ADVERTISEMENT

അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ(എഫ്എഎ) അനുമതി ലഭിച്ചതോടെ പറക്കും കാര്‍ സ്വപ്‌നങ്ങള്‍ ഒരു പടികൂടി യാഥാര്‍ഥ്യത്തോട് അടുക്കുന്നു. കരയിലൂടെയും വായുവിലൂടെയു സഞ്ചരിക്കാന്‍ ശേഷിയുള്ള വാഹനത്തിനാണ് എഫ്എഎ അനുമതി നല്‍കിയത്. മണിക്കൂറില്‍ പരമാവധി 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള വാഹനം ടെറാഫ്യൂജിയ എന്ന കമ്പനിയാണ് പുറത്തിറക്കുന്നത്.

ടെറാഫ്യൂജിയയുടെ പറക്കാന്‍ കഴിയുന്ന ചെറു എയര്‍ക്രാഫ്റ്റ് ഇപ്പോള്‍ തന്നെ ഫ്‌ളൈറ്റ് സ്‌കൂളുകള്‍ക്കും പൈലറ്റുമാര്‍ക്കുമെല്ലാം ലഭ്യമാക്കിയിട്ടുണ്ട്. ഏതാണ്ട് ഒരു വര്‍ഷത്തിനകം റോഡുകള്‍ക്ക് ആവശ്യമായ സുരക്ഷാ സൗകര്യങ്ങള്‍ കൂടി ഉറപ്പിച്ചുകൊണ്ട് പറക്കും കാര്‍ പുറത്തിറങ്ങുമെന്നാണ് കമ്പനി അറിയിക്കുന്നത്. പറന്നിറങ്ങിയശേഷം കാറിന്റെ രൂപത്തിലേക്ക് വെറും ഒരു മിനിറ്റില്‍ താഴെ സമയംകൊണ്ട് മാറാനാകും. ചെറു വിമാനത്താവളങ്ങളും പാതയോരത്തെ താത്ക്കാലിക കേന്ദ്രങ്ങളും പറക്കും കാറുകള്‍ക്ക് ഇറങ്ങാന്‍ വേണ്ട സൗകര്യമൊരുക്കാന്‍ ധാരാളമാണ്.

രണ്ടു സീറ്റുള്ള പറക്കും കാറുകളുടെ നിർമാണത്തിന് 2022 ഓടെ അനുമതി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ പറക്കുംകാറുകള്‍ ഓടിക്കണമെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രമല്ല പൈലറ്റ് ലൈസന്‍സ് കൂടി ആവശ്യമാണ്. ചൈനീസ് കമ്പനിയായ ടെറാഫ്യൂജിയ 2015ല്‍ പറക്കും കാര്‍ പുറത്തിറക്കുമെന്നാണ് ആദ്യം അവകാശപ്പെട്ടിരുന്നത്. പിന്നീടിത് പലകാരണങ്ങളെ തുടര്‍ന്ന് 2018ലേക്കും 2019ലേക്കും നീട്ടുകയായിരുന്നു.

അതേസമയം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ ഒരു പകര്‍ച്ചവ്യാധിയുടെ കാലത്തും ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഒപ്പം നിന്ന സഹജീവനക്കാരെ ടെറാഫ്യൂജിയ ജി.എം കെവിന്‍ കോള്‍ബേണ്‍ അഭിനന്ദിക്കുകയാണ് ചെയ്തത്. 'ഞങ്ങള്‍ ലക്ഷ്യത്തില്‍ നിന്നും ഒരിക്കലും മാറിയില്ല, നിലവാരം ഉയര്‍ത്തി രൂപകല്‍പ്പനയുടെ നിർണായകഘട്ടം പിന്നിടുകയും ചെയ്തു. 80 ദിവസത്തെ പരിശീലന പറക്കല്‍ പൂര്‍ത്തിയാക്കുകയും 150 സാങ്കേതിക രേഖകള്‍ ഹാജരാക്കുകയും ചെയ്താണ് എഫ്.എ.എയുടെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്' കോള്‍ബേണ്‍ പറയുന്നു.

100 എച്ച്പിയുടെ റോട്ടക്‌സ് 912iS സ്‌പോര്‍ട്‌സ് ഇന്‍ജെക്ടഡ് എഞ്ചിനാണ് ഈ പറക്കുംകാറിന്റെ കരുത്ത്. 400 മൈല്‍ വരെ സഞ്ചരിക്കാവുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാണ്. 10000 അടി ഉയരത്തില്‍ വരെ പറക്കാനും ഈ പറക്കുംകാറിനാകും. കാറിന് ഹൈബ്രിഡ് വൈദ്യുതി മോട്ടോറാണെങ്കില്‍ പറക്കുമ്പോള്‍ 100എല്‍എല്‍ വിമാന ഇന്ധനവുമാണ് ഉപയോഗിക്കുക. കാറിന്റെ നാല് ചക്രത്തിലും ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്ക്, കാര്‍ബണ്‍ ഫൈബര്‍ സുരക്ഷാ കവചം, പാരച്യൂട്ട് എന്നിവയെല്ലാം പറക്കുംകാറിനുണ്ട്. ഏതാണ്ട് 590 കിലോഗ്രാം ഭാരമുള്ള ഈ വാഹനത്തിന് ചിറകുകള്‍ നിവര്‍ത്തിയാല്‍ പരമാവധി 27 അടി വരെ നീളമുണ്ടാകും. മടക്കിയാല്‍ ഈ ചിറകുകള്‍ ഒരു ചെറു കാര്‍ ഗാരേജില്‍ ഒതുക്കിവയ്ക്കാനും സാധിക്കും.

English Summary: Terrafugia Transition flying car granted a Light-Sport Airworthiness certificate by the FAA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com