കൊടുക്കാന്‍ കോടികളില്ല, സ്വന്തമായി ലംബോര്‍ഗിനിയുണ്ടാക്കിയ യുവാവിന്റെ കഥ

lamborghini-dukki
അനസ്
SHARE

പൃഥ്വിരാജിനും കോട്ടയത്തെ ‌സിറില്‍ ഫിലിപ്പിനും ശേഷം ലംബോര്‍ഗിനി ഹുറകാന്‍ സ്വന്തമാക്കിയ മലയാളി താനാണെന്നാണ് അനസിന്റെ അവകാശവാദം. ഇടുക്കിക്കാരന്‍ അനസിന്റെ ലംബോര്‍ഗിനിക്ക് മറ്റുള്ളവരുടെ സൂപ്പര്‍കാറുകള്‍ക്കില്ലാത്ത വലിയൊരു പ്രത്യേകതയുമുണ്ട്. അനസിന്റെ കാറിന്റെ ഓരോ ഭാഗങ്ങളും ഈ 25 കാരന്‍ കയ്യില്‍ കിട്ടിയ സാധനങ്ങള്‍ വെച്ച് സ്വന്തമായി പണിതെടുത്തതാണ്. ലംബോര്‍ഗിനി ഹുറകാന്‍ വീട്ടിലേക്ക് വാങ്ങി കൊണ്ടുവരികയായിരുന്നില്ല മറിച്ച് ഓരോ ഭാഗങ്ങളായി സ്വന്തം വീട്ടു മുറ്റത്ത് പണിതെടുക്കുകയായിരുന്നു ഈ യുവാവ്.

ചെറുപ്പം മുതലുള്ള വണ്ടിഭ്രാന്ത് തന്നെയാണ് സ്വന്തമായി സൂപ്പര്‍കാറുണ്ടാക്കുകയെന്ന അധികമാരും കാണാത്ത സ്വപ്‌നത്തിന് പിന്നാലെ പോകാന്‍ അനസിനെ പ്രേരിപ്പിച്ചത്. രണ്ടാം വയസില്‍ നാലു ബാറ്ററിയില്‍ തുടങ്ങിയതാണിത് എന്ന് അമ്മ മേഴ്‌സി പറയുന്നതില്‍ തന്നെയുണ്ട് അനസിന്റെ ഇഷ്ടം. പത്താം വയസില്‍ പാളകൊണ്ട് കൈനറ്റിക് ഹോണ്ടയുടെ മോഡലുണ്ടാക്കിയ അനസ് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സൈക്കിള്‍ ചെറു സ്‌കൂട്ടറാക്കിയും ഞെട്ടിച്ചിട്ടുമുണ്ട്. കിട്ടാത്ത കളിപ്പാട്ടങ്ങള്‍ കിട്ടുന്ന സാധനങ്ങള്‍ വെച്ചുണ്ടാക്കുന്ന കുട്ടിയുടെ മനസ് ഇന്നും അനസിന് നഷ്ടമായിട്ടില്ലെന്നതിന്റെ തെളിവാണ് വീട്ടു മുറ്റത്തുകിടക്കുന്ന പച്ച ലംബോര്‍ഗിനി. 

തലക്കുപിടിച്ച ലംബോര്‍ഗിനി

ഓട്ടോമൊബൈലോ എഞ്ചിനീയറിംഗോ ഔദ്യോഗികമായി പഠിച്ചിട്ടില്ലാത്ത അനസിന് ഏതെങ്കിലും കാര്‍ സ്വന്തമായി ഉണ്ടാക്കണമെന്ന ചിന്ത ചെറുപ്പം മുതലേ ആഗ്രഹമായിട്ടുണ്ടായിരുന്നു. പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഈ കാറിലേക്ക് ശ്രദ്ധ എത്തിച്ചത്. ഏതാണ്ട് അഞ്ച് കോടി രൂപയോളം വരുന്ന ലംബോര്‍ഗിനി വാങ്ങുന്നതിനെക്കുറിച്ച് ഇടുക്കി രാജകുമാരിക്കടുത്തുള്ള സേനാപതിയെന്ന കൊച്ചുഗ്രാമത്തിലെ കാര്‍ഷിക കുടുംബത്തില്‍ നിന്നുള്ള അനസിന് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എന്നാല്‍ പിന്നെ സ്വന്തമായി ഉണ്ടാക്കിയാലെന്തെന്ന് എന്നായി അപ്പോള്‍ എംബിഎ വിദ്യാര്‍ഥിയായിരുന്ന അനസിന്റെ ചിന്ത. 

lamborghini-dukki-1

ഒറ്റനോട്ടത്തില്‍ ആരും തിരിച്ചറിയുമെന്നതാണ് അനസ് ലംബോര്‍ഗിനി തന്നെ മതി എന്ന തീരുമാനിച്ചതിന് പിന്നിലെ മറ്റൊരു കാരണം. ലംബോര്‍ഗിനി ഹുറകാന്റെ അതേ അളവിലുള്ള മാതൃക തയ്യാറാക്കുകയാണ് ആദ്യം ചെയ്തത്. ടെംപ്‌ലെറ്റ് ഓണ്‍ലൈനായി വാങ്ങാന്‍ കിട്ടുമെങ്കിലും ഡോളര്‍ കണക്കുകൂട്ടി വന്നപ്പോള്‍ വന്‍ ചിലവാണെന്ന് തിരിച്ചറിഞ്ഞതോടെ സ്വന്തമായി നിര്‍മ്മിച്ചു. പരസ്യബോര്‍ഡായും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന സണ്‍പാക്ക് ഷീറ്റ് ഉപയോഗിച്ചാണ് ഈ മാതൃക തയ്യാറാക്കിയത്. അനസ് എംബിഎ പഠിച്ച പാലക്കാട്ടെ ലീഡ് കോളജില്‍ വെച്ചാണ് ഇതുണ്ടാക്കിയത്. പിന്നീട് ഇടുക്കിയിലെ വീട്ടിലേക്ക് ഇത് ബുള്ളറ്റില്‍ മടക്കി കെട്ടി വെച്ച് കൊണ്ടുവരികയായിരുന്നു. 

പണി വേണ്ട, പാഷന്‍ മതി

ഇതിനിടെ എംബിഎ കഴിഞ്ഞ് മംഗലാപുരത്ത് ഡെക്കാത്ത്‌ലണില്‍ ജോലി ലഭിക്കുകയും ചെയ്തു. എങ്കിലും മനസ് ലംബോര്‍ഗിനിയില്‍ തന്നെയായിരുന്നു. ഡെക്കാത്ത്‌ലണില്‍ ജോലിയെടുത്ത് പണമുണ്ടാക്കി ലംബോര്‍ഗിനിയുണ്ടാക്കാന്‍ ഒരുപാട് സമയം ഇനിയും വേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞതോടെ പ്രൊഫഷന് താല്‍ക്കാലികമായി ബ്രേക്കിട്ട് പാഷന് പിറകെ പോകാന്‍ അനസ് തീരുമാനിക്കുകയായിരുന്നു. നാട്ടിലെത്തിയതോടെ എന്ത് പണിക്കും പോയി കാശുണ്ടാക്കി. പന്തല്‍ പണി, ഡെക്കറേഷന്‍ ജോലികള്‍, മരുന്നടി, തൊഴിലുറപ്പ് തുടങ്ങി പല ജോലിക്കും പിന്നീട് അനസ് പോയി. സ്വന്തമായി ലംബോര്‍ഗിനി ഹുറകാന്‍ ഉണ്ടാക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. 

ആദ്യം പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മ്മിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇരുമ്പ് കമ്പികള്‍ കൊണ്ട് ചട്ടക്കൂടുണ്ടാക്കി പണിയാന്‍ തീരുമാനിച്ചു. എന്നെങ്കിലും കാര്‍ നിര്‍മ്മിക്കുമ്പോള്‍ ആവശ്യമുണ്ടാകുമെന്ന് കരുതി കഴിഞ്ഞ നാല് വര്‍ഷങ്ങളായി ശേഖരിച്ചുവെച്ച ഫ്‌ളെക്‌സുകള്‍ കാറിന് ബോഡിയായി. അനസിന്റെ ലംബോര്‍ഗിനിയുടെ ഓരോ ഭാഗങ്ങള്‍ക്കും ഓരോ കഥകളുണ്ട്. എങ്ങനെയാണ് ലംബോര്‍ഗിനിയെന്ന ആഢംബര സ്‌പോര്‍ട്‌സ് കാറിന്റെ ഭാഗങ്ങളെന്നും അവ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും മനസിലാക്കി തനിക്ക് ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ചാണ് അനസ് ഈ ലംബോര്‍ഗിനി നിര്‍മ്മിച്ചിരിക്കുന്നത്. 

ബന്ധുവിന്റെ ലെയ്ത്ത് വര്‍ക്ക് ഷോപ്പില്‍ നിന്നാണ് തന്റെ സ്വപ്‌ന വാഹനത്തിന്റെ ചെയ്‌സ് വെല്‍ഡ് ചെയ്‌തെടുത്തത്. താന്‍ നിര്‍മ്മിക്കാന്‍ പോകുന്ന കാറിന്റെ അടിത്തറ ഇതാണെന്ന് ബോധ്യമുണ്ടായിരുന്ന അനസ് ചെയ്‌സില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറായില്ല. പണിക്കൂലിയടക്കം ഏതാണ്ട് 70,000 രൂപ ഈ ചെയ്‌സിന് മാത്രം ചിലവായി. വീലുകളും ലംബോര്‍ഗിനിയുടെ തന്നെ മാതൃകയില്‍ പ്രത്യേകമായി പണിതെടുക്കുകയായിരുന്നു. തിരിച്ചും മറിച്ചും രണ്ട് ഡിസൈനില്‍ ഉപയോഗിക്കാന്‍ ഈ വീലുകള്‍ക്കാകും. വീട് പണിക്ക് ഉപയോഗിക്കുന്ന വാര്‍ക്ക കമ്പികള്‍ ഉപയോഗിച്ചാണ് കാറിന്റെ രൂപം വളച്ചെടുത്തത്. 

വീട്ടില്‍ പണിതെടുത്ത ലംബോര്‍ഗിനി

45 എംഎം ഗ്രൗണ്ട് ഫെയ്‌സ് ലിഫ്റ്റിനുള്ള സംവിധാനം, ഡിസ്‌ക് ബ്രേക്ക്, പവര്‍ വിന്‍ഡോ, സണ്‍ റൂഫ്, മുന്നിലും പിന്നിലും ക്യാമറകള്‍- അതിലൊന്ന് നൈറ്റ് വിഷന്‍, കാര്‍ സ്റ്റീരിയോ, ബാറ്ററി ഇന്‍ഡിക്കേറ്റര്‍, ഡിജിറ്റല്‍ സ്പീഡോ മീറ്റര്‍, ബട്ടര്‍ഫ്‌ളൈ ഡോര്‍ തുടങ്ങി അനസിന്റെ ഹൈറേഞ്ച് ലംബോര്‍ഗിനിയുടേയും ഫീച്ചറുകള്‍ ഹൈ റേഞ്ചില്‍ തന്നെയാണ്. എന്നാല്‍ ഇതൊന്നുപോലും പൂര്‍ണ്ണമായും കടയില്‍ നിന്നോ മറ്റോ വാങ്ങി ഘടിപ്പിച്ചതല്ല. ആവശ്യമുള്ള ഫീച്ചറിനനുസരിച്ച് അനസ് തന്നെ പലതും ഉപയോഗിച്ച് പണിതെടുത്തിട്ടുള്ളതാണ്. മംഗലാപുരം മുതല്‍ രാജകുമാരി വരെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ അനസിന്റെ ലംബോര്‍ഗിനിയിലുണ്ട്. 

ഫോര്‍ഡ് ഐക്കണിന്റെ പവര്‍ വിന്‍ഡോ കിട്ടിയത് തൃശൂരിലെ പട്ടാളം മാര്‍ക്കറ്റില്‍ നിന്നായിരുന്നു. 110 സിസി ബൈക്കിന്റെ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. എഞ്ചിനില്‍ നിന്നുള്ള ചെയിന്‍ സ്ലിപ്പായി പോവുന്നത് പതിവായതോടെ ബെല്‍റ്റ് സംവിധാനവും  പിടിപ്പിച്ചു. ഇത് കിട്ടിയത് ഏലത്തിന് മരുന്നടിക്കാന്‍ ഉപയോഗിച്ച യന്ത്രത്തില്‍ നിന്നായിരുന്നു. നാല് ഗിയറിന് പുറമേ റിവേഴ്‌സ് ഗിയറും സെറ്റ് ചെയ്തിട്ടുണ്ട്. 

ഹെഡ് ലൈറ്റില്‍ ഉപയോഗിച്ചിട്ടുള്ള ലൈറ്റ് പാലക്കാട്ടെ ഒരു ബൈക്ക് പാര്‍ട്‌സ് ഷോപ്പില്‍ നിന്നാണ് കണ്ടെത്തിയത്. ഹെഡ് ലൈറ്റില്‍ റിഫ്‌ളക്ടറായി ഉപയോഗിച്ചിരിക്കുന്നതാവട്ടെ 50-50 ബിസ്‌ക്കറ്റിന്റെ കവറും! ബാറ്ററി ഇന്‍ഡിക്കേറ്ററുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നതാണ് അതിലും രസം. പാരസെറ്റമോള്‍ പോലുള്ള ഗുളികകളുടെ കവറാണ് ബാറ്ററികളുടെ ഇന്‍ഡികേഷന്‍ സ്വിച്ചുകളായി മാറിയത്. ആക്രി കടയില്‍ നിന്നും കിട്ടിയ മോമോയുടെ സ്റ്റിയറിംഗ് അടി ഭാഗം മുറിച്ച് കമ്പി ചേര്‍ത്താണ് ലംബോര്‍ഗിനിയുടേതു പോലുള്ള സ്റ്റിയറിംഗാക്കി മാറ്റുകയായിരുന്നു. പള്‍സറിന്റെയാണ് ഉപയോഗിച്ചിരിക്കുന്ന ഡിസ്‌ക് ബ്രേക്ക്. 

വൈപ്പര്‍ മോട്ടോര്‍ ഉപയോഗിച്ച് ജാക്കി ഇലക്ട്രിക്കലാക്കി. ഇതോടെ ഒരൊറ്റ സ്വിച്ച് ഞെക്കിയാല്‍ കാറിന്റെ മുന്‍ ഭാഗം 45 എംഎം ഉയരും. അഞ്ച് കോടിയുടെ സാക്ഷാല്‍ ലംബോര്‍ഗിനി ഹുറകാനും ഇത്ര തന്നെയാണ് ഫേയ്‌സ് ലിഫ്റ്റുള്ളത്. മുന്നിലെ ചില്ലിനും വിന്‍ഡോകള്‍ക്കും ഉപയോഗിച്ചിരിക്കുന്നത് പോളി കാര്‍ബണ്‍ ഷീറ്റാണ്. വിന്‍ഡോകളില്‍ സ്റ്റിക്കര്‍ ഒട്ടിക്കുക കൂടി ചെയ്തതോടെ സംഗതി ക്ലീന്‍. കമ്പി വളച്ചെടുത്ത ഫ്രയിമില്‍ മൂന്ന് ലെയറായാണ് ഫ്‌ളെക്‌സ് ഒട്ടിച്ചിരിക്കുന്നത്. 

ശബ്ദം കൂടുതല്‍ സ്‌റ്റൈലിഷാവാനായി ഡ്യൂക്കിന്റെ സൈലന്‍സര്‍ പിടിപ്പിച്ചു. 5 ലിറ്റര്‍ കൊള്ളുന്ന പഴയ കന്നാസാണ് പെട്രോള്‍ ടാങ്ക്. എഞ്ചിന്റെ പ്രവര്‍ത്തന രീതി പോളിടെക്‌നിക്കില്‍ പോയല്ല, ഓണ്‍ലൈനായും ഓഫ്‌ലൈനായും കണ്ടും കെട്ടുമാണ് ഈ യുവാവ് പഠിച്ചെടുത്തത്. മാരുതി 800ന്റെ രണ്ട് ടയര്‍ മുറിച്ച് യോജിപ്പിച്ചെടുത്തതാണ് മുന്‍ടയറുകള്‍. പിന്നില്‍ ഇതുപോലെ വാഗണ്‍ ആറിന്റെ ടയറുകള്‍ മുറിച്ച് സ്‌ക്രൂ ഉപയോഗിച്ച് കൂട്ടിച്ചേര്‍ത്തെടുത്തു. എട്ടു ടയറുകള്‍ മുറിച്ച് കൂട്ടിയോജിപ്പിച്ചാണ് നാലെണ്ണം ഉണ്ടാക്കിയത്. സ്പീഡോമീറ്ററായി ഉപയോഗിക്കുന്നത് സ്മാര്‍ട്ട്‌ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്ത ആപ്ലിക്കേഷനാണ്.

യുണികോണിന്റെ മോണോ ഷോക്കാണ് പിന്‍ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. ആര്‍.എസ് 200 രണ്ട് സസ്‌പെന്‍ഷന്‍ മുന്നിലും വെച്ചിരിക്കുന്നു. കാറിനകത്തെ ഇലക്ട്രോണിക് സംവിധാനങ്ങള്‍ക്ക് മാരുതി 800ന്റെ ബാറ്ററി കരുത്ത് നല്‍കുമ്പോള്‍ സെല്‍ഫിനായി മറ്റൊരു ബാറ്ററിയും സെറ്റ് ചെയ്തിട്ടുണ്ട്. ഭാവിയില്‍ ഹൈബ്രിഡ് ആക്കുമ്പോള്‍ ബാറ്ററി വെക്കാന്‍ വേണ്ട സ്ഥലം വരെ ഒഴിച്ചിട്ടിട്ടാണ് അനസ് തന്റെ സ്വപ്‌ന വാഹനം പണിതിരിക്കുന്നത്. ഭാവിയുടെ ഇന്ധനം വൈദ്യുതി തന്നെയാകുമെന്ന് പറയുന്ന അനസ് അരലക്ഷം രൂപ കൂടി മുടക്കി വൈകാതെ തന്റെ ലംബോര്‍ഗിനിയും വൈദ്യുതിയില്‍ ഓടുന്നതാക്കുമെന്നും പറയുന്നു. 

ഇഷ്ടം തെളിച്ച വഴി

ഇഷ്ടത്തിന് പിന്നാലെ പോയ സമയത്തും അതിന് മുമ്പും ലംബോര്‍ഗിനി കാണുന്നതുപോലെ സുന്ദരമായിരുന്നില്ല അനസിന്റെ ജീവിതം. മൂന്ന് വര്‍ഷം മുമ്പ് അപ്രതീക്ഷിതമായി വന്ന പനിയില്‍ പിതാവ് മരിച്ചതായിരുന്നു ആദ്യ ദുരന്തം. ആശുപത്രി ചിലവുകള്‍ക്കായി ലക്ഷങ്ങള്‍ ചിലവഴിച്ചെങ്കിലും പിതാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് സാമ്പത്തികമായി പ്രതിസന്ധിയിലായ കുടുംബത്തിന് മേല്‍ മറ്റൊരു ദുരന്തം കൂടി തൊട്ടടുത്ത വര്‍ഷമുണ്ടായി. 2018ലെ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ കൂട്ടത്തില്‍ അനസിന്റെ വീടുമുണ്ടായിരുന്നു. 

പലപ്പോഴും ഇരുളടഞ്ഞുപോയ ജീവിതത്തിനു മുന്നിലും പതറാതെ സ്വന്തം ഇഷ്ടം തെളിച്ച വഴിയിലൂടെ സഞ്ചരിച്ചാണ് അനസ് ഇതുവരെയെത്തിയത്. ഒന്നര വര്‍ഷത്തെ അനസിന്റെ അധ്വാനമാണ് ലംബോര്‍ഗിനിയായി വീട്ടുമുറ്റത്ത് കിടക്കുന്നത്. സോഷ്യല്‍മീഡിയ വഴി വാര്‍ത്ത അറിഞ്ഞ ലംബോര്‍ഗിനിയുടെ ഓഫീസില്‍ നിന്നു വരെ അനസിനെ തേടി ഫോണ്‍ വിളിയെത്തി. അമ്മ മേഴ്‌സിക്കും മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അനുജന്‍ അജസിനും അടച്ചുറപ്പുള്ള ഒരു വീട് നിര്‍മ്മിക്കുകയെന്നതും ഇപ്പോള്‍ അനസിന്റെ സ്വപ്‌നങ്ങളിലുണ്ട്.

English Summary: Made In Idukki Lamborghini

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA