ADVERTISEMENT

കോവിഡിന്റെ വരവ് ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളിലൊന്നാണ് വ്യോമയാനം. 2020ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20.4 ശതമാനത്തിന്റെ ഇടിവാണ് വ്യോമയാന മേഖല രേഖപ്പെടുത്തിയത്. പല വിമാനങ്ങളും സർവീസുകള്‍ അവസാനിപ്പിക്കേണ്ടി വന്നു. നേരെ മറിച്ച് ഇതേ കാലത്ത് യോട്ടുകളുടെ ജനപ്രീതി കുത്തനെ കൂടുകയും ചെയ്തു. കട്ടപ്പുറത്തായ വിമാനങ്ങളെ പരമാവധി ഉപയോഗിച്ച് യോട്ടുകള്‍ നിര്‍മിക്കുകയെന്ന വ്യത്യസ്തമായ ആശയവുമായി എത്തിയിരിക്കുകയാണ് യോട്ട് ഡിസൈനര്‍ ഉറോസ് പവസോവിക്.

ദ കോബ്ര കണ്‍സെപ്റ്റ് എന്നാണ് പവസോവിക് തന്റെ യോട്ട് മാതൃകയ്ക്ക് പേരിട്ടിരിക്കുന്നത്. സൈനിക പോര്‍വിമാനത്തില്‍ നിന്നാണ് തന്റെ ഈ പുതിയ ആഡംബര യോട്ട് മാതൃകക്കുള്ള ആശയം ലഭിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നു. 'കോവിഡിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവക്കേണ്ടി വന്ന വിമാനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിഞ്ഞിരുന്നു. പ്രവര്‍ത്തനക്ഷമമായ ഇവയുടെ ജെറ്റ് എൻജിനുകള്‍ എങ്ങനെ ഉപയോഗിക്കാമെന്ന ചിന്ത വന്നു. അങ്ങനെയാണ് 'മാഡ് മാക്‌സ്' വാഹനങ്ങള്‍ പോലെ സൂപ്പര്‍യോട്ട് വിമാനങ്ങളുടെ എൻജിനും മറ്റു ഭാഗങ്ങളും ഉപയോഗിച്ച് നിർമിക്കുകയെന്ന ആശയത്തിലേക്കെത്തുന്നത്' പവസോവിക് വിശദീകരിക്കുന്നു. 

cobra-superyatch-uros-pavasovic-1

സയന്‍സ് ഫിക്ഷന്‍ പോലെ

ഭാവിയില്‍ ഇറങ്ങാനിരിക്കുന്ന ഏതോ ഹോളിവുഡ് സിനിമയിലെ ആഡംബര യോട്ടിനെ സൂചിപ്പിക്കും വിധമാണ് കോബ്രയുടെ ഡിസൈന്‍. ഏതാണ്ട് 130 മീറ്റര്‍ നീളമുണ്ട് ഈ ഹൈബ്രിഡ് യോട്ടിന്. പോര്‍വിമാനങ്ങളുടെ ആകൃതിയാണ് ഇതിന്റെ രൂപകല്‍പനക്ക് പ്രചോദനമായിട്ടുള്ളതെന്നും പവസോവിക് സമ്മതിക്കുന്നു. സൂക്ഷിച്ചു നോക്കിയാല്‍ ലോക്ഹീഡ് എസ്ആര്‍-7 ബ്ലാക്ക്‌ബേഡിനോടുള്ള കോബ്രയുടെ സാമ്യത കാണാനാവും. 1999വരെ അമേരിക്കന്‍ വ്യോമസേനയുടേയും നാസയുടേയും ഭാഗമായിരുന്നു ബ്ലാക്ക് ബേഡ്. 

കോബ്രയുടെ ആശയത്തില്‍ യോട്ടിനൊപ്പം ഒരു ഹെലിക്കോപ്റ്ററും കൂടി ഉള്‍പ്പെടുന്നുണ്ട്. വെള്ളത്തില്‍ ഇറങ്ങാനും പറന്നുയരാനുമുള്ള ശേഷിയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഫലത്തില്‍ ഹെലിപാഡ് ഇല്ലാതെ തന്നെ യോട്ടിന് ഹെലികോപ്റ്റര്‍ സേവനം ഉപയോഗിക്കാനാകും. പ്രധാന യോട്ടിന് പുറമേ അഞ്ചു പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ചെറു ബോട്ടും കോബ്രയുടെ ഭാഗമാണ്. ശീതയുദ്ധകാലത്തെ സോവിയറ്റ് അത്ഭുതമായിരുന്ന എക്രാനോപ്ലാനാണ് ഇതിന് പ്രചോദനമായത്. സമുദ്രത്തില്‍ ഇറങ്ങാനും പറന്നുയരാനും ശേഷിയുള്ളവയായിരുന്നു ഈ സോവിയറ്റ് വിമാനങ്ങൾ. 

പ്രായോഗിക രൂപകല്‍പന

കോബ്ര കണ്‍സെപ്റ്റ് ഒരു സയന്‍സ് ഫിക്ഷന്‍ പോലെ തോന്നുമെങ്കിലും പ്രായോഗികമാണെന്നാണ് ഡിസൈനര്‍ പവസോവിക് വിശദീകരിക്കുന്നത്. ജെറ്റു വിമാനങ്ങളുടെ എൻ‌ജിനുകള്‍ വളരെ ഉയര്‍ന്ന ശബ്ദം പുറത്തുവിടുന്നു എന്നതായിരുന്നു പ്രധാന വെല്ലുവിളി. എന്നാല്‍ ആ വെല്ലുവിളിയെ യോട്ടിനുള്ളില്‍ ശബ്ദം പുറത്തുവിടാത്ത വിധം നിർമിക്കുന്ന എൻജിന്‍ റൂമിലൂടെ പരിഹരിക്കാനാകുമെന്നാണ് പവസോവിക് പറയുന്നത്. 

വിമാനത്തിന്റെ കുത്തനെയുള്ള ചിറകുകള്‍ അതേപടി യോട്ടിലും നിലനിര്‍ത്തിയിട്ടുണ്ട്. ഇതുവഴിയാണ് സാറ്റ്‌ലൈറ്റ്, വാര്‍ത്താ വിനിമയ, നാവിഗേഷന്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുക. 2023 ആകുമ്പോഴേക്കും ആയിരത്തിലേറെ വിമാനങ്ങള്‍ പ്രതിവര്‍ഷം പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ കോബ്ര കണ്‍സെപ്റ്റിനുവേണ്ട ജെറ്റ് എൻജിനുകള്‍ യഥേഷ്ടം ലഭിക്കാന്‍ തന്നെയാണ് സാധ്യത. 

cobra-superyatch-uros-pavasovic-2

അസാധാരണ ആശയം, ആര് നിർമിക്കും?

ഭാവിയിലെ സൂപ്പര്‍ യോട്ട് ഡിസൈനുകളില്‍ പെട്ട അസാധാരണമായ ഒന്നായാണ് കോബ്രയെ പവസോവിക് മുന്നോട്ടുവയ്ക്കുന്നത്. ആരെങ്കിലും തന്റെ കോബ്ര ഡിസൈന്‍ നിര്‍മിക്കാനുള്ള അനുമതി നല്‍കിയാല്‍ നാലു വര്‍ഷത്തിനകം ആശയം പ്രാവര്‍ത്തികമാക്കാനാകുമെന്നും പവസോവിക് പറയുന്നു. ഉടമയുടെ ആവശ്യങ്ങളും സൗകര്യങ്ങളും എവിടെയാണ് നിര്‍മിക്കുന്നത് എന്നതും അടക്കമുള്ള നിരവധി ഘടകങ്ങള്‍ അന്തിമ വിലയെ സ്വാധീനിക്കുകയും ചെയ്യും. 

തന്റെ കോബ്ര ഡിസൈന്‍ സൗകര്യങ്ങളേക്കാള്‍ വേഗതയ്ക്ക് പ്രാധാന്യം നല്‍കുന്നവരെയാകും ആകര്‍ഷിക്കുകയെന്നാണ് പവസോവിക്കിന്റെ അഭിപ്രായം. യോട്ടുകള്‍ക്ക് ജെറ്റ് എൻജിന്‍ പിടിപ്പിക്കുകയെന്ന ആശയം വ്യത്യസ്ഥമാണെങ്കിലും വിമാനങ്ങള്‍ യോട്ടുകള്‍ക്ക് പ്രചോദനമാകുന്നത് ആദ്യമല്ല. കഴിഞ്ഞ വര്‍ഷം ഇറ്റാലിയന്‍ കപ്പല്‍നിര്‍മ്മാണ ശാലയായ കോഡെകാസ 230 അടി നീളമുള്ള ഒരു സൂപ്പര്‍ യോട്ട് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജംബോ ജെറ്റായിരുന്നു ഇതിന്റെ പല ഫീച്ചറുകളുടേയും പ്രചോദനം.

English Summary: Superyacht Concept Powered by Airplane Jet Engines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com