3,040 കാറുകൾ, ലോകത്തിലെ ഏറ്റവും വലിയ മെക്കാനിക്കൽ പാർക്കിങ് സിസ്റ്റം കൊച്ചിയിലോ?

Mechanical-Car-Parking-System2
SHARE

ലോകത്തിലെ ഏറ്റവും വലിയ മെക്കാനിക്കൽ കാർ പാർക്കിങ്  സിസ്റ്റം എവിടെയാണ് എന്ന ചോദ്യത്തിന് അടുത്ത വർഷം മുതൽ നമുക്ക് അഭിമാനത്തോടെ ഉത്തരം നൽകാം - കേരളത്തിൽ എന്ന്. കൊച്ചി സ്മാർട് സിറ്റിയിലെ സാൻഡ്സ് ഇൻഫിനിറ്റി ടവറിലാണ് ഈ അദ്ഭുതം ഉയരുന്നത്.

3,040 കാറുകൾ പാർക്ക് ചെയ്യാനുള്ള സംവിധാനമാണ് ഇവിടെ സജ്ജമാകുക. ഇത് ഒരുക്കുന്നത്  അങ്കമാലിയിലെ ഹീമാൻ ഓട്ടോ റോബോപാർക്ക് കമ്പനിയാണ്. ഇലക്ട്രിക് അംബാസഡറിനെ ഫാസ്റ്റ്ട്രാക്ക് പരിചയപ്പെടുത്തിയത് ഓർമയില്ലേ? ഹീമാൻ കമ്പനിയിലെ മിടുക്കർ തന്നെയായിരുന്നു ആ കാറിനു പിന്നിലും. 2013 മുതൽ കമ്പനി ഫുള്ളി ഓട്ടമേറ്റഡ് റോബോട്ടിക് കാർ പാർക്കിങ് സിസ്റ്റം രംഗത്തു വാഴുന്നു. 

എന്തുകൊണ്ട് മെക്കാനിക്കൽ കാർ പാർക്കിങ്

ചേട്ടാ, കാർ ഒന്നു മാറ്റിത്തരുമോ എന്ന അപേക്ഷയും മാറ്റിയിടെടാ വണ്ടി എന്ന അലർച്ചയും ഒരു തവണയെങ്കിലും  കേൾക്കാതെ കാർ പാർക്ക് ചെയ്യാൻ പറ്റുമോ നമ്മുടെ കേരളത്തിൽ?  പാർക്കിങ് വല്ലാത്തൊരു തലവേദനയാണ് വലിയൊരു നഗരമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിൽ. ആയിരം പേർക്ക് 307 വാഹനങ്ങൾ എന്നതാണ് നമ്മുടെ കണക്ക്. ഇന്ത്യൻ ശരാശരി എത്രയാണെന്നറിയേണ്ടേ? ആയിരം പേർക്ക് 18 എണ്ണം! ചൈനയുടേത് 47 ! ജനസാന്ദ്രതയും വാഹനസാന്ദ്രതയും വളരെ കൂടുതലായ, എന്നാൽ സ്ഥലസൗകര്യം വളരെ കുറവായ നമ്മുടെ സംസ്ഥാനത്ത്  വണ്ടിയോടിക്കുന്നതിന്റെ പത്തിരട്ടി ബുദ്ധിമുട്ടാണ് പാർക്ക് ചെയ്യാൻ. ഇവിടെയാണ് ഹീമാൻ റോബോട്ടിക് കാർ പാർക്കിങ് വിദ്യയുടെ പ്രയോജനം അറിയുക. 

ചരിത്രത്തെ പാർക്ക് ചെയ്യാം

മെക്കാനിക്കൽ പാർക്കിങ് വിദ്യ ആദ്യം  തുടങ്ങിയത് ഫ്രാൻസിൽ, 1905 ൽ.  പിന്നീട് ലണ്ടനിലും മറ്റും പലതട്ടിലുള്ള പാർക്കിങ് സൗകര്യം ആവശ്യമായിത്തുടങ്ങി. അമേരിക്കയിൽ ആദ്യത്തെ റോബോട്ടിക് പാർക്കിങ് സിസ്റ്റം 2002 ൽ തുറന്നു. ഇന്ത്യയിൽ, ഡൽഹിയിലെ സരോജിനി നഗറിൽ ഏഴുനിലകളിലായി 824 കാർ പാർക്കിങ് സ്പെയ്‌സുമായി ആദ്യ മെക്കാനിക്കൽപാർക്കിങ് സംവിധാനം നിലവിൽ വന്നു. പിന്നീട് ചെന്നൈ അപ്പോളോ ഹോസ്പിറ്റൽ, ബാബാ ഖരക് സിങ് മാർഗ് എന്നിവിടങ്ങളിൽകൂടി വലിയ മെക്കാനിക്കൽ കാർ പാർക്കിങ് സംവിധാനം ഒരുങ്ങി. 

Mechanical-Car-Parking-System

കേരളത്തിൽ അങ്കമാലി എംഎജിജെ ഹോസ്പിറ്റൽ, തിരുവനന്തപുരം പിആർഎസ് ഹോസ്പിറ്റൽ, എറണാകുളം ലിസി ഹോസ്പിറ്റൽ, തിരുവനന്തപുരം കോർപറേഷൻ ഓഫിസ് എന്നിവിടങ്ങളിലാണ് പ്രധാനമായും മെക്കാനിക്കൽ പാർക്കിങ് സംവിധാനം പ്രവർത്തിക്കുന്നത്. 

കേരളത്തിലെ നിലവിലുള്ളതിൽ ഏറ്റവും വലിയ ഓട്ടമേറ്റഡ് പാർക്കിങ്  സമുച്ചയം ഇൗ ഒക്ടോബർ 12 മുതൽ കൊച്ചിയിലെ ലൂർദ് ഹോസ്പിറ്റലിൽ പ്രവർത്തിച്ചു തുടങ്ങി. 6 നിലകളിലായി 129 കാറുകൾ പാർക്ക് ചെയ്യാം ഇൗ റോബോട്ടിക് പാർക്കിങ് സമുച്ചയത്തിൽ. .നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഓട്ടമേറ്റഡ് പാർക്കിങ് സംവിധാനമുള്ള കുവൈറ്റിലെ അൽ ജഹ്റയിൽ  2,314 കാറുകൾക്ക്  വിശ്രമിക്കാം.  അപ്പോഴാണ് 3,040 കാറുകൾക്ക് പാർക്കിങ് സ്പെയ്സ് ഒരുക്കി ഹീമാൻ വിസ്മയം തീർക്കുന്നത്.  അഭിമാനമുണ്ടാകാതെ തരമില്ലല്ലോ

പാർക്കിങ് വിദ്യകൾ പലതരം

മൾട്ടി ലെവർ റാംപ് പാർക്കിങ്, മെക്കനൈസ്ഡ് പാർക്കിങ്  എന്നിങ്ങനെ രണ്ടുതരത്തിൽ പാർക്കിങ് സൗകര്യത്തെ തിരിക്കാം. നമ്മുടെ മാളുകളിൽ കാണുന്ന തരം സ്ഥിരം കോൺക്രീറ്റ് നിലകളാണ് ആദ്യത്തേത്. ഭൂഗർഭ അറയിലെയും മറ്റും പാർക്കിങ് ഉദാഹരണം. മെക്കനൈസ്ഡ് പാർക്കിങ് സംവിധാനം പലതരത്തിലുണ്ട്. അവയേതൊക്കെ എന്നു നോക്കാം.

1) സ്റ്റാക്ക്  പാർക്കിങ്

ചെറിയ അപ്പാർട്മെന്റുകൾക്കോ, ഓഫിസുകൾക്കോ ചേർന്നതാണിത്.  രണ്ടു തട്ടിൽ, ഒരുനിര വാഹനത്തിനു മുകളിൽ മറ്റൊരു നിര കൂടി പാർക്ക് ചെയ്ത് സമയം ലാഭിക്കാം. പക്ഷേ, മുകളിലെ വാഹനം ഇറക്കണമെങ്കിൽ താഴെയുള്ള കാർ  മാറ്റണം. സഹായം എപ്പോഴും വേണ്ടിവരും. 

2) റോട്ടറി പാർക്കിങ്

Mechanical-Car-Parking-System1

രണ്ടോ നാലോ കാറുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് പല നിലകളിലായി കാർ പാർക്ക് ചെയ്യുന്ന വിദ്യ.  ഓരോ കാറും താഴെ പാർക്ക് ചെയ്താൽ മതി. ആകാശ ഊഞ്ഞാലിനു സമാനമായി ഓരോ പാർക്കിങ് തട്ടും മാറി മാറി താഴെ എത്തി പാർക്കിങ് സാധ്യമാക്കുന്നു. പാർക്ക് ചെയ്യാൻ സഹായികൾ വേണ്ടിവരുന്നില്ല എന്നതു നേട്ടം. പക്ഷേ, ഓരോ കാർ ഉയർത്തുന്നതിനും വലിയ ഊർജം വേണ്ടിവരുന്നു എന്നതാണു ദോഷം. ചലിക്കുന്ന ഘടകങ്ങൾ കൂടുതലായതുകൊണ്ട് തകരാറുകൾ കൂടുതലാണ്. 

3) പസിൽ പാർക്കിങ് 

വീതിയേറിയ സ്ഥലത്ത്  മൂന്നോ നാലോ നിലകളിലായി പാർക്കിങ് ക്രമീകരിക്കുന്ന വിദ്യ. വാഹനം താഴെയുള്ള പ്ലാറ്റ്ഫോമിൽ (പാലറ്റ്) പാർക്ക് ചെയ്യുക. ഒഴിവുള്ള സ്ഥലത്തേക്ക് ഈ പാലറ്റ് കാറിനെ എത്തിക്കും. പാലറ്റും കാറും ഒറ്റ യൂണിറ്റായിട്ടായിരിക്കും അവിടെ ഇരിക്കുക. ഇങ്ങനെ എല്ലായിടത്തേക്കും ചലിക്കുന്ന പാലറ്റുകളുടെ കൂട്ടമാണ് പസിൽ പാർക്കിങ്.  ഒരു കാർ പാർക്ക് ചെയ്യുമ്പോൾ ഒന്നിലധികം പാലറ്റുകൾ ചലിക്കേണ്ടതിനാൽ ഊർജ ചെലവ് കൂടുതലാണ്. പസിൽ പാർക്കിങ്ങിൽ താഴത്തെ നിലകളിൽ  മാത്രമേ  വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കൂ. പരമാവധി നാലുനിലയിൽ,  അൻപതിൽ താഴെ കാറുകൾക്കാണ് പസിൽ പാർക്കിങ് സിസ്‌റ്റം യോജിക്കുക. ചലിക്കുന്ന യന്ത്രഭാഗങ്ങൾ കൂടുതൽ ആയതിനാൽ പരിപാലനച്ചെലവ് കൂടുതലായിരിക്കും.  കൂടുതൽ നിലകൾ പറ്റില്ല. അതുകൊണ്ടുതന്നെ കൂടുതൽ കാറുകൾ പാർക്ക് ചെയ്യാനും പറ്റില്ല.

4) ഓട്ടമാറ്റിക് പാർക്കിങ് അഥവാ  ടവർ പാർക്കിങ്

അൻപതു കാറുകളിൽ കൂടുതൽ പാർക്ക് ചെയ്യാൻ ടവർ പാർക്കിങ് ആണ് നല്ലത്. പേരുപോലെ തന്നെ കുത്തനെ ഉയർന്നു നിൽക്കുന്ന പാർക്കിങ് സ്പെയ്സുകളാണ് ഇതിലുള്ളത്.ടവർ പാർക്കിങ് ഓട്ടമാറ്റിക് പാർക്കിങ് എന്നും അറിയപ്പെടുന്നു.

ഓട്ടമാറ്റിക് പാർക്കിങ് രണ്ടുതരത്തിലുണ്ട്

1) പാലറ്റ് പാർക്കിങ്

പാലറ്റിൽ കാർ പാർക്ക് ചെയ്യാം. ഈ പാലറ്റുകളെ പാർക്കിങ് സ്പെയ്സുകൾക്കിടയിലൂടെ ഒരു ഡോളി നീക്കും. ഒഴിവുള്ള നിരയിലേക്ക് കാറിനെയും പാലറ്റിനെയും ലിഫ്റ്റ് വഴി എത്തിക്കും. അവിടെയുള്ള ഡോളി ഈ പാലറ്റിനെയും കാറിനെയും സ്വീകരിച്ച് പാർക്ക് ചെയ്യും. ലളിതമാക്കുകയാണെങ്കിൽ ഫ്രിജിനുള്ളിലേക്ക്  വെള്ളം നിറച്ച ഐസ് ക്യൂബ് ട്രേ വയ്ക്കുന്നത് ആലോചിച്ചാൽ മതി. കാർ വെള്ളമാണെന്നും പാലറ്റ് ആ ട്രേ ആണെന്നും കരുതുക. കാറും അടിത്തറയും എല്ലാം ഒന്നിച്ചാണ് ചലിക്കുക.  സമയം കൂടുതൽ എടുക്കും. ഊർജനഷ്ടമുണ്ടാകും. പാർക്ക് ചെയ്യുന്ന സ്ഥലത്ത് ചലിക്കുന്ന ഭാഗങ്ങൾ കൂടുതൽ ആയതിനാൽ തകരാറും കൂടുതലായിരിക്കും. 

2) പാലറ്റ്-ലെസ്  പാർക്കിങ്പാലറ്റ് ഇല്ലാത്ത റോബോട്ടിക് 

പാർക്കിങ് സിസ്റ്റം ആണിത്. ഒരു സൂപ്പർ മാർക്കറ്റിലെ ഇടനാഴിയിലൂടെ ട്രോളിയുമായി നമ്മൾ നടക്കുന്ന കാര്യം ആലോചിക്കുക. സ്റ്റാൻഡുകളിൽനിന്നു പാക്കറ്റുകൾ എടുക്കുന്നതിനു പകരം വയ്ക്കുകയാണെന്ന്  ആലോചിച്ചാൽ പാലറ്റ്–ലെസ് പാർക്കിങ്  രീതി മനസ്സിലാകും. അതായത്, പാർക്കിങ് സ്ഥലം ചലിക്കുകയില്ല. സ്ഥിരമായി ഉറപ്പിച്ച ടവർ പാർ ക്കിങ് സ്പെയ്സ്, ഏതു ദിശയിലേക്കും ചലിക്കുന്ന ഒരു സെൻട്രൽ റോബോട്ടിക് യൂണിറ്റ്. ഇത്രയുമാണ് പാലറ്റ് ഇല്ലാത്ത റോബോട്ടിക് പാർക്കിങ് സിസ്റ്റം. ഗ്രൗണ്ട് ലെവലിൽ കാർ പാർക്ക് ചെയ്യാം. റോബോട്ടിക് ട്രോളി കാറിനെയും കൊണ്ട് ഏതു ദിശയിലേക്കും സഞ്ചരിച്ച് ഒഴിവുള്ളിടത്തു പാർക്ക് ചെയ്യും. തിരികെ അതേപോലെ എത്തിക്കും. ഹീമാൻ റോബോ പാർക്ക് കമ്പനിയുടെ റോബോട്ടിക് പാർക്കിങ് വിദ്യ ഇത്തരത്തിലുള്ളതാണ്. 

റോബോട്ടിക് പാർക്കിങ് സിസ്റ്റത്തിൽ എല്ലാ നിലകളിലും എല്ലാ  വലിയ വാഹനങ്ങളും പാർക്ക് ചെയ്യാം.ഊർജം ലാഭം പ്രവർത്തനച്ചെലവ് ഏറ്റവും കുറവ് റോബോട്ടിക് പാർക്കിങ് സിസ്റ്റത്തിനാണ്. 

ഒരു കാർ പാർക്ക് ചെയ്ത് തിരിച്ചെടുക്കുന്നതിന് 0.4 യൂണിറ്റ് പവർ മാത്രമാണ് ഇതിന് ആവശ്യം. കാറുമായി താഴേക്കു വരുന്ന ചലനത്തിൽനിന്നും വൈദ്യുതി ഭാഗികമായി പുനരുൽപാദിപ്പിക്കുന്നതാണ്‌ വൈദ്യുതി ചെലവ് കുറയാൻ കാരണം. മറ്റു പാർക്കിങ് സംവിധാനങ്ങളിൽനിന്നു വ്യത്യസ്തമായി, കാർ മുൻപോട്ടു തന്നെ ഓടിച്ചു പോകാവുന്ന രീതിയിൽ ആണ് പുറത്തു വരുക. ഇരട്ട എൻജിനുകളുള്ള വിമാനങ്ങളുടെ വിശ്വാസ്യതയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് പ്രധാന മോട്ടറുകൾ എല്ലാം  ഒരു സ്റ്റാൻഡ്-ബൈ മോട്ടറുമായി ബന്ധിപ്പിച്ചിരിക്കൂന്നു. 

കസ്റ്റമറുടെ ആവശ്യമനുസരിച്ച് റോബോട്ടിക് പാർക്കിങ് ഗോപുരം പത്തോ പതിനഞ്ചോ നിലകളായി  നിർമിക്കാം. 10 കാറുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് നൂറ്റൻപതോളം കാറുകൾ പാർക്ക് ചെയ്യാൻ സാധിക്കും.

ബിൽഡിങ് മുകളിലോ ഭൂമിക്കടിയിലോ തുറസ്സായ സ്ഥലത്തോ പാർക്കിങ് ഗോപുരം പണിയാൻ സാധിക്കും. 

കൊച്ചിയിലെ പ്രമുഖ ആശുപത്രിയുടെ യൂട്യൂബ് വിഡിയോയിൽ ഈ പാർക്കിങ് സിസ്റ്റത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. 

‘ ഇത് അമേരിക്കയിലല്ല, ലണ്ടനിലല്ല, നമ്മുടെ സ്വന്തം കൊച്ചിയിൽ’.

ഓട്ടമേറ്റഡ് കാർ പാർക്കിങ് രംഗത്ത് രണ്ട് ഇന്ത്യൻ പേറ്റന്റ്, ഒരു അമേരിക്കൻ പേറ്റന്റ് എന്നിവ കരസ്ഥമാക്കിയ വിദഗ്ധനാണ് ഹീമാൻ ഓട്ടോ റോബോപാർക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ കെ. ടി. ജോസ്. ഇദ്ദേഹം ഇപ്പോൾ ബസ് പാർക്കിങ്, ഇലക്ട്രിക്കൽ ഡെലിവറി ട്രക്ക് എന്നിവയ്ക്കുള്ള  ഗവേഷണം പൂർത്തിയാക്കി ഇൻവെസ്റ്റ്മെന്റ് പാർട്ണറെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ്.

English Summary: Automated Car Parking System

 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA