രക്തത്തില്‍ അലിഞ്ഞ ചുവപ്പ്; വെള്ളക്കാറിൽ വന്നാൽ അണികൾ അമ്പരക്കും

HIGHLIGHTS
  • ആരിഫ് സ്വന്തമാക്കിയ വാഹനങ്ങൾക്കെല്ലാം നിറം ചുവപ്പുതന്നെ
MM Ariff
എം.എം.ആരിഫ്
SHARE

രക്തച്ചുവപ്പെന്ന നിറത്തോടുള്ള ഇഷ്ടം രക്തത്തിൽ അലിഞ്ഞ നേതാവാണ് ആലപ്പുഴ എംപി എ.എം.ആരിഫ്. വാഹനങ്ങളെ ഏറെ സ്നേഹിക്കുന്ന, സ്വന്തമായി ഡ്രൈവ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ആരിഫ് ഇന്നുവരെ സ്വന്തമാക്കിയ വാഹനങ്ങൾക്കെല്ലാം ചുവന്ന നിറമാണ്. ഏതെങ്കിലും പരിപാടിക്ക് ആരിഫ് യാദൃശ്ചികമായി വെള്ളക്കാറിൽ വന്നിറങ്ങിയാൽ അണികൾ അമ്പരക്കും. കാരണം ആരിഫിനെ കാത്തിരിക്കുന്നവർ ചുവന്ന കാർ വരുന്നുണ്ടോ എന്നാണ് നോക്കുക. മാരുതി ആൾട്ടോ മുതൽ ഇപ്പോൾ ഒരു വർഷമായി ഉപയോഗിക്കുന്ന ജീപ് കോംപസ് വരെ, ആരിഫ് സ്വന്തമാക്കിയ വാഹനങ്ങൾക്കെല്ലാം നിറം ചുവപ്പുതന്നെ. വെള്ള കാർ വാങ്ങി ചുവപ്പു പെയിന്റടിച്ചതും മറ്റൊരിക്കൽ വാങ്ങിയ കാറിന്റെ നിറം കൃത്യം രക്തച്ചുവപ്പല്ലെന്നു തോന്നിയപ്പോൾ വിറ്റുകളഞ്ഞതുമെല്ലാം ഈ നിറത്തോടുള്ള ഇഷ്ടത്തിന്റെ തെളിവുകളാണ്.

MM Ariff
എം.എം.ആരിഫ്

നിറത്തിൽ മാത്രമാണോ ശ്രദ്ധ ?

നിരത്തിലോടുന്ന എല്ലാ വാഹനങ്ങളുടെയും ഫീച്ചറുകൾ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുന്ന വാഹനപ്രേമിയാണ് ആരിഫ്. യാത്രാസൗകര്യവും ഡ്രൈവിങ് കംഫർട്ടുമാണ് ആദ്യകാലത്ത് ശ്രദ്ധിച്ചിരുന്നതെന്ന് ആരിഫ് പറയുന്നു. എംഎൽഎയിൽ നിന്ന് എംപിയായുള്ള മാറ്റത്തിനിടെ യാത്രകളുടെ ദൈർഘ്യവും സ്പീഡും കൂടി. സുരക്ഷയിലും ശ്രദ്ധവേണമെന്ന് വേണ്ടപ്പെട്ടവർ ഉപദേശിച്ചു തുടങ്ങി. അങ്ങനെയാണ് ഇപ്പോൾ ഉപയോഗിക്കുന്ന ജീപ് കോംപസ്സിൽ മനസ്സുടക്കിയതെന്ന് എംപി പറയുന്നു.

എംപിയുടെ ഡ്രൈവിങ് കമ്പത്തെക്കുറിച്ച് ഡ്രൈവർ ഉണ്ണിക്കും ഏറെപ്പറയാനുണ്ട്. യാത്ര കൊച്ചിയിലേക്കാണെങ്കിൽ ആരിഫ് തന്നെ ആലപ്പുഴയിൽനിന്ന് ചേർത്തലയിലേക്ക് ഡ്രൈവ് ചെയ്തു വന്ന് അവിടെ നിന്ന് ഉണ്ണിയെ പിക് ചെയ്യും. ഡ്രൈവിങ് ഇഷ്ടമാണെങ്കിലും ഇടയ്ക്കിടെ വരുന്ന ഫോൺകോളുകളാണ് അതിൽനിന്ന് ഇപ്പോൾ പിന്തിരിപ്പിക്കുന്നതെന്ന് എംപി പറയുന്നു. ചെറിയ യാത്രകളിലൊക്കെ ഫോൺ കാറിൽ കണക്ട് ചെയ്ത് കോൾ അറ്റൻഡ് ചെയ്യും. പലരെയും നിരന്തരമായി തിരിച്ചുവിളിക്കേണ്ടതുകൊണ്ട് ഇപ്പോൾ ദീർഘദൂരം ഡ്രൈവ് ചെയ്യാറില്ല.

MM Ariff
എം.എം.ആരിഫ്

ചുവപ്പിന്റെ ചരിത്രം

വാഹനങ്ങൾ ചുവന്നതിന്റെ കഥയ്ക്ക്, കെ.ആർ.ഗൗരിയമ്മയെ നേരിടാൻ 2006ൽ അരൂരിൽ മത്സരിച്ച കാലത്തോളം പഴക്കമുണ്ട്. പര്യടനത്തിന് ഒരു സുഹൃത്ത് ചുവന്ന കാറാണു നൽകിയത്. ഒരു മാരുതി ഓൾട്ടോ. ഇൗ ചുവന്ന കാറിലാണു തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓടിനടന്നതും വിജയിച്ചുകയറിയതും. എംഎൽഎ ആയപ്പോൾ ലോൺ എടുത്ത് ഒരു ചുവന്ന ടാറ്റ ഇൻഡിക വാങ്ങി, രണ്ടര വർഷം ഉപയോഗിച്ചു. പിന്നീട് വാങ്ങിയത് ഇൻഡികയുടെ തന്നെ ഒരു ലിമിറ്റഡ് എഡിഷൻ. നിറം ചുവപ്പു തന്നെ.

രണ്ടാമതും എംഎൽഎ ആയപ്പോൾ ചുവന്ന മാരുതി ഡിസയർ ആണ് ഉപയോഗിച്ചിരുന്നത്. പിന്നീട് വാങ്ങിയ വാഹനം ഹ്യുണ്ടായ് ക്രെറ്റയാണ്. അപ്പോൾ ചുവപ്പു നിറം കിട്ടാനില്ല. ഒടുവിൽ വൈറ്റിലയിലെ ഹ്യുണ്ടായ് ഏജൻസിയിലെ സുഹൃത്തുക്കൾ പ്രശ്നം പരിഹരിച്ചു നൽകി. വെളുത്ത വാഹനം വീണ്ടും ചുവപ്പുനിറമടിച്ചു ആരിഫിനു നൽകി. ഇതിനു പ്രത്യേകം 90 രൂപ ആർടിഒ ഓഫിസിൽ അടച്ചു. കാറിനു നിറം മാറ്റുന്നതിനും പണം ചെലവായി. 2019 അവസാനമാണ് ജീപ് കോംപസ് ലിമിറ്റഡ് പ്ലസിലേക്കു മാറുന്നത്.

MM Ariff
എം.എം.ആരിഫ്

ഇതിനിടെ ഒരു ഇന്നോവ ക്രിസ്റ്റ വാങ്ങിയിരുന്നു. വണ്ടിയെക്കുറിച്ച് നല്ല അഭിപ്രായമാണ് എംപിക്ക്. ‘യാത്രാസുഖത്തിൽ അതിനെ വെല്ലാൻ വണ്ടിയില്ല’. പക്ഷേ, ഇടയ്ക്കപ്പോഴോ തോന്നി, കാറിന്റെ നിറം ചുവപ്പാണെങ്കിലും കൃത്യം രക്തച്ചുവപ്പല്ലെന്ന്. നല്ല വില കിട്ടിയപ്പോൾ അതങ്ങു വിറ്റു.

English Summary: MM Arif MLA intersted to buy vehicles red in colour

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA