ADVERTISEMENT

ബസ് സ്റ്റോപ്പിൽനിന്നാൽ ബസ് കിട്ടുമെന്ന് ഉറപ്പില്ലാത്ത എത്രയോ ഗ്രാമങ്ങളും ചെറുപട്ടണങ്ങളും ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. അവിടൊക്കെയും ആളുകൾ ബസ് സ്റ്റോപ്പിൽ നിൽക്കുന്നുണ്ട്; ട്രിപ്പടിക്കുന്ന ജീപ്പിൽ കയറിക്കൂടാൻ. കേരളത്തിൽ ഇതു മിക്ക റൂട്ടുകളിലെയും സ്ഥിരം കാഴ്ചയും അനുഭവവുമായിരുന്നു. ഇപ്പോ‍ൾ എല്ലാ ജില്ലകളിലും ഈ സ്ഥിതി ഇല്ലായിരിക്കാം എന്നു മാത്രം. 

ട്രിപ്പടിക്കുന്ന ജീപ്പെന്നു പറഞ്ഞാൽ ഒന്നൊന്നര വാഹനം. അഞ്ചോ ആറോ പേർക്ക് നിയമപ്രകാരം അനുമതിയുള്ള ആ വാഹനത്തിൽ ഏറ്റവും കുറഞ്ഞത് 15 പേർ കാണും. കേരളത്തിനു പുറത്തു പലയിടത്തും വണ്ടിക്കു മുകളിലുമുണ്ടാകും നാലഞ്ചുപേർ. ഡ്രൈവറുടെ വലതുവശത്തുപോലും ആളുകൾ തൂങ്ങിനിൽക്കും. ആ ജീപ്പില്ലാതെ ഇന്ത്യയുടെ സാമൂഹ്യപാഠത്തിലൂടെ സഞ്ചരിക്കാനാകില്ല. 

timeless-mahindra-2

ജീപ്പ് എന്ന പേര് ഇപ്പോൾ ആ ജീപ്പിന്റേതല്ല. വിലയേറിയ എസ്‌യുവികൾ നിർമിക്കുന്ന അമേരിക്കൻ കമ്പനിക്കു സ്വന്തമാണ്. പക്ഷേ ഇന്ത്യക്കാർക്ക് ജീപ്പെന്നു പറഞ്ഞാൽ മഹീന്ദ്രയുടെ ജീപ്പ്. മഹീന്ദ്രയെന്നാൽ ജീപ്പുണ്ടാക്കുന്ന കമ്പനി. ഏതു ദുർഘട സ്ഥലത്തും കടന്നെത്തുന്ന വാഹനം, പൊലീസിനും പട്ടാളത്തിനും യൂണിഫോം പോലെ അനിവാര്യമായ വാഹനം, ഏറ്റവും ജനകീയ ടാക്സി വാഹനം, എത്ര ലോഡ് കയറ്റിയാലും പണിമുടക്കാത്ത വാഹനം... പിന്നെയോ, സാഹസികത ഇഷ്ടപ്പെടുന്നവർക്ക് കാട്ടിലും പുഴയിലും പാറക്കെട്ടിലുമൊക്കെ അതിന് അവസരമേകുന്ന വാഹനം... 

ഹിന്ദി ആയാലും തമിഴായാലും മലയാളമായാലും സിനിമയിൽ ജീപ്പില്ലാത്ത ആക്‌ഷൻ രംഗങ്ങൾ കുറവായിരുന്നു. അമാനുഷികശേഷിയുള്ള നായക കഥാപാത്രങ്ങൾ ഓടുന്ന ജീപ്പിൽനിന്നു ചാടിയിറങ്ങുന്നതു പതിവായിരുന്നു. മംഗലശ്ശേരി നീലകണ്ഠന്റെയും വല്യേട്ടന്റെയുമൊക്കെ വാഹനം ജീപ്പ് തന്നെ. 

ജീപ്പിന്റെ ചരിത്രം ഇന്ത്യൻ വാഹന വിപണിയുടെ വികാസപരിണാമങ്ങളുടെ കഥ കൂടിയാണ്. മഹീന്ദ്രയുടെ 75–ാം വാർഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ ‘ടൈംലെസ് മഹീന്ദ്ര’ എന്ന പുസ്തകം ആ കഥ പറയുന്നു. മനസ്സിൽ ഗൃഹാതുരത്വത്തിന്റെ എൻജിൻ സ്വരം, ടാർപ്പ എന്ന ടാർപ്പോളിൻ ഇളകിയാടുന്ന സ്വരം, ഒരു കയ്യോ ഒരു കാലോ മാത്രം എവിടെങ്കിലും ഘടിപ്പിച്ച് തൂങ്ങിയാടിയുള്ള യാത്രയുടെ ഹരം– ഇതൊന്നുമില്ലാതെ ആ 332 പേജുകൾ മറിച്ചുപോകാനാകില്ല എത്രയോ തലമുറകൾക്ക്. അമേരിക്ക യുദ്ധത്തിനായുണ്ടാക്കിയ റഫ് ആൻഡ് ടഫ് വാഹനം ഇന്ത്യയുടെ ഹൃദയ സ്പന്ദനമായി മാറിയ കഥയാണ് ആദിൽ ജൽ ദാരുഖൻവാല എന്ന മുതിർന്ന പത്രപ്രവർത്തകൻ തയാറാക്കിയ പുസ്തകത്തിൽ. 

മഹീന്ദ്ര ആൻഡ് മുഹമ്മദ്

ഇന്ത്യ ബ്രിട്ടന്റെ അധീനതയിലായിരുന്ന 1945ലാണ് മഹീന്ദ്ര എന്ന കമ്പനിക്കും തുടർന്ന് ജീപ്പിനും വിത്തുവീണത്. എന്തുകൊണ്ടാണ് ആ കമ്പനിയെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്ന് ഇരട്ടിപ്പോടെ വിളിക്കുന്നത് എന്ന കൗതുകവിവരം ആദ്യം നോക്കാം. കെ.സി.മഹീന്ദ്ര, ഗുലാം മാലിക് മുഹമ്മദ് എന്നീ യുവ സംരംഭകർ തുടക്കമിട്ട ചെറിയ വ്യവസായത്തിന് മഹീന്ദ്ര ആൻഡ് മുഹമ്മദ് എന്നായിരുന്നു പേര്. എം ആൻഡ് എം എന്ന് അവർ അതിനെ ചുരുക്കിവിളിച്ചു. അതായിരുന്നു ബ്രാൻഡിന്റെ മുദ്ര. ഇന്ത്യ സ്വതന്ത്രമായപ്പോൾ ഗുലാം മൂഹമ്മദ് പാക്കിസ്ഥാനിലേക്കു പോകാനാണു താൽപര്യപ്പെട്ടത്. അങ്ങനെ ബിസിനസ് മഹീന്ദ്ര പൂർണമായും ഏറ്റെടുക്കേണ്ടിവന്നു. ബിസിനസിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സഹോദരൻ ജെ.സി.മഹീന്ദ്രയും നേതൃത്വത്തിലേക്കു വന്നു. മഹീന്ദ്ര ആൻഡ് മുഹമ്മദ് എന്ന പേര് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നു മാറ്റാൻ തീരുമാനിച്ചു. ഗുണം: എം ആൻഡ് എം എന്ന വ്യാപാരനാമം മാറ്റാതെതന്നെ ബിസിനസ് തുടരാനായി.

ഇന്ത്യ അതിവേഗം സ്വാതന്ത്ര്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയുടെ വിശാലവും വൈവിധ്യമാർന്നതുമായ ഭൂപ്രകൃതിക്കു ചേർന്ന മോട്ടർ വാഹനങ്ങൾ ഉണ്ടെങ്കിലേ പുരോഗതി നേടാനാകൂ എന്നും തിരിച്ചറിഞ്ഞാണ് മഹീന്ദ്രയും മുഹമ്മദും ബിസിനസ് തുടങ്ങിയത്. അതിനായുള്ള പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കാലത്താണ് രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടിഷ് ഇന്ത്യയും ചേർന്നത്. യുദ്ധം 1945 സെപ്റ്റംബറിൽ അവസാനിച്ചു. എം ആൻഡ് എം കമ്പനി ഒക്ടോബറിൽ മുംബൈയിൽ രൂപമെടുക്കുകയും ചെയ്തു. യുദ്ധത്തിനായി, അമേരിക്കയും ബ്രിട്ടനുമൊക്ക അടങ്ങുന്ന സഖ്യസേന അമേരിക്കയിൽനിന്നു 2 ഘട്ടമായെത്തിച്ച രണ്ടായിരത്തോളം ജീപ്പുകൾ അപ്പോൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. ബർമ അതിർത്തിയായിരുന്നു ഇന്ത്യയിലെ യുദ്ധമുഖം. ജീപ്പുകളിൽ നല്ലൊരു പങ്ക് യുദ്ധത്തിൽ തകരാതെ ബാക്കിയായിരുന്നു. ഇതെല്ലാം കൂടി അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പട്ടാളം അവ ഇവിടെ ലേലത്തിൽ വിൽക്കാൻ തീരുമാനിച്ചു. അതു വാങ്ങി ജനങ്ങൾക്കു വിൽക്കാൻ ആദ്യം മഹീന്ദ്രയും മുഹമ്മദും തീരുമാനിച്ചെങ്കിലും പരുക്കേറ്റ പട്ടാള വണ്ടികളല്ല, ജനകീയ വണ്ടികൾ തന്നെ നിർമിക്കുകയാണു നല്ലതെന്ന് ഉറപ്പിച്ചു. അതേസമയം, ജീപ്പ് എന്ന വാഹനത്തിന്റെ സാധ്യത അവർക്കു മനസ്സിലാകുകയും ചെയ്തു. 

jeep-1

എന്താണീ ജീപ്പ്

അമേരിക്ക 1930കളിൽത്തന്നെ പട്ടാളക്കാർക്ക് കരയിലെവിടെയും ഉപയോഗിക്കാനാകുന്നതരം വാഹനത്തിനായുള്ള ശ്രമം തുടങ്ങിയിരുന്നു. എല്ലാ കാർ നിർമാണക്കമ്പനികളുടെയും വിവിധ മോഡലുകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്തു. 1940ൽ കാർ നിർമാണക്കമ്പനികൾക്ക് അത്തരമൊരു ചെറുവാഹനത്തിനുള്ള കർശന നിർദേശവും കിട്ടി. മാനദണ്ഡങ്ങൾ പട്ടാളം പറ‍ഞ്ഞു. ഏതുതരം സ്ഥലത്തും ഓടാനാകണം, ഫോർ–വീൽ ഡ്രൈവ് ആയിരിക്കണം, 6.5 ഇഞ്ച് ഗ്രൗണ്ട് ക്ലിയറൻസ് വേണം എന്നിങ്ങനെ... കമ്പനികൾ ശ്രമം തുടങ്ങി. 50 ദിവസത്തിനകം മോഡൽ കാണിക്കണം, ഓടിക്കാൻ കഴിയുന്ന ആദ്യ വാഹനം 75 ദിവസത്തിനകം കാണിക്കണം എന്നൊക്കെയായിരുന്നു 175000 ഡോളറിന് 70 വാഹനം എന്ന കരാറിന്റെ മറ്റു വ്യവസ്ഥകൾ. അമേരിക്കൻ ബാന്റം‌, വില്ലീസ് ഓവർലാൻഡ് എന്നീ കമ്പനികൾ മാത്രമേ പ്രതികരിച്ചുള്ളൂ. 

വാഹനരൂപകൽപനയ്ക്ക്, ഒഹായോ സർവകലാശാലയിലെ മെക്കാനിക്കൽ എൻജിനീയർ കാൾ പ്രോബ്സ്റ്റിനെ അമേരിക്കൻ ബാന്റം ചുമതലപ്പെടുത്തി. അങ്ങനെ രൂപപ്പെട്ട വാഹനത്തിന്റെ വിവരങ്ങൾ കമ്പനി സൈന്യത്തെ അറിയിച്ചു. ഉടനടി അംഗീകാരവും കിട്ടി. ശരിക്കു പറഞ്ഞാൽ അതാണു ജീപ്പിന്റെ പിറവി. കാൾ പ്രോബ്സ്റ്റ് അതിന്റെ പിതാവും. പക്ഷേ സൈന്യം അമേരിക്കൻ ബാന്റത്തെ മാത്രമായി കരാർ ഏൽപിക്കാൻ തയാറായില്ല. കാരണം ആ കമ്പനി സാമ്പത്തികമായി നല്ല നിലയിൽ അല്ലായിരുന്നു. ബാന്റത്തിനു കരാർ നൽകിയപ്പോൾത്തന്നെ അവരുടെ വാഹനത്തിന്റെ രൂപരേഖ സൈന്യം വില്ലീസിനും ഫോഡിനും നൽകി. അതേ മാതൃകയിൽ വാഹനമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. 

jeep

ഗവൺമെന്റിനു വേണ്ടിയുണ്ടാക്കുന്ന വാഹനങ്ങളെന്ന നിലിയിൽ ഇവയ്ക്ക് ‘ജി’ എന്ന കോഡ് ഉണ്ടായി. ചെറിയ പട്ടാള വാഹനങ്ങൾക്ക് സൈന്യത്തിന്റെ കോഡ് ‘പി’ ആയിരുന്നു. രണ്ടും ചേർന്ന് ജിപി ആയി. പറഞ്ഞുപറഞ്ഞ് ജീപ്പ് എന്ന ഉച്ചാരണം കൈവന്നു. സ്പെല്ലിങ് Jeep എന്നായി. അങ്ങനെയാണ് ഐതിഹാസികവും ലോകമെങ്ങും പരിചിതവുമായ പേരിന്റെ തുടക്കം. ഒരേ സമയം 3 കമ്പനികൾ പട്ടാളത്തിനുവേണ്ടി ഉണ്ടാക്കിയ വാഹനങ്ങളുടെ വിളിപ്പേരായിരുന്നു അത്. പതുക്കെ ബാന്റം ചിത്രത്തിൽനിന്നു മായുകയും വില്ലീസിന്റെ നിർമാണമികവിന് സൈന്യത്തിന്റെ പൂർണ പിന്തുണ കിട്ടുകയും ചെയ്തു. മോഡൽ എ, മോഡൽ ബി എന്നിങ്ങനെ അവർ കൂടുതൽ മികവോടെ പുതിയ പതിപ്പുകൾ അവതരിപ്പിച്ചു. ആ മോഡൽ ബി എഥവാ എംബി ആണ് യുദ്ധകാലത്ത് ഇന്ത്യയിലെത്തിയവ. 

വിപണിയിലേക്ക്

യുദ്ധശേഷം പട്ടാള ജീപ്പിലൊതുങ്ങാതെ വില്ലീസ് ജനങ്ങൾക്കായി ജീപ്പ് നിർമിച്ചുതുടങ്ങിയിരുന്നു. സിവിലിയൻ ജീപ്പ് എന്നർഥത്തിൽ സിജെ എന്നു കോഡ് നാമമുള്ള വാഹനങ്ങൾ തുടങ്ങിയത് അങ്ങനെയാണ്. 1947ൽ എംആൻഡ്എം ആദ്യം ഓർഡർ ചെയ്തത് സിജെ –2എ മോഡൽ 75 എണ്ണമാണ്. 1949ൽ അവ എത്തി. ജീപ്പായിട്ടല്ല, അതിന്റെ ഭാഗങ്ങളായി. അത് മുംബൈയിൽ എംആൻഡ്എം അസംബിൾ ചെയ്തു. 1949 ജൂൺ മൂന്നിന് ആദ്യ ജീപ്പ് എംആൻഡ്എം കമ്പനിയിൽനിന്നു പുറത്തിറങ്ങി. അതായിരുന്നു തുടക്കം. പിന്നെ വില്ലീസിന്റെ എല്ലാ തലമുറ ജീപ്പുകളുടെയും ലൈസൻസ് എംആൻഡ്എം എന്ന മഹീന്ദ്രയ്ക്കു കിട്ടി.

അമേരിക്കൻ വാഹനവ്യവസായത്തിൽ കമ്പനികളുടെ ലയനവും ഏറ്റെടുക്കലും വിറ്റൊഴിയലുമൊക്കെ സാധാരണമാണല്ലോ. അങ്ങനെ വില്ലീസ്–ഓവർലാൻഡ് എന്ന കമ്പനി പിന്നെ വില്ലീസ് മാത്രമാകുകയും പിന്നെ പല കൈമറിഞ്ഞ് ‘ജീപ്പ്’ ബ്രാൻഡ് ഡെയിംലർ ക്രൈസ്‌ലർ എന്ന കമ്പനിയുടേതാകുകയും ചെയ്തു. അവരുടെ നിയന്ത്രണത്തിലെത്തിയപ്പോഴാണ് ജീപ്പ് എന്ന നാമം ഉപയോഗിക്കാനുള്ള അവകാശം മഹീന്ദ്രയ്ക്കു നഷ്ടമായത്, 1994ൽ. മഹീന്ദ്ര ജീപ്പ് എന്ന പേരു മാത്രമല്ല, സിജെ എന്ന കോഡും ഉപേക്ഷിച്ചു. സിഎൽ എന്നായി അന്നു മുതൽ കോഡ്.

(ഡെയിംലർ ക്രൈസ്‌ലറിൽനിന്നു ഡെയിംലർ പോകുകയും ഇറ്റാലിയൻ കമ്പനിയായ ഫിയറ്റും ക്രൈസ്‌ലറും ചേർന്ന് ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസ് (എഫ്സിഎ) ആകുകയും ചെയ്തു. അവരുടേതാണ് ഇപ്പോൾ ജീപ്പ് ബ്രാൻഡ്. ഇന്ത്യയിൽ അവരുടെ ആദ്യ ജീപ്പ് ബ്രാൻഡ് ഉൽപന്നമാണ് ജനപ്രിയ എസ്‌യുവി കോംപസ്.)

timeless-mahindra-1

വില്ലീസിനപ്പുറം, ഥാർ വരെ

വില്ലീസിന്റെ അമേരിക്കൻ‌ മോഡലുകൾ വാങ്ങി ഇന്ത്യനാക്കുന്നതിൽ ഒതുങ്ങിയില്ല മഹീന്ദ്രയുടെ പ്രവർത്തനം. 1974ൽ വില്ലീസിനെ കൈസർ ജീപ്പ് ഏറ്റെടുത്തപ്പോൾ ആ പങ്കാളിത്തം അവസാനിക്കുകയും ചെയ്തു. അതിനുമുൻപുതന്നെ ഇന്ത്യൻ സാഹചര്യങ്ങൾക്കിണങ്ങുന്ന രീതിയിലേക്ക് ജീപ്പിന്റെ വലുപ്പവും രൂപവും മാറ്റാൻ കമ്പനി തുടക്കമിട്ടിരുന്നു. പിന്നീട് ഫ്രഞ്ച് കമ്പനിയായ പെഷോയുമായി ദീർഘകാല കരാറുണ്ടായി. 1974ൽ പെട്രോൾ വില കുതിച്ചുയർന്നതോടെ കമ്പനി പല ആഗോളകമ്പനികളുടെ ഡീസൽ എൻജിൻ ഉപയോഗിക്കാൻ തുടങ്ങി. തുടർന്ന് പെഷോയുടെ ഡീസൽ എൻജിനുകളുമായി എംഎം സീരീസ് വാഹനങ്ങൾ എത്തി. മുന്നിൽ ഡോറുള്ളതും മുൻ ചക്രം ഓപ്പൺ ആയി കാണുന്ന സിജെ സീരീസിൽനിന് വ്യത്യസ്തമായി വളഞ്ഞ ഫെൻ‍ഡർ ഉള്ളതുമായ എംഎം ശ്രേണി മഹീന്ദ്രയ്ക്കു പുതിയ മുഖമേകി. അതിൽനിന്ന് അർമേഡയും പിന്നെ ബൊലേറോയും ഥാറുമൊക്കെ രൂപപ്പെട്ട കഥയും പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നു. 

എപ്പോഴും രാജാവിന്റെയും പടയുടെയും പ്രജയുടെയും വാഹനമായിരുന്നു മഹീന്ദ്ര ജീപ്പുകൾ. മഹീന്ദ്രയുടെ അത്തരം പരുക്കൻ വാഹനങ്ങളില്ലാതെ തിരഞ്ഞെടുപ്പു പ്രചാരണമോ തിരഞ്ഞെടുപ്പോ നടത്താൻ ഇന്ത്യയുടെ ഭൂപ്രകൃതിയിൽ സാധ്യമാണോ എന്നുപോലും സംശയിച്ചുപോകും. സ്വതന്ത്ര ഇന്ത്യയിലെ സർക്കാരുകൾ സ്വീകരിച്ച ചില വ്യവസായ നയങ്ങൾ എത്ര തിരിച്ചടിയേകുന്നതായെന്നും കമ്പനികളുടെ വികസനത്തിനും ആഗോള പങ്കാളിത്തത്തിനും എങ്ങനെ തടസ്സമായെന്നുമൊക്കെ മഹീന്ദ്രയുടെ ചരിത്രത്തിൽ തെളിയുന്നു. 

ജനകീയ കാറുണ്ടാക്കാനുള്ള പദ്ധതിയിൽനിന്ന് എല്ലാവരെയും വെട്ടി, സഞ്ജയ് ഗാന്ധിയുടെ കമ്പനിക്കു മാത്രമായി കിട്ടിയതുമൊക്കെ ‘ടൈംലെസ് മഹീന്ദ്ര’യിൽ നമുക്കു മനസ്സിലാക്കാം. അപൂർവ ചിത്രങ്ങളുടെ വലിയ ശേഖരം തന്നെയാണ് ഈ പുസ്തകം. അതിനുപുറമെ, മഹീന്ദ്രയുടെ ഏറ്റവും പുതിയ ഥാർ വരെയുള്ള എല്ലാ വാഹനങ്ങളുടെയും ചിത്രവും സ്കെച്ചും പൂർണ വിവരങ്ങളും വാഹനപ്രേമികളെയും ചരിത്രതൽപരരെയും പിടിച്ചിരുത്തുന്നത്ര കൗതുകമുള്ളവയാണ്. നമ്മുടെ നാട്ടിലെ പതിവുകാഴ്ചയായിരുന്ന വാനുകളും മിനിലോറികളുമൊക്ക ഈ പട്ടികയിലുണ്ട്.

ഓഫ് റോഡ്, യൂട്ടിലിറ്റി വാഹനങ്ങൾക്കു പുറമെ ലൈഫ്സ്റ്റൈൽ വാഹനങ്ങളും ലൈഫ്സ്റ്റൈൽ സ്വഭാവം മനോഹരമായി കൂട്ടിയിണക്കിയ യൂട്ടിലിറ്റി വാഹനങ്ങളും നിർമിക്കുന്ന കമ്പനിയായി മഹീന്ദ്ര മാറിയതും രാജ്യാന്തര കമ്പനിയായുള്ള വളർച്ചയുടെ ഓരോ നിമിഷത്തിലും ‘ഭാരതീയത’ അഭിമാനപൂർവം കാത്തുസൂക്ഷിക്കുന്നതുമൊക്കെ ഈ വലിയ പുസ്തകത്തിന്റെ താളുകളിലുണ്ട്. പിഴച്ചുപോയ ചില തീരുമാനങ്ങളും ചില മോഡലുകൾക്കു തിരിച്ചടിയായ  വിലനിർണയുമൊക്കെ പരാമർശിക്കപ്പെടുന്നു. മലയാളികളടക്കമുള്ള, ഒട്ടേറെ ജീപ്പ് പ്രേമികളുടെ അനുഭവ കഥകളും ഓഫ്റോഡ്, റേസിങ് ട്രാക്കുകളിൽ മഹീന്ദ്ര വാഹനങ്ങളുടെ പ്രകടനവും ഇതിലുണ്ട്. 5400 രൂപയാണു വില. 

English Summary: Timeless Mahindra, History of Mahindra and Mahindra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com