ADVERTISEMENT

പെട്രോൾ, ഡീസൽ വില പിടിവിട്ടു കുതിക്കുമ്പോൾ, വൈദ്യുത വാഹന വിപണിയിൽ ആവേശമേറുന്നു. 2019ൽ 1000 വൈദ്യുത കാർ മാത്രം വിറ്റ രാജ്യത്ത് കഴിഞ്ഞ വർഷം വിറ്റത് 4000 വൈദ്യുത കാർ. മൊത്തം കാർവിപണിയിൽ ഈ സംഖ്യ ഒട്ടും വലിയ ഒന്നല്ലെങ്കിലും മികച്ച മോഡലുകൾ വന്നാൽ വൈദ്യുത കാർ കച്ചവടം അതിവേഗം ഉയരുമെന്നതിന്റെ സൂചനയാണ്.

വളരെ ചെറിയ ദൂരം മാത്രം പോകാൻ ഉപകരിക്കുന്നതും സാധാരണ കാറുകളുമായി ഒരു വിധത്തിലും താരതമ്യമില്ലാത്തതുമായ വാഹനങ്ങൾ എന്ന നിലയിൽനിന്ന് ഇലക്ട്രിക് കാറുകൾ വളർന്നതോടെയാണ് സ്വീകാര്യത ഉയർന്നത്. 2019 പകുതിയിൽ ഹ്യുണ്ടായ് ‘കോന’ എന്ന വൈദ്യുത എസ്‌യുവി എത്തിച്ചതോടെയുണ്ടായ ഉണർവ് കഴിഞ്ഞ വർഷം ആദ്യം ടാറ്റയുടെ ‘നെക്സോൺ ഇവി’ എത്തിയതോടെ ശക്തമായി. പിന്നാലെ, എംജി മോട്ടർ ‘സെഡ്എസ് ഇവി’ എന്ന എസ്‍‌യുവിയും അവതരിപ്പിച്ചു. വിശ്വസനീയമായ 3 മോഡലുകളാണ് അങ്ങനെ വൈദ്യുത കാറുകളിലേക്ക് ഇപ്പോൾ ഇന്ത്യക്കാരെ ആകർഷിക്കുന്നത്. ഇന്ത്യൻ നിർമിത വൈദ്യുത കാറായ നെക്സോൺ ഇവിയുടെ വിൽപന ഒറ്റ വർഷം കൊണ്ട് 3000 എത്തിയെന്നതു തികച്ചും അഭിമാനകരമായ നേട്ടം.

electric-car-1

കേരളം വൈദ്യുത കാറുകളുടെ മികച്ച വിപണികളിലൊന്നാണ്. നൂറിലേറെ ‘കോന’, അറുപതിലേറെ ‘സെഡ്എസ്’ എന്നിവ ഇതിനകം വിറ്റു. അവയെക്കാൾ വില കുറഞ്ഞ നെക്സോൺ ആകട്ടെ, മാസം 60 എണ്ണം വിൽക്കുന്നു.

ശക്തമായ മോട്ടർ, ഫുൾ ചാർജ് ചെയ്താൽ ഒട്ടും മോശമല്ലാത്ത ദൂരം ഓടാനാകുന്നത്ര ശേഷിയുള്ള ബാറ്ററി, അനായാസം വീട്ടിൽ ചാർജ് ചെയ്യാമെന്ന സൗകര്യം എന്നീ സാങ്കേതിക മികവുകളും സാധാരണ കാറുകളിൽ കിട്ടുന്ന സൗകര്യങ്ങളൊക്കെ കിട്ടുമെന്നതും ബാറ്ററിക്കുള്ള ദീർഘകാല വാറന്റിയും ഈ മോഡലുകൾക്കു പ്രിയമേറാൻ കാരണമായി. പെട്രോൾ, ഡീസൽ കാറുകളുടെ എൻജിൻ പോലെ തന്നെ ഉപയോക്താക്കൾക്ക് തൃപ്തികരമായ പ്രകടനം കാഴ്ചവയ്ക്കുന്നവയാണ് ഇലക്ട്രിക് കാർ മോട്ടറുകളും.

∙ കുറഞ്ഞ ചെലവ്

ഫുൾ ചാർജ് ചെയ്താൽ ഓടാനാകുന്ന ദൂരം (റേഞ്ച്) പരീക്ഷണ സാഹചര്യങ്ങളിൽ കോനയ്ക്ക് 452 കിലോമീറ്റർ, സെഡ്എസിന് 419 കിമീ, നെക്സോണിന് 312 കിമീ എന്നിങ്ങനെയാണ്. യഥാർഥ സാഹചര്യങ്ങളിൽ ഇത് 50–100 കിലോമീറ്റർ വരെ കുറഞ്ഞേക്കാം. എങ്കിലും വൈദ്യുതി നിരക്ക് യൂണിറ്റിന് 8 രൂപ എന്ന ഉയർന്ന തോതിൽ കണക്കാക്കിയാലും ഒരു കിലോമീറ്റർ ഓടാൻ 1–1.50 രൂപയേ ചെലവുള്ളൂ.

ഉദാഹരണമായി ടാറ്റ നെക്സോൺ ഇലക്ട്രിക് എസ്‌യുവിയുടെ കാര്യമെടുക്കാം:

ഒറ്റ ചാർജിൽ 200– 260 കിലോമീറ്ററാണ് ഉപയോക്താക്കൾക്കു ലഭിക്കുന്നത്. 30.2 കിലോവാട്ട് അവർ ബാറ്ററി ചാർജിങ്ങിനു വേണ്ടത് 30.2 യൂണിറ്റ് വൈദ്യുതിയാണ്. യൂണിറ്റിന് 8 രൂപയെന്നു കണക്കാക്കിയാൽ 241.60 രൂപ. ഈ ചാർജിൽ 200 കിലോമീറ്ററേ ഓടൂ എന്ന സാഹചര്യമെടുത്താലും ഒരു കിലോമീറ്ററിനു ചെലവ് 1.21 രൂപ മാത്രം.

200 കിലോമീറ്റർ ഓടാൻ ഇതേ വിഭാഗത്തിലെ പെടോൾ കാറിന് ഇപ്പോൾ ഏതാണ്ട് 1200 രൂപയാകും ഇന്ധനച്ചെലവ്. ഒരു കിലോമീറ്ററിന് 6 രൂപ. ഡീസൽ കാറിന് ഏതാണ്ട് 850 രൂപ വേണ്ടിവരും; കിലോമീറ്ററിന് 4.25 രൂപ. തിരക്കുള്ള നഗരത്തിലാണു യാത്രയെങ്കിൽ ഇന്ധനക്ഷമത കുറയുകയും ഇന്ധനച്ചെലവ് ഇതിനെക്കാൾ ഉയരുകയും ചെയ്യും.

electric-car

പരിപാലനച്ചെലവും ഇലക്ട്രിക് കാറുകൾക്കു താരതമ്യേന കുറവാണ്. സങ്കീർണമായ എൻജിനും മറ്റു ഘടകങ്ങളുമൊന്നുമില്ലാത്തതാണു കാരണം. ചലിക്കുന്ന യന്ത്രഭാഗങ്ങൾ കുറവായതിനാൽ തേയ്മാനം കുറവ്. ഓയിൽ മാറ്റം തുടങ്ങിയ പതിവു സർവീസ് ചെലവുകളില്ല.

∙ കേന്ദ്ര– സംസ്ഥാന സർക്കാരുകൾ വിവിധ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. കേരളത്തിലിപ്പോൾ 5% ആണ് ഇവയുടെ റോഡ് നികുതി. (പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് വിലയുടെ നിശ്ചിത ശതമാനം എന്ന നിലയിൽ പല സ്ലാബുകളിലായി 20% നികുതി വരെയുണ്ട്). ചില സംസ്ഥാനങ്ങളിൽ വൈദ്യുത വാഹനങ്ങൾക്കു നികുതിയേയില്ല. ഒന്നര ലക്ഷം വരെ സബ്സിഡി നൽകുന്ന സംസ്ഥാനങ്ങളുമുണ്ട്.

∙ വെല്ലുവിളി

ഇലക്ട്രിക് കാറുകളുമായി ദീർഘയാത്ര നടത്താനുള്ള തടസ്സങ്ങൾ മാറിയിട്ടില്ല. എവിടെത്തിരിഞ്ഞാലു ഇന്ധന പമ്പുകൾ ഉള്ളതിനാൽ പെട്രോൾ–ഡീസൽ കാറുകൾക്ക് ഇന്ധനമില്ലാതെ യാത്ര മുടങ്ങില്ല. പക്ഷേ ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷനുകൾ വളരെ വളരെ കുറവ്. കെഎസ്ഇബിയും ചില സ്വകാര്യ കമ്പനികളും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്. വൈദ്യുത കാർ വിൽക്കുന്ന കമ്പനികൾ ഷോറൂമുകളിൽ ചാർജിങ് സൗകര്യമൊരുക്കുന്നു. നിലവി‍ൽ ഭൂരിപക്ഷം ഉപയോക്താക്കളും വീട്ടിൽത്തന്നെ ചാർജിങ് നടത്തുകയാണ്. ഫ്ലാറ്റുകളുടെ പാർക്കിങ് ഏരിയയിൽ വാഹന ചാർജിങ് സൗകര്യം ഒരുക്കുന്ന രീതി ചിലയിടങ്ങളിൽ ആരംഭിച്ചു.

നിലവിൽ, കേരളത്തിൽ മാത്രമല്ല രാജ്യത്താകെയും വൈദ്യുത കാറുകൾ നഗരയാത്രകൾക്കായാണു ജനം കൂടുതലും പ്രയോജനപ്പെടുത്തുന്നത്. അപ്രതീക്ഷിതമായി കൂടുതൽ ദൂരം പോകേണ്ടിവന്നാൽ ബാറ്ററി എങ്ങനെ ചാർജ് ചെയ്യും എന്ന ആശങ്ക കാരണം പലരും ദീർഘയാത്രകൾ ഒഴിവാക്കുന്നു.

∙ സിറ്റി–ഫ്രണ്ട്‌ലി

നഗരഗതാഗതത്തിന് അനുയോജ്യമായ സാങ്കേതിക പ്രത്യേകതയും ഇലക്ട്രിക് വാഹനങ്ങൾക്കുണ്ട്. ആക്സിലറേറ്ററിൽനിന്ന് കാലെടുക്കുമ്പോൾ, ചലനോർജം ബാറ്ററിയിലേക്ക് ചാർജ് ആയി എത്തുന്ന ‘എനർജി റീജെനറേഷൻ’ സംവിധാനമാണിത്. നഗരഗതാഗതത്തിൽ എപ്പോഴും ഇങ്ങനെ സ്പീഡ് കുറയ്ക്കലും ബ്രേക്കിങ്ങും വേണ്ടിവരുന്നതിനാൽ ബാറ്ററിയിലേക്കു ചാർജ് തിരിച്ചെത്തുന്നതിന്റെ അളവു കൂടും. കൂടുതൽ ദൂരം ഓടാനുള്ള ചാർജി ഇങ്ങനെ കിട്ടും. ഹൈവേയിലോടുമ്പോൾ ആക്സിലറേറ്ററിന്റെ ഉപയോഗം കൂടുന്നതിനാൽ റീജെനറേഷൻ സൗകര്യം കുറയും. പെട്രോൾ–ഡീസൽ കാറുകൾക്കു നഗരത്തിൽ ഇന്ധനക്ഷമത കുറവും ഹൈവേയിൽ കൂടുതലുമായിരിക്കും. വൈദ്യുത കാറുകൾക്കു സ്ഥിതി നേർവിപരീതം.

ഇലക്ട്രിക് വിപണിയിലെ താരങ്ങൾ

എംജി സെഡ്എസ് ഇവി

zs

കരുത്ത് 143 എച്ച്പി

ടോർക്ക് 350 എൻഎം

ബാറ്ററി 44.5 കിലോവാട്ട്അവ്ർ ലിഥിയം അയോൺ

അവകാശപ്പെടുന്ന റേഞ്ച് 419 കിലോമീറ്റർ

2 വേരിയന്റുകൾ: ഷോറൂം വില 20.99 ലക്ഷം രൂപ, 24.18 ലക്ഷം

ബാറ്ററി വാറന്റി 8 വർഷം അഥവാ 1.5 ലക്ഷം കിലോമീറ്റർ

ടാറ്റ നെക്സോ‍ൺ ഇവി

nexon

കരുത്ത് 129 എച്ച്പി

ടോർക്ക് 245 എൻഎം

ബാറ്ററി 30.2 കിലോവാട്ട്അവ്ർ ലിഥിയം അയോൺ

അവകാശപ്പെടുന്ന റേഞ്ച് 312 കിലോമീറ്റർ

3 വേരിയന്റുകൾ: ഷോറൂം വില 13.99 ലക്ഷം രൂപ, 15.40 ലക്ഷം, 16.40 ലക്ഷം

ബാറ്ററി വാറന്റി 8 വർഷം അഥവാ 1.6 ലക്ഷം കിലോമീറ്റർ

ഹ്യുണ്ടായ് കോന

kona

കരുത്ത് 136 എച്ച്പി

ടോർക്ക് 395 എൻഎം

ബാറ്ററി 39.2 കിലോവാട്ട്അവ്ർ ലിഥിയം അയോൺ

അവകാശപ്പെടുന്ന റേഞ്ച് 452 കിലോമീറ്റർ

ഒരു വേരിയന്റ്: ഷോറൂം വില 23.79 ലക്ഷം രൂപ

ബാറ്ററി വാറന്റി 8 വർഷം അഥവാ 1.6 ലക്ഷം കിലോമീറ്റർ 

നൗഷാദ് പറയുന്നു ‘വളർത്താൻ കൊള്ളാം’

കോഴിക്കോട്ട് ബിസിനസ് നടത്തുന്ന മലപ്പുറം സ്വദേശി നൗഷാദ് പാരി 9 മാസമായി വൈദ്യുത കാർ ഉപയോഗിക്കുന്നു. ഉപയോഗിക്കുന്നു എന്നാൽ വല്ലപ്പോഴും ഉപയോഗിക്കുന്നു എന്നല്ല, 270 ദിവസം കൊണ്ട് 30,000 കിലോമീറ്റർ ഓടി. ബെല്ല സാനിറ്ററിവെയർ ഉൽപന്നങ്ങളുടെ നിർമാതാവാണ് നൗഷാദ്.

noushad

എല്ലാ ദിവസവും ആഡംബര കാറിൽ ബിസിനസ് യാത്ര നടത്തിയിരുന്ന നൗഷാദിന് നെക്സോൺ ഇലക്ട്രിക് എസ്‌യുവി വാങ്ങിയതോടെ വമ്പൻ ലാഭം. ആഡംബര കാർ 30,000 കിലോമീറ്റർ ഓടുമ്പോൾ ഇന്ധനച്ചെലവുതന്നെ 1.80 ലക്ഷം രൂപ വരും. രണ്ടോ മൂന്നോ തവണ കാർ സർവീസ് ചെയ്യേണ്ടിവരും. അതിനു പിന്നെയും ഒരു ലക്ഷമെങ്കിലും.

വൈദ്യുത കാർ വന്നപ്പോൾ ഈ ലക്ഷങ്ങളൊക്കെ വെറും ആയിരങ്ങളിലേക്കു താഴ്ന്നു. 7500 കിലോമീറ്ററിൽ 1000 രൂപ എന്ന നിലയിലാണു സർവീസ് ചെലവ്. വീട്ടിൽ സോളർ പാനൽ സ്ഥാപിച്ചിട്ടുള്ളതിനാൽ ചാർജിങ് ചെലവു നാമമാത്രം. ടയർ തേയ്മാനം വളരെ കുറവാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ഏതുതരം റോഡിലും സുഖകരമായ ഡ്രൈവിങ് അനുഭവമാണെന്ന് നൗഷാദ് പറയുന്നു. ഡ്രൈവ് മോഡിനുപുറമെ സ്പോർട്ട് മോഡും ഉളളതിനാൽ ഇലക്ട്രിക് കാർ ഹൈവേയിലും ഒട്ടും ബോറടിപ്പിക്കുന്നില്ല. നൗഷാദിൽനിന്നു പ്രചോദനമുൾക്കൊണ്ട് വൈദ്യുത കാർ വാങ്ങിയ സുഹൃത്ത് ഇതിനകം 33000 കിലോമീറ്റർ ഓടിച്ചുകഴിഞ്ഞു! 

English Summary: Electric Car Market Growing In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com