ADVERTISEMENT

റൈഡര്‍മാരാവുകയെന്ന സ്ത്രീകളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നവരാണ് ദ് റൈഡര്‍ണി എന്ന കൂട്ടായ്മ. ഈ ഭൗമദിനത്തില്‍ റൈഡറാവാനുള്ള ആഗ്രഹം മാത്രം പോര അംഗങ്ങള്‍ പത്തു മരങ്ങള്‍ കൂടി നടണമെന്ന നിബന്ധന കൂടിയാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളിയായ അഞ്ജലി രാജനാണ് ദ റൈഡര്‍ണിക്ക് തുടക്കമിടുന്നത്. ഡല്‍ഹിക്കുശേഷം ഇപ്പോള്‍ റൈഡര്‍ണി കേരളത്തിലെ നഗരങ്ങളിലേക്കുകൂടി എത്തുകയാണ്. 

anjaly-rajan-5

അമ്മയാണ് വഴികാട്ടി

കേരളത്തില്‍ ജനിച്ച് ഗുജറാത്തില്‍ വളര്‍ന്ന അഞ്ജലി രാജനാണ് റൈഡര്‍ണി എന്ന കൂട്ടായ്മക്ക് പിന്നില്‍. അമ്മ ഷൈല രാജനാണ് ഡ്രൈവിങ്ങിലും അഞ്ജലിക്ക് പ്രചോദനമായത്. വീട്ടില്‍ നിന്നുള്ള പിന്തുണയുള്ളതുകൊണ്ടുതന്നെ ഒരിക്കലും ഡ്രൈവിങ് എന്നത് ആണുങ്ങള്‍ക്കു മാത്രം പറഞ്ഞിട്ടുള്ള പണിയാണെന്ന ചിന്ത അഞ്ജലിക്കുണ്ടായിരുന്നില്ല. പിന്നീട് ലോങ് റൈഡുകളില്‍ പോലും പലപ്പോഴും അഞ്ജലിക്ക് കൂട്ടായി വന്നിട്ടുള്ളത് ഷൈലയാണ്. വീട്ടില്‍ നിന്നും വിടുന്നില്ലെന്ന റൈഡര്‍ മോഹികളോടുള്ള അഞ്ജലിക്കുള്ള ഉത്തരവും അതു തന്നെ. കുടുംബത്തെ കൂടെ കൂട്ടൂ, പരമാവധി യാത്രയുടെ വിവരങ്ങള്‍ കുടുംബവുമായി പങ്കുവെക്കൂ...

അഞ്ജലിയെ മോട്ടോര്‍ സൈക്കിള്‍ ആദ്യമായി ഓടിക്കാന്‍ സഹായിക്കുന്നത് സുഹൃത്തുക്കളാണ്. 15 വര്‍ഷം മുമ്പ് സുഹൃത്തിന്റെ സുസുക്കി ഫിയറോയിലായിരുന്നു ആദ്യ കറക്കം. ഈയൊരു അനുഭവം കൊണ്ട് തന്നെ ആദ്യ വാഹനം സ്വന്തമാക്കിയത് സ്‌കൂട്ടറായിരുന്നില്ല മറിച്ച് 125 സി.സിയുടെ സൂപ്പര്‍ സ്‌പ്ലെണ്ടറായിരുന്നു. 

anjaly-rajan-1

എന്‍ഫീല്‍ഡ് നല്‍കിയ ആത്മവിശ്വാസം

ദീര്‍ഘദൂര റൈഡിങ്ങുകള്‍ ജീവിതത്തിന്റെ ഭാഗമാകുന്നത് റോയല്‍ എന്‍ഫീല്‍ഡ് വഴിയാണ്. ഗുജറാത്തിലെ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ കൗസ്തുഭ് മിശ്രയായിരുന്നു പ്രചോദനം. അഞ്ച് അടി ഒരിഞ്ച് ഉയരവും 55 കിലോഗ്രാം ഭാരവും മാത്രമുള്ള തനിക്ക് അഞ്ചിരട്ടി ഭാരമുള്ള ബുള്ളറ്റ് ഓടിക്കാനാകുമോ എന്നതായിരുന്നു അഞ്ജലിയുടെ അന്നത്തെ ആശങ്ക. അപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നല്‍കി ഓടിച്ചു നോക്കൂ എന്ന് ആത്മവിശ്വാസം നല്‍കിയത് കൗസ്തുഭ് മിശ്രയായിരുന്നു. 

anjaly-rajan-3

റോയല്‍ എന്‍ഫീല്‍ഡിന്റെ തന്നെ ഒരു വാര്‍ഷിക റൈഡിന് 150 കിലോമീറ്റര്‍ ഓടിച്ചായിരുന്നു ദീര്‍ഘദൂരയാത്രകള്‍ തുടങ്ങിയത്. അന്ന് റൈഡിങ്ങില്‍ പങ്കെടുത്ത നൂറു പേരില്‍ പത്തുപേര്‍ സമീപത്തെ സാന്‍സരി വെള്ളച്ചാട്ടത്തിലേക്കു കൂടി പോയി. അതിലൊരാള്‍ അഞ്ജലിയായിരുന്നു. ഉരുളന്‍ കല്ലുകളും വഴുക്കലുമുള്ള പാതയും എന്‍ഫീല്‍ഡില്‍ മറികടന്നതോടെ അഞ്ജലിയുടെ ആശങ്ക ആത്മവിശ്വാസത്തിന് വഴി മാറുകയും ചെയ്തു. പിന്നീട് യു.എ.ഇയില്‍ പോയപ്പോള്‍ അവിടെയും റൈഡിങ് തുടര്‍ന്നു അഞ്ജലി. 2017ലെ യുഎഇ ബൈക്ക് വീക്കില്‍ അതിഥിയായിട്ടുണ്ട്.

റൈഡറുടെ സ്ത്രീലിംഗം റൈഡര്‍ണി

തുടക്കകാലത്തെ ഒരു റൈഡിനിടെ സുഹൃത്തിനൊപ്പം ചായ കുടിച്ച് സംസാരിക്കുമ്പോഴാണ് സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകള്‍ തന്നെ ഒരുക്കുന്ന ഒരു ബൈക്ക് ക്ലബിനെക്കുറിച്ചും ചിന്ത വരുന്നത്. വനിതാ സുഹൃത്തിന് കൂടുതല്‍ റൈഡുകള്‍ ചെയ്യണമെന്ന് താല്‍പര്യമുണ്ടെങ്കിലും പുരുഷന്മാര്‍ അടങ്ങിയ സംഘത്തിനൊപ്പം വിടാന്‍ വീട്ടുകാര്‍ തയ്യാറായിരുന്നില്ല. ഇതിനൊരു പരിഹാരമായിട്ടാണ് റൈഡര്‍മാരാകാന്‍ താല്‍പര്യമുള്ള സ്ത്രീകളെ ഡ്രൈവിംങ് പഠിപ്പിച്ച് ഒരുമിച്ച് റൈഡിങ്ങിനും കൊണ്ടുപോകുന്ന കൂട്ടായ്മ എന്ന ചിന്ത വരുന്നത്. അന്നത്തെ ചിന്തയിലെ മിന്നലാണ് 2012 ആഗസ്ത് 29ന് ദ റൈഡര്‍ണി എന്ന പേരില്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ യാഥാര്‍ഥ്യമാകുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയിലും റൈഡര്‍ണി ആരംഭിച്ചു. 

anjaly-rajan

ഇപ്പോഴിതാ കേരളത്തിലേക്കും ദ റൈഡര്‍ണി വരുന്നു. മലയാളി വനിതകളെ ബൈക്കും ബുള്ളറ്റും ഓടിക്കാന്‍ പഠിപ്പിക്കാനും റൈഡിങ്ങിനും ഈ റൈഡര്‍ണി കൂട്ടായ്മ മുന്നിലുണ്ടാവും. കൊച്ചിയിലും കോഴിക്കോടുമായിരിക്കും ആദ്യ ബാച്ച് തുടങ്ങുക. വാഹനം ഓടിക്കാന്‍ പഠിപ്പിക്കുക എന്നതിനൊപ്പം റൈഡിങ് എന്ന ഡ്രൈവിങ് സംസ്‌ക്കാരം കൂടിയാണ് റൈഡര്‍ണി പകര്‍ന്നു നല്‍കുക. സുരക്ഷിത യാത്രക്ക് വേണ്ട ഉപകരണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം പത്തു വര്‍ഷത്തിലേറെയായി ദീര്‍ഘ ദൂര യാത്രകളുടെ അനുഭവ സമ്പത്തുള്ള അഞ്ജലിയുടെ നേതൃത്വത്തില്‍ തന്നെ റൈഡര്‍ണികള്‍ക്ക് മനസിലാക്കാനാകും.

ഭൂമിയെ വീണ്ടെടുക്കാം

കൊച്ചിയിലെ പലയിടത്തും സുഹൃത്തും അഭിഭാഷകയുമായ കൃഷ്ണക്കൊപ്പം നടത്തിയ യാത്രകള്‍ക്കിടെയാണ് മാലിന്യം ഇവിടെ എത്ര വലിയ പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞത്. ഓരോസ്ഥലത്തേയും നാട്ടുകാരോടും കുടുംബശ്രീ പ്രവര്‍ത്തകരോടും സഞ്ചാരികളോടും ഇക്കാര്യം സംസാരിച്ചു. ഉയരുന്ന ജനസംഖ്യക്കൊപ്പം എങ്ങനെ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്ന നിര്‍ദേശങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭിക്കാത്തതും ആവശ്യത്തിന് വേസ്റ്റ് ബിന്നുകള്‍ ഇല്ലാത്തത് വരെ പോരായ്മകളായി ഉയര്‍ന്നുവന്നു. കോവിഡിന്റെ സാഹചര്യത്തില്‍ കൂട്ടായ്മകള്‍ക്ക് പരിമിതികളുണ്ടെങ്കിലും ഫോര്‍ട്ട് കൊച്ചി ബീച്ച് അടക്കം പലയിടത്തും ശുചീകരണം നടത്തി. 

anjaly-rajan-4

പോകുന്ന ഓരോ സ്ഥലവും കൂടുതല്‍ മെച്ചപ്പെടുത്തുക #leaveeveryplacebetter എന്ന ആശയപ്രചരണത്തെ റൈഡര്‍ണി പ്രാവര്‍ത്തികമാക്കാന്‍ ശ്രമം തുടങ്ങി കഴിഞ്ഞു. റൈഡര്‍ണി കൂട്ടായ്മയിലേക്ക് വരണമെന്നുണ്ടെങ്കില്‍ ബൈക്ക് റൈഡിംങിനോടുള്ള ആവേശത്തിനൊപ്പം പ്രകൃതിയോടുള്ള അനുഭാവം കൂടി നിര്‍ബന്ധമാണ്. 'പത്ത് തൈ' വെച്ച് ഭാവിയിലെ ആപത്തിനെ മറികടക്കാന്‍ ശ്രമിക്കുന്നവര്‍ക്കേ റൈഡര്‍ണിയിലേക്ക് പ്രവേശനമുള്ളൂ. ഇക്കൊല്ലം അന്താരാഷ്ട്ര ഭൗമ ദിനത്തിന്റെ സന്ദേശം 'ഭൂമിയെ വീണ്ടെടുക്കാം' എന്നതാണ്. പരിസ്ഥിതിയോടുള്ള തങ്ങളുടെ ഉത്തരവാദിത്വം റൈഡര്‍ണിക്ക് എത്രത്തോളമുണ്ടെന്നതിന്റെ തെളിവാവുകയാണ് ഓരോ അംഗങ്ങളും നടുന്ന വൃക്ഷ തൈകള്‍.

English Summary: Riderni Ladies Riding Club Founder Anjali Initiative On Earth Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT