ADVERTISEMENT

ഹ്യുണ്ടേയ് തിമിർത്താടുന്ന മിനി എസ്‌യുവി വിഭാഗത്തിലേക്ക് രണ്ടു പോരാളികളുമായി ഫോക്സ്‌വാഗൻ. സ്കോഡ കുഷാക്, ഫോക്സ്‌വാഗൻ ടൈഗൂൺ. ഹരം പിടിപ്പിക്കുന്ന രൂപകൽപനയും ഉള്ളിലൊക്കെ ആഡംബരവും കുത്തിനിറച്ച് യൂറോപ്യൻ പൗരന്മാരായ രണ്ടു നല്ല വാഹനങ്ങൾ.

volkswagen-taigun-2
Volkswagen Taigun

വൈകിയുണർന്ന വിവേകം

ഇന്ത്യയിൽ വലിയ സെഡാനുകൾക്കു പ്രസക്തിയില്ലെന്ന കാര്യം പണ്ടേ നിർമാതാക്കൾ മനസ്സിലാക്കിയിരുന്നു. കഴിഞ്ഞ 10 കൊല്ലം കൊണ്ട് വലിയ സെഡാൻ വിഭാഗം ഏതാണ്ട് അന്യം നിന്നു. ഹൈബ്രിഡ് കാംമ്രിയും സ്കോഡ സുപർബും മാത്രം അപവാദങ്ങൾ. വിലപ്പിടിപ്പുള്ള വലിയ സെഡാനുകളിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിലും ഇന്ത്യൻ ഉപഭോക്താവിന് സന്തോഷം നൽകുന്നത് കുറഞ്ഞ ചെലവിൽ കൂടുതൽ പൊങ്ങച്ചം കാട്ടുകയാണെന്ന് നന്നായി മനസ്സിലാക്കി അതിനുള്ള പ്രതിവിധിയുമായി ആദ്യമെത്തിയത് ഹ്യുണ്ടേയ് ആണ്.

Skoda Kushaq
Skoda Kushaq

കയറ്റമില്ലാതെ ഒരു സ്ഥാനക്കയറ്റം‌

ഹ്യുണ്ടേയ് വിജയമന്ത്രം ലളിതമാണ്. മധ്യനിര കാറിന്റെ വിലയ്ക്ക് എസ്‌യുവി നൽകുക. അതിനുള്ള എളുപ്പവഴി കാറിന്റെ പ്ലാറ്റ്ഫോമിൽ എസ്‌യുവി രൂപമുള്ള വാഹനം നിർമിക്കുക. ഹ്യുണ്ടേയ് ക്രേറ്റ അതാണ്. കാഴ്ചയിൽ അപ് മാർക്കറ്റ് എസ്‌യുവികൾ പോലും കിടുങ്ങുന്ന രൂപഭംഗി. പുതിയ ക്രേറ്റയുടെ പിന്നിൽ ചെന്നു നോക്കിയാൽ ഔഡിയാണെന്ന മതിഭ്രമം വന്നേക്കും. ഉള്ളിലാണെങ്കിൽ ധാരാളം സ്ഥലവും സൗകര്യങ്ങളും. എസ്‌യുവികളെക്കാൾ ചെറിയ എൻജിനുകൾ; പ്രായോഗികമാണിത്, കാരണം ഇന്ധനക്ഷമത കൂടും വില കുറയും, ആവശ്യത്തിന് ശക്തിയും കിട്ടും.

volkswagen-taigun-3
Volkswagen Tiguan

ചൂടപ്പം പോലെ

മധ്യനിര സെഡാനിൽ നിന്ന് അപ്ഗ്രേഡ് ചെയ്യുന്നവരും അല്ലാത്തവരുമൊക്കെ കണ്ണടച്ചു വാങ്ങി. പതിനായിരത്തിനു മുകളിൽ മാസവിൽപനയുള്ള ഏക എസ്‌യുവിയായി ക്രേറ്റ വർഷങ്ങളായി ഉയർന്നു നിൽക്കുന്നു. ഇക്കഴിഞ്ഞമാസവും ഇന്ത്യയിൽ ഏറ്റവുമധികം വിൽപനയുള്ള അഞ്ചു കാറുകളുടെ പട്ടികയിൽ ക്രേറ്റയുണ്ട്. വിൽപന 12482.

skoda-kushaq-2
Skoda Kushaq

ഡബിൾ സെഞ്ചുറി

ഹ്യുണ്ടേയ് ബുദ്ധി അവിടെ തീരുന്നില്ല. കിയ എന്ന പേരിൽ സ്വന്തം ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനി കൂടി ഇന്ത്യയിലെത്തിച്ച് ഇതേ പ്ലാറ്റ്ഫോമിൽ വേറൊരു രൂപത്തിൽ സെൽറ്റോസ് എന്ന വാഹനമിറക്കി. ക്രേറ്റയുടെ പകുതിയോളം വിൽപന സെൽറ്റോസ് സ്വന്തമാക്കിയപ്പോൾ ഈ വിഭാഗത്തിൽ മറ്റാർക്കും തല പൊക്കി നോക്കാനാവാത്ത സ്ഥിതിവിശേഷമായി. ക്രേറ്റയായാലും സെൽറ്റോസായാലും പണം ഹ്യുണ്ടേയുടെ പോക്കറ്റിലേക്ക്.

volkswagen-taigun-10
MQB AO Platform

തരത്തിനൊത്ത അടവുമായി വി ഡബ്ല്യു

കുഷാകും ടൈഗൂണും ക്രേറ്റയും സെൽറ്റോസും പോലെയാണ്. രണ്ടും ഫോക്സ്‌വാഗൻ നിർമിതികൾ. രൂപകൽപനയിൽ രണ്ട് സ്കൂളെന്നു പറയാമെങ്കിലും പതം വന്ന ജർമൻ–ചെക്ക് സാങ്കേതികത. യൂറോപ്പിന്റെ എൻജിനിയറിങ് കാതലിൽനിന്നു വരുന്ന വാഹനങ്ങൾക്ക് ജപ്പാനും കൊറിയയും ചൈനയുമൊന്നും എതിരാളികളേയല്ല. ഇക്കൊല്ലം ഈ വാഹനങ്ങൾ എത്തുമ്പോൾ എന്തൊക്കെയാണ് ഒരു കാർപ്രേമിക്ക് സ്വന്തമാക്കാനാവുക.

skoda-kushaq
Skoda Kushaq

ഫോക്സ്​വാഗന്റെ ലവകുശന്മാർ

ഈ രണ്ടു വാഹനവും തികച്ചും വിഭിന്നമാണ്. 1 ലീറ്റർ ടി എസ് ഐ എൻജിനും ഡി എസ് ജി ഗീയർ ബോക്സും യൂറോപ്യൻ നിർമാണ നിലവാരവും ഫിനിഷും രൂപകൽപനയുമമൊക്കെ ഈ വിഭാഗത്തെ മൊത്തത്തിൽ പിടിച്ചൊന്നുലയ്ക്കും. സ്കോഡ, ഫോക്സ്​വാഗൻ ലോഗോകൾക്കൂടി കാണുമ്പോൾ യുവതലമുറ വീഴുമെന്നുറപ്പ്. യുവ പ്രഫഷനുകളെയും യൂറോപ്യൻ ബ്രാൻഡിലൂടെ നിലവാരം ഉയർത്താനാഗ്രഹിക്കുന്നവരെയും ഈ രണ്ടു കാറുകളും തൃപ്തിപ്പെടുത്തും.

skoda-kushaq-2
Skoda Kushaq

യോഹന്നാൻ സ്നാപകനെപ്പോലെ കുഷാക്

ആദ്യം വരിക കുഷാക്. ആ വീഥിയിലൂടെ ഏതാനും മാസം കഴിയുമ്പോൾ ടൈഗൂൺ. രണ്ടു കാറും നാലു മീറ്ററിലും അധികം നീളമുള്ളവ. കോംപാക്ട് എസ്‌യുവിയല്ല. സ്കോഡയുടെ എടുത്തു നിൽക്കുന്ന സ്റ്റൈലിങ്ങാണ് കുഷാകിന്റെ കാതൽ. യൂറോപ്യൻ ഗാംഭീര്യത്തിനു മുന്നിൽ എതിരാളികൾ പൂച്ചക്കുട്ടികളായിപ്പോകും. പ്രൊഡക്ഷൻ കാറുകൾ ഇറങ്ങിക്കഴിഞ്ഞു. റോഡ് സാന്നിധ്യവും മനോഹരമായ എൽഇഡി ലാംപുകളും ഗ്രില്ലും അലോയ് വീലും ആരെയും കൊതിപ്പിക്കും. ഉള്ളിലാണെങ്കിൽ മെർക്കിനും ബീമറിനുമൊത്ത പ്രീമിയം ഫിനിഷ്. 10 ഇഞ്ച് ടച് സ്ക്രീനും വിശാലമായ സീറ്റുകളും നിയന്ത്രണങ്ങളുമൊക്കെക്കൂടി സംഭവം കിടിലൻ.

volkswagen-taigun-1
Volkswagen Tiguan

ലേറ്റായി വന്താലും ടൈഗൂൺ ലേറ്റസ്റ്റ്

കുറച്ചു വൈകിയെത്തിയാലും ടൈഗൂണും ഒന്നിലും പിന്നിലല്ല. ഫോക്സ്‌വാഗന്റെ ചില പൊടിക്കൈകളും കൂടി ചേരുന്നതിനാൽ വാങ്ങുന്നവർക്ക് ഒരു ജർമൻ പരിപൂർണത കിട്ടും. കുഷാകുമായി താരതമ്യം ചെയ്താൽ ഉള്ളിലും പുറത്തും ഒന്നിലും കുറവില്ല. രൂപകൽപനയിൽ എല്ലാ ഫോക്സ്‌വാഗനുകളെയും പോലെ കുറച്ചു ലാളിത്യത്തിന്റെ ഗാംഭീര്യം ദർശിക്കാനാവുന്നുവെന്നു മാത്രം.

volkswagen-taigun-5
Volkswagen Tiguan

പെട്രോളേയുള്ളൂ

രണ്ടു വാഹനങ്ങൾക്കും പെട്രോൾ എൻജിൻ മാത്രം. 1 ലീറ്റർ ടി എസ് ഐ, 115 ബി എച്ച് പി. നാലു സിലണ്ടർ 1.5 ടർബോയ്ക്ക് 150 ബി എച്ച് പി. ആറു സ്പീഡ് മാനുവൽ ഏഴു സ്പീഡ് ഡി എസ് ജി. വില 10–16 ലക്ഷം വരെ. ഏതു വാങ്ങണം? സ്കോഡയോ ഫോക്സ്​വാഗനോ? തീരുമാനം നിങ്ങൾക്ക് വിട്ടു തരുന്നു. കാരണം, രണ്ടും ഒന്നിനൊന്നു മെച്ചം.

English Summary: Know More About Skoda Kushaq and Volkswagen Taigun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com