ബാറ്ററി വാടകയ്ക്ക്, വൈദ്യുതി വാഹനങ്ങളുടെ വില പകുതിയായി കുറയും

electric-car
SHARE

വൈദ്യുതി വാഹനങ്ങളിലാണ് ഭാവിയെന്നതിന് അടിവരയിടുകയാണ് ദിനംപ്രതി ഉയരുന്ന ഇന്ധനവില. ഏതൊരു വൈദ്യുതി വാഹനത്തിന്റേയും 30-40 ശതമാനം ചിലവ് വരുന്നത് അതിന്റെ ബാറ്ററിക്കാണ്. ഈ ബാറ്ററി സ്വന്തമായി വാങ്ങാതെയും സെക്കന്റുകള്‍ക്കകം ചാര്‍ജ് ചെയ്യാനാവുകയും ചെയ്താല്‍ എങ്ങനെയിരിക്കും? അങ്ങനെയൊരു സാധ്യതയാണ് ബാറ്ററി സ്വാപിംങ് സാങ്കേതിക വിദ്യ മുന്നോട്ടുവയ്ക്കുന്നത്.

സ്വന്തമായി ബാറ്ററി വാങ്ങാതെ നിശ്ചിത തുക ഡെപോസിറ്റായോ വാടകയായോ നല്‍കിക്കൊണ്ട് ബാറ്ററി ഉപയോഗിക്കാനുള്ള സൗകര്യമാണ് ബാറ്ററി സ്വാപിംങ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്. വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ വേണ്ടി വരുന്ന മണിക്കൂറുകള്‍ ബാറ്ററിയോടെ മാറ്റുന്നതോടെ സെക്കന്റുകളായി കുറയുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം. ഫലത്തില്‍ വാഹനം വാങ്ങുമ്പോള്‍ വലിയൊരു തുക ബാറ്ററിക്കായി നല്‍കുന്നത് ഇല്ലാതാവുകയും ഓടുന്ന കിലോമീറ്ററിന് മാത്രം പണം നല്‍കേണ്ടുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്യും.

ബാറ്ററികള്‍ ഇല്ലാതെ തന്നെ വൈദ്യുതി വാഹനങ്ങള്‍ വാങ്ങാനുള്ള അനുമതി ഇതിനകം തന്നെ ഉടമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതോടെയാണ് സ്വന്തമായി ബാറ്ററി വാങ്ങാതെ ബാറ്ററി സ്വാപിംങിലൂടെ ഉപയോഗിക്കാനുള്ള സാധ്യത തെളിയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഇ.വി ബാറ്ററി സ്വാപിംങ് വിപണി 2030 ആകുമ്പോഴേക്കും 6.1 ദശലക്ഷം ഡോളറായി ഉയരുമെന്നാണ് പ്രവചിക്കുന്നത്. 2020-2030 കാലയളവിലെ വര്‍ധന 31.3 ശതമാനമാണ്.

ബാറ്ററി സ്വാപിംങ് സാങ്കേതികവിദ്യക്ക് ഇന്ത്യയില്‍ നിരവധി വെല്ലുവിളികളും നേരിടേണ്ടതുണ്ട്. രാജ്യത്തെ 80 ശതമാനം വാഹനങ്ങളും ഇരുചക്ര-മുചക്ര വാഹനങ്ങളാണെന്നതാണ് അതില്‍ പ്രധാനം. ഇരുചക്രവാഹനങ്ങള്‍ ശരാശരി 20-40 കിലോമീറ്ററും മുച്ചക്ര വാഹനങ്ങള്‍ ശരാശരി 150 കിലോമീറ്ററുമാണ് സഞ്ചരിക്കുന്നതായി കണക്കാക്കുന്നത്. ഈ ദൂരപരിധി വൈദ്യുതി വാഹനങ്ങളുടെ ബാറ്ററികള്‍ ഒറ്റ ചാര്‍ജ്ജില്‍ നല്‍കുന്നുണ്ടെന്നും വീടുകളില്‍ വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്തുകൂടേ എന്നുമാണ് ഉയരുന്ന ഒരു ചോദ്യം. അപ്പോഴും വൈദ്യുതി വാഹനങ്ങളുടെ ബാറ്ററികളുടെ കാര്യക്ഷമത ഓരോ ചാര്‍ജ്ജിംങ് കഴിയുമ്പോഴും കുറഞ്ഞുവരുമെന്ന വസ്തുത കൂടി കണക്കിലെടുക്കേണ്ടതുണ്ട്. 

അതേസമയം കാര്‍ യാത്രികരിലും ചരക്കു വാഹനങ്ങളിലും ദീര്‍ഘദൂര ബസ് സര്‍വ്വീസുകളിലുമെല്ലാം ബാറ്ററി സ്വാപിംങ് വലിയ മാറ്റങ്ങള്‍ക്കിടയാക്കുമെന്നും കരുതപ്പെടുന്നു. സാധാരണ വാഹനങ്ങളിലെ ബാറ്ററി ചാര്‍ജ്ജിംങിന് രണ്ട് മുതല്‍ ആറ് മണിക്കൂര്‍ വരെയാണ് എടുക്കാറ്. എന്നാല്‍ ബാറ്ററി സ്വാപിംങ് വഴി ബാറ്ററി മാറ്റി വെക്കുന്നതിന് വെറും 90 സെക്കന്റ് മാത്രമാണെടുക്കുക. പെട്രോളോ ഡീസലോ അടിക്കുന്നതിലും വേഗത്തില്‍ ബാറ്ററി ഫുള്‍ ചാര്‍ജാക്കാമെന്ന സാധ്യതയാണ് ബാറ്ററി സ്വാപിംങ് മുന്നോട്ടുവെക്കുന്നത്.

English Summary: Battery Swapping WIll Reduce Electric Vehicle Cost

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA