കർഷകന്റെ യന്ത്രമിത്രം എന്നതിലുപരി അവരുടെ പോരാട്ടത്തിന്റെ അടയാളം ആണു കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയിലെ സാധാരണക്കാർക്കു ‘ട്രാക്ടർ’. കേന്ദ്ര സർക്കാർ അടുത്തിടെ പാസാക്കിയ വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്യാൻ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കർഷകർ തങ്ങളുടെ ട്രാക്ടറുകളിൽ ആണ് ഡൽഹിയിലേക്ക് എത്തിയത്. എന്നു തീരും എന്ന് ഒരു ഉറപ്പുമില്ലാത്ത ഈ സമരത്തിൽ പങ്കെടുക്കാൻ തങ്ങളുടെ ട്രോളികൾ (ട്രാക്ടർ കൊണ്ടു കെട്ടി വലിക്കുന്ന ചരക്കുവാഹനം) കുടിലുകളാക്കി അവർ എത്തി.

റിപ്പബ്ലിക് ദിനത്തിൽ കർഷകർ ‘ട്രാക്ടർ പരേഡ്’ നടത്തുമെന്നു പ്രഖ്യാപിച്ചതും ആവേശത്തോടെ ഇന്ത്യ കേട്ടു. അതിനായി ഒരു ലക്ഷം ട്രാക്ടർ അണിനിരത്തും എന്നാണ് അവർ പറഞ്ഞത്. അപ്പോൾ ചിലർക്കെങ്കിലും ഈ സംശയം തോന്നിയിരിക്കാം, ‘അത്രയുമൊക്കെ ട്രാക്ടറുകൾ നമ്മുടെ നാട്ടിൽ ഉണ്ടോ?’ കേരളത്തിലെ കാഴ്ചകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇങ്ങനെയൊരു ചോദ്യം മനസ്സിലുയരുന്നതെങ്കിൽ, അറിയുക... വിൽപന കണക്കിൽ ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ നിർമാതാവ് ഇന്ത്യയിൽ നിന്നുള്ള മഹീന്ദ്ര ട്രാക്ടേഴ്സ് ആണ്. രാജ്യങ്ങളിൽ, ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ നിർമാതാവ് ഇന്ത്യയും. ലോകത്തു വിറ്റഴിക്കപ്പെടുന്ന ട്രാക്ടറുകളിൽ 100ൽ 30 എണ്ണം ഇന്ത്യൻ ആണെന്നാണു കണക്ക്. ലോകത്തിലെ ഏറ്റവും വലിയ 10 ട്രാക്ടർ നിർമാതാക്കളിൽ 3 എണ്ണം ഇന്ത്യൻ ആണ്. ഈ പട്ടികയിൽ യുഎസിന്റെ ജോൺ ഡീർ, ആഗ്കോ, ഇറ്റലിയിലെ സേം (SAME) എന്നീ കമ്പനികൾക്കു സ്ഥാനമുള്ളത് അവരുടെ ഇന്ത്യൻ സാന്നിധ്യം കൊണ്ടു കൂടിയാണ്. ഇനി പറയൂ... ഇന്ത്യൻ കർഷകന്റെ പ്രതീകം അല്ലേ ട്രാക്ടർ? സമ്മതിക്കാം, അതെ.

കേരളത്തിൽ ആലപ്പുഴയിലും പാലക്കാട്ടും മാത്രമാണ് ട്രാക്ടറുകൾ കൂടുതലായി കാണാനാകുക. ട്രാക്ടർ ഷോറൂമുകളും ഈ രണ്ടു ജില്ലകളിലാണു കൂടുതലായി ഉള്ളത്. അതുവച്ച് ഇനിയും ഇവിടുത്തെ ട്രാക്ടർ വിപണിയെ കുറച്ചു കാണാതിരിക്കാൻ നമുക്ക് ഇന്ത്യൻ ട്രാക്ടർ നിർമാതാക്കളെപ്പറ്റി അറിയാം...
മഹീന്ദ്ര ട്രാക്ടേഴ്സ്
വർഷം രണ്ടു ലക്ഷം ട്രാക്ടറുകൾ നിർമിക്കാൻ ശേഷിയുള്ള മഹീന്ദ്ര ഗ്രൂപ്പിന്റെ ട്രാക്ടർ ഡിവിഷൻ 1964ൽ സ്ഥാപിതമായി. സാങ്കേതിക സഹകരണം നൽകിയത് ഇപ്പോൾ നാവിസ്റ്റാർ എന്ന് അറിയപ്പെടുന്ന യുഎസിലെ ഇന്റർനാഷനൽ ഹാർവെസ്റ്റർ (ഐഎച്ച്) എന്ന കമ്പനിയാണ്. നിലവിൽ ഇന്ത്യൻ ആഭ്യന്തര വിപണിയിലെ 43 ശതമാനം ട്രാക്ടർ വ്യാപാരവും മഹീന്ദ്ര നിയന്ത്രിക്കുന്നു. ഗുജറാത്ത് ട്രാക്ടേഴ്സ്, പഞ്ചാബ് ട്രാക്ടേഴ്സ് എന്നിവ പിൽക്കാലത്ത് മഹീന്ദ്ര ഏറ്റെടുത്ത പൊതുമേഖലാ കമ്പനികളാണ്. 20 എച്ച്പി മുതൽ 60 എച്ച്പി വരെയുള്ള ട്രാക്ടറുകളാണ് മഹീന്ദ്രയുടെ പേരുകേട്ട ഉൽപന്നങ്ങൾ. ലോകത്ത് ഏറ്റവും കൂടുതൽ വിൽപനയുള്ള വിഭാഗവും ഇതു തന്നെ. ഇന്ത്യയിൽ ആദ്യമായി ഡ്രൈവർലെസ് ട്രാക്ടർ സാങ്കേതിക വിദ്യ അവതരിപ്പിച്ചതും മഹീന്ദ്രയാണ്.

മൊബൈൽ ഫോണിലൂടെയോ ടാബിലൂടെയോ ട്രാക്ടർ നിയന്ത്രിക്കുന്ന വിദ്യയാണിത്. പ്രതികൂല കാലാവസ്ഥയിൽ കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്ന ഇവ ആവശ്യമെങ്കിൽ മാനുവൽ ആയും പ്രവർത്തിപ്പിക്കാം. 100 എച്ച്പിക്കു മുകളിലേക്കുള്ള ട്രാക്ടർ മോഡലുകൾ വർധിപ്പിക്കാൻ മഹീന്ദ്ര ശ്രമിക്കുന്നുണ്ട്. മഹീന്ദ്ര, ശക്തിമാൻ, ട്രാക്ക്സ്റ്റാർ, ഫാംപ്ലസ്, സ്വരാജ് എന്നീ ബ്രാൻഡ് നാമങ്ങൾ മഹീന്ദ്ര ഗ്രൂപ്പിന്റെ സ്വന്തമാണ്. ചിലെ, യുഎസ്, ചൈന, സെർബിയ, ആഫ്രിക്ക, ഇറാൻ, സിറിയ, ഓസട്രേലിയ എന്നിവിടങ്ങളിലെ വിപണികളിൽ മഹീന്ദ്ര ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മുംബൈ ആണ് ആസ്ഥാനം.
ടഫെ ലിമിറ്റഡ്
‘ട്രാക്ടേഴ്സ് ആൻഡ് ഫാം എക്യുപ്മെന്റ്സ്’ ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ട്രാക്ടർ നിർമാതാവ്. 20 ശതമാനം വിപണിവിഹിതം ഇവർക്കുണ്ട്. മഹീന്ദ്രയും ടഫെയും കഴിഞ്ഞുള്ള ബാക്കി നിർമാതാക്കൾക്ക് എല്ലാം കൂടി 40 ശതമാനം വിപണി വിഹിതം മാത്രമേയുള്ളു. ചെന്നൈ ആണ് ടഫെയുടെ ആസ്ഥാനം. യുഎസിലെ ആഗ്കോ കോർപറേഷനുമായി സാങ്കേതിക സഹകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിക്ക് ആഗ്കോയിൽ ഷെയറുമുണ്ട്. അതുവഴിയാണ് ആഗ്കോയുടെ മാസി ഫെർഗസൺ ബ്രാൻഡിൽ ടാഫെ ഇന്ത്യയിൽ ട്രാക്ടറുകൾ വിൽക്കുന്നത്.

സ്വന്തം പേരിലും ട്രാക്ടർ വിൽക്കുന്ന ടാഫെ, കാർഷിക യന്ത്ര നിർമാണ കമ്പനികളായ സെർബിയയുടെ ഐഎംടിയുടെയും ജർമനിയുടെ ഐഷറിന്റെയും ഉടമകൾ കൂടിയാണ് ഇപ്പോൾ. വിൽപനയിൽ ലോകത്തിലെ മൂന്നാമത്തെ വലിയ കമ്പനിയും ടാഫെ തന്നെ. എസ്.അനന്തരാമകൃഷ്ണൻ ആണ് കമ്പനിയുടെ സ്ഥാപകൻ. 20 മുതൽ 100 എച്ച്പി വരെയുള്ള ട്രാക്ടറുകൾ ഇവർ പുറത്തിറക്കിയിട്ടുണ്ട്. ആഗ്കോയുടെ കീഴിലുള്ള വാൾട്ര ബ്രാൻഡിലും ഇവർ ട്രാക്ടറുകൾ പുറത്തിറക്കിയിട്ടുണ്ട്.
എസ്കോർട്സ് ആഗ്രി മെഷീനെറി
ഹരിയാനയിലെ ഫരീദാബാദ് ആസ്ഥാനമായുള്ള എസ്കോർട്സ് ലിമിറ്റഡ് സ്ഥാപിച്ചത് ഹർ പ്രസാദ നന്ദ എന്ന വ്യവസായി ആണ്. 1960ലാണ് അവർ കാർഷിക യന്ത്ര നിർമാണത്തിലേക്കു കടക്കുന്നത്. പോളണ്ടിലെ അഴ്സസ് ഗ്രൂപ്പുമായി സഹകരിച്ചായിരുന്നു നിർമാണം. ഫാംട്രാക്ക്, പവർട്രാക്ക് എന്നീ ബ്രാൻഡുകൾ എസ്കോർട്സിന്റേതാണ്. ഫോർഡ് കമ്പനി ആഗ്രോ മെഷീനറി എക്യുപ്മെന്റ്സ് ബിസിനസ് വിറ്റൊഴിവാക്കുന്നതിനു മുൻപ് ലൈസൻസ് സമ്പാദിച്ച് ഫോർഡ് ട്രാക്ടറുകളും ഇവർ പുറത്തിറക്കിയിട്ടുണ്ട്. 80 എച്ച്പി വരെയുള്ള ട്രാക്ടറുകളാണ് ഇവരുടെ പ്രോഡക്ട് ലൈനപ്പിൽ ഉള്ളത്.

സൊനാലിക
ലക്ഷ്മൺ ദാസ് മിത്തൽ 1969ൽ പഞ്ചാബിലെ ഹോശിയാർപൂരിൽ സ്ഥാപിച്ച സൊനാലിക ഗ്രൂപ്പ് മികച്ച നിലവാരമുള്ള ട്രാക്ടറുകൾ പുറത്തിറക്കുന്ന സ്ഥാപനമാണ്. ഛത്രപതി, മഹാബലി, സിക്കന്ദർ, ടൈഗർ എന്നിങ്ങനെയാണു സൊനാലിക ട്രാക്ടറുകളുടെ പേരുകൾ. 120 എച്ച്പി വരെയുള്ള ട്രാക്ടറുകൾ സൊനാലിക ലൈനപ്പിൽ ഉണ്ട്.

ഇന്റർനാഷനൽ ട്രാക്ടേഴ്സ് ലിമിറ്റഡ് എന്നാണ് ഇവരുടെ ട്രാക്ടർ ഡിവിഷന്റെ പേര്. 2004ൽ ഇവർ കാർ നിർമിക്കുക എന്ന ഉദ്ദേശ്യത്തിൽ ആരംഭിച്ച കമ്പനിയാണ് ഐസിഎംഎൽ. റൈനോ എന്ന എംപിവി ഐസിഎംഎലിന്റെ സന്താനമാണ്. ശക്തമായ മത്സരം കാരണം കാർ വിപണിയിൽ നിന്ന് ഐസിഎംഎൽ പിൻവാങ്ങിയെങ്കിലും ട്രാക്ടർ വിപണിയിൽ സൊനാലിക ഇപ്പോഴും തിളക്കം മങ്ങാത്ത പോരാളിയാണ്.
ഫോഴ്സ് മോട്ടോഴ്സ്
ഫോഴ്സ് മോട്ടോഴ്സ് (ആദ്യകാലത്തു ബജാജ് ടെംപോ) രാജ്യത്തെ ഏറ്റവും വലിയ വാൻ നിർമാതാവ് ആണ്. ട്രാക്ടർ വിപണിയിലും മികച്ച സാന്നിധ്യമുള്ള ബ്രാൻഡ് തന്നെയാണു ഫോഴ്സ്. ബൽവാൻ, ഓർച്ചാഡ്, സൻമാൻ, അഭിമാൻ എന്നിവയാണ് ഇവരുടെ ട്രാക്ടർ ശ്രേണികൾ. അഭയ് ഫിറോദിയ ഗ്രൂപ്പ് ആണ് ഫോഴ്സിന്റെ ഉടമകൾ. 1958ൽ സ്ഥാപിക്കപ്പെട്ടു. 60 എച്ച്പി വരെയുള്ള ട്രാക്ടറുകൾ ആണ് ഇവർ പുറത്തിറക്കുന്നത്. മെഴ്സിഡെസ് ബെൻസിൽ നിന്നു ലൈസൻസ് വാങ്ങി നിർമിക്കുന്ന എൻജിനുകളാണ് മിക്ക ഫോഴ്സ് ട്രാക്ടർ മോഡലുകളുടെയും ഹൃദയം.

എച്ച്എംടി ലിമിറ്റഡ്
ട്രാക്ടർ നിർമാതാക്കൾക്കിടയിലെ ‘സർക്കാർ ഉദ്യോഗസ്ഥ’നാണ് എച്ച്എംടി. ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് ട്രാക്ടർ ഡിവിഷൻ തുടങ്ങുന്നത് 1971ലാണ്. ബെംഗളൂരു ആണ് ആസ്ഥാനം. 1972ൽ ആദ്യത്തെ ട്രാക്ടർ പുറത്തിറക്കി. സിറ്റർ എന്ന ചെക്ക് സ്ഥാപനവുമായി സഹകരിച്ചായിരുന്നു നിർമാണം. 25 മുതൽ 75 എച്ച്പി വരെയുള്ള ശ്രേണികളിൽ എച്ച്എംടി ട്രാക്ടറുകൾ ലഭ്യമായിരുന്നു. പിഞ്ചോർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ആയിരുന്നു നിർമാണ യൂണിറ്റുകൾ. മികച്ച നിലവാരമുള്ള ട്രാക്ടറുകൾ ആയിരുന്നെങ്കിലും വിപണിയിൽ മഹീന്ദ്ര പോലെ തരംഗമായില്ല എച്ച്എംടി. 2018ൽ എച്ച്എംടിയുടെ ട്രാക്ടർ ഡിവിഷൻ പുനരുദ്ധരിക്കാൻ കേന്ദ്ര സർക്കാർ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ നീക്കത്തിന്റെയും തുടർച്ച എന്തെന്നു വ്യക്തമല്ല.

പ്രീത്, കുബോട്ട, സ്റ്റാൻഡാർഡ്, ഇൻഡോ ഫാം, ജോൺ ഡീർ, സേം (SAME), ന്യൂ ഹോളണ്ട്, വിഎസ്ടി ടില്ലേഴ്സ്, മാഴ്സ്, ആഗ്രി കിങ് എന്നിങ്ങനെ ചെറുതും വലുതുമായ ട്രാക്ടർ നിർമാതാക്കൾ വേറെയും ഉണ്ട് ഇന്ത്യയിൽ. സേം, ജോൺ ഡീർ എന്നിവയ്ക്കാണ് 100 എച്ച്പിയിൽ കൂടുതൽ ശക്തിയുള്ള ട്രാക്ടർ മോഡലുകൾ കൂടുതലായി ഉള്ളത്. കേരള സർക്കാരിനു കീഴിലുള്ള കാംകോ എന്ന കമ്പനിയും ട്രാക്ടറുകൾ (തീരെ ചെറുത്) പുറത്തിറക്കുന്നുണ്ട്.

ഇന്ത്യൻ ട്രാക്ടർ നിർമാതാക്കൾ ശക്തിയാർജിക്കും മുൻപ് യൂറോപ്യൻ, അമേരിക്കൻ ട്രാക്ടറുകളാണ് ഇന്ത്യയിൽ കൂടുതലായി ഉപയോഗിച്ചിരുന്നത്. ഇന്ത്യൻ ട്രാക്ടർ നിർമാതാക്കൾ ശക്തിയാർജിച്ചതിനു ശേഷവും വിദേശ ബ്രാൻഡുകൾ ഇവിടെ പേരുണ്ടാക്കിയിട്ടുണ്ട്. ഇതിൽ പ്രമുഖരാണ് ജപ്പാന്റെ കുബോട്ട കോർപറേഷൻ.

70കളിൽ ഭാരത സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഹരിതവിപ്ലവം എന്ന കാർഷികോത്തേജന പരിപാടിയാണു രാജ്യത്തെ ട്രാക്ടർ വിപണിയുടെ വലുപ്പവും വർധിപ്പിച്ചത്. ഇതോടെ ഈ രംഗത്തെ ഗവേഷണങ്ങൾ വർധിച്ചു. ഇതിന്റെ ഫലമായി ട്രാക്ടറുകളുടെ പ്രകടനക്ഷമതയും അവയിൽ ഉപയോഗിക്കാവുന്ന പണി ആയുധങ്ങളുടെ വൈവിധ്യവും വർധിച്ചു. യന്ത്രക്കലപ്പ, വലിക്കുന്ന യന്ത്രം എന്നിങ്ങനെ 2 അർഥങ്ങൾ ഉണ്ട് ട്രാക്ടർ എന്ന ഇംഗ്ലിഷ് പദത്തിനു മലയാളത്തിൽ. പ്രായോഗികതലത്തിൽ പക്ഷേ, ട്രാക്ടർ ചെയ്യുന്ന ഒട്ടേറെ ജോലികളിൽ രണ്ടെണ്ണം മാത്രമാണിത് ഇപ്പോൾ.
English Summary: Top Tractor Brands in India