ഒറ്റ ചാർജിൽ 200 കി.മീ വരെ? ‘ഇ’ ബൈക്കുമായി പ്രമുഖ ബ്രാൻഡുകൾ വരുന്നത് വൈകില്ല

electric-bike
Representative Image
SHARE

നമ്മൾ ഓടിക്കുന്ന വാഹനത്തേക്കാൾ കുതിപ്പു ശേഷിയുണ്ട് ഇപ്പോഴത്തെ ഇന്ധന വിലയ്ക്ക്. എത്ര പ്രതിഷേധവും പരാതിയും ഉയർന്നിട്ടും അധികൃതർ കണ്ട മട്ടില്ല. പിന്നെയുള്ളത് ബദൽ മാർഗങ്ങൾ സ്വീകരിക്കുകയാണ്. ഇന്ധന വിലവർധനയുടെ പ്രതിഫലനം ഇലക്ട്രിക് കാർ വിൽപനയിൽ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. പ്രമുഖ ബ്രാൻഡുകളുടെ ഇവി (ഇലക്ട്രിക് വെഹിക്കിൾ) കാർ വിൽപന ദിവസം ചെല്ലുന്തോറും കുതിക്കുകയാണ്. പണ്ടത്തെ ഇലക്ട്രിക് വെഹിക്കിൾ എന്നാൽ കണ്ടാൽ ഒരു വർക്കത്തില്ലാത്ത രൂപവും, അപാര വിലയുമായിരുന്നെങ്കിൽ, കാറുകളുടെ കാര്യത്തിൽ അതിപ്പോൾ മാറി വരുന്നു. അതേസമയം, ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സ്കൂട്ടറിനും ബൈക്കിനും ജനകീയമായ ഇലക്ട്രിക് അവതാരങ്ങൾ ഉണ്ടാകുന്നില്ല. ഉള്ളവയിൽ പലതും കളിപ്പാട്ട രൂപത്തിൽ, ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന സാധു വാഹനങ്ങളാണ്. പ്രമുഖ ബ്രാൻഡുകളുടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വ്യാപകമായി വിപണിയിൽ ലഭ്യമല്ല.  എന്തുകൊണ്ടാണ് കാറുകളിലെ ഇവി വിപ്ലവം പോലെ ഇരുചക്രവാഹനങ്ങളിൽ സംഭവിക്കാത്തത്?

നിലവിൽ അത്ര പരിചിതമല്ലാത്ത കമ്പനികളാണ് ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തിക്കുന്നത്. മിക്കവാറും ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പുകളാണ് ഇവ. വിശ്വാസ്യത പ്രധാന വിഷയമായതിനാൽ ഇത്തരം ബ്രാൻഡുകൾ വാങ്ങുന്നതിൽ ഉപയോക്താക്കൾ അൽപമൊന്നും മടിച്ചുനിൽക്കുന്നുണ്ട്. ഇ– വാഹനങ്ങളിലെ പ്രധാന അവയവമായ ബാറ്ററിയുടെ ശേഷിയാണ് മറ്റൊരു വെല്ലുവിളി. കാറുകളുടെ പ്ലാറ്റ്ഫോമിൽ നീണ്ടുനിവർന്നു കിടക്കുകയാണ് ബാറ്ററി യൂണിറ്റ്. എന്നാൽ ശേഷിയേറിയ ബാറ്ററികൾ ഇത്തരത്തിൽ ഉൾക്കൊള്ളിക്കാൻ ഇരുചക്രവാഹനങ്ങളിൽ ഇടമില്ല. അതുകൊണ്ട് തന്നെ ഒറ്റ ചാർജിൽ 100ൽ താഴെ കിലോമീറ്റർ മാത്രമേ പല ഇ–സ്കൂട്ടറുകളും ഓടുകയുള്ളു. ലെഡ് ആസിഡ് ബാറ്ററികളാണ് ഇത്രയും കാലം ഇലക്ട്രിക് സ്കൂട്ടറുകളിൽ ഉപയോഗിച്ചിരുന്നത്. ഇവയിൽ ചാർജ് പെട്ടെന്ന് തീർന്നുപോകുന്നതായിരുന്നു പ്രശ്നം. ഇതിനു പരിഹാരമായി കാറുകളിലേതു പോലുള്ള ലിഥിയം അയോൺ ബാറ്ററി എത്തിക്കഴിഞ്ഞു. നവീന സാങ്കേതിക വിദ്യയൊരുക്കി പ്രമുഖ ബ്രാൻഡുകളിൽ പലരും അവരുടെ ജനപ്രിയ ഇരുചക്രവാഹന മോഡലുകളുടെ ഇലക്ട്രിക് പതിപ്പുമായി ഉടനെത്തുമെന്നാണ് വാർത്തകൾ. നാട്ടിൽ ചാർജിങ് പോയിന്റുകൾ കൂടി മുട്ടിനുമുട്ടിനു വന്നാൽ വലിയ ആശ്വാസമാണ് സാധാരണക്കാരനെ കാത്തിരിക്കുന്നത്.

ബജാജ്, ടിവിഎസ്, ഹീറോ, സുസുക്കി, യമഹ തുടങ്ങിയ കമ്പനികൾ അവരുടെ ജനപ്രിയ മോഡലുകളുടെ ഇലക്ട്രിക് പതിപ്പുമായി അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇലക്ട്രിക് ഇരുചക്ര വാഹന മേഖലയിൽ ആഗോളതലത്തിൽ 35 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഇന്ത്യയുടെ സ്ഥാനം നിർണായകമായിരിക്കുമെന്നാണു വിലയിരുത്തൽ. 2014 മുതൽ 20 ശതമാനം വാർഷിക വളർച്ചയാണ് ഈ മേഖലയിൽ രാജ്യത്തുള്ളത്. 2025ഓടെ 20 ലക്ഷം ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ഇന്ത്യയിൽ വിൽക്കാനാകുമെന്നാണ് പ്രമുഖ നിർമാതാക്കൾ വിലയിരുത്തുന്നത്. പെട്രോളിനെ അപേക്ഷിച്ച് ഒരു ഇലക്ട്രിക് ഇരുചക്രവാഹനം അതിന്റെ ജീവിതകാലത്ത് 1.98 ടൺ കാർബൺ ബഹിർഗമനത്തിൽനിന്ന് ഭൂമിയെ രക്ഷിക്കുന്നുണ്ട്. 

പ്രമുഖർ ഒരുങ്ങുന്നു

സുസുക്കിയുടെ സ്റ്റൈലിഷ് സ്കൂട്ടറായ ബർഗ്‌മാൻ സ്ട്രീറ്റ് ഇ– പതിപ്പ് ഈ വർഷം വിപണിയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. 3–4 കിലോവാട്ട്അവർ ലിഥിയം അയോൺ ബാറ്ററിയാകും സ്കൂട്ടറിൽ ഉണ്ടാകുക. ഒറ്റ ചാർജിൽ 80 കിലോമീറ്റർ ഓടും. വില ഒരു ലക്ഷത്തിനു മുകളിലാകും. ഇന്ത്യയിൽ ഏറ്റവും വിൽപനയുള്ള സ്കൂട്ടറുകളിലൊന്നായ മാസ്റ്ററോയ്ക്ക് ഇ പതിപ്പ് ഉടനെത്തുമെന്ന് ഹീറോ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 80 കിലോമീറ്ററാകും ഒറ്റ ചാർജിൽ ഓടുക.

യമഹയുടെ ഇലക്ട്രിക് സ്കൂട്ടറും ഉടൻ ഇന്ത്യയിൽ എത്തിയേക്കും. മറ്റു രാജ്യങ്ങളിൽ യമഹ നിലവിൽ ഇ–ഇരുചക്ര വാഹനം വിൽക്കുന്നുണ്ട്. ഇപ്പോൾ ഇന്ത്യയിലുള്ള ഫാസിനോ, റേസെഡ്ആർ എന്നിവയുടെ ഇലക്ട്രിക് പതിപ്പോ, തായ്‌വാനിൽ കമ്പനി പുറത്തിറക്കുന്ന ഇസി–05 ന്റെ മോഡൽ നാമം മാറ്റിയോ വിപണിയിലെത്തിക്കുമെന്നാണു പ്രതീക്ഷ.

രാജ്യത്തെ പ്രധാന ഇലക്ട്രിക് ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ അവരുടെ ഇ–ബൈക്ക് എഇ–47 ഈ വർഷം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3.5 കിലോവാട്ട് ലിഥിയം അയോൺ ബാറ്ററിയുള്ള ബൈക്ക് ഒറ്റ ചാർജിൽ 85 കിലോമീറ്റർ ഓടും. ഇക്കോണമി മോഡിലാണെങ്കിൽ 160 കിലോമീറ്ററും മൈലേജ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമാവധി വേഗം 85 കിലോമീറ്റർ പെർ അവ്റാണ്. വില 1.20 ലക്ഷത്തിന് അടുത്തായിരിക്കും. ഹീറോ മോട്ടോകോർപ്പിന്റെ ഹൈ പെർഫോമൻസ് പ്രീമിയം ഇലക്ട്രിക് ബൈക്ക് 2022ൽ വിപണിയിലെത്തുമെന്നാണു കരുതുന്നത്. ഇ–യുഎസ് എന്ന പേരിലാണ് വാഹനം അണിയറയിൽ ഒരുങ്ങുന്നത്. 

സൂപ്പർ ബൈക്കുകൾ പുറത്തിറക്കുന്ന കെടിഎം കുടുംബത്തിൽ പെട്ട ഹുസ്ക്‌വാർണ ഇ–പിലെൻ എന്ന ഇലക്ട്രിക്ക് ബൈക്ക് ഇന്ത്യക്കായി ഒരുക്കുന്നുണ്ട്. 2022ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 4 കിലോവാട്ട് ബാറ്ററിയുള്ള വാഹനത്തിൽ പ്രതീക്ഷിക്കുന്ന വില 2–3 ലക്ഷം രൂപയാണ്. ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ ഓടുന്ന ഇലക്ട്രിക് ബൈക്കിന്റെ പണിപ്പുരയിലാണ് ജാവ എന്ന് വാർത്തകളുണ്ട്. ജാവ–42 പ്ലാറ്റ്ഫോമിലാണ് വാഹനം ഒരുങ്ങുന്നത്. റെട്രോ രൂപത്തിൽ ആധുനിക ഭാവങ്ങൾ ഇഴചേർത്താകും വാഹനം.

ടിവിഎസിന്റെ ഐക്യൂബ് എന്ന മോഡലും ബജാജിന്റെ ചേതക് ഇലക്ട്രിക്കും വിപണിയിലെത്തിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് വിൽപന. 3 കിലോവാട്ട് ബാറ്റിയുള്ള ചേതക്ക് ഒറ്റ ചാർജിൽ 95 കിലോമീറ്റർ ഓടും. 1,15,000 മുതലാണ് പ്രാരംഭവില. ഐക്യൂബ് ഒറ്റ ചാർജിൽ 75 കിലോമീറ്ററാണ് ഓടുക.

English Summary: More Efficient Electric Two Wheelers On The Way

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA