‘പൊലീസ് കാർ’ എന്നാൽ എന്ത്? എന്ന ചോദ്യത്തിനു നഴ്സറി ഗാനം പോലെ ഓമനത്തമുള്ള ഉത്തരം നൽകാൻ കഴിയുന്ന ഏക ഭാഷ, ഒരുപക്ഷേ മലയാളം ആയിരിക്കും. ‘പൊലീസുകാർ ഉപയോഗിക്കുന്ന കാർ ആണു പൊലീസ് കാർ’ എന്നതാണ് ആ ഉത്തരം. ഏറ്റവും ചുരുക്കി ‘പൊലീസുകാരുടെ കാർ’ എന്നു പറയാം.
നമ്മുടെ നാട്ടിൽ വില്ലീസ് ജീപ്പും പിന്നാലെ എത്തിയ മഹീന്ദ്ര ജീപ്പും (സിഎൽ, സിജെ സീരീസ്) ബെഡ്ഫോർഡ് വാനും ഹിന്ദുസ്ഥാൻ അംബാസഡർ കാറും ടാറ്റ സുമോ, ഷെവർലെ ടവേറ, ടൊയോട്ട ക്വാളിസ്, ടൊയോട്ട ഇന്നോവ വാനുകളും മഹീന്ദ്ര ബൊലേറോയും മാരുതി സുസുക്കി ജിപ്സിയും എർട്ടിഗയും... എന്നുവേണ്ട യുവാക്കളുടെ ഹരമായ മഹീന്ദ്ര ഥാറും സ്കോർപ്പിയോയും വരെ പൊലീസിൽ ‘ചേർന്നിട്ടുണ്ട്’.
നിലവിൽ നമ്മുടെ പൊലീസ് ഫ്ലീറ്റിൽ (വാഹനങ്ങളുടെ കൂട്ടം) ആധിപത്യം മഹീന്ദ്ര ബൊലേറോ, ടിയുവി 300 എന്നീ എസ്യുവികൾക്കാണ്. പഴയ ടവേറ, ഇന്നോവ, സുമോ, മഹീന്ദ്ര ഇൻവേഡർ, മേജർ എന്നിവയും അങ്ങിങ്ങായി ഉണ്ട്. അപ്പോൾ ഒരു ചോദ്യം, ഇവയെല്ലാം പൊലീസ് കാറുകളായി തന്നെ പിറന്നവയാണോ? അല്ലെന്നാണു മറുപടി. ഓരോ സംസ്ഥാനത്തിന്റെയും സമ്പാദന രീതികൾ പ്രകാരം വാഹനങ്ങൾ മൊത്തമായോ ചില്ലറയായോ വാങ്ങി ആഭ്യന്തര വകുപ്പു നേരിട്ടൊ ഏതെങ്കിലും ഏജൻസിയെ ഉപയോഗിച്ചോ പരിഷ്കരിച്ചു പൊലീസ് വാഹനങ്ങൾ ആക്കുകയാണ് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ചെയ്യുന്നത്. കേരളത്തിലും മറ്റൊന്നല്ല രീതി. എന്നാൽ, പൊലീസ് കാറുകളായി തന്നെ ജനിച്ചുവീഴുന്ന ചില കാറുകളുണ്ട്. അത്തരം ചില ‘വൻ കക്ഷി’കളെ പരിചയപ്പെടാം...

ഹൈ പെർഫോമൻസ് പൊലീസ് വാഹനങ്ങൾ നിയമപാലകർക്കു നൽകുന്നതു പ്രധാനമായും യൂറോപ്യൻ – അമേരിക്കൻ രാജ്യങ്ങളായ യുഎസ്, കാനഡ, ജർമനി, സ്വീഡൻ, യുകെ, ഫ്രാൻസ് തുടങ്ങിയവയാണ്. ഈ പട്ടികയിൽ യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ജപ്പാൻ, സിങ്കപ്പൂർ, ദക്ഷിണ കൊറിയ, ഖത്തർ എന്നീ ഏഷ്യൻ രാജ്യങ്ങളും ഉണ്ട്. ചൈനയും ഈ പട്ടികയിൽ വൈകാതെ എത്തും. സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്ന ഗൾഫ് രാജ്യങ്ങളിലെ പൊലീസ് സേനകൾക്കു ഫെരാരി, ലംബോർഗിനി, പോർഷെ, കോണിസെഗ്, ലോട്ടസ്, നിസ്മോ (നിസാന്റെ പെർഫോമൻസ് വിഭാഗം) എന്നീ കമ്പനികളുടെ സ്പോർട്സ് കാറുകൾ ലഭിച്ചിട്ടുണ്ട്. ഇതു സേനകളുടെ സൽപ്പേരു വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ലഭിച്ചവയാണ്. ഇവയിൽ ചിലതു ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുമുണ്ട്.
സിവിലിയൻ മോഡലുകളിൽ നിന്നു വികസിപ്പിക്കുന്നവയാണു മിക്ക പൊലീസ് കാറുകളും. എങ്കിലും പൊലീസ് കാറുകൾക്ക് സിവിലിയൻ മോഡലുകളുമായി പ്രകടമായ വ്യത്യാസം ഉണ്ടാകും. ഇത്തരം മോഡലുകൾക്ക്, ഗീയർ സംവിധാനം ഓട്ടമാറ്റിക് വേണോ മാനുവൽ വേണോ ഫോർ വീൽ ഡ്രൈവ് വേണോ ടു വീൽ ഡ്രൈവ് വേണോ എന്നെല്ലാം വാഹനം എന്ത് ആവശ്യത്തിനായി വാങ്ങുന്നുവോ അതിനനുസരിച്ചു കസ്റ്റമൈസ് ചെയ്യാനുള്ള അവസരം കമ്പനികൾ നൽകുന്നുണ്ടാകും. ഒരേ വാഹനത്തിനു തന്നെ വെവ്വേറെ എൻജിൻ ഓപ്ഷനുകളും കമ്പനി നൽകിയിട്ടുണ്ടാകും. ബോഡിയുടെ ഗുണമേന്മ കുറച്ചുകൂടി മികച്ചതായിരിക്കും. ഇത്തരം അധികഗുണങ്ങൾ ഉള്ള മോഡലുകൾ മാത്രമേ പൊലീസ് കാറുകളായി കമ്പനികൾ ബ്രാൻഡ് ചെയ്യാറുള്ളു, അല്ലെങ്കിൽ അധികൃതർ പരിഗണിക്കാറുള്ളു.
ഇന്നു ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന (തെറ്റിധരിക്കേണ്ട കൊറോണയല്ല) എസ്യുവി പ്രേമം പൊലീസ് വാഹനങ്ങളുടെ സമ്പാദനകാര്യത്തിലും പ്രകടമാണ്. കഴിഞ്ഞ 25 വർഷങ്ങളായി നാം കാണുന്ന ഇംഗ്ലിഷ് ചിത്രങ്ങളിൽ സെഡാൻ കാറുകളാണു പൊലീസ് കാറുകളായി വന്നതെങ്കിൽ, ഇനി അടുത്ത 25 വർഷത്തേക്ക് ആ സ്ഥാനം എസ്യുവികൾ കീഴടക്കും. ‘ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ’ എന്ന ഇംഗ്ലിഷ് ചിത്രത്തിലെ ടണൽ ചേസ് സീനൊക്കെ പരിശോധിച്ചാൽ ഇതു മനസ്സിലാകും. അതിൽ ഉപയോഗിച്ചിരിക്കുന്ന മിക്ക പൊലീസ് വാഹനങ്ങളും ഔഡി ക്യൂ സീരിസ് എസ്യുവികൾ ആണ്.
മൂന്ന് യുഎസ് വാഹന നിർമാണ കമ്പനികളാണ് ‘ഡെഡിക്കേറ്റഡ് പൊലീസ് കാറു’കൾ സൃഷ്ടിക്കുന്നതിൽ ഒന്നാം നിരക്കാർ: ഫോർഡ് മോട്ടോർ കമ്പനി, ജനറൽ മോട്ടോഴ്സ്, എഫ്സിഎ (പഴയ ക്രൈസ്ലർ) എന്നിവയാണവ. കാർ നിർമാണ രംഗത്തെ ‘അമേരിക്കൻ ബിഗ് 3’ എന്നു പുകഴ്പ്പെറ്റ ഈ കമ്പനികളുടെ മോഡൽ ലൈനപ്പിലേക്ക് ഒന്നു കണ്ണോടിക്കാം...
ഫോർഡ് ലൈനപ്പ്
മൂന്ന് എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാകുന്ന ‘പൊലീസ് ഇന്റർസെപ്റ്റർ യൂട്ടിലിറ്റി’ എന്ന എസ്യുവി, ഫോർഡിന്റെ എക്സ്പ്ലോറർ എന്ന മോഡലിന്റെ ‘ഇടിയൻ അനിയൻ’ ആണ്. 100 കിലോമീറ്റർ സ്പീഡിൽ മറ്റൊരു വാഹനം വന്ന് ഈ വാഹനത്തിൽ ഇടിച്ചാൽ പോലും ഉള്ളിലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഒന്നും സംഭവിക്കില്ലെന്ന് കമ്പനി ഉറപ്പു നൽകുന്നുണ്ട്. അത്യാധുനിക സൈഡ്, ക്യാബിൻ സംരക്ഷണ സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഒരുവിധപ്പെട്ട എല്ലാ പൊലീസ് കാറുകളിലും വെവ്വേറെ പേരുകൾ നൽകി ഇത്തരം സുരക്ഷാ സംവിധാനങ്ങൾ കമ്പനികൾ ഒരുക്കിയിട്ടുണ്ട്.

3000 സിസി, 3300 സിസി ആറു സിലിണ്ടർ പെട്രോൾ എൻജിൻ മോഡലുകൾക്കൊപ്പം ഒരു സങ്കര ഇന്ധന വേരിയന്റും ഇന്റർസെപ്റ്റർ യൂട്ടിലിറ്റിക്ക് ഉണ്ട്. യഥാക്രമം 400 ബിച്ച്പി, 285 ബിഎച്ച്പി, 318 ബിഎച്ച്പി എന്നിങ്ങനെയാണ് അവയുടെ ശക്തി. ഓരോ സംസ്ഥാനങ്ങളുടെയും (യുഎസിലെ സംസ്ഥാനങ്ങൾ) പൊലീസിന്റെ നിറം അനുസരിച്ച് കാറുകൾ പെയിന്റ് ചെയ്തു നൽകും. ഇന്റീരിയറും അതിന് അനുസരിച്ചു ചെയ്യും. വേഗത്തിനു പ്രധാന്യമുള്ള ആവശ്യങ്ങൾക്കായി ഇന്റർസെപ്റ്റർ യൂട്ടിലിറ്റി മോഡൽ ഉപയോഗിച്ചു വരുന്നു.

എഫ് 150 എന്ന പ്രശസ്തമായ പിക്കപ്പ് ട്രക്കിന്റെ പൊലീസ് സഹോദരനാണ് ‘റെസ്പോണ്ടർ’. 3500 സിസി ടർബോ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന ഇതു പ്രധാനമായും ആളുകളെ കൊണ്ടുപോകാനും സാധനങ്ങളും കാബിനുകളും വലിച്ചുകൊണ്ടു പോകാനും ഉപയോഗിക്കുന്നു. 375 കുതിരശക്തി ഉണ്ട്. പൊലീസിന്റെ ഓപ്പറേഷൻ ടീമുകൾക്ക് ഉപയോഗിക്കുന്നതിനായി എക്സ്പെഡീഷൻ മാക്സ്, തടവുകാരെ കൊണ്ടുപോകാനും ശ്വാന സേനയ്ക്കുപയോഗിക്കാനും വേണ്ടി ട്രാൻസിറ്റ് പിടിവി വാൻ എന്നിവയും ഫോർഡ് അവതരിപ്പിച്ചിട്ടുണ്ട്.

പൊലീസിന്റെ ആവശ്യങ്ങൾ തരംതിരിച്ചു തന്നെ വാഹനം നിർമിച്ചു നൽകുന്നതാണ് ഈ 3 കമ്പനികളുടെയും രീതി. യുഎസ് പൊലീസ് കാറുകളിൽ ഏറ്റവും കൂടുതൽ ഉള്ളത് ഫോർഡ് വാഹനങ്ങളാണ്. ഇംഗ്ലിഷ് സിനിമകളിൽ സ്ഥിരമായി ‘പൊലീസ് വേഷം’ ചെയ്തിരുന്ന ‘ക്രൗൺ വിക്ടോറിയ’ എന്ന കാറും ഫോർഡിന്റെ സന്താനമാണ്. നിലവിൽ സെഡാൻ കാറുകളൊന്നും ഫോർഡ് പൊലീസ് വാഹനങ്ങളാക്കി നൽകുന്നില്ല. 2019ൽ അവസാനത്തെ സെഡാൻ മോഡലും പൊലീസ് വാഹന ലൈനപ്പിൽ നിന്നു ഫോർഡ് പിൻവലിച്ചു.
ജിഎം ഫ്ലീറ്റ്
ടാഹോ പിപിവി, ടാഹോ എസ്എസ്വി, സിൽവെറാഡോ എസ്എസ്വി, എക്സ്പ്രസ് പ്രിസണർ ട്രാൻസ്പോർട്ട്, ട്രാവേഴ്സ് മുനിസിപ്പൽ, മാലിബു മുനിസിപ്പൽ എന്നിവയാണ് ജനറൽ മോട്ടോഴ്സ് പുറത്തിറക്കുന്ന പൊലീസ് വാഹനങ്ങൾ. ടാഹോ, ഫോർഡ് ഇന്റർസെപ്റ്റർ യൂട്ടിലിറ്റിയോടു മത്സരിക്കുന്ന വേഗമേറിയ എസ്യുവി വിഭാഗത്തിൽപ്പെടുന്ന വാഹനമാണ്. 355 ബിഎച്ച്പി കരുത്തുള്ള 5300 സിസി വി8 പെട്രോൾ എൻജിനാണ് ടാഹോയുടെ കരുത്ത്.

2800 സിസി 4 സിലിണ്ടർ ടർബോ ഡീസൽ എൻജിൻ കരുത്തുപകരുന്ന എക്സ്പ്രസ് എന്ന വാൻ കാർഗോ – പാസഞ്ചർ രൂപങ്ങളിൽ ലഭ്യമാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 6000 സിസി വി6 പെട്രോൾ എൻജിനുള്ള ട്രവേഴ്സ് എന്ന ചെറു എസ്യുവിയും (നമ്മുടെ നാട്ടിലെ അവസ്ഥ വച്ചു നോക്കിയാൽ ഒട്ടും ചെറുതല്ല) 5000 സിസി 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനുള്ള സെഡാൻ ആയ മാലിബുവും ബീറ്റ് പൊലീസുകാർ (നിരീക്ഷണം) ഉപയോഗിക്കുന്ന വാഹനങ്ങളാണ്.

സിൽവെറാഡോ എന്ന മോഡൽ ഫോർഡ് എഫ് 150 പിക്കപ്പിനോടു മത്സരിക്കുന്നു. കൂടുതൽ വാഹനങ്ങൾ വിൽക്കുന്നതിന്റെ കാര്യത്തിൽ ഫോർഡ് മുൻപിലാണെങ്കിലും മോഡൽ ലൈനപ്പിന്റെ കാര്യത്തിൽ ജിഎം ആണു മുന്നിൽ. ജിഎമ്മിന്റെ കീഴിലുള്ള ഷെവർലെ ബ്രാൻഡ് വാഹനങ്ങളാണ് ഇവയെല്ലാം.

എഫ്സിഎ നിയമപാലകർ
‘നിയമപാലക വാഹനങ്ങൾ’ എന്ന പേരിൽ ഫിയറ്റ് ക്രൈസ്ലർ ഓട്ടൊമൊബീൽസ് പുറത്തിറക്കുന്ന വാഹനങ്ങളാണ് ഡോജ് ഡ്യൂറങ്കോ പെർസ്യൂട്ട്, ഡോജ് ചാർജർ പെർസ്യൂട്ട്, റാം 1500 സ്പെഷൽ സർവീസ്, ഡോജ് ഡ്യൂറങ്കോ സ്പെഷൽ സർവീസ് എന്നിവ. ജിഎമ്മിന്റെ അത്രയും വിപുലമായ ശ്രേണി അല്ലെങ്കിലും എഫ്സിഎയുടെ ബാഗിൽ ഉള്ളതെല്ലാം പുപ്പുലികളാണ്.

ഡോജിന്റെ ചാർജർ ലോകത്തിലെ എണ്ണം പറഞ്ഞ മസിൽ കാറുകളിൽ ഒന്നാണ്. 5700 സിസി ഹെമി വി8 എൻജിനുള്ള ചാർജർ 370 ബിഎച്ച്പി കരുത്തു പുറത്തെടുക്കും. നിലവിലുള്ള പൊലീസ് ഫ്ലീറ്റ് കാറുകളിലെ പെർഫോമൻസ് സെഡാനും ഇവൻ തന്നെ. 3600 സിസി വി6 പെട്രോൾ എൻജിനുള്ള മോഡലും ചാർജർ പെർസ്യൂട്ടിുണ്ട്. ഷെവർലേ മാലിബു സെഡാനോടു മത്സരിക്കാൻ എഫ്സിഎയുടെ പക്കൽ ഉള്ളത് ഈ മോഡലാണ്.

ഡ്യൂറങ്കോയുടെ വിവിധ മോഡലുകൾ ഫോർഡ് ഇന്റർസെപ്റ്റർ യൂട്ടിലിറ്റിയോടും ഷെവർലെ ടാഹോ മോഡലുകളോടും മത്സരിക്കുന്ന ഹൈ പെർഫോമൻസ് എസ്യുവികളാണ്. റാം 1500 സ്പെഷൽ സർവീസ് എന്ന പിക്കപ്പ് ട്രക്ക് കാബിനുകൾ കെട്ടി വലിക്കാനും യൂട്ടിലിറ്റി ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. 5700 സിസി ഹെമി വി8 എൻജിൻ ഉള്ള റാം 1500 എസ്എസ് 395 ബിഎച്ച്പി കരുത്തു പുറത്തെടുക്കും. ഡോജിന്റെ ട്രക്ക് ഡിവിഷനാണു റാം.
ക്രൈസ്ലർ എന്ന യുഎസ് കമ്പനി ഇറ്റലിയിലെ ഫിയറ്റുമായി ചേർന്നു രൂപീകരിച്ചതാണ് എഫ്സിഎ എന്ന സംയുക്ത സംരംഭം.

ജർമനി, ജപ്പാൻ, കൊറിയ, സ്വീഡൻ, യുകെ, ഫ്രാൻസ്...
‘അമേരിക്കൻ ബിഗ് 3’ കമ്പനികൾ നിലനിർത്തുന്നതുപോലെ പൊലീസ് വാഹനങ്ങളുടെ ശ്രേണി മറ്റൊരു കമ്പനിയും നിലനിർത്തുന്നില്ല. എന്നാൽ, പൊലീസ് കാറുകൾ വലിയ പേരു സമ്പാദിച്ചു തരുന്നവയായതുകൊണ്ടും കൂടുതൽ ഓർഡർ ലഭിക്കാൻ സാധ്യതയുള്ളതുകൊണ്ടും ഒരു കമ്പനിയും ആ വിപണിയിൽ മത്സരിക്കാതിരിക്കുന്നുമില്ല.
ജർമനിയിലെ ബിഎംഡബ്യൂ, ബെൻസ്, ഫോക്സ്വാഗൺ എന്നീ കമ്പനികളും ജപ്പാന്റെ ടൊയോട്ട, ഹോണ്ട, മസ്ദ, നിസാൻ എന്നീ കമ്പനികളും സ്വീഡനിലെ വോൾവോയും കൊറിയയുടെ ഹ്യൂണ്ടായ്യും ബ്രിട്ടന്റെ ജാഗ്വാർ ലാൻഡ്റോവറും ഫ്രാൻസിലെ റെനോയും പിഎസ്എ ഗ്രൂപ്പും എല്ലാം അവരുടെ മികച്ച മോഡലുകൾ പൊലീസ് കാറുകളാക്കി മാറ്റി വിവിധ സേനകൾക്കു വിറ്റഴിച്ചിട്ടുണ്ട്. ഈ കമ്പനികളുടെ പൊലീസ് കാറുകളിൽ പ്രശസ്തമായവ ചുവടെ:

ബിഎംഡബ്യൂ
∙ 3 സീരീസ്
∙ 5 സീരീസ്
∙ എക്സ് 1
∙ എക്സ് 3
∙ എക്സ് 5
ബെൻസ്
∙ സി ക്ലാസ്
∙ ഇ ക്ലാസ്
∙ എം ക്ലാസ്
∙ ജി വാഗൺ
∙ സ്പ്രിന്റർ വാൻ
ഫോക്സ്വാഗൺ
∙ ഫോക്സ്വാഗൺ പസാറ്റ്
∙ സ്കോഡ ഒക്ടാവിയ
∙ ഔഡി ക്യൂ 5
∙ ഔഡി ആർഎസ് 4
ഹ്യൂണ്ടായ്
∙ ഐ20
∙ ഐ30
∙ ഐഎക്സ് 35
∙ സാന്റഫേ
∙ ഐലോഡ് വാൻ
ടൊയോട്ട
∙ പ്രാഡോ
∙ കാംറി
∙ ലാൻഡ്ക്രൂസർ
∙ കൊറോള
നിസാൻ
∙ അൾട്ടിമ
∙ മാക്സിമ
∙ പട്രോൾ
∙ പാത്ത്ഫൈൻഡർ
മസ്ദ
∙ സിഎക്സ് 5
∙ സിഎക്സ് 9
∙ മസ്ദ 3
ഹോണ്ട
∙ സിവിക്
∙ അക്കോർഡ്
വോൾവോ
∙ വി 60
∙ വി 90
∙ എക്സ്സി 60
ജാഗ്വാർ ലാൻഡ്റോവർ
∙ ലാൻഡ്റോവർ ഡിഫൻഡർ
∙ ലാൻഡ്റോവർ ഡിസ്കവറി
∙ ജാഗ്വാർ എക്സ്ജെ
റെനോ
∙ റെനോ മെഗാൻ
∙ റെനോ ഫ്ലുവൻസ്
∙ റെനോ ഡസ്റ്റർ
∙ റെനോ എസ്പേസ് എംപിവി
പിഎസ്എ ഗ്രൂപ്പ്
∙ സിട്രൻ സി4
∙ സിട്രൻ സി5
∙ സിട്രൻ സി6
∙ പ്യൂഷൊ 308
∙ പ്യൂഷൊ 5008
English Summary: Special Police Vehicles Around The World