‘ബോണ്ട്...നിങ്ങളുടെ പുതിയ വാഹനം ഇതാണ്’ കാണികളെ അമ്പരപ്പിച്ച ബോണ്ട് കാറുകൾ

bond-car
Aston Martin DB5
SHARE

'I got a few optional extras installed'. 2010നു ശേഷം ആഡംബര കാറുകളിൽ ജനകീയമാകാൻ തുടങ്ങിയ, നമ്മൾ ഇന്നു ‘ഹെഡ്സ് അപ് ഡിസ്പ്ലെ’ എന്നു വിളിക്കുന്ന സാങ്കേതിക വിദ്യ 1987ൽ സ്വന്തം കൺമുന്നിൽ കണ്ടു പകച്ചവശയായ നായിക ‘എന്താണിതെല്ലാം’ എന്നു ചോദിക്കുമ്പോൾ നായകകഥാപാത്രമായ ജയിംസ് ബോണ്ട് പറയുന്ന മറുപടിയാണു മുകളിൽ. ജോൺ ഗ്ലെൻ സംവിധാനം ചെയ്ത ‘ദി ലിവിങ് ഡേലൈറ്റ്സ്’ എന്ന ബോണ്ട് സിനിമയിലെ പ്രശസ്തമായ കാർ ചെയ്സ് സീനിന്റെ തുടക്കത്തിലെ സംഭാഷണമാണിത്. ചിത്രത്തിലെ നായകനായ ബ്രിട്ടീഷ് നടൻ തിമോത്തി ഡാൾട്ടന്റെ ഗംഭീരമായ ശബ്ദത്തിൽ ഈ വാചകം കേൾക്കുമ്പോൾ തന്നെ, ഇനി ഒരു ‘പൂരം വെടിക്കെട്ടു’ നടക്കാനുണ്ടെന്നു പ്രേക്ഷകനു മനസ്സിലാകുകയും ചെയ്യും. 

aston-martin-db5

തൊട്ടടുത്ത നിമിഷം, ബോണ്ടിന്റെ ആസ്റ്റൻ മാർട്ടിൻ വി8 വൊളാന്റെ സീരീസ് 3 കാറിന്റെ ഫോഗ്‌ലാംപിനു പിന്നിൽ നിന്നു 2 മിസൈലുകൾ ഉയർന്നു വരും. പിന്നെ, ജയിംസ് ബോണ്ടിന്റെ കാർ തടഞ്ഞു നിർത്താൻ പൊലീസ് കമാൻഡോകൾ റോഡിനു കുറുകെ ഇടുന്ന ലോറിയിൽ അവ ചെന്നു പതിക്കും. ലോറി പൊട്ടിച്ചിതറും. ഛിന്നഭിന്നമായ ലോറിക്കിടയിലൂടെ ബോണ്ട് കാർ ഒരു നിമിഷം പോലും നിർത്താതെ മുന്നോട്ടു കുതിക്കും. ജോൺ ബാരിയുടെ പക്വമായ പശ്ചാത്തല സംഗീതം കൂടിയാകുമ്പോൾ പ്രേക്ഷകരുടെ ചുണ്ടിൽ മന്ദസ്മിതം സുനിശ്ചിതം.  1964ൽ ഇറങ്ങിയ ‘ഗോൾഡ്ഫിംഗർ’ മുതലാണു ബോണ്ട് സിനിമകളിലെ കാറുകളിൽ അത്യാധുനിക ആക്രമണ – സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതായും അതിന്റെ പ്രവർത്തനവുമൊക്കെ കാണിച്ചു തുടങ്ങിയത്. അല്ലെങ്കിൽ ഈ സുരക്ഷാ ഉപകരണങ്ങൾ ബോണ്ട് ചിത്രങ്ങളുടെ കഥാഗതിയെത്തന്നെ നിയന്ത്രിക്കാൻ തുടങ്ങിയത്. ഇങ്ങനെ കാർ ഹൈടെക് ആക്കുന്നത് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമായ എംഐ 6ന്റെ സാങ്കൽപിക സാങ്കേതിക വിഭാഗമായ ക്യൂ ബ്രാഞ്ച് ആണ്.

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരായ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനായി ജോലി ചെയ്യുന്ന പ്രഗത്ഭനായ ചാരൻ ‘കമാൻഡർ‌ ജയിംസ് ബോണ്ട്’ അങ്ങനെ കുറഞ്ഞ ഉപകരണങ്ങൾ ഒന്നും ഉപയോഗിച്ചാൽ പോരല്ലോ... അതുപ്രകാരം ആദ്യ ‘ഹൈടെക് കാർ’ ആകാനുള്ള യോഗം ബ്രിട്ടീഷ് സ്പോർട്സ് കാർ ആയ ആസ്റ്റൻ മാർട്ടിൻ ഡിബി 5ന് ആണു ലഭിച്ചത്. ഇന്നും ഡിബി 5 ആണ് എക്കാലത്തെയും ഹിറ്റ് ബോണ്ട് കാർ. ഗോൾഡ്ഫിംഗറിൽ ജയിംസ് ബോണ്ട് ആയി അഭിനയിച്ച ഷോൺ കോണറിയും ക്യൂ ആയി അഭിനയിച്ച ഡെസ്മണ്ട് ല്യുവെലിനും ചേർന്നു പ്രശസ്തമാക്കിയ ഈ കാറിനു പുതിയകാല സംവിധായകരെല്ലാം അവരുടെ ചിത്രങ്ങളിൽ അതിഥി വേഷങ്ങൾ നൽകാറുണ്ട്. പുതിയ ചിത്രമായ ‘നോ ടൈം ടു ഡൈ’യിൽ ‘കിടിലൻ വേഷം’ തന്നെ നൽകിയിട്ടുണ്ടെന്നു ട്രെയ്‌ലർ പറയാതെ പറയുന്നു. 

aston-martin

ആദ്യ ബോണ്ട് ചിത്രമായ ഡോക്ടർ നോയിൽ നായകൻ ഉപയോഗിച്ച സൺബീം ആൽപൈൻ മുതൽ ബോണ്ട് ഉപയോഗിച്ച എല്ലാ കാറുകളും അതാതു കാലങ്ങളിൽ‌ ഏതെങ്കിലും തരത്തിൽ പ്രശസ്തമായവയാണ്. അല്ലെങ്കിൽ ‘അഭിനയം’ കഴിഞ്ഞ ശേഷമെങ്കിലും പ്രശസ്തമായവയാണ്. അതിൽ ഫ്രാൻസിലെ സാധാരണക്കാരുടെ കാർ എന്നു പേരുകേട്ട സിട്രൻ 2സിവി (ജർമനിക്ക് ബീറ്റിൽ എന്നപോലെ) പോലും ഉൾപ്പെടും. 

ഇവയിലെ ഏറ്റവും സാങ്കേതികത്തികവാർന്ന ‘ഹൈടെക്ക് കില്ലർ കാറുകളെ’ പരിചയപ്പെടാം. കഥാസന്ദർഭത്തിന് അനുസൃതമായാണ് ഓരോ ഹൈടെക്ക് ബോണ്ട് കാറുകളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, ഏതു ഹൈടെക്ക് ബോണ്ട് കാർ ആണു മികച്ചതെന്ന് അറിയാൻ കഥാസന്ദർഭങ്ങൾ തുലനം ചെയ്യുന്നതിനു പകരം കുറച്ചുകൂടി നീതിയുക്തമായി ചെയ്യാൻ കഴിയുന്ന സാങ്കേതികവിദ്യകളുടെ താരതമ്യമാണ് ഇവിടെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. സാങ്കേതിക വിദ്യയും അത് അവതരിപ്പിക്കപ്പെട്ട കാലഘട്ടവും ചേർത്തു വയ്ക്കുമ്പോൾ കിട്ടുന്ന മുൻതൂക്കം ഈ 3 കാറുകളെ ‘ടോപ് 3’ ആക്കുന്നു.

വെറ്റ് നെല്ലി

1977ൽ ല്യൂയിസ് ഗിൽബെർട്ട് സംവിധാനം ചെയ്ത ‘ദി സ്പൈ ഹു ലവ്ഡ് മി’ എന്ന റോജർ മൂർ ബോണ്ട് ചിത്രത്തിലെ, അന്തർവാഹിനിയാകാൻ ശേഷിയുള്ള ബോണ്ട് കാർ ആണ് ‘വെറ്റ് നെല്ലി’. ഇതു ക്യൂ ബ്രാഞ്ച് ഈ കാറിനു നൽകിയ ചെല്ലപ്പേരാണ്. യഥാർഥത്തിൽ ലോട്ടസ് എസ്പിറി സീരീസ് വൺ എന്ന കാർ ആണ് വെറ്റ് നെല്ലി ആയി ‘വേഷമിട്ടി’രിക്കുന്നത്. അന്തർവാഹിനി ആകുന്ന ഷോട്ടുകൾ ഉള്ളതിനാൽ മൊത്തം 6 എസ്പിറികൾ ആണു ചിത്രീകരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 

lotus-esprit-s1

ആവശ്യമുള്ളപ്പോൾ അന്തർവാഹിനിയാകാനുള്ള ശേഷി, ബുള്ളറ്റ് പ്രൂഫ് ബോഡിയും ഗ്ലാസും ശത്രു കാറുകളുടെ മുൻഗ്ലാസിലേക്കു സിമന്റ് സ്പ്രേ ചെയ്യാനുള്ള സംവിധാനം, മിസൈൽ തൊടുക്കാനുള്ള സംവിധാനം, ഡെപ്ത് ചാർജ് (ജലത്തിൽ ഉപയോഗിക്കുന്ന മൈൻ എന്നു ലളിതമായി പറയാം) ആക്ടിവേറ്റ് ചെയ്യാനുള്ള സ്വിച്ച്, ലക്ഷ്യം കാണാനുള്ള സംവിധാനം, വെള്ളത്തിൽ കറുത്ത പെയിന്റ് കലക്കാനുള്ള സംവിധാനം (വെള്ളത്തിലെ സ്മോക് സ്ക്രീനിന്റെ ഗുണം ചെയ്യുന്നതിന്) എന്നിങ്ങനെ അത്യുഗ്രൻ ഫീച്ചറുകളാൽ സമ്പന്നമാണു വെറ്റ് നെല്ലി. ഇവയെല്ലാം നായകനും റഷ്യൻ സീക്രട്ട് എജന്റായ നായികയും (ബാർബറ ബാക്) മാറി മാറി ഉപയോഗിക്കുന്നുണ്ട് സിനിമയിൽ. മാർവിൻ ഹാംലിസ്ചിന്റെ സംഗീതവും സീൻ സമ്പന്നമാക്കുന്നു. 162 കുതിരശക്തിയുള്ള 2000 സിസി 4 സിലിണ്ടർ പെട്രോൾ എൻജിൻ ഉണ്ടായിരുന്ന എസ്പിറിയുടെ പ്രത്യേകത അത് റിയർ എൻജിൻ റിയർ വീൽ ഡ്രൈവ് ആയിരുന്നു എന്നതാണ്. അന്നത്തെ പല വി6 എൻജിനുകളുടെയും ഒപ്പമായിരുന്നു എസ്പിറിയുടെ പെർഫോമൻസ്. 

ആസ്റ്റൻ മാർട്ടിൻ വി8 വൊളാന്റെ സീരീസ് 3

ആമുഖത്തിൽ പരാമർശിച്ച ‘ദി ലിവിങ് ഡേലൈറ്റ്സ്’ എന്ന ചിത്രത്തിലെ ബോണ്ട് കാർ ആണ് ഈ വിഖ്യാതമായ ആസ്റ്റൻ മാർട്ടിൻ. ഏറ്റവും സുന്ദരമായ ആസ്റ്റൻ മാർട്ടിൻ ഏതെന്ന ചോദ്യത്തിനു ഡിബി 5 എന്നും വി8 വൊളാന്റെ എന്നും വാശിയോടെ ഉത്തരം നൽകുന്ന ഒട്ടേറെ വാഹനപ്രേമികൾ ലോകം മുഴുവനും ഉണ്ട്. ജയിംസ് ബോണ്ട് ചിത്രങ്ങളെ കളിയാക്കി പുറത്തിറങ്ങിയ ജോണി ഇംഗ്ലിഷ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഇതിനോടു സാദൃശ്യമുള്ള ഡിബി 7 ആണ് നായകന്റെ കാർ ആയി അഭിനയിച്ചിരിക്കുന്നത്. 

aston-martin-vintage-v8

പൊലീസിന്റെ റേഡിയോ ചോർത്തുന്ന സംവിധാനം, വീൽ ഹബ്ബിൽ ലേസർ കട്ടർ, പൊതിഞ്ഞു വയ്ക്കാൻ കഴിയുന്ന ഔട്ട്റിഗറുകൾ (മഞ്ഞിൽ തെന്നി നീങ്ങുന്ന സംവിധാനം), വീലുകളിൽ ട്രാക്‌ഷൻ‌ സ്പോക്കുകൾ, ടയർ പൊട്ടിത്തെറിച്ചാലും സ്ഥിരതയോടെ നീങ്ങാൻ കഴിയുന്ന തരം റിമ്മുകൾ, ഫോഗ് ലാംപുകൾക്ക് അടിയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന മിസൈലുകൾ, ഉപേക്ഷിക്കണ്ടി വന്നാൽ സ്വയം നശിക്കുന്ന തരം ബോംബ് സംവിധാനം, റോക്കറ്റ് മോട്ടർ, ഹെഡ്സ് അപ് ‍ഡിസ്പ്ലേ എന്നിവയെല്ലാം ബോണ്ടിന്റെ കാറിലുണ്ട്. ഇതിൽ നായികയായി അഭിനയിച്ച മരിയം ഡിയാബോയുടെ മുഖഭാവം തന്നെയായിരുന്നിരിക്കണം അന്ന് ഇതു കണ്ടിരുന്ന പ്രേക്ഷകർക്കും, ശുദ്ധ അത്ഭുതം.

ബ്രിട്ടന്റെ ആദ്യത്തെ സുപ്പർകാർ എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ ഈ ആസ്റ്റൻ മാർട്ടിന്റെ ഉയർന്നവേഗം 270 കിലോമീറ്റർ ആണ്. 5.3 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം എടുക്കുന്ന ഈ കാറിന്റെ ഹൃദയം 6300 ലീറ്റർ വി8 പെട്രോൾ എൻജിൻ ആണ്. 438 കുതിരശക്തി ഇതു പുറത്തെടുക്കും. 

ആസ്റ്റൻ മാർട്ടിൻ വി12 വാൻക്വിഷ്

‘Aston Martin Call it the Vanquish, We call it the Vanish...’. ലീ ടാമഹോറി സംവിധാനം ചെയ്ത ‘ഡൈ അനദർ ഡേ’ എന്ന പിയേഴ്സ് ബ്രോസ്നൻ ചിത്രത്തിൽ, ബോണ്ട് പ്രവർത്തിക്കുന്ന ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗമായ എംഐ 6ന്റെ സാങ്കൽപിക സാങ്കേതിക വിഭാഗത്തിന്റെ തലവനായ ക്യൂ എന്ന കഥാപാത്രം കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ബോണ്ടിനോടു വിശദീകരിക്കുന്ന സീനിലെ മാസ്റ്റർപീസ് ഡയലോഗ് ആണിത്. പ്രശസ്ത ഹാസ്യനടൻ ജോൺ ക്ലീസ് ആണ് ക്യൂ ആയി ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

aston-martin-v12-vanquish-1

ഒറ്റവാചകത്തിൽ ബോണ്ടിന്റെ വാൻക്വിഷ് അതാണ്, അപ്രത്യക്ഷമായി എന്നു മറ്റുള്ളവരെ തെറ്റിധരിപ്പിക്കാനുള്ള സംവിധാനങ്ങൾ ഉള്ള സൂപ്പർ കാർ. ‘അഡാപ്റ്റീവ് കാമോഫ്ലാഷ്’ എന്നാണ് ഈ സംവിധാനത്തിനു തിരക്കഥാകൃത്ത് നൽകിയിരിക്കുന്ന പേര്. 560 കുതിരശക്തിയുള്ള 6000 സിസി 12 സിലിണ്ടർ പെട്രോൾ എൻജിൻ ഉപയോഗിച്ചിരിക്കുന്ന വാൻക്വിഷ് ഒരു ബ്രിട്ടീഷ് സൂപ്പർ സുന്ദരി തന്നെയാണ്. ബോണ്ട് ചിത്രത്തിനു വേണ്ടി കുറെയേറെ സംവിധാനങ്ങൾ ഇണക്കിച്ചേർത്തതിനൊപ്പം കാഴ്ചപ്പകിട്ടും കൂട്ടിയാണ് ആസ്റ്റൻ മാർട്ടിൻ വാൻക്വിഷ് ചിത്രത്തിൽ അഭിനയിക്കാൻ എത്തിയത്. 

അഡാപ്റ്റീവ് കാമോഫ്ലാഷിനൊപ്പം ബുള്ളറ്റ് പ്രൂഫ് ബോഡി – ഗ്ലാസ് എന്നിവയും ഓട്ടോ ലോഡിങ് ഷോട്ട് ഗണ്ണും സീക്രട്ട് സ്റ്റോറേജ് സംവിധാനവും മുൻപോട്ടേക്ക് തൊടുക്കാവുന്ന മിസൈലുകളും റിമോട് ഡ്രൈവിങ് ഫീച്ചറും ടയറിനുള്ളിൽ നിന്നു മെറ്റൽ സ്പോക്കുകളും കോഡ്രൈവർ ഇജക്ടർ സീറ്റും ഓട്ടോ ടയർ ഫില്ലിങ് സംവിധാനവും ട്രാക്കിങ് സംവിധാനവും ഒക്കെ ഉള്ള വാൻക്വിഷ്, ഹെവി മെഷീൻ ഗൺ – മിനി മോർട്ടാർ – തെർമൽ‌ ഇമേജിങ് പോലെയുള്ള സംവിധാനങ്ങളോടു കൂടിയ വില്ലന്റെ ജാഗ്വാർ എക്സ്കെആറിനോടാണ് അങ്കം വെട്ടുന്നത്.  ആസ്റ്റൻ മാർട്ടിൻ നായകന്റെ കാർ ആയാൽ ജാഗ്വാർ വില്ലന്റെ കാർ ആയിരിക്കും എന്നത് ബോണ്ട് ചിത്രങ്ങളുടെ ഒരു അലിഖിത നിയമമാണ്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സ്പെക്ടറിൽ വരെ ആ രീതി പിന്തുടരുന്നുണ്ട്. ജാഗ്വാറിനു വില്ലൻ ഇമേജാണ് ഇഷ്ടവും.

aston-martin-v12-vanquish

എന്തുകൊണ്ട് ഡിബി 5 (ഗോൾഡ്ഫിംഗറിലെ കാർ) ഈ പട്ടികയിൽ വന്നില്ല എന്നു ചോദിച്ചാൽ മറ്റു ഹൈടെക് ബോണ്ട് കാറുകളെ അപേക്ഷിച്ചു ആയുധങ്ങളുടെ ശേഷി കുറവായതുകൊണ്ടു തന്നെ എന്നതാണ് ഉത്തരം. ആകെ മെഷീൻ ഗൺ മാത്രമാണ് ഡിബി 5ൽ ആയുധം എന്നു പറയാൻ ഉള്ളത്. മറ്റെല്ലാം ട്രിക്കുകൾ ആണ്, കോഡ്രൈവർ ഇജെക്ടർ സീറ്റ് അടക്കം.  ലോട്ടസ് എസ്പിറി ടർബോ (ഫോർ യുവർ ഐസ് ഒൺലി), ബിഎംഡബ്യൂ സെവൻ സീരീസ് (ടുമാറോ നെവർ‌ ഡൈസ്), ബിഎംഡബ്യൂ സി8 (ദി വേൾഡ് ഈസ് നോട്ട് ഇനഫ്), ആസ്റ്റൻ മാർട്ടിൻ ഡിബിഎസ് വി12 (കസിനോ റോയൽ), ആസ്റ്റൻ മാർട്ടിൻ ഡിബി 10 (സ്പെക്ടറിനു വേണ്ടി മാത്രം നിർമിച്ചത്) എന്നീ വാഹനങ്ങളും ഹൈടെക് നിരയിൽപ്പെടുന്നതു തന്നെ. എന്നാൽ ‘ടോപ് 3’ പട്ടികയിൽ വന്ന കാറുകൾക്ക് അതിശയിപ്പിക്കുന്ന കഴിവുകൾ ആയിരുന്നു ആ ചിത്രങ്ങളുടെ അണിയറ പ്രവർത്തകർ വിഭാവനം ചെയ്തിരുന്നത്. അല്ലെങ്കിൽ, അവയുടെ പ്രധാന കഴിവുകൾ മറ്റു ബോണ്ട് കാറുകളുടേതിനെക്കാൾ മികച്ചതായിരുന്നു.‌ 

റിമോട് ഡ്രൈവിങ് എന്ന സംവിധാനം ആദ്യമായി അവതരിപ്പിക്കപ്പെട്ട (ജയിംസ് ബോണ്ട് പരമ്പരയിൽ) ബിഎംഡബ്യൂ 7 സീരീസ് ഈ പട്ടികയിൽ ഉൾപ്പെടേണ്ടതായിരുന്നു. എന്നാൽ കാലഘട്ടവും സാങ്കേതിക വിദ്യയും ചേർത്തു വായിക്കുമ്പോൾ അഡാപ്റ്റീവ് കാമോഫ്ലാഷിനു മുന്നിൽ ചെറിയ സ്കോറിനു പിന്നിലായി പോയി, ബിഎംഡബ്യൂ 7. ഈ 750ഐഎല്ലിൽ ഉപയോഗിച്ചിരിക്കുന്ന ടിയർ ഗ്യാസ് സ്പ്രേ, അള്ളുകൾ വിതറുന്ന ഉപകരണം എന്നിവ മറ്റൊരു രൂപത്തിൽ നമുക്ക് സിഐഡി മൂസയുടെ കാറിലും കാണാം. റിമോട് ഡ്രൈവിങ് എന്ന ഫീച്ചറിനെക്കാൾ ഈ ബിഎംഡബ്യൂവിൽ ആശ്ചര്യമുണ്ടാക്കിയത് കേബിൾ കട്ടർ എന്ന ഉപകരണമാണ്. ഇരുമ്പ് കേബിൾ ഉപയോഗിച്ചു റോഡ് ബ്ലോക്ക് ചെയ്യാൻ ശത്രുക്കൾ ശ്രമിക്കുമ്പോൾ അത് അറത്തു കളയുന്നത് കാറിന്റെ ബോണറ്റിലെ ലോഗോയ്ക്കു കീഴിൽ ഒളിച്ചിരിക്കുകയും വേണ്ടപ്പോൾ ഉയർന്നു വരികയും ചെയ്യുന്ന കേബിൾ കട്ടറാണ്. സൺറൂഫിൽ ഒളിപ്പിച്ചിരിക്കുന്ന മിസൈലുകളും ‘യെവൻ ആളിച്ചിരി പിശകാ’ എന്ന ധാരണയുണ്ടാക്കാൻ പോന്നവ തന്നെ. 

English Summary:  Top Jamses Bond Cars In Movies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA