സെഡാനില്ല, ഒരു എസ്‍യുവി എടുക്കട്ടേ?

suv-sedan
SHARE

പിരിയാൻ മോഹമുണ്ടായിട്ടല്ല, കൊല്ലം അഞ്ചു കഴിഞ്ഞാൽ പുതിയ വാഹനം വേണമെന്നാണല്ലോ നാട്ടു നടപ്പ്. അതാണ് ഈ ചിന്തയ്ക്കു പിന്നിൽ.

‌അഞ്ചു കൊല്ലം ഓടിത്തീർത്തു നിസ്സാൻ സണ്ണി. ടോപ് എൻഡ് എക്സ് വി ഡീസൽ. ഇറങ്ങിയ കാലത്ത് ‘ദ് കാാാാാർ’ എന്ന വിശേഷിപ്പിക്കപ്പെട്ട വലിയ കാർ. ധാരാളം സ്ഥലസൗകര്യം. നാല് എയർബാഗ്, എ ബി എസ്, 6 സ്പീക്കർ സിസ്റ്റം, ഫോൾഡബിൾ മിറർ, സ്റ്റീയറിങ് സ്റ്റീരിയോ കൺട്രോൾ എന്നിങ്ങനെ അവശ്യം വേണ്ട എല്ലാ ആധുനിക ഏർപ്പാടുകളുമുണ്ട്. 25 കി മി വരെ ഇന്ധനക്ഷമത. കുറഞ്ഞ അറ്റകുറ്റപ്പണി. വർഷം 10000 രൂപ. യാത്രാസുഖം. ഡ്രൈവിങ് സുഖം. 12 ലക്ഷം രൂപയ്ക്ക് അന്നു റോഡിലിറങ്ങി. 

nissan-sunny
Sunny

തൊലിപ്പുറത്തെ ചെറിയ പോറലുകൾ പോരായ്മയല്ലെങ്കിൽ കുറച്ചു നാൾ കൂടി ഉപയോഗിക്കാമെങ്കിലും അടുത്ത നിര സെഡാനിലേക്ക് കയറണമെന്നൊരു ആഗ്രഹം. ഓട്ടമാറ്റിക്കെങ്കിൽ നന്ന്. പക്ഷെ വഴിയില്ല. അടുത്ത അപ്ഗ്രേ‍ഡ് റോഡിലിറങ്ങുമ്പോൾ 40 ലക്ഷത്തിനടുത്തെത്തും. കാറു തന്നെ വേണമെങ്കിൽ സ്കോഡ സുപർബ് മാത്രമേ വലുപ്പത്തിലും സൗകര്യങ്ങളിലും അപ്ഗ്രേഡ് ആകുന്നുള്ളു. ഓൺറോഡ് വില ഏകദേശം 40 ലക്ഷം.

സാധ്യതകൾ വിരളമാകുന്ന കാലം

മധ്യ നിര കാറുകളിൽ നിന്ന് അപ്ഗ്രേഡ് ആഗ്രഹിക്കുന്നവർക്ക് അധികം സാധ്യതകളില്ലാത്ത കാലമാണ്. 10–15 ലക്ഷം രൂപയുടെ മധ്യനിര സെഡാനിൽ നിന്നു മുകളിലേക്കു കയറാനുള്ള വഴികൾ അടഞ്ഞു കിടക്കുന്നു. കുറച്ചുകൂടി വലുപ്പവും ആഡംബരവുമുള്ള സെഡാൻ തന്നെ വേണമെന്നു വയ്ക്കുന്നവർക്കാണ് ബുദ്ധിമുട്ട്. മോഡലുകൾ കുറവ്. ഉള്ളവയ്ക്ക് താങ്ങാനാവാത്ത വില. 

‌പഴയ കാലം

കൃത്യമായ വിഭാഗീകരണമുണ്ടായിരുന്നു. കോംപാക്ട് സെഡാൻ, തുടക്ക മധ്യനിര, മധ്യനിര, വലിയ സെഡാൻ, ആഡംബര സെഡാൻ. നാലു മീറ്ററിൽത്താഴെ നീളവും വിലക്കുറവുമുള്ള സെഡാനുകളാണ് കോംപാക്ട്. വില 5 ലക്ഷം മുതൽ. ഉദാ ഡിസയർ, ആക്സന്റ്, സെസ്റ്റ്... തുടക്ക മധ്യനിര വിഭാഗം 8 ലക്ഷം തൊട്ട് തുടങ്ങും. ഉദാ സിയാസ്, സിറ്റി, വെർന, സണ്ണി, വെന്റൊ, റാപിഡ്. 

skoda-superb
Skoda Superb

14 ലക്ഷം തോട്ട് മുകളിലേക്ക് അടുത്ത നിര. ഉദാ സിവിക്, ഇലാൻട്ര, പഴയ ഒക്ടാവിയ, ജെറ്റ, കൊറോള. ഇനി വലിയ സെഡാൻ. വില 20 ലക്ഷത്തിനു മുകളിൽ. ഉദാ അക്കോർഡ്, കാംമ്രി, സുപർബ്, ഫോക്സ് വാഗൻ പസാറ്റ് ഇതിനു മുകളിൽ ആഢംബരം എന്ന വിഭാഗത്തിൽ വലുപ്പത്തെക്കാൾ വിലയും സൗകര്യങ്ങളും ബ്രാൻഡുമാണ് മുഖ്യം. മെഴ്സെഡിസ്, ബി എം ഡബ്ള്യു, വോൾവോ, ജഗ്വാർ മോഡലുകളെല്ലാം ഈ ശ്രേണിയിൽപ്പെടും.

‌ഇപ്പോൾ സംഭവിക്കുന്നത്

സാധാരണക്കാരന് തെരഞ്ഞെടുക്കാൻ ആദ്യ രണ്ടു വിഭാഗങ്ങൾ മാത്രം. മധ്യനിരയിലെ രണ്ടാം വിഭാഗവും വലിയ സെഡാനുകളും ഏതാണ്ട് അന്യം നിന്നു. ഉള്ളവയ്ക്കൊക്കെ വില 30 ലക്ഷത്തിനും മുകളിൽ. പണ്ട് മധ്യ നിരയിൽനിന്ന കാറുകളാകട്ടെ വിലയിൽ രണ്ടാം നിരയ്കൊപ്പം വളർന്നു. അതുകൊണ്ട് എന്തു പറ്റി? 10 ലക്ഷത്തിന്റെ സെഡാനിൽ നിന്നു മുകളിലേക്ക് നോക്കുന്നവർക്ക് 30 ലക്ഷത്തിനു മുകളിലേ വില കാണാനുള്ളൂ.

ഡീസൽ നാടു വിട്ടു

ഇതിനും പുറമെയാണ് ഡീസൽ മോഡലുകളുടെ ലഭ്യതക്കുറവ്. കടുത്ത സ്റ്റേജ് 6 നിയന്ത്രണങ്ങൾ പെട്രോൾ മോഡലുകളിലേക്ക് ഒതുങ്ങാൻ നിർമാതാക്കളെ പ്രേരിപ്പിച്ചു. ഡീസലുകളുടെ ഉയർന്ന ഉത്പാദനച്ചെലവാണ് മുഖ്യകാരണം. നിർമാതാക്കൾ പലരും പെട്രോൾ മോഡലിലേക്ക് ഒതുങ്ങി. കൂടിയ വിലയ്ക്ക് ആഡംബര സെഡാൻ സ്വന്തമാക്കിയാലും ഇന്ധനം നിറച്ചു കീശ ചോരും. പെട്രോളിനും ഡീസലിനും വില വ്യത്യാസം കാര്യമായില്ലെങ്കിലും ഡീസൽ വാഹനത്തിന് പെട്രോളിന്റെ ഇരട്ടിയോളം ഇന്ധനക്ഷമതയുണ്ട്.

hyundai-creta
Hyundai Creta

വലിയ സെഡാൻ ഇല്ലാത്തതെന്ത് ?

ഡിമാൻഡ് ഇല്ല. എന്നു വച്ചാൽ വിറ്റു മുതലാക്കാനുള്ളത്ര യൂണിറ്റുകൾ ഉണ്ടാക്കാനാവുന്നില്ല. നിർമാണം ഇന്ത്യയിലാണെങ്കിൽ വർഷം 20000 കാറെങ്കിലും വിൽക്കണം. അല്ലെങ്കിൽ ഇവിടെ നിർമിച്ചു കയറ്റി അയയ്ക്കണം. രണ്ടും പറ്റുന്നില്ല. പിന്നെ നിർത്താതെ എന്തു ചെയ്യും? ഇറക്കുമതി ചെയ്ത് വിറ്റാൽ വില കൂടും. അതു തന്നെയാണ് ഇപ്പോഴുള്ള പ്രതിസന്ധി. വളരെ പ്രതീക്ഷയോടെ ഹോണ്ട ഈ വിഭാഗത്തിൽ സിവിക് ഇറക്കിയെങ്കിലും വൈകാതെ പിൻവലിച്ചു. വാങ്ങാൻ ആളില്ല. വില ഉയർത്തിയ സ്കോഡ ഒക്ടാവിയയും സുപർബും മാത്രമാണ് ഈ വിഭാഗത്തിൽ ഇപ്പോഴത്തെ ചോയിസ്.

ഗതകാല കാർസ്മരണകൾ

എത്രയോ കാറുകൾ പോയ കാലത്ത് ആഡംബര സെഡാനുകളായി വാണു. പറഞ്ഞ മോഡലുകൾക്കു പുറമെ നേരത്തെ ഉത്പാദനം നിലച്ചു പോയ നിസ്സാൻ ടിയാന, റെനോ ഫ്ലൂവൻസ്, ഫോർഡ് മൊണ്ടിയോ, ഓപൽ വെക്ട്ര... എത്രയെത്ര നല്ല കാറോർമകൾ.

kia-seltos-anniversary-edition
Kia Seltos

പഴയതുപോയി, പുതിയ പ്രതീക്ഷകളെന്ത്?

ഒന്നുമില്ല. ഈ വിഭാഗത്തിൽ ഇനി പ്രതീക്ഷിക്കാൻ അധികമൊന്നുമില്ല. പുതിയ മോഡലുകൾ ഒന്നും ഇനി വരാൻ പോകുന്നില്ല. 10 ലക്ഷം രൂപയുടെ കാറിൽ നിന്ന് കാറായിത്തന്നെ അപ്ഗ്രേഡ് ചെയ്യാനുള്ളവർക്ക് രണ്ട് മാർഗങ്ങളേയുള്ളൂ. 30 ലക്ഷത്തിന് സ്കോഡ സുപർബ് വാങ്ങാം. അല്ലെങ്കിൽ ഏതാണ്ടു സമാന വിലയ്ക്ക് മെഴ്സെഡിസോ ബീമറോ പോലെയുള്ള ആഢംബര കാറിലേക്ക് തിരിയാം. വലുപ്പം കൂടില്ല എന്നേയുള്ളൂ, ബ്രാൻഡ് അപ്ഗ്രേഡ് കിട്ടും.

എസ് യു വി മാത്രം കുറുക്കു വഴി

കാർ പ്രേമം വഴിക്കിട്ട് എസ് യു വികളിലേക്ക് അപ്ഗ്രേഡ് ചെയ്യുക എന്നതു മാത്രമാണ് മറ്റുള്ളവർക്ക് നിലവിലുള്ള മാർഗം. എസ് യു വി എന്നാൽ പലതും യഥാർത്ഥ എസ് യു വികളല്ല. രൂപഗുണത്തിൽ മാത്രം എസ് യു വി. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ് തുടങ്ങി കാർ ഗുണമുള്ള ഓഫ് റോഡിങ് സൗകര്യങ്ങളില്ലാത്ത എസ് യു വികൾ. വിൽപന ഏറ്റവുമധികം ഈ വിഭാഗത്തിലാണിപ്പോൾ. കാറിന്റെ0 പ്ലാറ്റ്ഫോമിൽ എസ് യു വി രൂപത്തിൽ വിൽക്കുമ്പോൾ വിലയേറില്ല എന്നതു മികവ്. 10 ലക്ഷം മുതൽ 20 ലക്ഷം വരെ വില. ടാറ്റാഹാരിയർ പോലെ യഥാർത്ഥ എസ് യു വി പ്ലാറ്റ്ഫോമുള്ള വാഹനങ്ങളുമുണ്ട് ഈ നിരയിൽ. എന്നാൽ ഇവയ്ക്കും ഓഫ് റോഡിങ് ഇല്ല. ഇന്ത്യയിലെ സാഹചര്യങ്ങളിൽ ഈ വാഹനങ്ങളാണ് വിൽപന കൂട്ടാനുള്ള പ്രായോഗിക മാർഗമെന്നറിഞ്ഞ നിർമാതാക്കൾ മരുന്നിനു പോലും വലിയൊരു സെഡാൻ അവശേഷിപ്പിക്കുന്നില്ല. വിപണിക്കൊത്തുനീങ്ങാനല്ലേ പറ്റൂ.

English Summary: Lesser Options are Available to Upgrade From Sedan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA