ഈ റോൾസ് റോയ്സിന് പ്രേതബാധ, കഥയിൽ എന്തെങ്കിലും കാര്യമുണ്ടോ? വിഡിയോ

rolls-royce-ghost-car
Rolls Royce
SHARE

ആഡംബരത്തിന്റെ അവസാന വാക്ക് എന്നായിരിക്കും റോൾസ് റോയ്സ് എന്ന പേരുകേൾക്കുമ്പോൾ തന്നെ ആദ്യം മനസിൽ വരിക. മനംമയക്കുന്ന രൂപഭംഗിയും ആഡംബര തുളുമ്പുന്ന ഉൾഭാഗവുമെല്ലാം കൂടി ഒരു രാജകീയ സവാരി നൽകുന്നു ഈ ഒഴുകുന്ന കൊട്ടാരം. എന്നാൽ ഈ റോൾസ് റോയ്സ് അങ്ങനെയല്ല, ഇതിനെപ്പറ്റികേൾക്കുമ്പോൾ ആരാധന ഭയത്തിന് വഴിമാറും, കാരണം ഇത് പ്രേതബാധയുണ്ട് എന്നു പറയപ്പെടുന്ന റോൾസ് റോയ്സാണ്! 

പ്രേതക്കാർ

പുണെയിലെ ലോണാവാലയ്ക്കടുത്ത് കണ്ടാലയിലാണ് ഈ റോൾസ് റോയ്സുള്ളത്. വർഷങ്ങൾക്ക് മുമ്പ് ഉടമ പാർക്ക് ചെയ്തു പോയ കാർ നശിച്ചുകൊണ്ടിരിക്കുകയാണെങ്കിലും പ്രേതക്കഥകൾക്ക് ഇന്നും മാറ്റ് കുറവൊന്നുമില്ല. ‌കണ്ടാലയിലെ ഐഷ വില്ലയിലാണ് കാറുള്ളത്. പണ്ട് ഈ ബംഗ്ലാവിൽ ഒരു കൊലപാതകം നടന്നെന്നും അതിലെ ആ പ്രേതം ഇപ്പോഴും ഈ കാറിലും വീട്ടിലുമുണ്ടെന്നുമാണ് ആളുകൾ പറഞ്ഞു പരത്തുന്നത്. 

കഥകൾ കാര്യമായതോടെ സമീപവാസികൾ കാറിലെ പ്രേതത്തെ കല്ലെറിഞ്ഞ് ഓടിക്കാൻ തുടങ്ങി, അതാണ് ഈ റോൾസ് റോയ്സിന്റെ ഇന്നത്തെ ശോചനീയവസ്ഥയ്ക്ക് കാരണം. കല്ലേറിൽ വാഹനത്തിന്റെ മുൻ ചില്ലുകളും ഹെഡ്‌ലൈറ്റുകളും ബോണറ്റുമെല്ലാം തകർന്നിട്ടുണ്ട്. എന്തിന് റോൾസ് റോയ്സിന്റെ വിഖ്യാദ ലോഗോ സ്‌പിരിറ്റ് ഓഫ് എക്‌സ്‌റ്റസി വരെ ആളുകൾ ഊരിക്കൊണ്ടുപോയി.

റണ്ണിങ് കണ്ടീഷനിൽ പാർക്ക് ചെയ്ത കാർ പിന്നീട് ശ്രദ്ധിക്കാതെ പോയതുകൊണ്ടാണ് ഈ അവസ്ഥ വന്നത്. പാർക്ക് ചെയ്തു പോയ ഉടമ എന്തുകൊണ്ട് ഈ റോൾസ് റോയ്സ് വീണ്ടെടുക്കാതിരുന്നു എന്നത് ഇന്നും ദുരൂഹമായി തുടരുന്നു. എന്നാൽ വീട്ടിലും കാറിലും പ്രേതബാധയൊന്നുമില്ലെന്നും വാഹനം ഉടൻ വീണ്ടും പ്രവർത്തനക്ഷമമാക്കുമെന്നു ഉടമ പറയുന്നു. 

റോൾസ് റോയ്സ് സിൽവർ ഷാഡോ

എഴുപതുകളിൽ റോൾസ് റോയ്സ് നിരയിലെ ഏറ്റവും വില കൂടിയ മോഡലായിരുന്ന സിൽവർ ഷാഡോയാണ് ഈ കാർ. 1965 മുതൽ 1980 വരെ പ്രൊഡക്ഷനിൽ ഉണ്ടായിരുന്ന മോഡലാണ് സിൽവർ ഷാഡോ. അക്കാലം വരെ പഴയ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് എന്നുള്ള പരിഹാസം മാറ്റാൻ റോൾസ് റോയ്‌സ് ഇറക്കിയ കാറായിരുന്നു ഈ മോഡൽ.  ഇതിനു മുമ്പുണ്ടായിരുന്ന സിൽവർ ക്‌ളൗഡ്‌ എന്ന മോഡലിൽ നിന്നു വലുപ്പത്തിൽ ചെറുതാണെങ്കിലും ഫീച്ചറുകളും കൂടുതൽ സൗകര്യങ്ങളും ഈ കാറിലുണ്ട്. ഏകദേശം 40 വർഷത്തോളം ബോംബെയുടെ നിരത്തുകളിലെ രാജാവായിരുന്ന ബ്രിട്ടീഷ് താരമാണ് ഇന്ന് ഒരു കീറിയ കവിനടിയിൽ കിടന്നു പ്രേതക്കഥയിലെ നായകനായി മണ്ണടിയുന്നത്.

English Summary: Rolls Royce Ghost Car In Pune

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA