ADVERTISEMENT

ഫ്രെയിമിൽ നിറഞ്ഞുനിൽക്കുന്ന ആ ഗൂർഖയെ കണ്ടാൽ മതി ഏതു പ്രേതവും ആത്മാവും ഓടിയൊളിക്കാൻ. ദ് പ്രീസ്റ്റ് എന്ന ഹിറ്റ് സിനിമയിലെ ഒരു താരമാണ് ഫോഴ്സ് മോട്ടോഴ്സിന്റെ ഗൂർഖ എന്ന ഓഫ്–റോഡർ എസ്‍യുവി.  കറുപ്പിന്റെ അഴകാണ് സിനിമയിലെങ്ങും.  ഇരുട്ടിനെ ഒപ്പിയെടുക്കുന്ന സീനുകൾ, ഡാർക്ക് കോസ്റ്റ്യൂമിൽ മമ്മൂട്ടിയുടെ പുരോഹിത കഥാപാത്രം. ഇടയ്ക്കെത്തുന്ന വെള്ളിവെളിച്ചം പോലെ നീണ്ട വെള്ളക്കൊന്തയും ലോഹഫ്രെയിം കണ്ണടയും പിന്നെ ഗൂർഖയുടെ നെഞ്ചിൽ പതിപ്പിച്ച നമ്പർ പ്ലേറ്റും മാത്രം. അമാനുഷ ശക്തിയുള്ള  പുരോഹിതന് വെറുമൊരു കാർ ആയിരുന്നു വാഹനമെങ്കിൽ സംഗതി ജോറാകുമായിരുന്നില്ല. അതുകൊണ്ടാകാം ഗൂർഖ എന്ന കഴിവുറ്റ എസ്‌യുവിയുടെ  കരുത്തുകൂട്ടിയ രൂപം മമ്മൂട്ടിയുടെ സഹചാരിയായത്. 

the-priest-2

സിനിമയിലെ ഗൂർഖ

ഉച്ചാടനത്തിലൂടെയും ആത്മാക്കളുമായുള്ള ആശയവിനിമയത്തിലൂടെയും ചില കൊലപാതകങ്ങളുടെ ചുരുൾ അഴിക്കുന്നതാണ് സിനിമയുടെ പ്രമേയം. അതുകൊണ്ടുതന്നെ രാത്രിയിലാണ് നായകന്റെ സഞ്ചാരം. തീക്കണ്ണുകൾ തുറന്ന്, തേയിലക്കാട്ടിലൂടെയുള്ള ഗൂർഖയുടെ വരവൊക്കെ രസകരമായി ഒപ്പിയെടുത്തിട്ടുണ്ട്. പലർക്കും അറിയില്ല, ഫോഴ്സ് ഗൂർഖയെപ്പറ്റി. റെയിൻ ഫോറസ്റ്റ് ചാലഞ്ച് എന്ന അതിസാഹസികമായ ഓഫ്–റോഡ് ട്രിപ്പിൽ മുന്നിലെത്താറുള്ള ഫോഴ്സ് ഗൂർഖ 4x4 വാഹനങ്ങളിലെ ഉസ്താദ് ആണ്.   

the-priest-1
ഗൂർഖ പ്രളയരക്ഷാപ്രവർത്തന സമയത്ത്

നാട്ടിലെ ഗൂർഖ

കേരളത്തിൽ ഇറങ്ങിയ ആദ്യ ഗൂർഖയാണിത്. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സ്വദേശി ജിഹാഷ് അലിയാണ് ഉടമ. കഴിഞ്ഞ പ്രളയങ്ങളിൽ ചാലിയാർ നാടിനെ വിഴുങ്ങിയപ്പോൾ രക്ഷാദൗത്യം ഏറ്റെടുത്ത് ഏറെപ്പേരെ സഹായിച്ചിട്ടുണ്ട് ഈ ഗൂർഖ. അന്നു സ്റ്റൈൽ നോക്കി വാങ്ങിയ പല വാഹനങ്ങളും ഇറക്കാൻ പറ്റാത്ത വഴിയിൽ ഈ ഗൂർഖ തന്റെ ഓഫ് റോഡ് കഴിവു പുറത്തെടുത്തു. വെള്ളക്കെട്ടുകളിലൂടെ സഞ്ചരിച്ച് ശരിക്കും നാടിന്റെ ഗൂർഖയായി ജിഹാഷിന്റെ വാഹനം. ഓഫ്–റോഡ് ടയർ ആണ് ഇപ്പോഴുള്ളത്. ബംപറിന്റെ രൂപം മാറ്റി. പിന്നെ സിനിമയ്ക്കായി പല മാറ്റങ്ങളും വരുത്തി. പുരോഹിതന്റെ നായയ്ക്കായി  ചില സൗകര്യങ്ങൾ ഉള്ളിൽ ഘടിപ്പിച്ചു. വാഹനം വലിച്ചു കയറ്റാനുള്ള വിഞ്ച് അടക്കമുള്ള ചില ഘടകങ്ങൾ പുറത്തുനിന്നു വരുത്തിയതാണ്.മരണങ്ങളിൽനിന്നു മനുഷ്യരെ രക്ഷിച്ചെടുക്കുന്ന ദൗത്യമാണ് സിനിമയിലെ നായകന്. ആ നായകന്റെ സഹചാരിയായ ഗൂർഖ യഥാർഥ ജീവിതത്തിൽ രക്ഷകനായതു കൗതുകം.

English Summary: Force Gurkha Used In The Priest Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com