ങള്‍ കൂടിയാണ് LON എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയതെന്ന് നിമിഷ മാഞ്ഞൂരാന്‍ പറയുന്നു. 

ലക്ഷ്യങ്ങള്‍, സ്വപ്‌നങ്ങള്‍

കൂടുതല്‍ സ്ത്രീകളിലേക്ക് ഓഫ് റോഡിങ് എന്ന മോട്ടോര്‍ സ്‌പോര്‍ട്‌സ് കായിക ഇനം എത്തിക്കുന്നതിനൊപ്പം താല്‍പര്യമുള്ളവര്‍ക്ക് വേണ്ട സഹായങ്ങളും പരിശീലനങ്ങളും നല്‍കാനും LON കൂട്ടായ്മക്ക് പദ്ധതിയുണ്ട്. ഡ്രൈവിങ് അറിയാം എന്നാല്‍ ഓഫ് റോഡിങ്ങില്‍ പരിചയയമില്ല. അതേസമയം താല്‍പര്യമുണ്ട് താനും. ഇത്തരക്കാരായ വനിതാ ഡ്രൈവര്‍മാരെ സഹായിക്കാന്‍ LON മുന്നിലുണ്ടാകും.

അടുത്ത മാസം ബിഗിനേഴ്‌സ്, ലേഡീസ് വിഭാഗങ്ങള്‍ക്ക് മാത്രമായി പരിശീലനവും മത്സരവും നടത്തും. അനുഭവസമ്പന്നരായ ഓഫ് റോഡ് റോഡേഴ്‌സായിരിക്കും ഇവര്‍ക്ക് പരിശീലനം നല്‍കുക. ഭാവിയില്‍ LON ക്ലബിന്റെ പേരില്‍ ഓഫ് റോഡിങ് വാഹനം വാങ്ങുകയെന്നതും ഭാവി പദ്ധതികളുടെ കൂട്ടത്തിലുണ്ട്. മികവ് തെളിയിക്കുന്നവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് ഈ വാഹനം ഉപയോഗിക്കുകയും ചെയ്യാം. ഓഫ് റോഡിങ്ങും ഡ്രൈവിങ്ങും സ്വപ്‌നമായി കൊണ്ടുനടക്കുന്ന എല്ലാ പെണ്‍കുട്ടികളേയും സ്വാഗതം ചെയ്യുകയാണ് LON അഥവാ ലേഡീസ് ഓഫ് റോഡ് നെറ്റ്‌വര്‍ക്ക്.

English Summary: Ladies Off Road Network Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com